ഗ്രഹങ്ങള്‍ നക്ഷത്രങ്ങളില്‍
കണക്കും കാര്യവും
എസ്. ശ്രീനിവാസ് അയ്യര്അവനി പബ്ലിക്കേഷന്‍സ്
98460 23343
മേടത്തില്‍ തുടങ്ങി മീനം വരെയുള്ള പന്ത്രണ്ട് രാശികളടങ്ങിയ രാശിചക്രവും അവയ്ക്കുള്ളിലായി വരുന്ന ഇരുപത്തിയേഴ് നക്ഷത്രങ്ങളും അഥവാ നക്ഷത്രമണ്ഡലങ്ങളും നമ്മുടെ അറിവിലുണ്ട്. വളരെ വിസ്താരമാര്‍ന്ന സര്‍ക്കുലര്‍ / വൃത്താകൃതിയില്‍ ഉള്ള ഒരു പാതയായി അതിനെ കരുതുക. അതാണ് ഗ്രഹങ്ങളുടെ സഞ്ചാരപഥം. മേടം രാശി / അശ്വതി നക്ഷത്രം എന്ന ആരംഭ ബിന്ദുവില്‍ തുടങ്ങുന്നു ഗ്രഹങ്ങളുടെ ആ യാത്ര. അത് പൂജ്യം ഡിഗ്രിയാണ്. ഓരോ നക്ഷത്രമണ്ഡലവും 13 ഡിഗ്രി 20 മിനിറ്റ് വീതമാണ്. ( 27 നക്ഷത്രം x 13 ഡിഗ്രി 20 മിനിറ്റ് = 360 ഡിഗ്രി ) ഒരു രാശി എന്നത് 30 ഡിഗ്രിയും.( 12 രാശികള്‍ x 30 ഡിഗ്രി = 360 ഡിഗ്രി ) പന്ത്രണ്ട് രാശികളും അവയ്ക്കുള്ളിലെ ഇരുപത്തിയേഴ് നക്ഷത്രമണ്ഡലങ്ങളും മീനം രാശിയുടെ അവസാന ബിന്ദുവില്‍ / രേവതി നാളിന്റെ ഒടുവില്‍ പൂര്‍ണതതേടുന്നു. അവിടെ ഗ്രഹങ്ങളുടെ യാത്ര സമാപിക്കുകയാണ്. എന്നാല്‍ ഇടതടവില്ലാതെ,നിര്‍ത്താതെ ഗ്രഹങ്ങള്‍ വീണ്ടും പരിക്രമണം ആരംഭിക്കുകയും ചെയ്യും.
പ്രളയാനന്തരം യുഗാദിയില്‍ ബ്രഹ്മദേവന്‍ ഗ്രഹങ്ങളെ പൂജ്യം ഡിഗ്രി എന്ന സ്റ്റാര്‍ട്ടിംഗ് പോയിന്റില്‍ കൊണ്ടുനിര്‍ത്തി യാത്ര 'ഫ്‌ളാഗ് ഓഫ്' ചെയ്തുവത്രെ! സ്വാഭാവികമായും വ്യത്യസ്ത വേഗതയാണ് ഓരോ ഗ്രഹങ്ങള്‍ക്കും. അന്നുമുതല്‍ ഇന്നുവരെ ഗ്രഹങ്ങളുടെ അനുസ്യൂതയാത്ര അഭംഗുരം തുടര്‍ന്നുകൊണ്ടിരിക്കുകയാണ്....
നമുക്ക് ഓരോരുത്തര്‍ക്കും നമ്മുടെ ജനനസമയത്തെ കേന്ദ്രീകരിച്ചെഴുതപ്പെട്ട ഗ്രഹനിലയുണ്ട്. ജനന വേളയില്‍ ഗ്രഹങ്ങള്‍ ഏതേതു രാശികളില്‍ എന്ന് അതില്‍ രേഖപ്പടുത്തിയിട്ടുണ്ടാവും. ര ( രവി/ സൂര്യന്‍), ച (ചന്ദ്രന്‍ ), കു ( കുജന്‍/ ചൊവ്വ ), ബു ( ബുധന്‍), ഗു ( ഗുരു/ വ്യാഴം), ശു (ശുക്രന്‍), മ ( മന്ദന്‍/ ശനി ), സ (സര്‍പ്പന്‍ / രാഹു ), ശി ( ശിഖി/ കേതു) പിന്നെ മാ ( മാന്ദി/ ഗുളികന്‍ ) എന്നിവയാണ് പന്ത്രണ്ട് രാശികളില്‍ അടയാളപ്പെടുത്തപ്പെടുന്നത്. ജനനസമയത്തെ ല ( ലഗ്‌നം) എന്നും കുറിക്കും. ഇവയെല്ലാം ഏതെങ്കിലും രാശിക്കുള്ളിലാവും, ചിലപ്പോള്‍ ഒറ്റയ്ക്ക്, ചിലപ്പോള്‍ ഒരുമിച്ച്. സത്യത്തില്‍ ജനനസമയത്തെ ഗ്രഹങ്ങളുടെ ഒരു ഗ്രൂപ്പ് ഫോട്ടോയാണ് അത്. ഒരു വ്യക്തിയുടെ ജനനമെന്ന ആ സൂക്ഷ്മ സമയബിന്ദുവില്‍ ഓരോ ഗ്രഹങ്ങളും എവിടെ, ഏതു രാശിയില്‍ എന്നത് അതിലൂടെ വ്യക്തമാക്കപ്പെടുകയാണ്. അതിനെ കേന്ദ്രീകരിച്ചാവും, ആ വ്യക്തിയുടെ ജീവിതം. ഫലപ്രവചനത്തിന് ദൈവജ്ഞന് വേണ്ട കരുക്കളും അവ തന്നെയാണ്.
ഇനിപ്പറയുന്നത് ഗ്രഹനിലയ്‌ക്കൊപ്പം അതിന്റെ ഇരട്ടയെന്നോണം കാണപ്പെടുന്ന നവാംശക ചക്രത്തെക്കുറിച്ചാണ്. ഇവ രണ്ടും പരസ്പര പൂരകങ്ങളാണ്. ക്യാമറയുടെ ഭാഷ ഉപയോഗിച്ച് പറഞ്ഞാല്‍ ഗ്രഹനില 'wide shot 'ആണ്. നവാംശമോ? 'close up shot 'ഉം. നാം ആദ്യം മനസ്സിലാക്കി രാശിചക്രത്തിനുള്ളിലായി 27 നക്ഷത്രമണ്ഡലങ്ങളുമുണ്ടെന്ന്! ഗ്രഹനില കാണിച്ചുതരുന്നത് ജനനവേളയില്‍ ഗ്രഹങ്ങള്‍ ഏതു രാശിയിലാണ് എന്ന് മാത്രമാണ് . നവാംശം ആകട്ടെ ഗ്രഹങ്ങള്‍ അപ്പോള്‍ ഏതു നക്ഷത്രമണ്ഡലത്തിലാണെന്ന് വ്യക്തമാക്കിത്തരികയാണ്. അതാണ് അതിന്റെ പ്രാധാന്യം. ഒരുപടികൂടി കടന്ന് ഒരു നക്ഷത്രത്തിന് നാലുപാദങ്ങള്‍ ഉള്ളതില്‍ ഏത് പാദത്തിലാണ് അപ്പോള്‍ ഗ്രഹം സഞ്ചരിച്ചു കൊണ്ടിരിക്കുന്നത് എന്നും നവാംശകം കൃത്യമായി പ്രതിഫലിപ്പിക്കുന്നു. 27 നക്ഷത്രങ്ങള്‍ക്കും കൂടി ആകെ 108 നക്ഷത്രപാദങ്ങളുണ്ട്. (ഒരു നക്ഷത്രത്തിന് 4 പാദം x 27നക്ഷത്രം = 108 പാദങ്ങള്‍) ഇതില്‍ ലഗ്‌നം, ഗുളികന്‍, ഒമ്പത് ഗ്രഹങ്ങള്‍ എന്നിവ ജനനസമയത്ത് 108 നക്ഷത്രപാദങ്ങളില്‍ ഏതേത് പാദങ്ങളിലാണെന്ന് നവാംശകത്തില്‍ നിന്നുമറിയാം. അതാണ് ജ്യോതിഷത്തിന്റെ ഗണനരീതി.
ഏപ്രില്‍ 7, 2021 ന് ഗ്രഹങ്ങള്‍ ഏതേത് നക്ഷത്രങ്ങളിലാണെന്ന് നോക്കാം. സൂര്യന്‍ രേവതിയില്‍, ചന്ദ്രന്‍ അവിട്ടത്തില്‍ (അര്‍ദ്ധരാത്രിവരെ, പിന്നെ ചതയത്തിലേക്ക് നീങ്ങും), ചൊവ്വ മകയിരത്തില്‍, ബുധന്‍ ഉത്രട്ടാതിയില്‍, വ്യാഴം അവിട്ടത്തില്‍, ശുക്രന്‍ രേവതിയില്‍, ശനി തിരുവോണത്തില്‍, രാഹു രോഹിണിയില്‍, കേതു തൃക്കേട്ടയില്‍...
നാം ചന്ദ്രന്റെ നക്ഷത്രസഞ്ചാരം മാത്രമേ ദിവസവും പരിഗണിക്കുന്നുള്ളു. സത്യത്തില്‍ ഓരോഗ്രഹവും ഏതു നക്ഷത്രത്തില്‍ നില്‍ക്കുന്നുവെന്നതും ആവ്യക്തിയുടെ സ്വഭാവത്തെ നിര്‍ണയിക്കുന്ന ഘടകം തന്നെയാണ്. ഓരോ ദിവസത്തെ ഫലങ്ങളിലും അവയ്ക്ക് പ്രസക്തിയുണ്ട്. ദശാഫലങ്ങള്‍ പറയുമ്പോള്‍ ഇത് പരിഗണിക്കപ്പെടുന്നുണ്ട് നമ്മുടെ നാട്ടില്‍. എന്നാല്‍ പാശ്ചാത്യര്‍ ജനനവേളയില്‍ ചന്ദ്രന്‍ ഏതു നക്ഷത്രത്തിലാണ് എന്നതിന് കൊടുക്കുന്ന അതേ പ്രാധാന്യം സൂര്യന്‍, ലഗ്‌നം എന്നിവ ഏതു നക്ഷത്രത്തിലാണ് എന്നതിനും നല്‍കുന്നു.
ഞാനെഴുതിയ നക്ഷത്രപുസ്തകങ്ങളില്‍ ഒരു നക്ഷത്രത്തിന്റെ നാലു പാദങ്ങളിലും ജനിച്ചാലുള്ള ഫലങ്ങള്‍ വ്യക്തമാക്കാന്‍ ശ്രമിച്ചിട്ടുണ്ട്.
ഇന്നെഴുതിയ കാര്യങ്ങള്‍ സാധാരണക്കാരെയും ജ്യോതിഷവിദ്യാര്‍ത്ഥികളെയും മുന്നില്‍ക്കണ്ടിട്ടാണ്.
പുസ്തകങ്ങള്‍ വാങ്ങാനായി വിളിക്കുകയോ വാട്ട്‌സാപ്പ് അയക്കുകയോ ചെയ്യുക...ഫോണ്‍:98460 23343



അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ