ആപന്ന നാളും/ ആപന്ന ദശയും

ലേഖനം : 66

മൂന്നാം നാളിനെക്കുറിച്ച്

എസ്. ശ്രീനിവാസ് അയ്യര്‍
അവനി പബ്ലിക്കേഷന്‍സ്
98460 23343

വ്യക്തിയുടെ ജന്മനക്ഷത്രത്തിന്റെ മൂന്നാം നക്ഷത്രത്തെയാണ് 'ആപന്ന നക്ഷത്രം' എന്നു പറയുന്നത്. ആപത്തുണ്ടാക്കുന്നത്, വിപത്തുണ്ടാക്കുന്നത് എന്ന അര്‍ത്ഥത്തിലാണ് ആപന്നനക്ഷത്രം അഥവാ വിപന്നനക്ഷത്രം എന്ന പേരുണ്ടായത്. ജന്മനക്ഷത്രത്തെ ആദ്യാ എന്ന് പറയുന്നു. രണ്ടാം നാളിനെ സമ്പന്ന/ ധന നക്ഷത്രം എന്നും. അതിന്റെ സവിശേഷതകളും ഫലങ്ങളും നാം മനസ്സിലാക്കിയിട്ടുണ്ട്. (ലേഖനം: 62 നോക്കുക) മൂന്നാം നാളിന്റെ, സംഭാഷണശൈലിയില്‍ പറഞ്ഞാല്‍ മുന്നാളിന്റെ മര്‍മ്മങ്ങളാണ് ഇന്ന് ചര്‍ച്ചചെയ്യപ്പെടുന്നത്.  

ജാതകം എഴുതുമ്പോള്‍ ദൈവജ്ഞന്‍ ജീവിതകാലം മുഴുവന്‍ കരുതല്‍ വേണ്ട നക്ഷത്രങ്ങളെക്കുറിച്ച് എഴുതാറുണ്ട്. അവയില്‍ അഷ്ടമരാശിക്കൂറും അതിലെ നക്ഷത്രങ്ങളും ഉള്‍പ്പെടുന്നു. പിന്നെ പറയുന്നത് 3, 5, 7 നാളുകളെയാണ്. വേധ നക്ഷത്രം, സംഘാതികം എന്ന് പേരുവരുന്ന 16, വൈനാശികം ആയ 23 മുതലായ നാളുകളെയും ആചാര്യന്‍ ജാഗ്രത പുലര്‍ത്തേണ്ട നക്ഷത്രങ്ങളായി ജാതകത്തില്‍ എടുത്തുകാട്ടാറുണ്ട്.   

ജന്മനക്ഷത്രം അശ്വതിയെങ്കില്‍ അതു തൊട്ടെണ്ണിയാല്‍ വരുന്ന കാര്‍ത്തികയാണ് അശ്വതിയുടെ മുന്നാള്‍. ഭരണിക്ക് രോഹിണിയും, കാര്‍ത്തികയ്ക്ക് മകയിരവും, രോഹിണിക്ക് തിരുവാതിരയുമാണ് മുന്നാള്‍. ഒരുദാഹരണം കൂടി: രേവതിക്ക് ഭരണിയാണ് മൂന്നാം നക്ഷത്രം. ഇപ്പോള്‍ മൂന്നാം നാള്‍ എങ്ങനെ കണക്കുകൂട്ടുന്നു എന്ന് വ്യക്തമായല്ലോ?. (ജ്യോതിഷ വിദ്യാര്‍ത്ഥികളെ പരിഗണിച്ചാണ് ഇത്തരം വിശദീകരണങ്ങള്‍).

മൂന്നാം നക്ഷത്രത്തിന് മാത്രമല്ല അതിന്റെ അനുജന്മനക്ഷത്രങ്ങള്‍ക്കും ആപത്തുണ്ടാക്കാന്‍ കഴിയുമെന്നാണ് ആചാര്യന്മാരുടെ പക്ഷം. (ജന്മാനുജന്മനക്ഷത്രങ്ങളെ ലേഖനം 61-ല്‍ വിവരിച്ചിട്ടുണ്ട്). ജന്മനക്ഷത്രത്തിന്റെ 10, 19 നക്ഷത്രങ്ങളാണ് അനുജന്മനക്ഷത്രങ്ങള്‍. അതുപോലെ മൂന്നാംനാളിന്റെ അനുജന്മങ്ങള്‍ അതിന്റെ 10, 19 നക്ഷത്രങ്ങളാണ്. ഒരുദാഹരണം ചൂണ്ടിക്കാട്ടാം. മകയിരം നക്ഷത്രത്തിന്റെ അനുജന്മങ്ങള്‍ പത്താംനാളായ ചിത്തിരയും പത്തൊമ്പതാം നാളായ അവിട്ടവുമാണ്. അവയുടെ മൂന്നാംനാളുകള്‍ നോക്കാം: മകയിരത്തിന്റെ മുന്നാള്‍ പുണര്‍തം, ആദ്യ അനുജന്മമായ (പത്താംനാള്‍) ചിത്തിരയുടെ മുന്നാള്‍ വിശാഖം, രണ്ടാം അനുജന്മമായ ( പത്തൊമ്പതാം നാള്‍) അവിട്ടത്തിന്റെ മുന്നാള്‍ പൂരുരുട്ടാതി - ഇതില്‍ നിന്നും കാര്യം വ്യക്തമായിട്ടുണ്ടാവുമെന്ന് ഊഹിക്കാം. മൂന്നാംനക്ഷത്രത്തിന്റെ അനുജന്മങ്ങളും മൂന്നാംനാളായിത്തന്നെ പരിഗണിക്കപ്പെടുകയാണ്. അവയ്ക്കുമുണ്ട് ദോഷശക്തിയെന്നാണ് ആചാര്യപക്ഷം.

ആപത്ത് / വിപത്ത് ഉണ്ടാക്കുന്നത് എന്ന് പേരുള്ളതിനാല്‍ മൂന്നാംനാളില്‍ ശുഭമുഹൂര്‍ത്തങ്ങള്‍ അനുവദിക്കപ്പെടുന്നില്ല. ജന്മനക്ഷത്രത്തിന്റെ മൂന്നാം നാളില്‍ ജനിച്ച വ്യക്തിയുമായി കൊടുക്കല്‍ - വാങ്ങലുകള്‍ നന്നല്ലെന്നും അവരുമായുളള കൂട്ടുകെട്ട് കലഹത്തില്‍ കലാശിക്കുമെന്നും കൂടി വിശ്വാസമുണ്ട്. 'ഞങ്ങള്‍ മുന്നാളാണ്' എന്ന ചൊല്ലില്‍ തെളിയുന്ന കലഹധ്വനി അക്കാര്യമാണ് സൂചിപ്പിക്കുന്നത്. മൂന്നാം നക്ഷത്രം വരുന്ന ദിവസം പ്രധാന ഉടമ്പടികളില്‍ ഒപ്പുവെക്കുക, ദീര്‍ഘയാത്രയ്ക്ക് ഇറങ്ങുക, സാഹസകര്‍മ്മങ്ങള്‍ ചെയ്യുക എന്നിവ കഴിയുന്നതും ഒഴിവാക്കുകയാവും നന്ന്. ഏതുകാര്യം ചെയ്യുമ്പോഴും സൂക്ഷ്മബുദ്ധി ഉപയോഗിക്കുകയും വേണം. വാക്കുകളിലും വേണം കൃത്യത.   

ജന്മ നക്ഷത്രത്തിന്റെ അധിപനായ ഗ്രഹത്തിന്റെ ദശയാവും ആദ്യം. ഗുണദോഷങ്ങള്‍ കലര്‍ന്നതാവും ജന്മദശ എന്ന് കൂടി പേരുള്ള ആദ്യദശ. രണ്ടാംദശ, രണ്ടാം നക്ഷത്രത്തിന്റെ അധിപന്റേതാവും. രണ്ടാം നക്ഷത്രത്തിന് ധന/ സമ്പന്ന നക്ഷത്രം എന്ന് പേരുള്ളതിനാല്‍ ആ ദശയെ ധനനക്ഷത്രാധിപദശ അഥവാ സമ്പന്നനക്ഷത്രാധിപ ദശ എന്ന് വിളിക്കുന്നു. സാമാന്യമായി തന്റെ/ കുടുംബത്തിന്റെ ധനസ്ഥിതി മെച്ചപ്പെടുന്ന കാലമായിരിക്കും അത്. മൂന്നാംദശ മൂന്നാം നക്ഷത്രനാഥന്റേതായിരിക്കും. മൂന്നാം നക്ഷത്രത്തിന് ആപന്ന/ വിപന്ന നക്ഷത്രം എന്ന് പേരുള്ളതിനാല്‍ മൂന്നാം ദശയ്ക്ക് ആപന്നനക്ഷത്രാധിപ ദശ അഥവാ വിപന്നനക്ഷത്രാധിപ ദശ എന്ന് പേരുവരുന്നു. മുന്‍ തലമുറയിലെ ഒരു വലിയ പണ്ഡിതന്‍ എഴുതുന്നു:  'നക്ഷത്രദശയില്‍ വിപന്ന നക്ഷത്രാധിപന്റെ ദശാകാലം ദോഷമായിരിക്കും. അക്കാലത്ത് പലവിധമായ വിപത്തുകളും വ്യാധിപീഡയും ശത്രുദോഷവും ഹൃദ്രോഗം, ഉദരാമയം തുടങ്ങിയ രോഗങ്ങളും വിഷഭയവും നാല്‍ക്കാലിനാശവും ധനനഷ്ടവും മൃതിതന്നെയും ഉണ്ടാകാവുന്നതാണ്'. (ജ്യോതിഷനിഘണ്ടു, ഓണക്കൂര്‍ ശങ്കരഗണകന്‍). പൊതുഫലങ്ങളാണ് ഇതൊക്കെ എന്ന് ഓര്‍മ്മിക്കുക. അവരവരുടെ ഗ്രഹനിലയിലെ ഗ്രഹബലമനുസരിച്ച് ഫലങ്ങള്‍ മാറിമറയാം.    

വിവാഹപ്പൊരുത്തം ചിന്തിക്കുമ്പോള്‍ പെണ്‍കുട്ടിയുടെ 3, 5, 7 നാളുകളില്‍ ജനിച്ച ആണ്‍കുട്ടിയെ ഒഴിവാക്കണം. ഇത് പത്ത് പൊരുത്തങ്ങളില്‍ ഒന്നായ ദിനപ്പൊരുത്തത്തിലെ നിയമമാണ്. ജന്മനക്ഷത്രത്തിന്റെ ആദ്യ അനുജന്മത്തിന്റെ അഥവാ പത്താം നാളിന്റെ 3, 5, 7 ആയി വരുന്ന നാളുകളുടെ ചില പാദങ്ങളില്‍ ജനിച്ച പുരുഷനും വിവാഹപ്പൊരുത്തത്തില്‍ അസ്വീകാര്യനാണ്. ഇതൊക്കെ തികഞ്ഞ സാങ്കേതിക വിഷയങ്ങളാണ് എന്നത് മറക്കുന്നില്ല.

ഈ ലേഖകന്റെ നക്ഷത്ര പുസ്തകങ്ങളില്‍ ഈ വിഷയങ്ങളെല്ലാം തന്നെ വിവരിച്ചിട്ടുണ്ട്.


പുസ്തകങ്ങള്‍ വാങ്ങാനായി വിളിക്കുകയോ വാട്ട്‌സാപ്പ് അയക്കുകയോ ചെയ്യുക...
ഫോണ്‍:98460 23343

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

നിത്യയോഗങ്ങളുടെ പേരുകളും ഫലങ്ങളും

'പുഷ്ടി നല്‍കുന്ന പൂഷാവ് ....'

കരണം എന്നാല്‍