ഭാവയാമി രഘുരാമം

ലേഖനം : 60

ശ്രീരാമനവമി

എസ്. ശ്രീനിവാസ് അയ്യര്‍
അവനി പബ്ലിക്കേഷന്‍സ്
98460 23343

എഴുത്തച്ഛന്‍ എഴുതുന്നു: 'ഉച്ചത്തില്‍ പഞ്ചഗ്രഹം നില്‍ക്കുന്ന കാലത്തിങ്കല്‍, അച്യുതനയോധ്യയില്‍  കൗസല്യാത്മജനായാന്‍. നക്ഷത്രം പുനര്‍വസു നവമിയല്ലോ തിഥി, നക്ഷത്രാധിപനോടു കൂടവേ ബൃഹസ്പതി. കര്‍ക്കടകത്തിലത്യുച്ച സ്ഥിതനായിട്ടല്ലോ, അര്‍ക്കനുമത്യുച്ചസ്ഥനുദയം കര്‍ക്കടകം. അര്‍ക്കജന്‍ തുലാത്തിലും ഭാര്‍ഗവന്‍ മീനത്തിലും, വക്രനുമുച്ചസ്ഥനായ് മകരം രാശിതന്നില്‍ നില്‍ക്കുമ്പോളവതരിച്ചീടിനാന്‍ ജഗന്നാഥന്‍        ദിക്കുകളൊക്കെ പ്രസാദിച്ചിതു ദേവകളും പെറ്റിതു കൈകേയിയും പുഷ്യനക്ഷത്രംകൊണ്ടേ പിറ്റേന്നാള്‍ സുമിത്രയും പെറ്റിതുപുത്രദ്ദ്വയം.' (അദ്ധ്യാത്മരാമായണം കിളിപ്പാട്ട്).   

കര്‍ക്കടക ലഗ്‌നത്തിലാണ് ശ്രീരാമന്റെ ജനനം. അന്ന് ചൈത്രത്തിലെ ശുക്ലപക്ഷനവമിയാണ് തിഥി. അങ്ങനെ ആ നവമി ശ്രീരാമനവമിയായി... പില്‍ക്കാലത്തെ ശ്രീകൃഷ്ണാഷ്ടമി പോലെ യുഗോദയത്തിന് കാരണമായ മറ്റൊരു പുണ്യതിഥി.

ലഗ്‌നത്തില്‍ ചന്ദ്രനുണ്ട്. പുണര്‍തം എന്ന് നാം നമ്മുടെ ഭാഷയില്‍ വിളിക്കുന്ന പുനര്‍വസുവാണ് ഭഗവാന്റെ ജന്മതാരകം. കര്‍ക്കടകത്തിലെ ചന്ദ്രനാകയാല്‍ പുണര്‍തം നാലാംപാദമെന്ന് വ്യക്തം. പുണര്‍തത്തിന്റെ ആദ്യ മൂന്നുപാദങ്ങള്‍ മിഥുനം രാശിയിലും നാലാംപാദം കര്‍ക്കടകം രാശിയിലും വരുന്നു. അങ്ങനെ ശ്രീരാമന്‍ ഒരു കര്‍ക്കടകക്കൂറുകാരനായി. ലഗ്‌നവും ചന്ദ്രനും കര്‍ക്കിടകത്തില്‍ തന്നെ! രാശിനാഥന്‍ ചന്ദ്രനാണ്. അക്കാരണത്താലാവാം ആ പേര് ശ്രീരാമചന്ദ്രന്‍ എന്നായത്. ചന്ദ്രന്റെ വ്യദ്ധിക്ഷയങ്ങള്‍ ശ്രീരാമാവതാരത്തില്‍ ആവര്‍ത്തിച്ചു കൊണ്ടിരുന്നത് രാമായണ കാണ്ഡങ്ങളിലൂടെ നാം കണ്ടറിഞ്ഞു.   

ചന്ദ്രനൊപ്പം കര്‍ക്കടകരാശിയില്‍ വ്യാഴവുമുണ്ട്. ആ രാശി ബൃഹസ്പതിയുടെ ഉച്ചക്ഷേത്രവുമാണല്ലോ! കര്‍ക്കിടകം, തുലാം, മകരം, മേടം എന്നീ നാല് ചരരാശികളിലും നാല് ഉച്ചഗ്രഹങ്ങള്‍. അങ്ങനെ ബാലകാണ്ഡത്തില്‍ തുടങ്ങി യുദ്ധകാണ്ഡം വരെ നെടിയ യാത്രാകാണ്ഡമായി ജീവിതം മാറി.   

ഉഭയരാശിയായ മീനത്തില്‍ ശുക്രന്‍ ഉച്ചസ്ഥന്‍. നാലാമെടമായ തുലാം രാശിയില്‍ ശനി, ഏഴാമെടമായ മകരത്തില്‍ ചൊവ്വ, ഒമ്പതാമെടമായ മീനത്തില്‍ ശുക്രന്‍, പത്താമെടമായ മേടത്തില്‍ സൂര്യന്‍-- ഇവയഞ്ചും ഉച്ചത്തില്‍ തന്നെ! 'ഉച്ചത്തില്‍ പഞ്ചഗ്രഹം നില്‍ക്കുന്ന കാലത്തിങ്കല്‍' എന്ന വാക്യത്തിന്റെ വിശദീകരണവും ഈവിധം അദ്ദേഹം നല്‍കുന്നുമുണ്ട്. സപ്തഗ്രഹങ്ങളില്‍ ബുധനെക്കുറിച്ച് എഴുത്തച്ഛന്‍ മിണ്ടുന്നില്ല; രാഹുകേതുക്കളെക്കുറിച്ചും. വാല്മീകിയെ പിന്‍പറ്റിയാണോ എന്നറിയില്ല, ശ്രീരാമന്റെ പ്രചാരത്തിലുള്ള ജാതകത്തില്‍ ബുധനെ മേടത്തിലും ഇടവത്തിലും ആയി വേറെവേറേ രേഖപ്പെടുത്തിയ ഗ്രഹനിലകളുണ്ട്. രാഹു-കേതുക്കളെ ധനു/ മിഥുനം രാശികളിലായി അടയാളപ്പെടുത്തിയിട്ടുള്ളതും അവയില്‍ കാണാം. ചിലപ്പോള്‍ കാലഗണന നടത്തി പില്‍ക്കാലത്തെ ജ്യോതിഷ വിജ്ഞാനികള്‍ അവയ്ക്ക് സ്ഥാനം നല്‍കിയതാവാം.   

പുണര്‍തം നാലാം പാദത്തില്‍ ജനിക്കുകയാല്‍ പരമാവധി നാലു വയസ്സു വരെ വ്യാഴദശ. പിന്നെ പത്തൊമ്പത് കൊല്ലം ശനിദശ. 23 വയസ്സു മുതല്‍ 40 വയസ്സു വരെ ബുധദശ. ആ 17 വര്‍ഷങ്ങളാവണം ഭഗവാന്റെ പരീക്ഷണ കാലഘട്ടം. വിണ്ണിലെ ദൈവം മണ്ണിലെ മനുഷ്യന്റെ കണ്ണീരും കിനാവും കദനവുമറിഞ്ഞ കാലം. ആരണ്യകാണ്ഡവും യുദ്ധകാണ്ഡവുമായി ഭഗവാന്‍ സ്വന്തം നിയോഗം പൂര്‍ത്തീകരിച്ച കാലം. മൂന്നാം ദശയ്ക്ക്   'ആപന്ന ദശ' എന്നാണല്ലോ പേര്. ആപത്തുകള്‍ സഹജമാവുന്ന  കാലമാണത് എന്ന് പണ്ഡിതന്മാര്‍ ആ ദശയ്ക്ക് സംജ്ഞ നല്‍കിയിരിക്കുന്നു. ഇതെല്ലാം ജ്യോതിഷ വിദ്യാര്‍ത്ഥികള്‍ക്കായി കുറിച്ചതാണ്.  

ദശകളുടെ പരിധിയും പരിമിതിയും കടന്ന്, കാലത്തിന്റെ ക്ഷയചക്രങ്ങളെ ഭേദിച്ച്, മറ്റൊരു നവമിചന്ദ്രലേഖ കൂടി... 'ഭാവയാമി രഘുരാമം' എന്ന് ഹൃദയശാരിക പാടിപ്പുകഴ്ത്തട്ടെ!

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

നിത്യയോഗങ്ങളുടെ പേരുകളും ഫലങ്ങളും

'പുഷ്ടി നല്‍കുന്ന പൂഷാവ് ....'

കരണം എന്നാല്‍