കരുതല്‍ വേണ്ട രണ്ടേകാല്‍ ദിവസം

എല്ലാ നാളുകാരും അറിയേണ്ടത്

എസ്. ശ്രീനിവാസ് അയ്യര്‍
അവനി പബ്ലിക്കേഷന്‍സ്
98460 23343

വെളിച്ചം വിതറുന്ന ഒരു ഗുരുനാഥനെപ്പോലെയാണ് ജ്യോതിഷം. വഴിയറിയാതെ ഉഴലുമ്പോള്‍ കൈചൂണ്ടിപ്പലകയെപ്പോലെ ദിഗ്ഭ്രമം മാറ്റുന്നു. വിഷാദവേളകളില്‍ നല്ലകാലം പ്രവചിച്ച് സന്തോഷമുണ്ടാക്കുന്നു ആത്മശക്തിയുണര്‍ത്തി ഗ്ലാനികളില്‍ സാന്ത്വനമായി മാറുന്നു.  ഇടയ്ക്ക് അപകടത്തെക്കുറിച്ച് ഓര്‍മ്മിപ്പിക്കുന്നു. കരുതല്‍ വേണ്ടതിന്റെ ആവശ്യകത വ്യക്തമാക്കുന്നു. ശാന്തി കര്‍മ്മങ്ങള്‍ നിര്‍ദ്ദേശിച്ച് ഊര്‍ജമേകുന്നു. അങ്ങനെ ജീവിതത്തിന്റെ സര്‍വ്വാവസ്ഥകളിലും ഒപ്പമുണ്ട് ജ്യോതിഷം എന്നതാണ് സത്യം.   

27 നക്ഷത്രങ്ങളെ 12 രാശികളിലായി/ കൂറുകളിലായി വിന്യസിച്ചിരിക്കുകയാണല്ലോ? അശ്വതി മുതല്‍ ഓരോ നാളിനെയും നാലുപാദങ്ങളാക്കുന്നു. ഒരു വ്യക്തിയുടെ ജനനവേളയില്‍ ചന്ദ്രന്‍ ഏത് നക്ഷത്രത്തിലൂടെ/ നക്ഷത്രമണ്ഡലത്തിലൂടെ കടന്നുപോകുന്നുവോ അതാണ് അയാളുടെ ജന്മനക്ഷത്രം. നക്ഷത്രത്തിന്റെ നാലുപാദങ്ങളില്‍ ഏതു പാദത്തിലാണ് ജനനസമയത്ത് ചന്ദ്രന്‍ സഞ്ചരിച്ചുകൊണ്ടിരുന്നത് എന്നും സ്ഫുടഗണിതത്തിലൂടെ ദൈവജ്ഞര്‍ കണ്ടെത്തുന്നു. അപ്പോള്‍ ജനനസമയത്തെ നക്ഷത്രം മാത്രമല്ല അതിന്റെ നാലുപാദങ്ങളും സംഗതമാണെന്ന് വരുന്നു. ഗ്രഹനിലയില്‍/ ജാതകത്തില്‍ ഇതൊക്കെയുണ്ടാവും.  

മേടംരാശിയാണ് ആദ്യ രാശി. ഇടവം, മിഥുനം കര്‍ക്കിടകം, ചിങ്ങം, കന്നി, തുലാം, വൃശ്ചികം, ധനു, മകരം, കുംഭം, മീനം എന്നിങ്ങനെ ക്രമത്തിലുള്ള പന്ത്രണ്ട് രാശികളിലൂടെ,  അവയില്‍ വരുന്ന അശ്വതി മുതല്‍ രേവതി വരെയുള്ള 27 നക്ഷത്രമണ്ഡലങ്ങളിലൂടെ, ഓരോ നക്ഷത്രത്തിന്റെയും നാലുപാദങ്ങളിലൂടെ (അശ്വതി ഒന്നാം പാദം, അശ്വതി രണ്ടാം പാദം എന്നിങ്ങനെ തുടങ്ങി അവസാന നക്ഷത്രമായ രേവതിയുടെ നാലാംപാദം വരെയുള്ള 108 നക്ഷത്ര പാദങ്ങളിലൂടെ) ചന്ദ്രന്‍ നിരന്തരം യാത്ര ചെയ്തുകൊണ്ടിരിക്കുകയാണ്. ശരാശരി 27 ദിവസം നീളുന്ന ഒരു യാത്ര. പിന്നെയും പിന്നെയും നിലയ്ക്കാത്ത ആവര്‍ത്തനം. 

ഇതില്‍ നിങ്ങളുടെ നക്ഷത്രം / നക്ഷത്രപാദം ഉള്‍പ്പെട്ട രാശിയെ ജന്മരാശി/ ചന്ദ്രരാശി/ കൂറ് എന്നെല്ലാം പറയുന്നു. അതിന്റെ എട്ടാം രാശിയെ അഷ്ടമരാശിക്കൂറ് (ചന്ദ്രാഷ്ടമം) എന്നും വിശേഷിപ്പിക്കുന്നു.  

കലണ്ടര്‍ / പഞ്ചാംഗം ഇവയില്‍ നിന്നും അന്നന്നത്തെ നക്ഷത്രം അറിയാം. നക്ഷത്രം ശരാശരി 60 നാഴിക അഥവാ 24 മണിക്കൂറാണ്. പലരുടേയും ധാരണ ഒരു നക്ഷത്രം എന്നത് ഒരു പ്രഭാതം മുതല്‍ അടുത്ത പ്രഭാതം വരെ എന്നാണ്. ഇത് ശരിയല്ല. ഒരു ദിവസത്തിന്റെ ഏതു നേരത്തും ഒരു നക്ഷത്രം തീരാം. അപ്പോള്‍ ക്രമപ്രകാരം അടുത്ത നക്ഷത്രം തുടങ്ങുകയും ചെയ്യും. മൊത്തം നക്ഷത്ര ദൈര്‍ഘ്യത്തെ നാല് തുല്യഭാഗമാക്കിയാല്‍ നാലുപാദങ്ങളായി. ആദ്യ 15 നാഴിക/ 6 മണിക്കൂര്‍ ഒന്നാം പാദം. 15 മുതല്‍ 30 നാഴിക വരെ/ 6 മുതല്‍ 12 മണിക്കൂര്‍ വരെ രണ്ടാം പാദം. 30 നാഴിക മുതല്‍ 45 നാഴിക വരെ / 12 മുതല്‍ 18 മണിക്കൂര്‍ വരെ മൂന്നാം പാദം. 45 നാഴിക മുതല്‍ 60 നാഴിക വരെ / 18 മുതല്‍ 24 മണിക്കൂര്‍ വരെ നാലാം പാദം. ഇതാണ് കണക്ക്. നക്ഷത്രം ചില ദിവസങ്ങളില്‍ 59 നാഴിക/ ചിലപ്പോള്‍ 60 നാഴികയില്‍ അല്പം കൂടുതല്‍ ഒക്കെ വരാം. അത് പഞ്ചാംഗത്തില്‍ നിന്നറിയാനാവും. എത്രയാണോ ഓരോ ദിവസത്തെയും നക്ഷത്രദൈര്‍ഘ്യം അതിനെ നാലുതുല്യഭാഗങ്ങളാക്കിയാല്‍ നാലുപാദങ്ങളായി. (ഒരു നാഴിക എന്നത് 24 മിനിറ്റാണ്) അങ്ങനെ 12 രാശികള്‍, അവയിലായി 27 നക്ഷത്രമണ്ഡലങ്ങള്‍, ഓരോ നക്ഷത്രത്തിനും നാല് തുല്യഭാഗങ്ങള്‍ (ആകെ 108 നക്ഷത്രപാദങ്ങള്‍) ഇവയിലൂടെ ചന്ദ്രനും മറ്റു ഗ്രഹങ്ങളും വ്യത്യസ്ത വേഗതയില്‍ സഞ്ചരിച്ചു കൊണ്ടിരിക്കുകയാണ്.  

വ്യക്തിയുടെ ജനനവേളയില്‍ ചന്ദ്രന്‍ സഞ്ചരിച്ചുകൊണ്ടിരുന്ന നക്ഷത്രത്തെ ജന്മനക്ഷത്രം എന്നു വിളിക്കുന്നു. ആ നക്ഷത്രം ഏതു രാശിയിലാണോ വരുന്നത് അത് ജന്മരാശി അഥവാ കൂറ്. ചന്ദ്രലഗ്‌നം എന്ന വാക്കും ചന്ദ്രരാശി എന്ന വാക്കും പ്രചാരത്തിലുണ്ട്. ഗ്രഹനിലയില്‍ ആ രാശിയിലാണ് ചന്ദ്രനെ (ച) അടയാളപ്പെടുത്തുക. (ഇതുപോലെ ജനനവേളയില്‍ ഏതു രാശിയാണോ ഉദിച്ചു നില്‍ക്കുക അതാണ് ജന്മലഗ്‌നം.അവിടെ ല എന്ന അക്ഷരം കുറിക്കും.) ജന്മരാശിയെ/ കൂറിനെ തൊട്ട് എണ്ണിയാല്‍ വരുന്ന എട്ടാം രാശിയ്ക്ക് 'അഷ്ടമ രാശിക്കൂറ്' എന്ന് പേര്. (ചന്ദ്രാഷ്ടമം) അത് അശുഭരാശിയായി/ ശുഭകാര്യങ്ങള്‍ക്ക് ഒഴിവാക്കേണ്ട രാശിയായി കരുതപ്പെടുന്നു. എല്ലാ രാശിയിലുമെന്ന പോലെ ആ രാശിയിലും രണ്ടേകാല്‍ നക്ഷത്രങ്ങള്‍ (9 നക്ഷത്രപാദങ്ങള്‍) ഉണ്ടാവുമല്ലോ? അവയിലൂടെ ചന്ദ്രന്‍ കടന്നുപോകുന്ന രണ്ടേകാല്‍ ദിവസങ്ങള്‍  (അഥവാ 135 നാഴിക അല്ലെങ്കില്‍ 54 മണിക്കൂര്‍) ഏറ്റവും കരുതല്‍ വേണ്ടകാലമായി ആചാര്യന്മാര്‍ വ്യക്തമാക്കുന്നു. സാമാന്യമായി പറഞ്ഞാല്‍ ഓരോ 27 ദിവസത്തിനുള്ളിലും ഇങ്ങനെയുള്ള രണ്ടേകാല്‍ ദിവസമുണ്ടാവും.  വിവാഹഗൃഹപ്രവേശ ഉപനയനാദി മംഗളകാര്യങ്ങള്‍,  വലിയ സാമ്പത്തിക ഇടപാടുകള്‍, സുപ്രധാന കരാറുകളില്‍ ഒപ്പുവെക്കല്‍,  ദീര്‍ഘയാത്രകള്‍, സാഹസകര്‍മ്മങ്ങള്‍, നവാരംഭങ്ങള്‍ തുടങ്ങിയവ അന്നേദിവസം വര്‍ജിക്കണമെന്നാണ് നിയമം. ജാഗ്രത എല്ലാക്കാര്യത്തിലുമുണ്ടാവണം. മനക്ലേശങ്ങള്‍, അശുഭവാര്‍ത്താ ശ്രവണം, അപകട സാധ്യതകള്‍ എന്നിവയൊക്കെ പറയപ്പെടുന്നുണ്ട്,  ഗ്രന്ഥങ്ങളില്‍. പ്രാര്‍ത്ഥിക്കുവാന്‍ പോലും തടസ്സങ്ങളുണ്ടാവാം. ഇതൊക്കെ പറയുന്നത് നിയമങ്ങളെന്ന നിലയ്ക്കാണ്. ഭയപ്പെടുത്തുകയല്ല ലക്ഷ്യം എന്ന് അടിവരയിട്ട് പറയുന്നു. ജീവിതത്തില്‍ പ്രതിസന്ധികള്‍ ഉണ്ടാവാം. എന്നാല്‍ തളരാത്ത, നിലയ്ക്കാത്ത ഒഴുക്കാണ് ജീവിതത്തിന്റെ സൗന്ദര്യം എന്ന് ആര്‍ക്കാണ് അറിയാത്തത്? കരുതലെടുക്കുക, അതില്‍ അലംഭാവമരുത് എന്നുമാത്രം.

ഒരുദാഹരണം നോക്കാം. ഇതെഴുതിയ ഏപ്രില്‍ 10 ന് (2021) ഒരു നാഴികമാത്രം പൂരുട്ടാതിയും ശേഷം ഉത്രട്ടാതി നക്ഷത്രവുമാണ് എന്ന് കലണ്ടറില്‍ നിന്നുമറിയാം. അത് മീനം രാശിയില്‍ വരുന്നു. പൂരുട്ടാതി നാലാംപാദവും ഉത്രട്ടാതി, രേവതി എന്നിവ മുഴുവനും ആണ് മീനക്കൂറിലെ നക്ഷത്രങ്ങള്‍. മീനക്കൂറ് എന്നത് ചിങ്ങക്കൂറുകാരുടെ അഷ്ടമരാശിയാണ്. ചിങ്ങം തൊട്ടെണ്ണിയാല്‍ എട്ടാം രാശി മീനം. (മകം, പൂരം എന്നിവ മുഴുവനും ഉത്രം ഒന്നാംപാദവും ചിങ്ങക്കൂറ്.  ഇവയില്‍ ജനിച്ചവരാണ് ചിങ്ങക്കൂറുകാര്‍) അതിനാല്‍ ഈ  രണ്ടേകാല്‍ നക്ഷത്രം നീണ്ടുനില്‍ക്കുന്ന ഏപ്രില്‍ 12 ന് ഏതാണ്ട് രാവിലെ 11 മണിവരെ ചിങ്ങക്കൂറുകാരുടെ അഷ്ടമരാശിയിലൂടെയാണ് ചന്ദ്രന്‍ സഞ്ചരിച്ചുകൊണ്ടിരിക്കുന്നത് എന്ന് സാരം. (ഇത് സൂക്ഷ്മഗണിത സമയമല്ല).   

ഓരോ നാളുകാരുടെയും കൂറിന്റെ ഫലം, അശുഭ /  ശുഭ നക്ഷത്രങ്ങള്‍ എന്നിവ ഞാനെഴുതിയ നക്ഷത്ര പുസ്തകങ്ങളില്‍ വിശദീകരിക്കുന്നുണ്ട്. 

സാധാരണക്കാരായ വായനക്കാരെ ഉദ്ദേശിച്ചുള്ള വിശദീകരണമാണ് ഇന്നത്തെ ലേഖനം.

പുസ്തകങ്ങള്‍ വാങ്ങാനായി വിളിക്കുകയോ വാട്ട്‌സാപ്പ് അയക്കുകയോ ചെയ്യുക...
ഫോണ്‍:98460 23343

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

നിത്യയോഗങ്ങളുടെ പേരുകളും ഫലങ്ങളും

ശനിക്ക് ഒരു രഹസ്യമുണ്ട്. എന്താണ് ശനിയുടെ മർമ്മം? ആ രഹസ്യം തുറക്കും താക്കോൽ ഇതാ ഇവിടെ

ഒരു നക്ഷത്രം, പല അനുഭവം