ശനിയും ചൊവ്വയും സ്വാധീനിക്കുമ്പോള്‍

അനിഴം നാളുകാരെക്കുറിച്ച്

എസ്. ശ്രീനിവാസ് അയ്യര്‍
അവനി പബ്ലിക്കേഷന്‍സ്
98460 23343

ഒരു നക്ഷത്രത്തെ  പ്രത്യക്ഷത്തില്‍ സ്വാധീനിക്കുന്നത് രണ്ടു ഗ്രഹങ്ങളായിരിക്കും. ഏതു നക്ഷത്രത്തില്‍ ജനിച്ചുവെന്നത് മാത്രം മതി അക്കാര്യം കണ്ടെത്താന്‍. ആ വ്യക്തിയുടെ ഗ്രഹനിലയുടെ വിശദാംശങ്ങളിലേക്കൊന്നും കടക്കാതെ പ്രഥമദൃഷ്ട്യാ തന്നെ അക്കാര്യം സ്പഷ്ടമാവും. അവരുടെ കൂറിന്റെ / ജന്മരാശിയുടെ അധിപനായഗ്രഹവും ജന്മനക്ഷത്രത്തിന്റെ നാഥനായ ഗ്രഹവും ആണ് സ്വാധീനം ചെലുത്തുന്ന രണ്ടു ഗ്രഹങ്ങള്‍. വൃശ്ചികക്കൂറില്‍ വരുന്ന നക്ഷത്രമാണ് അനിഴം. അതിന്റെ അധിപന്‍ ചൊവ്വയാണ്. അനിഴം നാളിന്റെ അധിപനാകട്ടെ ശനിയും. ഭിന്നപ്രകൃതികളായ രണ്ടുഗ്രഹങ്ങളാണ് ചൊവ്വയും ശനിയും. അവരുടെ സ്വാധീനം ഏതെല്ലാം വിധത്തിലാണ് അനിഴം നാളുകാരില്‍ പ്രവര്‍ത്തിക്കുന്നതെന്ന  അന്വേഷണമാണിവിടെ.    

ചൊവ്വ ഒരു പുരുഷഗ്രഹമാണ്. ഗ്രഹങ്ങളുടെ അധികാരശ്രേണിയില്‍ സൈന്യാധിപനാണ്. അഗ്‌നിതത്ത്വഗ്രഹവുമാണ്. സാഹസികതയിലും ക്രൂരതയിലും അഭിരമിക്കുന്ന ഗ്രഹമാണ് ചൊവ്വ. ഒരു മിന്നല്‍പ്പിണര്‍പോലെയാണ് ചൊവ്വയുടെ പ്രവര്‍ത്തനരീതി. ഇതെല്ലാം പലതരത്തില്‍ അനിഴം നാളുകാരുടെ സ്വഭാവത്തില്‍ കലരും. ഇനി ശനിയെ പരിചയപ്പെടാം.  

ശനി വായുതത്ത്വഗ്രഹമാണ്. നപുംസകഗ്രഹമായി സങ്കല്പിച്ചിരിക്കുന്നു. അധികാരത്തിന്റെ താഴ്ന്നപടവിലാണ് ശനിക്ക് സ്ഥാനം. ഗ്രഹ ലോകത്തെ ദാസനാണ് എന്നതാണ് മേല്‍വിലാസം. രണ്ടു ഗ്രഹങ്ങളും പാപഗ്രഹങ്ങളാണ്, തമോഗുണമുള്ളവരാണ്. അതുമാത്രമാണ് സാജാത്യമായി പറയാനുള്ളത്.

ഒരുരാശിയില്‍ പ്രവേശിച്ചാല്‍ നല്ലതാവട്ടെ ചീത്തയാവട്ടെ ഉടന്‍ ഫലം തന്നുതുടങ്ങും ചൊവ്വ. ഒരു രാശിയെ പത്തുഡിഗ്രിവീതം മൂന്ന് ഭാഗമാക്കുന്നു. ദ്രേക്കാണമെന്നാണ് ഇതിന് പറയുന്ന പേര്. ആദിദ്രേക്കാണത്തില്‍ തന്നെ ഫലംതരും ചൊവ്വ. അന്ത്യദ്രേക്കാണത്തില്‍ അതായത് ആ രാശിയില്‍ നിന്നും നിഷ്‌ക്രമിക്കാറാവുമ്പോള്‍ മാത്രം ഫലം തരും ശനി. ചടുലതയും പ്രവര്‍ത്തനവേഗവും 'വെട്ടൊന്ന് തുണ്ടുരണ്ട്' എന്ന ശീലവും എടുത്തു ചാട്ടവും എല്ലാം ചൊവ്വയില്‍ അതിശക്തമായി പ്രവര്‍ത്തിക്കും. ശനി വിപരീതധ്രുവത്തിലാണ് എവിടെയും എപ്പോഴും. അവിടെ ഒരുതരം മരവിപ്പും തണുത്ത മട്ടുമാണ്. ഉല്‍സാഹവുമില്ല, ഔല്‍ സുക്യവുമില്ല. അലസതയുടെ അംബാസഡറാണ് ശനി എന്നുപറഞ്ഞാല്‍ അത്യുക്തിയല്ല. തക്കതായ യാതൊരു കാരണവുമില്ലാതെ എന്തും നീട്ടിവെക്കും. ഉചിതസമയത്ത് തീരുമാനമില്ല, കൃത്യമായ നിര്‍വഹണവുമില്ല. 'ദീര്‍ഘസൂത്രി' എന്ന് ശനിയെ വിശേഷിപ്പിക്കുന്നത് ഇതുകൊണ്ടൊക്കെയാവണം.

ഇങ്ങനെ ഭിന്നപ്രകൃതികളായ രണ്ടു ഗ്രഹങ്ങള്‍ക്ക് അധീശത്വം വരികയാല്‍ ഈ രണ്ടു സ്വഭാവവും അനിഴം നാളുകാരില്‍ കാണാം. അനിഴം നാളുകാരുടെ ഗ്രഹനിലയില്‍ ചൊവ്വയ്ക്ക് രാശി/ ഭാവ ബലം ഏറിയാല്‍ ആ വ്യക്തി ചൊവ്വയുടെ പ്രവര്‍ത്തനശൈലി കൈക്കൊള്ളും. ശനിക്കാണ് ബലാധിക്യമെങ്കില്‍ അയാള്‍ ശനിയുടെ  കര്‍മ്മഗുണം സ്വാംശീകരിച്ച് പെരുമാറും. ഇത് ചിലപ്പോള്‍ ഒരു മിശ്രപ്രകൃതമായി മാറി അനിഴം നാളുകാരെ വിഷമവൃത്തത്തിലാക്കാനും മതി. കാളിദാസശാകുന്തളത്തിലെ ഒരാശയം ഓര്‍മ്മ വരുന്നു: തേര് മുന്നോട്ടു പോവുകയാണെങ്കിലും അതിന്റെ മുന്നിലെ കൊടി കാറ്റിന്റെ ഗതിമൂലം പിറകോട്ടാണല്ലോ ചായുന്നത്. അതുപോലെയാണ് അനിഴം നാളുകാരുടെ അനുഭവം. മനസ്സ് പോകുന്നിടത്ത് ശരീരം, അതിന്റെ ചലനങ്ങള്‍  എത്തുന്നില്ല പലപ്പോഴും. ആശയപരമായും ഭാവനാപരമായും ഇവരുടെ മനസ്സ് എപ്പോഴും  ഉന്മേഷത്തിലും ഉണര്‍വിലുമായിരിക്കും. അതിനെ സാക്ഷാല്ക്കരിക്കാന്‍ ഭൗതികസാഹചര്യം അങ്ങേയറ്റം പ്രതികൂലമായിരിക്കുകയും ചെയ്യും. തന്മൂലം ഒരാത്മസംഘര്‍ഷവും അതിന്റെ ഫലമായ ഡിപ്രഷന്‍ പോലുള്ള അനുഭവങ്ങളും വല്ലപ്പോഴുമെങ്കിലും ഇവരെ ബാധിക്കാറുണ്ട്. 

ഇതേവിധത്തില്‍ ചൊവ്വ- ശനി സമന്വയമോ സംഘര്‍ഷമോ കാണാനാവുന്ന മറ്റൊരു നക്ഷത്രം അവിട്ടമാണ്. അതിന്റെ വിശകലനം മറ്റൊരു സന്ദര്‍ഭത്തിലാവാം.   

'അനിഴം: അറിയേണ്ടതെല്ലാം' എന്ന പുസ്തകത്തില്‍ ധാരാളം നിരീക്ഷണങ്ങളും പഠനങ്ങളും ഉള്‍ക്കൊള്ളിച്ചിരിക്കുന്നു.

പുസ്തകങ്ങള്‍ വാങ്ങാനായി വിളിക്കുകയോ വാട്ട്‌സാപ്പ് അയക്കുകയോ ചെയ്യുക...
ഫോണ്‍:98460 23343

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

നിത്യയോഗങ്ങളുടെ പേരുകളും ഫലങ്ങളും

ശനിക്ക് ഒരു രഹസ്യമുണ്ട്. എന്താണ് ശനിയുടെ മർമ്മം? ആ രഹസ്യം തുറക്കും താക്കോൽ ഇതാ ഇവിടെ

ഒരു നക്ഷത്രം, പല അനുഭവം