ആണ്‍പൂവോ പെണ്‍പൂവോ

ലേഖനം: 58

ജ്യോതിഷം ജനനം പ്രവചിക്കുമ്പോള്‍

എസ്. ശ്രീനിവാസ് അയ്യര്‍
അവനി പബ്‌ളിക്കേഷന്‍സ്
9846023343

ജീവിതം എന്ന മഹാരഹസ്യത്തിന്റെ മണിച്ചിത്രത്താഴ് തുറക്കുന്ന താക്കോല്‍ ജ്യോതിഷത്തിലുണ്ട്. പക്ഷേ ആര്‍ക്കൊക്കെ ആ താക്കോല്‍ കണ്ടെത്താന്‍ പറ്റും, കണ്ടെത്തിയാലും ആര്‍ക്കൊക്കെ അത് ഉപയോഗപ്പെടുത്താനാവും എന്നതൊക്കെ പ്രഹേളികകളാണ്. അഥവാ വിധി നിയോഗങ്ങളാണ്.

രസകരമെന്നോ വിജ്ഞാനപ്രദമെന്നോ കരുതാവുന്ന ഒരു ജ്യോതിഷ പ്രവചന നിയമം ഇവിടെ പരിചയപ്പെടുത്തുന്നു. ഓരോ വ്യക്തിക്കും ഇത് സ്വന്തം ബോധ്യത്തിലേക്ക് കൊണ്ടുവരാനും അതിന്റെ ശരി നിര്‍ണയിക്കാനുമുള്ള അവസരമാണ്.  

പ്രസവിക്കാന്‍ പോകുന്നത് ആണ്‍കുട്ടിയെയാണോ പെണ്‍കുട്ടിയെയാണോ എന്നത് ഓരോ അരമണിക്കൂറിനെയും മുന്‍നിര്‍ത്തി കണ്ടെത്തുന്ന രീതിയാണിത്. ഇതിന്റെ ദീപ്തമായ ഒരു വിവരണം പോയതലമുറയിലെ പ്രശസ്ത ജ്യോതിഷ പണ്ഡിതനായിരുന്ന ഓണക്കൂര്‍ ശങ്കരഗണകന്‍ അവതരിപ്പിച്ചിരിക്കുന്നത് നോക്കാം.   

'ഞായര്‍, ചൊവ്വ, വ്യാഴം, ശനി ഈ നാലാഴ്ചകളില്‍ ഉദയം മുതല്‍ ഒന്നേകാല്‍ നാഴിക പുരുഷകാലവും പിന്നെ ഒന്നേകാല്‍ നാഴിക സ്ത്രീകാലവുമാണ്. തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ സ്ത്രീകാലം ആദ്യവും പിന്നെ പുരുഷകാലവുമാണ്. ഇങ്ങനെ ഒരു ദിവസം ഇരുപത്തിനാലു പുരുഷകാലവും അത്രയും സ്ത്രീകാലവുമുണ്ട്. പുരുഷന്‍ പുരുഷകാലത്തിലും സ്ത്രീ സ്ത്രീകാലത്തിലുമേ ജനിക്കുകയുള്ളു എന്നാണ് ശാസ്ത്ര സമ്മതം.' (ജ്യോതിഷനിഘണ്ടു പുറം 416).  

തെളിഞ്ഞ പകല്‍പോലെയുള്ള വിവരണകലയാണ് ഓണക്കൂറിന്റേത്. എങ്ങുമില്ല അര്‍ത്ഥശങ്കയുടെ, കരിനിഴല്‍. ഒരുപക്ഷേ നാഴികയെക്കുറിച്ച് പറഞ്ഞതു മാത്രമാവും പുതുതലമുറയിലെ വായനക്കാര്‍ക്ക് അജ്ഞാതം. ഒരുനാഴിക എന്നാല്‍ 24 മിനിറ്റ്. ഒന്നേകാല്‍ നാഴിക എന്നാല്‍ 30 മിനിറ്റും. അഥവാ അരമണിക്കൂര്‍. ജനനം നടന്ന/ നടക്കാന്‍ പോകുന്ന സ്ഥലത്തെ സൂര്യോദയസമയം കൃത്യമായറിയണം. അതു മുതല്‍ അടുത്ത സൂര്യോദയം വരെയാണ് ജ്യോതിഷത്തിലെ ഒരു ദിവസം. ആ 24 മണിക്കൂറില്‍ മുകളില്‍ പറഞ്ഞ അഴ്ചയനുസരിച്ച് സൂര്യോദയം മുതല്‍ കൃത്യം അരമണിക്കൂര്‍ വീതം പുരുഷ/സ്ത്രീ അഥവാ സ്ത്രീ/പുരുഷ കാലമായി മാറുകയാണ്.   

ഒരുദാഹരണം നോക്കാം. 2021 ഏപ്രില്‍ 19 ന് തിങ്കളാഴ്ച തിരുവനന്തപുരത്തെ സൂര്യോദയം 6.14 നാണ്. തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ സൂര്യോദയം മുതല്‍ ആദ്യ അരമണിക്കൂര്‍ സ്ത്രീകാലം എന്നാണല്ലോ നിയമം. അപ്പോള്‍ അന്ന് തിരുവനന്തപുരത്ത് 6.14 മുതല്‍ 6.44 വരെ സ്ത്രീകാലം. ആ സമയത്ത്, ആ രേഖാംശ പരിധിയില്‍ ജനിക്കുന്നതെല്ലാം പെണ്‍കുട്ടികളാവും.  6.44 മുതല്‍ 7.14 വരെ പുരുഷകാലം. ആ നേരത്ത് ആണ്‍കുട്ടികളാവും ജനിക്കുക. വീണ്ടും അര മണിക്കൂര്‍ (7.14 മുതല്‍ 7.44 വരെ) സ്ത്രീകാലം. അപ്പോള്‍ ജനിക്കുന്നതെല്ലാം പെണ്‍കുട്ടികള്‍. വീണ്ടും അരമണിക്കൂര്‍ (7.44 മുതല്‍ 8.14 വരെ) പുരുഷകാലം. ആ സമയത്ത് ജനിക്കുന്നതെല്ലാം ആണ്‍കുട്ടികള്‍. ഇത്തരം ഒരു സാധ്യതയാണല്ലോ ഈ പ്രവചനം തുറന്നിടുന്നത്.   

ജില്ലയും സംസ്ഥാനവും ഒക്കെ മാറുന്നതിനനുസരിച്ച് രേഖാംശ വ്യത്യാസം വരും. അഥവാ സൂര്യോദയത്തിന് ഏറ്റക്കുറച്ചില്‍ വരും. ഏപ്രില്‍ 19 ന് എറണാകുളത്തെയും തൃശ്ശൂരിലെയും സൂര്യോദയം 6.16 നും, കോഴിക്കോട്ടെ സൂര്യോദയം 6.17 നും, കണ്ണൂരിലെ സൂര്യോദയം 6.18നും, കാസര്‍കോട്ടെ സൂര്യോദയം 6.19 നും വരുന്നു. ജനനം നടന്ന/ നടക്കാന്‍ പോകുന്ന പ്രദേശത്തെ സൂര്യോദയം മുതല്‍ ഒന്നേകാല്‍നാഴിക അഥവാ അരമണിക്കൂര്‍ എന്നതാണ് ഏതായാലും അടിസ്ഥാനഘടകം. ഒപ്പം അന്നത്തെ ആഴ്ചയും. അതനുസരിച്ച് അരമണിക്കൂര്‍ എന്ന കാലത്തിന്റെ അംശം ആണായും പെണ്ണായും, പെണ്ണായും ആണായും അവതരിക്കുകയാണ്.

മറ്റൊരുദാഹരണം കൂടി. 2021 ഏപ്രില്‍ 19 ന് ചൊവ്വാഴ്ച തിരുവനന്തപുരത്തെ സൂര്യോദയം 6.14 നും, എറണാകുളത്തെയും തൃശ്ശൂരിലെയും സൂര്യോദയം 6.15 നും, കോഴിക്കോട്ടെയും കണ്ണൂരിലെയും 6.17 നും, കാസര്‍കോട്ടെ 6.18 നും ആണ്. അന്ന് ചൊവ്വാഴ്ച ആകയാല്‍ സൂര്യോദയം മുതല്‍ ആദ്യ 30 മിനിറ്റ് പുരുഷകാലം. പിന്നെ 30 മിനിറ്റ് സ്ത്രീകാലം എന്ന് കണക്കാക്കിക്കൊള്ളണം. ഇതിങ്ങനെ ആവര്‍ത്തിച്ചു കൊണ്ടിരിക്കും, ആ ദിവസം മുഴുവന്‍.  

ഈ നിയമം അനുശാസിക്കുന്നത് പുരുഷകാലത്തില്‍ പുരുഷപ്രജകളും സ്ത്രീ കാലത്തില്‍ സ്ത്രീപ്രജകളുമാവും ജനിക്കുക എന്നാണ്.  ഇങ്ങനെ ആണായും പെണ്ണായും പിറവിയുടെ പൊരുളുകള്‍ ഓരോ ഒന്നേകാല്‍ നാഴികയിലും മാറിയും മറിഞ്ഞും പുരോഗമിക്കുകയാണ്. അനാദിയായി, അനന്തമായി..   

സ്വന്തം ജനനസമയം, തീയതി, ജനനസ്ഥലം എന്നിവ അറിയാമെങ്കില്‍ പഞ്ചാംഗം നോക്കി തന്റെ കാര്യത്തിലും, തനിക്കറിവുളളവരുടെ കാര്യത്തിലും ആണ്‍കാലം/ പെണ്‍ കാലം ഫലിച്ചിട്ടുണ്ടോ എന്ന് വായനക്കാര്‍ക്ക് സ്വയം പരീക്ഷിച്ചറിയാം. പഞ്ചാംഗം ഇല്ലെങ്കില്‍ നിരാശപ്പെടേണ്ടതില്ല. പുതിയകാലത്തിന്റെ ദൈവങ്ങളായ ഇന്റര്‍നെറ്റും ഗൂഗിളുമെല്ലാം നീണ്ട തപസ്സില്ലാതെ തന്നെ പ്രസാദിക്കാനും വരം തരാനും തയ്യാറാണ്.  ജനനസ്ഥലത്തിന്റെ രേഖാംശം ഗൂഗിള്‍ പറഞ്ഞുതരും. ആ രേഖാംശം ജനനതീയതിയോട് ചേര്‍ത്ത് ചോദ്യമുന്നയിച്ചാല്‍ അന്നത്തെ കൃത്യമായ സൂര്യോദയസമയം കിട്ടുകയായി. പിന്നെ കാലത്തെ അരമണിക്കൂറായി കുറുക്കിയെടുക്കാം.

(ഈ ലേഖനത്തില്‍ ഉപയോഗിച്ചിട്ടുള്ള സൂര്യോദയസമയം ചന്ദ്രാപ്രസ്സിന്റെ വലിയ പഞ്ചാംഗത്തില്‍ നിന്നുമാണ്.)    

ഇത്തരം മഹാവിസ്മയങ്ങളുടെ, വലിയവലിയ ജീവിതസത്യങ്ങളുടെ ഒരുപാടൊരുപാട് നിലവറക്കാഴ്ചകള്‍ കൊണ്ട് മുദ്രിതമാണ്, സമ്പന്നമാണ് ജ്യോതിഷശാസ്ത്രം.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

നിത്യയോഗങ്ങളുടെ പേരുകളും ഫലങ്ങളും

'പുഷ്ടി നല്‍കുന്ന പൂഷാവ് ....'

കരണം എന്നാല്‍