ഒരു തുള്ളി പല തുള്ളി


പൂരാടം നാളിനെക്കുറിച്ച്

എസ്. ശ്രീനിവാസ് അയ്യര്‍
അവനി പബ്‌ളിക്കേഷന്‍സ്
98460 23343

ആഷാഢം എന്ന നക്ഷത്രത്തെ മുന്‍ , പിന്‍  ഭാഗമാക്കുമ്പോള്‍ രണ്ട് നക്ഷത്രങ്ങള്‍ പിറക്കുകയായി. അവ പൂര്‍വ്വ ആഷാഢം എന്നും  ഉത്തര ആഷാഢം എന്നും രണ്ടുപേരുകളില്‍  അറിയപ്പെടുന്നു.അതില്‍ പൂര്‍വ്വ ആഷാഢം ആണ് പൂരാടം. ഉത്തര ആഷാഢം ഉത്രാടവും. ഇങ്ങനെയുള്ള മൂന്ന് ഇരട്ട നക്ഷത്രങ്ങളെ കാണാം,  നക്ഷത്രക്കൂട്ടത്തില്‍.  പൂരം/ ഉത്രം, പൂരാടം/ ഉത്രാടം, പൂരുട്ടാതി/ ഉത്രട്ടാതി എന്നിവയാണവ. അവ ഒരോ നക്ഷത്രങ്ങളുടെയും ക്രമത്തിലുള്ള പൂര്‍വ, ഉത്തര ഭാഗങ്ങളാണ്.  

    അഗ്‌നി, വായു തുടങ്ങിയ പ്രപഞ്ച / പ്രകൃതി ശക്തികളെ  നക്ഷത്രദേവതകളായി കല്‍പിച്ചിട്ടുണ്ട്.  കാര്‍ത്തികയുടെ ദേവത അഗ്‌നിയും ചോതിയുടെ ദേവത വായുവും പൂരാടത്തിന്റെ ദേവത ജലവുമാണ്. പ്രകൃതിശക്തികളെപ്പോലെ വളരെ നൈസര്‍ഗ്ഗികമാണ് ഈ നാളുകാരുടെ വ്യക്തിത്വം.  ശക്തവുമായിരിക്കും അതുപോലെ ആ വ്യക്തിത്വവും.  ഈ രണ്ട് ധ്വനികളും ഇവിടെ തികച്ചും  പ്രസക്തമാണ്. അഗ്‌നി ,വായു , ജലം  തുടങ്ങിയവയുടെ കരുത്ത് നമുക്ക് ഊഹിക്കാന്‍ എളുപ്പമല്ല.  ഇവരുടെ സാധ്യതകള്‍, നേട്ടങ്ങള്‍ , വളര്‍ച്ചകള്‍  എന്നിവക്കൊന്നും  ഒരിക്കലും പരിധി  നിശ്ചയിക്കാനും ആര്‍ക്കുമാവില്ല എന്നതും സത്യമാണ്. 

    ധനു മാസത്തിലെ പൂരാടം ഞാറ്റുവേലയെ ( ശരാശരി 13/14 ദിവസം ആണ് ഒരു ഞാറ്റുവേലക്കാലം)  മുന്‍നിര്‍ത്തിയാണ് കേരളത്തിലെ  മഴക്കാലത്തിന്റെ ഉച്ചഘട്ടമായ തിരുവാതിര ഞാറ്റുവേലയുടെ ശക്തി നിര്‍ണയിക്കുന്നത്. പൂരാടം ഞാറ്റുവേലയില്‍ മഴക്കാറ് ഏതെല്ലാം  ഭാഗത്തില്‍ പ്രത്യക്ഷപ്പെടുന്നുവോ തിരുവാതിര ഞാറ്റുവേലയുടെ ആ ഭാഗത്താവും മഴ കനക്കുക. പൂരാടം ഞാറ്റുവേലയില്‍ മഴക്കാറുണ്ടായില്ല എന്നുവന്നാല്‍  കേരളത്തിലക്കൊല്ലം ഇടവപ്പാതി  തീരെ ദുര്‍ബലമാവുകയും ചെയ്യും. ഇങ്ങനെ പൂരാടം നാളിന്റെ മഴ/ ജല ബന്ധം സൂക്ഷ്മമാണ്. ജലം, തോയം, സലിലം, പയസ്സ് തുടങ്ങിയ വെള്ളത്തിന്റെ പര്യായങ്ങള്‍  പൂരാടം നാളിനെ കുറിക്കാന്‍ വേണ്ടി ജ്യോതിഷ ഗ്രന്ഥങ്ങളില്‍ ഉപയോഗിച്ചുവരുന്നു. 

     ഭൂമിയുടെ ഏതാണ്ട് എഴുപത് ശതമാനവും മനുഷ്യ ശരീരത്തില്‍  ഏതാണ്ട് അറുപത് ശതമാനവും വെള്ളമാണ് എന്ന് ശാസ്ത്രം. പക്ഷേ അതൊരു പ്രത്യക്ഷതയായി നാം അറിയുന്നില്ല. കണക്ക് പറയുമ്പോള്‍ മാത്രമാണ് ഈ ഉണ്‍മയിലേക്ക് നമ്മള്‍  ഉണരുന്നത്. പൂരാടം നക്ഷത്രത്തില്‍  ജനിക്കുന്നവര്‍ക്ക് വലിയ കഴിവുകളും കര്‍മ്മഗുണവും ഒക്കെയുണ്ട്.  അത്  എപ്പോഴും  എല്ലാവരുടേയും ശ്രദ്ധയില്‍ എത്തുന്നില്ല എന്നു മാത്രം.  മഴക്കാലം വരുമ്പോഴാണ് നമ്മള്‍  വെള്ളത്തിന്റെ ശക്തി മനസ്സിലാക്കുക. അതുപോലെ  ദാഹിക്കുമ്പോഴാണ് നാം പാനപാത്രം തേടുന്നതും.   ചില സാഹചര്യങ്ങള്‍ ഉദയം ചെയ്യുമ്പോഴാണ് പൂരാടം നാളിലെ മനുഷ്യരുടെ  പ്രവര്‍ത്തന വൈഭവം കുടുംബത്തിലും കൂട്ടായ്മകളിലും പരന്നൊഴുകുന്നത്. ഇംഗ്‌ളീഷില്‍ പറയുകയാണെങ്കില്‍ അപ്പോഴാണ്  അവരുടെ  യഥാര്‍ഥ   'ആക്ടിവേഷന്‍' ഉണ്ടാവുന്നത്. 

    പുല്‍ക്കൊടിത്തുമ്പിലെ ഒരു ചെറുകണമായി ഒതുങ്ങാനും തുള്ളിക്കൊരുകുടം എന്ന മട്ടില്‍ പേമാരിയാവാനും പ്രളയപയോധികള്‍ തീര്‍ക്കാനും ജലത്തിനാവും. നമ്മള്‍ കൈക്കുമ്പിളിലാക്കിയാല്‍ അങ്ങനെ ചുരുങ്ങും. നമ്മുടെ അളവുകോല്‍ കൊണ്ട് അളന്ന് തിട്ടപ്പെടുത്തുന്നതിന്  അപ്പുറം വളര്‍ച്ചയും വലിപ്പവും ഉണ്ട് പൂരാടം നാളുകാരുടെ വ്യക്തിത്വത്തിന് എന്നതാണ് ഉണ്‍മ.  എളിമയുടെ വാമനത്വം കൈക്കൊള്ളാനും  പെരുപ്പത്തിന്റെ ത്രിവിക്രമത്വമാകാനും  പൂരാടം നാളുകാര്‍ക്ക് കഴിവുണ്ട്.   അത് അസാധാരണങ്ങളായ     സിദ്ധികളും സാധനകളും തന്നെയാണ്   എന്നു പറയാന്‍ മടിക്കേണ്ടതില്ല. അപ്പോഴും ജലത്തിന്റെ സഹജമായ ആര്‍ദ്രത നഷ്ടപ്പെടുന്നുമില്ല...  

    ചെറുതും വലുതുമായ കൂടുതല്‍ പൂരാടവിശേഷങ്ങള്‍ക്ക്  ' പൂരാടം: അറിയേണ്ടതെല്ലാം ' എന്ന പുസ്തകം പ്രയോജനപ്പെടും.
പുസ്തകം വാങ്ങാനായി വിളിക്കുകയോ വാട്ട്സാപ്പ് അയക്കുകയോ ചെയ്യുക...
ഫോണ്‍:98460 23343

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

നിത്യയോഗങ്ങളുടെ പേരുകളും ഫലങ്ങളും

ശനിക്ക് ഒരു രഹസ്യമുണ്ട്. എന്താണ് ശനിയുടെ മർമ്മം? ആ രഹസ്യം തുറക്കും താക്കോൽ ഇതാ ഇവിടെ

ഒരു നക്ഷത്രം, പല അനുഭവം