സ്ഥിരത എന്ന ഗുണം
ഉത്രം, ഉത്രാടം, ഉത്രട്ടാതി, രോഹിണി എന്നീ നാളുകാരെക്കുറിച്ച്
സങ്കീര്‍ണമാണ് ജ്യോതിഷവിദ്യ. എളുപ്പം വഴങ്ങാത്ത നിയമസംഹിതകളും നിഗൂഢങ്ങളായ രീതിശാസ്ത്രങ്ങളും അവിടെയുണ്ട്. സമുദ്രം കുടിച്ചുവറ്റിച്ച അഗസ്ത്യനാവുക അവിടെ അസാധ്യമാണ്. മലയുടെ മസ്തകത്തില്‍ ചവിട്ടി അവയുടെ തലപ്പൊക്കം തകര്‍ത്ത കഥയുമുണ്ട് അഗസ്ത്യചരിത്രത്തില്‍. അതും ജ്യോതിഷത്തില്‍ എളുപ്പമല്ല. കണ്ണുംനട്ട് ചക്രവാളത്തിലേക്ക് നോക്കിയിരിക്കാം. തൊടാനായി കുതിച്ചുചാട്ടം നടത്തിയാലോ? ചക്രവാളം പിന്നെയും പിന്നെയും അകന്നുനീങ്ങുന്നത് കാണാം. അതുപോലെയാണ് ജ്യോതിഷവും. പല പല കയറ്റങ്ങള്‍, കീഴ്ക്കാംതൂക്കായ മേടുകളും പള്ളങ്ങളും, ഉപത്യകകളുടെ കാഴ്ച പോലും സാധ്യമാകാത്ത അധിത്യകകള്‍..... അവയിലൂടെ കയറുക; കയറാന്‍ ശ്രമിക്കുക. ഒരായുസ്സിന്റെ അധ്വാനം പോലും ലക്ഷ്യത്തിലെത്തിക്കണമെന്നില്ല. പിന്നെയും വഴി ബാക്കിയാവുകയാണ് .. നവോന്മേഷത്തോടെ , നിത്യവിദ്യാര്‍ത്ഥിയുടെ തുറന്നമനസ്സോടെ പഠിക്കാന്‍ ശ്രമിച്ചു കൊണ്ടേയിരിക്കുക. അതാണ്, അതുമാത്രമാണ് കരണീയം.
നക്ഷത്രങ്ങളെ മുന്‍നിര്‍ത്തിയുളള ഒരുപാട് വിഭജനങ്ങളുണ്ട്. ചിലതൊക്കെ പ്രാചീനങ്ങളും ചിലതൊക്കെ അര്‍വ്വാചീനങ്ങളും. സ്ഥിരാദിവിഭജനം പഴയതാണ്. പണ്ടത്തതൊക്കെ പൊന്നാണ് എന്ന വകുപ്പില്‍ ഉള്‍പ്പെടുത്തിപ്പറയാവുന്ന മികച്ച വര്‍ഗീകരണമാണത്. അഭിജിത്ത് ഉള്‍പ്പെടെ ഇരുപത്തിയെട്ട് നക്ഷത്രങ്ങളെ ഏഴു വിഭാഗമാക്കിയിരിക്കുന്നു. രാഹുകേതുക്കളൊഴികെ ഏഴ് ഗ്രഹങ്ങള്‍ക്കാണ് അവയുടെ ആധിപത്യം. അവയില്‍ ആദ്യത്തേതാണ് 'സ്ഥിര നക്ഷത്രങ്ങള്‍'. ഇവയ്ക്ക് ' ധ്രുവ നക്ഷത്രങ്ങള്‍ ' എന്നും പേരുണ്ട്. സൂര്യനാണ് ഈ വിഭാഗത്തിന്റെ നാഥനായ ഗ്രഹം.
ഉത്രം, ഉത്രാടം, ഉത്രട്ടാതി, രോഹിണി എന്നിവ നാലുമാണ് സ്ഥിര / ധ്രുവ വിഭാഗത്തില്‍ വരുന്ന നക്ഷത്രങ്ങള്‍. ഇവ നാലും മനുഷ്യഗണനക്ഷത്രങ്ങളാകുന്നു. അങ്ങനെ ഒരു സാമ്യം പറയാം. ഉത്രത്തിനും ഉത്രാടത്തിനും സൂര്യനാണ് ജന്മദശാധിപന്‍. ഉത്രട്ടാതിക്ക് ശനിയും രോഹിണിക്ക് ചന്ദ്രനുമാകുന്നു ജന്മ ദശാധിപന്മാര്‍. ഉത്രവും ഉത്രാടവും പുരുഷ നക്ഷത്രങ്ങള്‍. ഉത്രട്ടാതിയും രോഹിണിയും സ്ത്രീ നക്ഷത്രങ്ങള്‍. ഉത്രവും ഉത്രാടവും രണ്ടുരാശികളിലായി വരുന്ന മുറിനക്ഷത്രങ്ങള്‍. ഉത്രട്ടാതിയും രോഹിണിയും നാലു പാദങ്ങളും ഒരു രാശിയില്‍ വരുന്ന മുഴുനക്ഷത്രങ്ങളും. ഇങ്ങനെ ചില സാജാത്യങ്ങളും അതിലധികം വൈജാത്യങ്ങളും ഇവ നാലിനേയും കുറിച്ച് പറഞ്ഞു പോകാം. സ്ഥിരനക്ഷത്രം എന്നതുകൊണ്ട് എന്താണ് ലക്ഷ്യമാക്കപ്പെടുന്നത് എന്നതാണ് നമ്മുടെ അന്വേഷണം.
ഇവ നാലിന്റെയും ശുഭക്രിയായോഗ്യത ആദ്യം പറയാം. നല്ല കാര്യങ്ങള്‍ക്കെല്ലാം തന്നെ ഇവ സ്വീകാര്യങ്ങളാണ്. മംഗളകര്‍മ്മങ്ങള്‍ക്ക് ഉചിതമായ പതിനാറ് നക്ഷത്രങ്ങളെ 'ബാലാന്നതാരങ്ങള്‍' എന്നുപറയുന്നു. അവയില്‍ ഇവ നാലുമുണ്ട്.
ഫലപ്രാപ്തിക്ക് ദീര്‍ഘകാലം വേണ്ടിവരുന്നതായ കാര്യങ്ങള്‍ സ്ഥിര നക്ഷത്രങ്ങളില്‍ തുടങ്ങാവുന്നതാണ്. വിത്ത് പാകാനും ഗൃഹനിര്‍മ്മാണം തുടങ്ങാനും പൂന്തോട്ടം വളര്‍ത്താനും ഒക്കെ. ദുരിതപര്‍വ്വം ഒഴിക്കാന്‍ വേണ്ടിയുള്ള ശാന്തികര്‍മ്മങ്ങള്‍ക്കും ഈ ദിവസങ്ങള്‍ വിശേഷാല്‍ ഉത്തമം. സൂര്യന്റെ ആഴ്ച/ ദിവസം ആണല്ലോ ഞായറാഴ്ച. അന്ന് ചെയ്യാവുന്നതായിട്ടുള്ള കാര്യങ്ങളും ഈ നാല് നക്ഷത്രങ്ങള്‍ വരുന്ന ദിവസങ്ങളില്‍ ചെയ്യാം എന്ന് വിധിയുണ്ട്. ഇത് വ്യക്തികളില്‍ എങ്ങനെ പ്രതിഫലിക്കുന്നുവെന്ന് ഇനി നോക്കാം.
ഉത്രം, ഉത്രാടം, ഉത്രട്ടാതി, രോഹിണി എന്നിവയില്‍ ജനിക്കുന്നവര്‍ സ്ഥിര ഹൃദയന്മാരായിരിക്കും. മനശ്ചാഞ്ചല്യം കുറയും. സൂര്യനെപ്പോലെ സ്ഥിരമായ ഒരു ചര്യ പുലര്‍ത്തും. അധികാരത്തോട് മമതാതിരേകം തന്നെയുണ്ടാവും. സൂര്യന് രണ്ട് അയനങ്ങള്‍- ഉത്തരം, ദക്ഷിണം എന്നിങ്ങനെ. ഉത്തരായനം ഉത്തമം. ദക്ഷിണായനത്തിന് അത്രയും മാറ്റില്ല. രണ്ടുവഴിക്കും നീങ്ങുന്നവരാവും സ്ഥിര നക്ഷത്രക്കാര്‍. ഒന്ന് ഉദാത്തമാകുമ്പോള്‍ മറ്റൊന്ന് വിമര്‍ശനവിധേയമായിത്തീരുന്നു. സ്വപ്രഭാതീക്ഷ്ണതയാല്‍ ഗ്രഹങ്ങള്‍ക്ക് മൗഢ്യം സമ്മാനിക്കുന്ന ഗ്രഹമാണ് സൂര്യന്‍. മറ്റുഗ്രഹങ്ങളുടെ പ്രകാശത്തെ നിര്‍വീര്യമാക്കാനും സൂര്യന് കഴിയും. അങ്ങനെ നോക്കിയാല്‍ മറ്റുള്ളവരുടെ മേല്‍ അധീശത്വം സ്ഥാപിക്കാന്‍ ഈ നക്ഷത്രജാതര്‍ക്ക് സാധിക്കുന്നതായിരിക്കുമെന്ന് അര്‍ത്ഥമെടുക്കുന്നതില്‍ തെറ്റില്ല. മുന്നോട്ടു നീങ്ങാനും തടസ്സങ്ങളെ തൃണവല്‍ക്കരിക്കാനും ഏര്‍പ്പെടുന്ന കര്‍മ്മങ്ങളില്‍ ഫലം എന്തുതന്നെയായാലും ഉറച്ചുനില്‍ക്കാനും സ്ഥിരനക്ഷത്രത്തിലെ മനുഷ്യര്‍ സന്നദ്ധരാണ്. സൂര്യന് രാക്ഷസഗ്രഹങ്ങളായ രാഹുകേതുക്കളാല്‍ ഗ്രഹണം വരുന്നതുപോലെ ഇവര്‍ക്കും ചിലപ്പോള്‍ ആത്മഗ്ലാനികള്‍ വന്നു കൂടായ്കയില്ല...
ഇത്തരം ധാരാളം നിരീക്ഷണങ്ങള്‍ ഈ ലേഖകന്റെ ഓരോ നക്ഷത്രപുസ്തകത്തിലും ഉള്‍പ്പെടുത്തിയിട്ടുണ്ട്.





അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ