രോഗം തുടങ്ങിയാല്‍

ലേഖനം: 112

എസ്. ശ്രീനിവാസ് അയ്യര്‍
അവനി പബ്ലിക്കേഷന്‍സ്
9846023343

രോഗം തുടങ്ങുന്ന ദിവസത്തെ നക്ഷത്രം, തിഥി, ആഴ്ച എന്നിവ മുന്‍നിര്‍ത്തി രോഗത്തിന്റെ കാഠിന്യലഘുത്വങ്ങള്‍ ചിന്തിക്കാറുണ്ട്. 'മാധവീയ'മെന്ന ഗ്രന്ഥത്തിലെ ആശയമാണ് ഇവിടെ പിന്‍തുടരുന്നത്.  

തൃക്കേട്ട, ചോതി, ആയില്യം, തിരുവാതിര, പൂരം, പൂരാടം, പൂരൂരുട്ടാതി എന്നീ നക്ഷത്രങ്ങളില്‍ രോഗം ആരംഭിച്ചാല്‍ നീണ്ടു പോയേക്കും. ശമിക്കാന്‍ പ്രയാസമാണെന്നും ഉണ്ട്. കാര്‍ത്തിക, അവിട്ടം, ഭരണി, ചതയം എന്നീ നാലുനക്ഷത്രങ്ങളും ചതുര്‍ത്ഥി, ഷഷ്ഠി, അഷ്ടമി, നവമി, ദ്വാദശി, ചതുര്‍ദ്ദശി എന്നീ തിഥികള്‍ വരുന്ന ദിവസങ്ങളും ഞായര്‍, ചൊവ്വ, ശനി എന്നീ വാരങ്ങളും ഒത്തു വരുമ്പോള്‍ തുടങ്ങുന്ന രോഗങ്ങളും ശമിക്കുക എന്നത് എളുതല്ല. ഈ നക്ഷത്രതിഥിവാരങ്ങളില്‍ ഒന്നുമാത്രമുള്ളപ്പോള്‍ രോഗം ആരംഭിച്ചാല്‍ കുറച്ചുമാത്രം ദോഷവും അവയില്‍ രണ്ടുകാര്യങ്ങള്‍ ഒരുമിച്ചുള്ളപ്പോള്‍ രോഗം ആരംഭിച്ചാല്‍ അധികദോഷവും മൂന്നുകാര്യങ്ങളും ഒത്തുചേരുമ്പോള്‍ രോഗം ആരംഭിച്ചാല്‍ മിക്കവാറും മഹാദോഷവും സംഭവിക്കുമെന്നാണ് ആചാര്യന്‍ വ്യക്തമാക്കുന്നത്.  

രോഗം വന്നാല്‍ എത്രകാലം നീണ്ടുനില്‍ക്കും എന്നതിനെക്കുറിച്ചും ഒരു കണക്കുകൂട്ടലുണ്ട്. ജ്വരാദിരോഗങ്ങള്‍ തുടങ്ങുന്നത് ഉത്രാടം, മകയിരം എന്നീ നാളുകളിലായാല്‍ അത് ഒരുമാസം നീണ്ടുനില്‍ക്കും. തൃക്കേട്ട, അത്തം, വിശാഖം ഈ നാളുകളിലായാല്‍ പതിനഞ്ചുദിവസവും ചിത്തിര, ചതയം, ഭരണി, തിരുവോണം എന്നീ നാളുകളിലായാല്‍ പതിനൊന്നു ദിവസവും മകം നക്ഷത്രദിവസമായാല്‍ ഇരുപത് ദിവസവും രോഗം നീളാം. ജ്വരാരംഭം പൂയം, ഉത്രം, പുണര്‍തം, രോഹിണി, ഉത്രട്ടാതി എന്നീ അഞ്ചുദിവസങ്ങളിലായാല്‍ പതിനാറുദിവസം തുടരും. മൂലം, അശ്വതി, കാര്‍ത്തിക എന്നീ മൂന്നുനാളുകളിലായാല്‍ രോഗശമനത്തിന് ഒമ്പതുദിവസമെടുക്കും. 'മിത്രപൂഷ്‌ണോസ്തു കൃച്ഛ്രാന്‍' എന്ന വാക്യം സൂചിപ്പിക്കുന്നത് അനിഴം, രേവതി എന്നീ നാളുകളിലാരംഭിക്കുന്ന ജ്വരാദികള്‍ വേഗം പോയൊഴിയുകയില്ലെന്നാണ്!    

ചികിത്സ തുടങ്ങാനും ഔഷധ സേവയ്ക്കും ഉചിതദിവസങ്ങളും വ്യക്തമാക്കപ്പെടുന്നുണ്ട് 'മാധവീയ'ത്തില്‍. മേടം, കര്‍ക്കടകം എന്നീ രാശികളും ഞായര്‍, ചൊവ്വ, ബുധന്‍, വ്യാഴം ഈ വാരങ്ങളും നന്ദാ ജയാരിക്താ (പ്രഥമ, ഷഷ്ഠി, ഏകാദശി, തൃതീയ, അഷ്ടമി, ത്രയോദശി, ചതുര്‍ത്ഥി, നവമി, ചതുര്‍ദ്ദശി) തിഥികളും ഉത്തമം. അശ്വതി, അത്തം, പൂയം, അഭിജിത്, മകയിരം, രേവതി, ചിത്തിര, അനിഴം, പുണര്‍തം, ചോതി, അവിട്ടം, തിരുവോണം, ചതയം തുടങ്ങിയ നക്ഷത്രങ്ങളും ഔഷധ സേവയ്ക്ക് ഉചിതം.   

ത്രിദോഷങ്ങള്‍ ആണല്ലോ ഭാരതീയമതമനുസരിച്ച് രോഗനിദാനം. അതിനാല്‍ അവ മൂന്നിനും മരുന്നു കഴിച്ചു തുടങ്ങുവാന്‍ പ്രത്യേകമായ ദിവസങ്ങളും നിര്‍ദ്ദേശിക്കപ്പെടുന്നു. വാതചികിത്സയ്ക്ക് വ്യാഴാഴ്ചയും അശ്വതി, കാര്‍ത്തിക, തിരുവോണം എന്നീ നക്ഷത്രങ്ങളിലൊന്നും തൃതീയ, അഷ്ടമി, ത്രയോദശി എന്നീ തിഥികളിലൊന്നും ഒത്തുവരുന്ന ദിവസം നല്ലത്. പിത്തജന്യ രോഗങ്ങളുടെ ചികിത്സയ്ക്ക് വെള്ളിയാഴ്ചയും രോഹിണി, ചോതി, രേവതി എന്നീ നാളുകളിലൊന്നും ദ്വിതീയ, സപ്തമി, ദ്വാദശി എന്നീ തിഥികളിലൊന്നും മേടം, കര്‍ക്കടകം, തുലാം, മകരം എന്നീ ലഗ്‌നങ്ങളിലൊന്നും ചേര്‍ന്നുവരുന്ന ദിവസം നല്ലതായിരിക്കും. വാതകഫങ്ങള്‍ ഒരുമിച്ചുള്ള രോഗങ്ങളുടെ ശമനത്തിനായി ചൊവ്വാഴ്ചയും ചരരാശി ലഗ്‌നങ്ങളും ഭരണി, കാര്‍ത്തിക, തിരുവാതിര എന്നീ നക്ഷത്രങ്ങളും ഒത്തുവരും ദിവസങ്ങളില്‍ ഔഷധങ്ങള്‍ സേവിച്ചുതുടങ്ങാം. വാതപിത്തകഫാദികള്‍ മൂന്നിന്റെയും ശമനത്തിന് ഭരണി, തിരുവാതിര, വിശാഖം, അനിഴം എന്നീ നാളുകളും ചതുര്‍ത്ഥി, നവമി, ചതുര്‍ദശി എന്നീ തിഥികളും ഞായറാഴ്ചയും കൂടിയ ദിവസം ശ്രേഷ്ഠമാകുന്നു. 

രോഗം മാറി കുളിക്കാനും ശുഭദിവസങ്ങള്‍ വ്യക്തമാക്കപ്പെടുന്നു. വെള്ളി, വ്യാഴം, തിങ്കള്‍ എന്നീ വാരങ്ങളും അശ്വതി, രോഹിണി, മകയിരം, ഉത്രം, ചോതി, ഉത്രാടം , ഉത്രട്ടാതി എന്നീ നാളുകളും അതിനായി സ്വീകരിക്കാം.   

'മാധവീയം' പതിമ്മൂന്നാം അധ്യായത്തിലെ 36 മുതല്‍ 41 വരെയുള്ള ശ്ലോകങ്ങളാണ് മുകളിലെ ആശയങ്ങള്‍ക്ക് അവലംബം. ബ്രഹ്മശ്രീ പുലിയൂര്‍ പുരുഷോത്തമന്‍ നമ്പൂതിരിയുടെ വ്യാഖ്യാനത്തെ ഉപജീവിച്ചിട്ടുണ്ട്.

രോഗരഹിതവും ആരോഗ്യസമ്പുഷ്ടവുമായ ഒരുകാലം ഉണ്ടാവാന്‍ എല്ലാവര്‍ക്കുമായി പ്രാര്‍ത്ഥിച്ചുകൊണ്ട്...

അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

നിത്യയോഗങ്ങളുടെ പേരുകളും ഫലങ്ങളും

'പുഷ്ടി നല്‍കുന്ന പൂഷാവ് ....'

കരണം എന്നാല്‍