ഊണ്‍നാളുകള്‍ എന്നാല്‍

ലേഖനം : 63

മുഹൂര്‍ത്ത കാര്യം

എസ്. ശ്രീനിവാസ് അയ്യര്‍
അവനി പബ്ലിക്കേഷന്‍സ്
98460 23343

കുഞ്ഞുങ്ങള്‍ക്ക് ആദ്യമായി ചോറുകൊടുക്കുന്നതിന് സ്വീകരിക്കുന്ന നക്ഷത്രങ്ങളെയാണ് 'ഊണ്‍നാളുകള്‍' എന്നുപറയുന്നത്. സംസ്‌കൃതത്തില്‍ ഇതിനെ 'ബാലാന്നതാരങ്ങള്‍', 'അന്നനക്ഷത്രങ്ങള്‍' എന്നിങ്ങനെയെല്ലാം വിളിക്കുന്നു.

പ്രായേണ എല്ലാ ശുഭകര്‍മ്മങ്ങള്‍ക്കും ഊണ്‍നാളുകള്‍ സ്വീകരിക്കപ്പെടുന്നു. അതിനാല്‍ അവയ്ക്ക് മുഹൂര്‍ത്ത പരിഗണനയില്‍ പ്രാധാന്യം ലഭിക്കാറുണ്ട്. എന്നാലും ജ്യോതിഷരീതി ജീവിതത്തിലെ ചെറുതും വലുതുമായ എല്ലാക്കാര്യങ്ങള്‍ക്കും പ്രത്യേകം നക്ഷത്രവും തിഥിയും മുഹൂര്‍ത്തലഗ്‌നവും നല്‍കപ്പെടുന്നുണ്ട് എന്നതാണ്. കുറ്റവും കുറവുമില്ലാത്ത ഒരു മുഹൂര്‍ത്തം എന്നത് കേവലം സങ്കല്പം മാത്രമാണ്. അക്കാര്യം ഓര്‍മ്മയിലുണ്ടാവണം. ഗുണദോഷങ്ങളുടെ സമവായമാണ് ജീവിതം എന്നതുപോലെ മുഹൂര്‍ത്തങ്ങളിലുമുണ്ടാവും ഗുണവും ദോഷവും. കൂടുതല്‍ ഗുണം ലഭിക്കുന്ന ഒരു നേരം തെരഞ്ഞെടുക്കുക എന്നത് മാത്രമാണ് മൗഹൂര്‍ത്തികന് ചെയ്യുവാനുള്ളത്.  

കര്‍ത്തൃദോഷം നീക്കിവേണം മുഹൂര്‍ത്തം കൈക്കൊള്ളുവാന്‍. ഊണ്‍നാളുകളുടെ കാര്യത്തിലായാലും അതിന് മാറ്റമില്ല. ആര്‍ക്കുവേണ്ടിയാണോ മുഹൂര്‍ത്തം നോക്കുന്നത് അയാളെയാണ് കര്‍ത്താവ് എന്ന് വിശേഷിപ്പിക്കുന്നത്. (യജമാനന്‍ എന്ന പദവും പഴയ ഗ്രന്ഥങ്ങളിലുണ്ട്). വിവാഹകാര്യമാണെങ്കില്‍ വധൂവരമാരാവും കര്‍ത്താക്കള്‍. ദേവ പ്രതിഷ്ഠയാണെങ്കില്‍ തന്ത്രിയും ക്ഷേത്രാധികാരിയും, ഉപനയനമാണെങ്കില്‍ വടു, ചോറൂണാണെങ്കില്‍ കുഞ്ഞ്, ഗൃഹപ്രവേശമെങ്കില്‍ ഗൃഹസ്ഥ - ഇതൊക്കെയാണ് കര്‍ത്താവ് ആരെന്ന ചോദ്യത്തിനുള്ള ചില ഉത്തരങ്ങള്‍.  

ഊണ്‍നാളുകളില്‍ പറയുന്ന ഒന്നാണ് അശ്വതി നക്ഷത്രം. കര്‍ത്താവ് അത്തം നാളുകാരനാണെങ്കിലോ? അത് കര്‍ത്താവിന്റെ അഷ്ടമരാശിയിലെ നക്ഷത്രമാണ്. അതിനാല്‍ വര്‍ജ്യവും. മുഹൂര്‍ത്ത നക്ഷത്രം അനിഴം ആയാലോ? കര്‍ത്താവിന്റെ നക്ഷത്രം ചോതിയാണെങ്കില്‍ മുന്നാളാകയാല്‍ അനിഴം അസ്വീകാര്യമാണ്. ചുരുക്കത്തില്‍ കര്‍ത്താവിന്റെ അഷ്ടമരാശിക്കൂറിലെ നക്ഷത്രങ്ങളോ, അയാളുടെ ജന്മനക്ഷത്രത്തിന്റെ 3, 5, 7 നാളുകളോ, അയാളുടെ ജന്മനക്ഷത്രപാദം തൊട്ടെണ്ണിയാല്‍ വരുന്ന നൂറ്റിയെട്ടാം നക്ഷത്രപാദം ഉള്‍പ്പെടുന്ന നക്ഷത്രമോ ഒക്കെയായാല്‍ കര്‍ത്തൃദോഷം ഭവിക്കുന്നു. ആ നക്ഷത്രം അശുഭമായി, അസ്വീകാര്യമായി. മേല്‍ചേര്‍ത്ത ഉദാഹരണങ്ങള്‍ സ്പഷ്ടമായിട്ടുണ്ടാവുമെന്ന് കരുതുന്നു.   

ഊണ്‍നാളുകള്‍/ അന്നനക്ഷത്രങ്ങള്‍ 16 എണ്ണമാണ്. ശ്ലോകം ഇതാണ്:  
'നന്നത്രെ രോഹിണീമാനും / ചതയം പുണര്‍ പൂയവും/ ഉത്രത്രയാല്‍ ത്രികം ചോതി / മൈത്രവും പതിനാറുനാള്‍'. (കാലദീപം)  

1. രോഹിണി 2. മാന്‍. മാനിന്റെ രൂപമുള്ള നക്ഷത്രം എന്ന് മനസ്സിലാക്കണം. മകയിരത്തെയാണ് ഉദ്ദേശിക്കുന്നത്. 3.ചതയം 4. പുണര്‍തം 5. പൂയം 6. ഉത്രം. (ഉത്രത്രയാല്‍ ത്രികം എന്നാണല്ലോ ശ്ലോകവാക്യം. ഉത്രം തൊട്ട് മൂന്ന്, ഉത്രാടംതൊട്ട് മൂന്ന്, ഉത്രട്ടാതി തൊട്ട് മൂന്ന് എന്നിങ്ങനെ നാളുകള്‍ എന്നതാണ് വിവക്ഷ) 7. അത്തം 8. ചിത്തിര 9. ഉത്രാടം 10. തിരുവോണം 11. അവിട്ടം 12. ഉത്രട്ടാതി 13. രേവതി 14. അശ്വതി. 15. ചോതി 16. മൈത്രം.  മിത്രന്‍ ദേവതയായി വരുന്ന നക്ഷത്രം, അതായത് അനിഴം - ഇങ്ങനെയാണ് ശ്ലോകത്തില്‍ പറയുന്ന ക്രമം. അശ്വതി തൊട്ട് ക്രമപ്രകാരവും ഉള്‍ക്കൊള്ളാം. ഇവിടെ ശ്ലോകത്തെ പിന്തുടര്‍ന്നു എന്നേയുള്ളു.   

ഇവയില്‍ വരാത്ത പതിനൊന്ന് നക്ഷത്രങ്ങളെ 'ത്യാജ്യഗണം' എന്നുപറയുന്നു. അവ ഭരണി, കാര്‍ത്തിക, തിരുവാതിര, ആയില്യം, മകം, പൂരം, വിശാഖം, കേട്ട, മൂലം, പൂരാടം, പൂരുരുട്ടാതി എന്നിവയാണ്. പ്രത്യേകം ഓര്‍മ്മിക്കുക എല്ലാ നക്ഷത്രങ്ങളും ഏതേതെങ്കിലും കര്‍മ്മത്തിന് സ്വീകാര്യമായി വിധിക്കപ്പട്ടിട്ടുണ്ട്. ചോറൂണ്, കാതുകുത്ത്, വിദ്യാരംഭം, കൃഷി, ഗൃഹാരംഭപ്രവേശങ്ങള്‍, യാത്ര, വിവാഹം, സേകം, ഉപനയനം, സീമന്തം, കച്ചവടാരംഭം, ദേവപ്രതിഷ്ഠ എന്നിങ്ങനെ  എല്ലാക്കാര്യങ്ങളെയും പ്രത്യേകം മുഹൂര്‍ത്തങ്ങളാക്കി അവയ്ക്ക് വേറേവേറെ നാളും പക്കവും ഒക്കെ വിധിച്ചിരിക്കുന്നു എന്നതാണ് കേരളീയ പാരമ്പര്യം. ഒരു ഉദാഹരണം എന്ന നിലയ്ക്ക് മാത്രമാണ് ഊണ്‍നാളുകളെക്കുറിച്ച് വിവരിച്ചത്.   

ജ്യോതിഷ വിദ്യാര്‍ത്ഥികള്‍ക്കായി ഒരു പഴയ മണിപ്രവാളശ്ലോകം ചേര്‍ക്കുന്നു. വിതയ്ക്കാനും യാത്രയ്ക്കും കൊള്ളരുതാത്ത ഏഴ് നാളുകളെ അതില്‍ വ്യക്തമാക്കുന്നു. നാളുകളുടെ പര്യായനാമമൊക്കെ ഉപയോഗിച്ചിരിക്കുകയാണ് , കവി. അവ ഏതൊക്കെയാണെന്ന്  ചുവടെയുള്ള മെസ്സേജില്‍ എഴുതുക.


ഇതാണ് ആ ശ്ലോകം: 'യമരുദ്രാഹിമുപ്പൂരം 

തൃക്കേട്ടയിവയേഴുനാള്‍  
വിതയ്ക്കില്‍ വിളയാഭൂമി
യാത്രപോകിലവന്‍ വരാ'

ജ്യോതിഷം ഗൗരവബുദ്ധ്യാ പഠിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സഹായകമാണ് ഈ ലേഖകന്റെ 'ജ്യോതിഷ ഗുരുനാഥന്‍' എന്ന ഗ്രന്ഥം.


പുസ്തകങ്ങള്‍ വാങ്ങാനായി വിളിക്കുകയോ വാട്ട്‌സാപ്പ് അയക്കുകയോ ചെയ്യുക...
ഫോണ്‍:98460 23343

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

നിത്യയോഗങ്ങളുടെ പേരുകളും ഫലങ്ങളും

'പുഷ്ടി നല്‍കുന്ന പൂഷാവ് ....'

കരണം എന്നാല്‍