വരവോ ചിലവോ അധികം?

ലേഖനം : 65

കൗതുകമുള്ള ഒരു പൊരുത്ത ചിന്ത

എസ്. ശ്രീനിവാസ് അയ്യര്‍
അവനി പബ്ലിക്കേഷന്‍സ്
98460 23343

വിവാഹം സംബന്ധിച്ച് സ്ത്രീപുരുഷ ജാതകങ്ങള്‍ ഒത്തുനോക്കുമ്പോള്‍ നക്ഷത്രം/രാശി എന്നിവയെ മുന്‍നിര്‍ത്തി പത്തുവിധം പൊരുത്തങ്ങളാണ് പരിശോധിക്കുക. അവയെ ദശവിധപ്പൊരുത്തങ്ങള്‍ എന്ന് പറയുന്നു. എന്നാല്‍ സ്ത്രീപുരുഷന്മാരുടെ നക്ഷത്രത്തെ ആധാരമാക്കി നോക്കുന്ന 'പത്തുപൊരുത്തത്തില്‍' ഉള്‍പ്പെടാത്ത മറ്റൊരു പൊരുത്തത്തെയാണ് ഇവിടെ ചര്‍ച്ചചെയ്യുന്നത്. ഇത് പ്രാധാന്യമില്ലാത്തതാണ് എന്ന് ചിലര്‍ കരുതുന്നു. എന്നാല്‍ ഇതില്‍ ആ സ്ത്രീപുരുഷന്മാര്‍ ദാമ്പത്യത്തിലേര്‍പ്പെട്ടാല്‍ അവരുടെ സാമ്പത്തികസ്ഥിതി എങ്ങനെയാവും എന്ന ചിന്തയുള്ളതിനാല്‍ വളരെ പ്രാധാന്യമുള്ളതാണ് എന്ന് ചിന്തിക്കുന്നവരുമുണ്ട്.  
'ആയവ്യയപ്പൊരുത്തം' എന്നാണ് ഈ പൊരുത്തം അറിയപ്പെടുന്നത്. ആയം എന്നാല്‍ വരവ്, വ്യയം എന്നാല്‍ ചെലവും. ദാമ്പത്യ ജീവിതത്തിലെ വരവ് - ചെലവുകളാണ്, അഥവാ സാമ്പത്തിക ഭദ്രതയാണ് ഇതില്‍ പരിശോധിക്കപ്പെടുന്നത് എന്ന് കരുതാം.  
സ്ത്രീയുടെ ജന്മനക്ഷത്രം മുതല്‍ പുരുഷന്റെ ജന്മനക്ഷത്രം വരെ എണ്ണിക്കിട്ടുന്ന സംഖ്യയെ അഞ്ച് കൊണ്ട് ഗുണിച്ച് ഏഴ് കൊണ്ട് ഹരിക്കണം. ശേഷിക്കുന്ന സംഖ്യ വ്യയം/ചെലവ്. പുരുഷന്റെ ജന്മനക്ഷത്രം മുതല്‍ സ്ത്രീയുടെ ജന്മനക്ഷത്രം വരെ എണ്ണിക്കിട്ടുന്ന സംഖ്യയെ അഞ്ച് കൊണ്ട് ഗുണിച്ച് ഏഴ് കൊണ്ട് ഹരിക്കണം. ശേഷിക്കുന്ന സംഖ്യ ആയം/വരവ്. ശിഷ്ടമില്ലെങ്കില്‍ ഏഴ് ആയി കണക്കാക്കും. ആയം/ വരവ് അധികമായാല്‍ ആയവ്യയപ്പൊരുത്തം ഉത്തമം. മറിച്ചായാല്‍ അധമവും.     
നിയമം കഴിഞ്ഞു. ഇനി അതിന്റെ പ്രയോഗമാണ്. തത്ത്വവും പ്രയോഗവും ചേരുമ്പോഴാണല്ലോ ആശയം പൂര്‍ണമാകുക. ഉദാഹരണങ്ങളിലേക്ക് കടക്കാം.   
        സ്ത്രീനക്ഷത്രം തിരുവോണം, പുരുഷനക്ഷത്രം ഉത്രാടവും.  സ്ത്രീനക്ഷത്രം മുതല്‍ എണ്ണിയാല്‍ പുരുഷ നക്ഷത്രം 27. അതിനെ 5 കൊണ്ട് ഗുണിക്കണം, അപ്പോള്‍ 135 കിട്ടും. പിന്നെ ഏഴ് കൊണ്ട് ഹരിക്കണം. അപ്പോള്‍ 133 എന്ന് ഉത്തരം കിട്ടും. ശിഷ്ടം 2. അങ്ങനെ വ്യയം/ചിലവ് 2 എന്നായി. ഇനി ആയം/വരവ് നോക്കണം.  നിയമം അവിടെയും ഇതുപോലെ തന്നെ.   
പുരുഷന്റെ നക്ഷത്രമായ ഉത്രാടത്തില്‍ നിന്നും സ്ത്രീയുടെ നക്ഷത്രമായ തിരുവോണത്തിന്റെ എണ്ണം 2 ആണല്ലോ? അതിനെ അഞ്ച് കൊണ്ട് പെരുക്കിയാല്‍ ഉത്തരം 10 എന്ന് കിട്ടുന്നു. അതിനെ 7 കൊണ്ട് ഹരിച്ചാല്‍ ശിഷ്ടം 3. ഇവിടെ വ്യയം/ചെലവ് 2, ആയം/ വരവ് 3. ആയവ്യയപ്പൊരുത്തം സംശയമില്ല, ഉത്തമം തന്നെ!      
ഒരുദാഹരണം കൂടി നോക്കാം. സ്ത്രീനക്ഷത്രം രോഹിണി, പുരുഷനക്ഷത്രം ചതയം .  രോഹിണി മുതല്‍ ചതയം വരെ എണ്ണിയാല്‍ 21, അതിനെ 5 കൊണ്ട് പെരുക്കിയാല്‍ 105, ഏഴ് കൊണ്ട് ഹരിച്ചാല്‍ 15 തവണ അടങ്ങും. ശിഷ്ടമില്ലെങ്കില്‍ 7 ആയിക്കണക്കാക്കണം എന്നാണല്ലോ നിയമം.  അതായത് വ്യയം 7.  ഇനി പുരുഷന്റെനക്ഷത്രമായ ചതയം തൊട്ടെണ്ണിയാല്‍ രോഹിണിയുടെ സംഖ്യ 8. അതിനെ 5 കൊണ്ട് പെരുക്കിയാല്‍ 40, ഏഴ് കൊണ്ട് ഹരിച്ചാല്‍ ഉത്തരം 35, ശിഷ്ടം 5. ഇവിടെ വ്യയം 7, ആയം 5 --- ആയവ്യയം എന്ന പൊരുത്തം ഇല്ല.        
ഇരുവരുടേയും നക്ഷത്രം ഒന്നാകുമ്പോള്‍ ഈ നിയമം അത്ര പ്രബലമാവുകയുമില്ല.
ആയവ്യയം എന്ന പൊരുത്തം ഇല്ലാതെ വന്നാല്‍ എന്ത്‌സംഭവിക്കും എന്ന് പ്രമാണഗ്രന്ഥങ്ങളിലില്ല. ചെലവേറിയ ജീവിതമാവും ആയുഷ്‌ക്കാലം മുഴുവന്‍ എന്നൊന്നും വിധിക്കുക വയ്യ! വിവാഹം കഴിഞ്ഞ് ജീവിക്കുന്നവര്‍ ഈ പൊരുത്തമുണ്ടോ എന്ന് നോക്കി തലപുണ്ണാക്കേണ്ടതില്ല. അഥവാ പൊരുത്തമില്ലെങ്കില്‍ ഉടനേ വല്ല പരിഹാരവുമുണ്ടോ എന്ന് ദൈവജ്ഞനെ തേടിയിറങ്ങുകയും വേണ്ട. വിവാഹജീവിതത്തില്‍ പ്രവേശിക്കുന്നവര്‍ക്ക് വേണമെങ്കില്‍ പൊരുത്തചിന്തയില്‍ ഇതും ഉള്‍പ്പെടുത്താം. അത്രമാത്രം! ആയവ്യയങ്ങളുടെ കണക്കുപുസ്തകങ്ങള്‍ക്കും അപ്പുറമാണ് ജീവിതം. ആ നിയോഗത്തെ  സ്വീകരിച്ചുകൊണ്ട് സന്തോഷപൂര്‍വം മുന്നോട്ട് നയിക്കാന്‍ മനസ്സിനെ പാകപ്പെടുത്തുകയാണ് കാമ്യം. ഇങ്ങനെയുമുണ്ട് ഒരു നിയമം എന്ന് ചൂണ്ടിക്കാട്ടുക മാത്രമേ ഉദ്ദേശിച്ചിട്ടുള്ളൂ...

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

നിത്യയോഗങ്ങളുടെ പേരുകളും ഫലങ്ങളും

'പുഷ്ടി നല്‍കുന്ന പൂഷാവ് ....'

കരണം എന്നാല്‍