നിങ്ങള്‍ ജന്മം കൊണ്ട് ആരാണ് ?

ലേഖനം: 67

ഗുണത്രയവേളകള്‍

എസ്. ശ്രീനിവാസ് അയ്യര്‍
അവനി പബ്ലിക്കേഷന്‍സ്
98460 23343

പുഴയില്‍ ഓരോ തവണ മുങ്ങിനിവരുമ്പോഴും അത് പുതുവെള്ളത്തിലെ സ്‌നാനമായി മാറുന്നുവെന്ന് ഒരു ദാര്‍ശനികന്‍ പറഞ്ഞിട്ടുണ്ടല്ലോ? അതുപോലെയാണ് ജ്യോതിഷവിദ്യയും. എന്നുമുണ്ട് നിലയ്ക്കാത്ത പുതുമ.   
അല്പം ' കണക്ക്' പറഞ്ഞുകൊണ്ട് തുടങ്ങുകയാണ്. മുഷിയില്ലല്ലോ, അല്ലേ?

ഒരു സൂര്യോദയം മുതല്‍ അടുത്ത സൂര്യോദയം വരെ (ഒരുദിവസം) 60 നാഴികയാണ് ജ്യോതിഷസങ്കല്പത്തില്‍. പകല്‍ 30 നാഴിക, രാത്രി 30 നാഴിക എന്നിങ്ങനെ. ഇതിനെ വീണ്ടും വിഭജിക്കുന്നു, യാമങ്ങളായി. ഏഴര നാഴിക വീതം വരുന്ന എട്ട് യാമങ്ങളാണ് അതിന്‍ പടി ഒരു ദിവസത്തിലുള്ളത്. പകല്‍ 4 യാമങ്ങള്‍, (ഏഴര നാഴിക = ഒരുയാമം x 4 യാമം = 30 നാഴിക). രാത്രിയിലും 4 യാമങ്ങള്‍ (ഏഴരനാഴിക = ഒരു യാമം x 4 യാമം = 30 നാഴിക).  

ഓരോ യാമത്തെയും തുല്യമായ രണ്ട് ഭാഗമാക്കുക എന്നതാണ് ഇനിയുള്ള ഗണിതം. അപ്പോള്‍ മൂന്നേമുക്കാല്‍ നാഴികയുളള രണ്ട് ഭാഗമുണ്ടാവും ഓരോ യാമത്തിലും. (യാമം എന്നാല്‍ ഏഴരനാഴിക എന്നത് മറന്നിട്ടില്ലല്ലോ?) ചുരുക്കത്തില്‍ ഒരു യാമത്തില്‍ മൂന്നേമുക്കാല്‍ നാഴികയുള്ള രണ്ട് യൂണിറ്റുകള്‍ വീതം ആകെ ഒരു ദിവസത്തിലുള്ള എട്ട് യാമങ്ങളിലും കൂടി പതിനാറ് യൂണിറ്റുകള്‍ ഉണ്ടാവുന്നു. ഇതുവരെപ്പറഞ്ഞവ വ്യക്തമായിക്കാണും എന്ന് കരുതുന്നു.  

ഇപ്രകാരം ഒരുദിവസത്തെ ഉദയസമയം മുതല്‍ അടുത്ത ദിവസത്തെ ഉദയം വരെയുള്ള 60 നാഴികയില്‍ പതിനാറ് 'ഗുണത്രയവേളകള്‍' ഉണ്ടാവുന്നു. ഓരോ മൂന്നേമുക്കാല്‍ നാഴികയിലും ഒരുഗുണം എന്ന കണക്കിന്. അതായത് സത്വഗുണം, രജോഗുണം, തമോഗുണം എന്നീ ഗുണങ്ങള്‍. നിങ്ങള്‍ ജനിച്ച സമയത്ത് ഏത് ഗുണവേളയാണോ ഉണ്ടായിരുന്നത്, ആ ഗുണമാവും, ആ പ്രകൃതമാവും നിങ്ങള്‍ക്കുണ്ടാവുക. അപ്പോള്‍ സത്വവേളയായിരുന്നാല്‍ നിങ്ങള്‍ സാത്വികനായി, രജോഗുണവേളയായിരുന്നാല്‍ രാജസനായി, തമോഗുണ വേളയായിരുന്നാല്‍ താമസനായി. ഇത് ആജീവനാന്തമുള്ള/ ആയുഷ്‌ക്കാലത്തേക്കുള്ള ഫലമാണെന്ന് പറയപ്പെടുന്നുണ്ട് എന്നത് പ്രത്യേകം പ്രസ്താവ്യമാണ്.    

നാഴികയുടെ ഗണിതവും ഗണനവും  പൊതിയാത്തേങ്ങ പോലെ തോന്നുന്നവര്‍ക്കായി നമ്മുടെ കാലത്തിന്റെ കണക്കിലേക്ക് ഇതിനെ ആവാഹിക്കാം.  

ഒരു ദിവസം എന്നത് (ഉദയം മുതല്‍ ഉദയം വരെ) 24 മണിക്കൂറാണല്ലോ? അതിനെ 8 യാമങ്ങളാക്കണം. (പകല്‍ 4, രാത്രി 4 എന്നിങ്ങനെ). അപ്പോള്‍ ഒരു യാമം എന്നത് മൂന്ന് മണിക്കൂറാണെന്ന് കണ്ടെത്താന്‍ വിഷമമില്ല. (1 യാമം = 3 മണിക്കൂര്‍ x 8 യാമം = 24 മണിക്കൂര്‍). ഓരോ യാമത്തെയും രണ്ട് തുല്യഭാഗമാക്കണമെന്നാണല്ലോ! അപ്പോള്‍ ഒന്നര മണിക്കൂറുള്ളതാകും ഓരോ ഭാഗവും. അതായത് ഒരു യാമത്തില്‍ (ഏഴര നാഴികയില്‍) മൂന്നേമുക്കാല്‍ നാഴിക അഥവാ തൊണ്ണൂറ് മിനിറ്റ് ഉള്ള രണ്ട് യൂണിറ്റുകളുണ്ടാവുന്നു എന്ന് സാരം. ഇങ്ങനെ പകലുള്ള 4 യാമങ്ങളില്‍ / 12 മണിക്കൂറില്‍ മൂന്നേമുക്കാല്‍ നാഴിക അഥവാ ഒന്നര മണിക്കൂര്‍ വീതമുള്ള 8 യൂണിറ്റുകളുണ്ടാകുന്നു. ഇങ്ങനെ തന്നെയാണ് രാത്രിയിലെ 4 യാമങ്ങളുടെ അഥവാ 12 മണിക്കൂറുകളുടെ വിഭജനവും. അങ്ങനെ ഒരു ദിവസം മൂന്നേമുക്കാല്‍ നാഴികയുള്ള അഥവാ ഒന്നര മണിക്കൂര്‍ ദൈര്‍ഘ്യമുള്ള 16 വേളകള്‍ ഉണ്ടായിത്തീരുകയാണ്.  

ആഴ്ചകള്‍ അനുസരിച്ചാണ് ഗുണത്രയവേളകളുടെ വിന്യാസക്രമം. ഞായര്‍, ബുധന്‍, ശനി എന്നീ മൂന്നുദിവസങ്ങളിലും ഒരേ ക്രമമാണ്. ഉദയം മുതല്‍ ആദ്യ ഒന്നര മണിക്കൂര്‍ താമസ വേള, പിന്നത്തെ ഒന്നര മണിക്കൂര്‍ സാത്വിക വേള, പിന്നെയുള്ള ഒന്നര മണിക്കൂര്‍ രാജസ വേള എന്നിങ്ങനെ വരും. അപ്പോള്‍ ആകെ നാലര മണിക്കൂര്‍ ആകുമല്ലോ. (ഒന്നര മണിക്കൂര്‍ x 3 വേളകള്‍ = നാലര മണിക്കൂര്‍). ഇപ്രകാരം അഞ്ച് തവണ ആവര്‍ത്തിക്കുമ്പോള്‍ ഇരുപത്തിരണ്ടര മണിക്കൂറാവും. (നാലര മണിക്കൂര്‍ x അഞ്ച് തവണ = 22.5 മണിക്കൂര്‍) ശേഷിക്കുന്ന ഒന്നരമണിക്കൂര്‍ വീണ്ടും താമസവേളയാകും.  

തിങ്കളാഴ്ചയും വ്യാഴാഴ്ചയും മറ്റൊരു ക്രമമാണ്. ആദ്യം സാത്വിക വേളയും രണ്ടാമത് രാജസ വേളയും മൂന്നാമത് താമസ വേളയും ആണ്. ഇങ്ങനെ അഞ്ച് തവണ ആവര്‍ത്തിക്കും. അവസാന ഒന്നരമണിക്കൂര്‍ വീണ്ടും സാത്വിക വേള തന്നെ!  

ചൊവ്വ, വെള്ളി ദിവസങ്ങളില്‍ ഉദയം മുതല്‍ ഒന്നരമണിക്കൂര്‍ വീതം രാജസവേള ആദ്യം, താമസവേള രണ്ടാമത്, സാത്വിക വേള മൂന്നാമത് എന്നിങ്ങനെ അഞ്ച് തവണ ആവര്‍ത്തിക്കും. 22.5 മണിക്കൂര്‍ മുതല്‍ 24 മണിക്കൂര്‍ വരെയുള്ള അവസാന ഒന്നര മണിക്കൂര്‍ രാജസ വേളയായിരിക്കും.   

ഇതില്‍ നിങ്ങളുടെ ജനന സമയത്ത് ഏതായിരുന്നോ ഗുണവേള അതനുസരിച്ചാവും നിങ്ങളുടെ പ്രകൃതവും. നിങ്ങള്‍ സാത്വികനോ രാജസനോ താമസനോ ഒക്കെയാവുന്നത് അതിനാലാണ് എന്ന് ചുരുക്കം. അങ്ങനെയാണ് ഗുണത്രയവേളകളെക്കുറിച്ചുളള ജ്യോതിഷനിയമം അനുശാസിക്കുന്നത്!    

'ജാതക പാരിജാതം' എന്ന ആധികാരിക ഗ്രന്ഥത്തില്‍ ഗുണത്രയവേളകളെക്കുറിച്ചും ത്രിഗുണങ്ങളെക്കുറിച്ചും വിവരിക്കുന്നുണ്ട്. (ഒമ്പതാം അദ്ധ്യായത്തില്‍). ആ ഭാഗം ഓടിച്ചു നോക്കാം.   

'സത്വവേളയില്‍ ജനിച്ചാല്‍ മിതഭാഷിയും സല്‍ക്കര്‍മ്മങ്ങള്‍ ചെയ്യുന്നവനും ജീവിതത്തെ ഒരു തപസ്സായിക്കാണുന്നവനും ദാനശീലനും ഉത്സാഹിയും ആവും. അയാള്‍ ഉറച്ച വ്യക്തിത്വത്താല്‍ ശോഭിക്കുന്നവനായിരിക്കും. ജ്ഞാനിയായും സത്യവാദിയായും ശത്രുക്കളില്ലാത്തവനായും ഭവിക്കും എന്നുമുണ്ട്.'

'രജോവേളയില്‍ ജനിച്ചാല്‍ സുഖിമാനും ധനവാനും യശസ്വിയും ശത്രുക്കളെ ജയിക്കുന്നവനും കാമിയും സന്തോഷത്തോടുകൂടിയവനും ആയിരിക്കും.'

'തമോവേളയില്‍ ജനിച്ചാല്‍ വൈകാരിക പ്രകൃതിയാവും. ദുര്‍ജനസംസര്‍ഗം ഉണ്ടാവാം. സജ്ജനങ്ങളോട് വിരോധിച്ചേക്കും. മനശ്ചാഞ്ചല്യവും വരാം. ചിലപ്പോള്‍ സ്വാര്‍ത്ഥതയ്ക്ക് അടിപ്പെട്ട് ജീവിക്കും.'

ഇതെല്ലാം സിദ്ധാന്തങ്ങള്‍! ഉദാഹരണം കൂടി/ പ്രയുക്തത കൂടി വേണമല്ലോ?

ഏപ്രില്‍ 28 ന് (2021) ബുധനാഴ്ച കാസര്‍കോട്ടെ സൂര്യോദയം 6.15 നാണ്. (ഞായര്‍, ബുധന്‍, ശനി എന്നീ മൂന്ന് ആഴ്ചകളിലും ഗുണവേളകളുടെ ക്രമം ഒന്നുപോലെയാണെന്ന് നമുക്കറിയാം). അതു മുതല്‍ മൂന്നേമുക്കാല്‍ നാഴിക/ ഒന്നര മണിക്കൂര്‍, അതായത് 7.45 വരെ താമസവേള. 7.45 മുതല്‍ 9.15 വരെ സാത്വികവേള. 9.15 മുതല്‍ 10.45 വരെ രാജസവേള. ഒരു ആവൃത്തി അവിടെ തീരുകയാണ്.  

10.45 മുതല്‍ 12.15 വരെ വീണ്ടും താമസവേള. 12.15 മുതല്‍ 1.45 വരെ സാത്വികവേള. 1.45 മുതല്‍ 3.15 വരെ രാജസവേള. രണ്ടാം ആവൃത്തി അവിടെ പൂര്‍ണമാകുന്നു.  

3.15 മുതല്‍ 4.45 വരെ വീണ്ടും താമസവേള. 4.45 മുതല്‍ 6.15 വരെ സാത്വികവേള. 6.15 മുതല്‍ 7.45 വരെ രാജസ വേള. മൂന്നാം ആവൃത്തി ഇതോടെ പൂര്‍ത്തിയായി. പിന്നെയും താമസ വേളയായി ഇടമുറിയാതെ തുടങ്ങുകയും ചെയ്യും. ഇങ്ങനെ അടുത്ത സൂര്യോദയം വരെ ഗുണത്രയവേളകള്‍ ആവര്‍ത്തിക്കുന്നു...

വായനക്കാരോട് രണ്ട് ചോദ്യങ്ങളുണ്ട്. ഇതാണ് ഒന്നാം ചോദ്യം: 2021 ഏപ്രില്‍ 29 ന് വ്യാഴാഴ്ച തൃശ്ശൂരിലെ സൂര്യോദയം 6.11നാണ്. അന്ന് രാത്രി 8. 20 ന് ഉള്ള ഗുണവേള എന്തായിരിക്കും?

ചോദ്യം രണ്ട്: ഏപ്രില്‍ 30 (2021) വെള്ളിയാഴ്ച തിരുവനന്തപുരത്തെ സൂര്യോദയം 6.10 നാണ്. അന്നേദിവസം രാത്രി 12 മണിക്കുളള വേള എന്തായിരിക്കും? ചുവടെ മെസ്സേജില്‍ നിങ്ങളുടെ ഉത്തരം അയക്കുക. ഇത് ജ്യോതിഷ വിദ്യാര്‍ത്ഥികളെ ഉദ്ദേശിച്ചുള്ളതാണെന്ന് വിശേഷിച്ച് പറയേണ്ടതില്ലല്ലോ?

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

നിത്യയോഗങ്ങളുടെ പേരുകളും ഫലങ്ങളും

'പുഷ്ടി നല്‍കുന്ന പൂഷാവ് ....'

കരണം എന്നാല്‍