തിഥിഫലം അറിയാം
ഓരോ തിഥിയിലും ജനിച്ചാല്‍
എസ്. ശ്രീനിവാസ് അയ്യര്അവനി പബ്ലിക്കേഷന്‍സ്
98460 23343
വെളുത്ത (ശുക്ല), കറുത്ത (കൃഷ്ണ) തിഥികള്‍ക്ക് ഒരേ ഫലമാണ് ഗ്രന്ഥങ്ങളില്‍ പറയുന്നത്. എന്നാലും കറുത്ത തിഥികള്‍ക്ക് ശുഭത്വം അല്പം കുറയും. മുഴുവന്‍ ഗുണവും കിട്ടുകയുമില്ല. ജന്മ നക്ഷത്രമറിയുന്നതുപോലെ എല്ലാവരും ജന്മതിഥി അറിഞ്ഞു കൊളളണമെന്നില്ല. അവരവരുടെ ജാതകത്തിലതുണ്ടാവും അല്ലാത്തപക്ഷം ദൈവജ്ഞനോട് ചോദിച്ചറിയുക.
പ്രഥമാതിഥിയില്‍ ജനിച്ചവര്‍ പുതുമയില്‍, നവസംരംഭങ്ങളില്‍ ശ്രദ്ധിക്കും. ഗൂഢ ശാസ്ത്രങ്ങളില്‍ അഭിരമിക്കും. പൂജിക്കേണ്ടവരെ പൂജിക്കും. ശില്പകലയില്‍ ചാതുര്യമുണ്ടാവും. ചില ഹൃദയവ്യഥകള്‍ അവരെ അലട്ടിയേക്കും.
ദ്വിതീയയില്‍ ജനിച്ചവര്‍ എതിരാളികളെ പരാജയപ്പെടുത്തും. പരാക്രമത്വം, ദയാശീലം, അഭിമാനബോധം എന്നിവ കൈവിടില്ല. പ്രഭുത്വമുള്ള ജീവിതമാവും. സൗഭാഗ്യങ്ങള്‍ വന്നെത്തും.
തൃതീയയില്‍ ജനിച്ചാല്‍ ഗര്‍വുണ്ടാവും. പരോപകാരിയായിരിക്കും. ധനസ്ഥിതിക്ക് എപ്പോഴും ഏറ്റക്കുറച്ചില്‍ ഉണ്ടായിക്കൊണ്ടിരിക്കും. നല്ല സൗന്ദര്യമുള്ള ദേഹ പ്രകൃതമായിരിക്കും. ഉദാരശീലവും കാണും.
ചതുര്‍ത്ഥിയിലാണ് ജനിച്ചതെങ്കില്‍ ഏതു കാര്യം ചെയ്താലും തടസ്സങ്ങളെ നേരിടേണ്ടിവരും. ശൂരനായിരിക്കും. കാര്യപ്രാപ്തിയേറും. എന്നാല്‍ ശാഠ്യവും ഗര്‍വ്വും കൂടപ്പിറപ്പുകളായിരിക്കും. ദുശ്ശീലാസക്തി, ദേഹപുഷ്ടി എന്നിവയും പറയപ്പെടുന്നു.
പഞ്ചമിയില്‍ ജനിച്ചാല്‍ സല്‍ഗുണങ്ങളേറും. ആ വ്യക്തി പൊതുവേ ഗുണഗ്രാഹിയായിരിക്കും. സുഗന്ധലേപനങ്ങളിഷ്ടപ്പെടും. വൃത്തിയുള്ളതാവും ഉടുപ്പും നടപ്പുമെല്ലാം. പണക്കഷ്ടമുണ്ടാവില്ല. അന്യരെ സഹായിക്കും.
ഷഷ്ഠിയില്‍ ജനിച്ചാല്‍ ദേഹബലം ഉണ്ടാവും. സന്മനസ്സും കാര്യപ്രാപ്തിയും ഈശ്വരഭക്തിയും കുറയില്ല. ധാരാളം അനുയായികള്‍ കാണും. ദേശാടനം ഇഷ്ടപ്പെടുന്നവരായിരിക്കും.
സപ്തമിയില്‍ ജനിച്ചാല്‍ ക്രൂരകര്‍മ്മങ്ങളോട് ചായ്വ് കാട്ടും. മറ്റുള്ളവരെ വാക്കുകൊണ്ടോ കര്‍മ്മംകൊണ്ടോ ഭയപ്പെടുത്തും. രോഗങ്ങള്‍ വലയ്ക്കും. ചെറിയ കാര്യങ്ങള്‍ കൊണ്ട് സന്തോഷിക്കും. പലതരം ഭാഗ്യാനുഭവങ്ങള്‍ തേടിയെത്തും. മനോനിയന്ത്രണത്തിന് കഴിയുന്ന ആളാവും എന്നുമുണ്ട്.
അഷ്ടമിയില്‍ ജനിച്ചാല്‍ സ്വതന്ത്രശീലമുണ്ടാവും. മറ്റുള്ളവരെ വ്യസനിപ്പിക്കുന്ന കാര്യങ്ങള്‍ ചെയ്യും. ശത്രുക്കളെ അടിച്ചമര്‍ത്തും. ക്ഷിപ്രകോപിയായിരിക്കും. എന്നാല്‍ ധര്‍മ്മിഷ്ഠനും സ്‌നേഹശീലനുമായിരിക്കും. ദേഹസൗന്ദര്യം ഉണ്ടാവും എന്നുമുണ്ട്.
നവമി തിഥിയില്‍ ജനിക്കുന്നവര്‍ക്ക് സ്വാര്‍ത്ഥത, ക്രൂരത, ദ്രോഹശീലം എന്നിവയുണ്ടാവാം. മനസ്സിനെ നിയന്ത്രിക്കാന്‍ വല്ലാതെ വിഷമിക്കുന്നവരാവും ഇവര്‍. മന്ത്രതന്ത്രാദികളില്‍ വിജ്ഞാനം സമ്പാദിക്കുവാന്‍ എപ്പോഴും ശ്രമിച്ചുകൊണ്ടിരിക്കും. ധനാര്‍ജ്ജനത്തില്‍ വിജയിക്കും.
ദശമിയില്‍ ജനിച്ചാല്‍ സുഖിമാന്മാരാവും. സൗമ്യത കൈവിടില്ല. ബന്ധുക്കളുടെ വിരോധത്തിന് പാത്രമാവും. വലിയ കര്‍മ്മസിദ്ധിയുള്ളവരായിരിക്കും. ചെയ്യുന്ന കാര്യങ്ങളിലെല്ലാം വിജയിക്കും. ഭോഗാസക്തിയുണ്ടായിരിക്കും.
ഏകാദശിയില്‍ ജനനം ഭവിക്കുന്ന വ്യക്തി സല്‍സ്വഭാവിയും സല്‍ക്കര്‍മ്മനിരതനുമായിരിക്കും. സജ്ജനസമ്പര്‍ക്കത്തില്‍ ഇഷ്ടം പുലര്‍ത്തും. ഉന്നതരുടെ പ്രീതി സമ്പാദിക്കും. തെളിഞ്ഞബുദ്ധിയാണ് അയാളുടെ വിജയരഹസ്യം.
ദ്വാദശിയില്‍ ജനിക്കുന്നവര്‍ കുറച്ചൊക്കെ സ്ഥിതപ്രജ്ഞന്മാരായിരിക്കും. കാമനകളെ മറികടക്കും. സത്യവാന്മാരും അനസൂയന്മാരും ഒക്കെയായിരിക്കും എന്ന് ഗ്രന്ഥങ്ങള്‍ വ്യക്തമാക്കുന്നു. ഒപ്പം പ്രഭുത്വവും പാണ്ഡിത്യവും ഉള്ളവരാവും എന്നുമുണ്ട്.
ത്രയോദശി തിഥിയില്‍ ജനിക്കുന്നവര്‍ ദുര്‍ബലമായ ശരീരത്തിന്റെ ഉടമകളായിരിക്കും. സ്വാഭാവത്തില്‍ ധൈര്യം, സത്യം, ആര്‍ജ്ജവം എന്നിവ മുന്നിട്ടുനില്‍ക്കും. മടി പിടിച്ചിരിക്കില്ല. പൊതുവേ ഊര്‍ജ്ജസ്വലമായിരിക്കും വ്യക്തിത്വം.
ചതുര്‍ദ്ദശീ തിഥിയില്‍ ജനിച്ചാല്‍ ശാഠ്യമേറും. ആലോചനാശൂന്യതയുണ്ടാവാം. ശത്രുക്കളോട് നിര്‍ദ്ദയം പെരുമാറും. ധാര്‍മ്മിക കാര്യങ്ങളില്‍ ശ്രദ്ധവെക്കുന്നവരാവുമെന്നും വലിയ ശിവഭക്തന്മാരായിരിക്കുമെന്നും കീര്‍ത്തി നേടുന്നവരാവുമെന്നും കൂടിയുണ്ട്.
വെളുത്തവാവിന്റെ അന്ന് ജനിച്ചാല്‍ ഐശ്വര്യവാന്‍/ ഐശ്വര്യവതി ആയിരിക്കും. ശാസ്ത്രത്തിലും വിജ്ഞാനവിഷയങ്ങളിലും നിത്യതാല്പര്യം പുലര്‍ത്തും. സല്‍ഗുണങ്ങള്‍ ഒരുപാട് എണ്ണിക്കാട്ടാന്‍ ഉണ്ടാവും. പൊതുവേ ലൗകികരും സുഖാസക്തരുമായിരിക്കും. ബുദ്ധി തന്നെ ശക്തി എന്നും പറയാനാവും.
കറുത്തവാവിന്റെ അന്ന് ജനിച്ചാല്‍ ജീവിതത്തില്‍ ക്ലേശങ്ങളേറും. മനസ്സില്‍ വിഷാദചിന്തകള്‍ അധികരിക്കും. തെറ്റായ നിലപാടുകളും നടപടികളും എടുക്കാന്‍ സമ്മര്‍ദ്ദമുണ്ടായിക്കൊണ്ടിരിക്കും. ആ വ്യക്തിക്ക് ജീവിതത്തെക്കുറിച്ച് വ്യക്തമായ കാഴ്ചപ്പാടുണ്ടാവുമെന്നും അയാള്‍ ജ്ഞാനിയായിരിക്കുമെന്നും കൂടി ഫലങ്ങളില്‍ നിന്നറിയാം.
വ്യത്യസ്ത പക്ഷങ്ങളാണ് ഓരോ തിഥിയിലും ജനിച്ചാല്‍ പല ഗ്രന്ഥങ്ങളിലും കാണുന്നത്. ഇവയെ സാമാന്യഫലങ്ങളായി കരുതുക. തിഥിഫലം പോലുളള നൂറുനൂറായിരം കാര്യങ്ങളുടെ സമവായത്തില്‍ നിന്നും സൂക്ഷ്മഫലത്തിലേക്ക് എത്തുക എന്നതാണ് ജ്യോതിഷത്തിന്റെ സവിശേഷത എന്നത് മറക്കരുത്.
ഈ ലേഖകന്റെ നക്ഷത്രപുസ്തകങ്ങളില്‍ തിഥിഫലം വിവരിക്കുന്നുണ്ട്.
പുസ്തകങ്ങള്‍ വാങ്ങാനായി വിളിക്കുകയോ വാട്ട്‌സാപ്പ് അയക്കുകയോ ചെയ്യുക...
ഫോണ്‍:98460 23343


അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ