വൃശ്ചികത്തിന്റെ വിശേഷങ്ങള്‍

വിശാഖം നാലാംപാദം, അനിഴം, തൃക്കേട്ട എന്നീ നാളുകളെക്കുറിച്ച്

എസ്. ശ്രീനിവാസ് അയ്യര്‍
അവനി പബ്ലിക്കേഷന്‍സ്
98460 23343

വിശാഖം നാലാം പാദവും അനിഴം, തൃക്കേട്ട എന്നിവ മുഴുവനും വൃശ്ചികം രാശിയില്‍ ഉള്‍പ്പെടുന്നു. അതിനാല്‍ ഈ നക്ഷത്രങ്ങളില്‍ ജനിച്ചവരെ വൃശ്ചികക്കൂറുകാര്‍ എന്ന് വിളിക്കും. രാശിചക്രത്തിലെ എട്ടാം രാശിയാണ് വൃശ്ചികം. യുഗ്മരാശിയും സ്ഥിരരാശിയുമാണ്.  

രാശിയും നക്ഷത്രവും ഒന്നിച്ച് അവസാനിക്കുകയാല്‍ ഗണ്ഡാന്തവുമാണ്. ഖണ്ഡം, ഭാഗം എന്നൊക്കെയാണ് ഗണ്ഡത്തിന്റെ അര്‍ത്ഥം. അവയുടെ അവസാനം എന്നാണ് ഗണ്ഡാന്തമെന്ന വാക്കിന്റെ അര്‍ത്ഥം. ഒമ്പത് നക്ഷത്രങ്ങളും നാലു രാശിയും വീതം അടങ്ങുന്ന ഇപ്രകാരമുള്ള മൂന്ന് ഖണ്ഡം / ഭാഗം / ഗണ്ഡം രാശിചക്രത്തില്‍ കാണാനാവും. ആകെയുള്ള 360 ഡിഗ്രിയില്‍ ഓരോ 120 ഡിഗ്രിയിലും ഇപ്രകാരം സംഭവിക്കും. അത് ആയില്യവും കര്‍ക്കടകരാശിയും ഒരുമിച്ച് തീരുന്നിടത്തും (120 ഡിഗ്രി), തൃക്കേട്ടയും വൃശ്ചിക രാശിയും ഒരുമിച്ച്  തീരുന്നിടത്തും (240 ഡിഗ്രി), രേവതിയും  മീനംരാശിയും ഒരുമിച്ച് തീരുന്നിടത്തും (360 ഡിഗ്രി) ആണ് വരിക. അതിന്റെ വിശദാംശങ്ങളും ഫലങ്ങളും വിപുലമാണ്. ആകയാല്‍മറ്റൊരു ദിവസം ചിന്തിക്കാം.   

രാശികള്‍ക്ക് രൂപമുണ്ട്. തേളിന്റെ ആകൃതിയാണ് വൃശ്ചികത്തിന്. തേളിന്റെ ക്ഷുദ്രത വാലിലാണല്ലോ പ്രകടമാവുന്നത്. ആദിയും മധ്യവും അന്ത്യവുമായി ഒരുരാശിയെ മൂന്നുഭാഗമാക്കുമ്പോള്‍ നക്ഷത്രപാദങ്ങള്‍ പ്രധാന്യം ഉള്ളതായി മാറുന്നു.    

വിശാഖത്തിന്റെ നാലാംപാദവും അനിഴത്തിന്റെ 1, 2 പാദങ്ങളും വരുന്നത് വൃശ്ചികം രാശിയുടെ ആദിദ്രേക്കാണത്തില്‍. അനിഴം 3,4 പാദങ്ങളും തൃക്കേട്ടയുടെ ഒന്നാം പാദവും വരുന്നത് വൃശ്ചികം മധ്യദ്രേക്കാണത്തില്‍. തൃക്കേട്ട 2,3,4 പാദങ്ങള്‍ വരുന്നത് വൃശ്ചികം അന്ത്യദ്രേക്കാണത്തില്‍. വൃശ്ചികം രാശിസ്വരൂപമായ തേളിന്റെ വാലിലായി മൂന്നാംഭാഗമായ അന്ത്യ ദ്രേക്കാണം വരുന്നു. കൃത്യമായിപ്പറഞ്ഞാല്‍ തൃക്കേട്ടയുടെ 2, 3, 4 പാദങ്ങള്‍. സാങ്കേതിക കാര്യങ്ങളാണ് ഇവയെല്ലാം. സാധാരണ വായനക്കാരെ മുഷിപ്പിച്ചേക്കാം. ദ്രേക്കാണത്തെ മുന്‍ നിര്‍ത്തിയുള്ള പ്രത്യേകതകള്‍ ഗൗരവപൂര്‍ണമായ മറ്റൊരു പാഠഭാഗം തന്നെയാണ്!

പന്ത്രണ്ട് രാശികളെ മനുഷ്യാവയവങ്ങളോട് ബന്ധിപ്പിക്കാറുണ്ട്. മേടംരാശി തല, ഇടവംരാശി മുഖം എന്നിങ്ങനെ. മനുഷ്യന്റെ രഹസ്യാവയവങ്ങളെ വൃശ്ചികം രാശി സൂചിപ്പിക്കുന്നു. പ്രപഞ്ചം മുഴുവന്‍ നിറഞ്ഞുനില്‍ക്കുന്ന വിശ്വരൂപന്‍ എന്ന സങ്കല്പം ഉള്ളതുപോലെ പന്ത്രണ്ടുരാശികളിലും നിറഞ്ഞുനില്‍ക്കുന്ന ഒരു മാനവനുണ്ട് എന്ന ഭാവന ജ്യോതിഷത്തില്‍ പ്രധാനമാണ്. ആ പ്രതിഭാസത്തെ  കാലപുരുഷന്‍ എന്നാണ് വിളിക്കുക. കാലപുരുഷന്റെ ശിരസ്സ് മേടവും ബാഹുക്കള്‍ മിഥുനവും സ്വകാര്യഭാഗങ്ങള്‍ വൃശ്ചികവും കാലടി മീനവും എന്നത്രെ സങ്കല്പം. എന്തായാലും വൃശ്ചികരാശിക്ക് ഒരു രഹസ്യാത്മകതയും നിഗൂഢതയുമുണ്ട്. അത് തൃക്കേട്ടനാളുകാരുടെ വ്യക്തിത്വത്തില്‍ ആയിരിക്കും ഒരുപക്ഷേ കൂടുതല്‍ നിഴലിക്കുക. ഉള്‍ക്കിണറിന്റെ ഇരുട്ട് അവിടെയുണ്ടാവാം.  അവര്‍ അന്തര്‍മുഖരാണെന്നും നിരീക്ഷിക്കാം. അതിനാല്‍ അവരുടെ വ്യക്തിത്വത്തിന്റെ എല്ലാവശങ്ങളും എല്ലാവര്‍ക്കും എപ്പോഴും മനസ്സിലായിക്കൊള്ളണമെന്നുമില്ല.   

വൃശ്ചികരാശി ചൊവ്വയുടെ സ്വക്ഷേത്രമാണ്. അക്കാരണത്തിനാല്‍ ചൊവ്വയുടെ സഹജഗുണമായ ഉഗ്രതയും നഖശിഖാന്തമുളള തീക്ഷ്ണതയുമെല്ലാം  വൃശ്ചികക്കൂറുകാരിലുണ്ടാവും. അക്ഷമയും അവിവേകവും കത്തിപ്പടരാം. അധികാരത്തോടുള്ള താത്പര്യം കൂടാം. സമരോത്സുകത സദാ പ്രകടമാവാം. വൃശ്ചികം ചന്ദ്രന്റെ നീചരാശിയുമാണ്. മനസ്സിന്റെ, മാതാവിന്റെ, നല്ല ജീവിതപരിതോവസ്ഥകളുടെ കാരകഗ്രഹമാണ് ചന്ദ്രന്‍. നീചസ്ഥിതിമൂലം ചന്ദ്ര സംബന്ധിയായ കാര്യങ്ങള്‍ക്കുമുണ്ടാകുന്നു പരിക്ഷീണത. പ്രകമ്പിതമായ മനസ്സ്, വികാരങ്ങളുടെ അസാധാരണമായ ഉലച്ചില്‍ എന്നിവ അപ്രതീക്ഷിതമല്ല. ബാധ എന്ന പദം ഒരുപാട് തെറ്റിദ്ധരിക്കപ്പെട്ടിട്ടുള്ള ഒരു ജ്യോതിഷസംജ്ഞയാണ്. ജീവിതത്തെ പിറകോട്ടുവലിക്കുന്ന കാര്യങ്ങള്‍ അഥവാ പ്രതിലോമചിന്തകള്‍ എന്നൊക്കെ കരുതുന്നതാവാം തത്ക്കാലം സംഗതം.  വൃശ്ചികത്തിന്റെ ബാധാരാശി കര്‍ക്കിടകമാണ്. അതിന്റെ അധിപനായ ചന്ദ്രനെ ബാധകാധിപതി എന്ന് വിളിക്കുന്നു. ബാധാഗ്രഹം ജന്മരാശിയില്‍ നിലയുറപ്പിച്ചിരിക്കുകയാല്‍ വൃശ്ചികക്കൂറുകാര്‍ക്ക് മനസ്സ് ശാന്തവും സ്വസ്ഥവുമാകുന്ന വേളകള്‍ പരിമിതമായിരിക്കും. നല്ലചിന്തകളുടെ വെണ്മയെ അശുഭചിന്തകളുടെ കാളിമ വന്ന് മൂടും. മനസ്സ് മിത്രവും ശത്രുവുമായി ജീവിതത്തിന്റെ ചതുരംഗപ്പലകയില്‍ നിറഞ്ഞാടും. 'തനിക്ക് താന്‍തന്നെ ശത്രു' എന്ന ഭസ്മാസുരന്റെ വിധി ചിലപ്പോള്‍ ഇവരെയും പിടികൂടാം.  

വിശാഖം, അനിഴം, തൃക്കേട്ട എന്നീ നക്ഷത്ര പുസ്തകങ്ങളില്‍ സുവിശദമായ വിവരണങ്ങള്‍ വായനക്കാര്‍ക്ക് കണ്ടെത്താം.

പുസ്തകങ്ങള്‍ വാങ്ങാനായി വിളിക്കുകയോ വാട്ട്‌സാപ്പ് അയക്കുകയോ ചെയ്യുക...
ഫോണ്‍:98460 23343

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

നിത്യയോഗങ്ങളുടെ പേരുകളും ഫലങ്ങളും

ശനിക്ക് ഒരു രഹസ്യമുണ്ട്. എന്താണ് ശനിയുടെ മർമ്മം? ആ രഹസ്യം തുറക്കും താക്കോൽ ഇതാ ഇവിടെ

ഒരു നക്ഷത്രം, പല അനുഭവം