ഒരു വ്യക്തി: പല വ്യക്തിത്വങ്ങള്‍!
വിശാഖം നാളിനെക്കുറിച്ച്
ഒരു നക്ഷത്രത്തിന് ഒരു ദേവത- അതാണ് പതിവ്. അശ്വതിയ്ക്ക് അശ്വനി ദേവന്മാര്‍ എന്ന ഇരട്ടകളാണ് ദേവതകള്‍. അവിട്ടത്തിന് വസുക്കളും ഉത്രാടത്തിന് വിശ്വദേവകളും ഉണ്ട്. വ്യത്യസ്തരായ രണ്ടു ദൈവങ്ങളെ കാണുന്നത് വിശാഖം നാളിനുമാത്രം.
ഇന്ദ്രനും അഗ്‌നിയുമാണ് വിശാഖത്തിന്റെ ദേവതകള്‍. ആകയാല്‍ വിശാഖത്തിന് 'ദ്വിദൈവതം' എന്ന പേരുണ്ടായി. ഒരു വ്യക്തിയെ രണ്ടു പേര്‍ നയിക്കുകയും നിയന്ത്രിക്കുകയുമാണ്. അതിനാല്‍ രണ്ട് ഭാഗ്യവിധാതാക്കളുടെയും സ്വാധീനം അവരില്‍ കാണപ്പെടുന്നു. ഇന്ദ്രന്റെ പ്രതാപവും നേതൃഗുണവും എന്നപോലെ അഗ്‌നിയുടെ കര്‍മ്മവീരവും വൈകാരിക ദീപ്തിയും അവരില്‍ സമന്വയിക്കുന്നു.
മറ്റൊന്ന് ഇരുരാശികളിലായി വരുന്ന നക്ഷത്രമാണ് വിശാഖം എന്നതാണ്. ' മുറിനാള്‍ ' എന്ന് സാങ്കേതിക സംജ്ഞ. ആദ്യ മൂന്ന് പാദങ്ങള്‍( മുക്കാല്‍) തുലാക്കൂറില്‍. നാലാം പാദം( കാല്‍) വൃശ്ചികക്കൂറില്‍. അവിടെയും രണ്ട് രാശികളുടെ സ്വഭാവം കലരുന്നു. പൊതുവേ ബഹിര്‍മുഖത്വമാണ് തുലാം രാശിയ്ക്ക് എന്നാലോ? അന്തര്‍മുഖത്വമേറും വൃശ്ചികം രാശിയ്ക്ക്. കൂടാതെ ഇവയുടെ നാഥന്മാരായ ശുക്രന്റെയും ചൊവ്വയുടെയും സ്വഭാവശീലാദികളും ഇവരില്‍ കലരുകയാണ്. അതിനാല്‍ ആര്‍ക്കും വിശാഖം നാളുകാരുടെ യഥാര്‍ത്ഥ സ്വത്വം, ഇംഗ്ലീഷില്‍ പറയുന്ന ' ഐഡന്റ്റിറ്റി' എളുപ്പം തിരിഞ്ഞും തെളിഞ്ഞും കിട്ടുകയില്ല.
ഇന്ദ്രന്‍ ദേവതയായി വരുന്ന തൃക്കേട്ട നാളുകാരുടെ ചില പ്രകൃതങ്ങളും , അഗ്നി ദേവതയായി വരുന്ന കാര്‍ത്തിക നാളുകാരുടെ ചില പ്രകൃതങ്ങളും ഇവരില്‍ സംഗമിക്കുന്നു. തൃക്കേട്ട എന്തിനെയും ഉദ്ഗ്രഥിയ്ക്കുമ്പോള്‍ തൃക്കാര്‍ത്തിക എന്തിനെയും അപഗ്രഥിക്കുന്നു. അങ്ങനെ വീണ്ടും കലര്‍പ്പുകളുടെ രാജ്യഭാരമായി. മറ്റുള്ളവര്‍ക്ക് മാത്രമല്ല ആശയക്കുഴപ്പം. തന്റേതായ വൈഭിന്ന്യങ്ങളും വൈജാത്യങ്ങളും വിശാഖം നാളുകാരെയും സംഭ്രമിപ്പിക്കുന്നുണ്ടാവാം ...
വിശാഖം എന്ന വാക്കിനു തന്നെ പലതരം ശാഖകളോട് കൂടിയത് എന്ന അര്‍ത്ഥമുണ്ട്. ഏറെ ശിഖരങ്ങളുള്ള ഒരു മാമരം! സൂര്യന് താഴെയുള്ള എന്തിനെക്കുറിച്ചും ഇവര്‍ക്ക് സംസാരിക്കാനാവും! ചിലപ്പോള്‍ ഓളങ്ങളില്‍ നീന്തുക മാത്രമാണ്, ആഴങ്ങളിലേയ്ക്ക് പോകുന്നില്ല എന്നുതോന്നാം. മറ്റു ചിലപ്പോള്‍ ജ്ഞാനത്തിന്റെ ഗോപുരക്കാഴ്ചകള്‍ കാട്ടിത്തരാനും ഇവര്‍ക്കാവും. നക്ഷത്രങ്ങളെ പലതായി വിഭജിച്ചിട്ടുണ്ട്, പണ്ടുളേളാര്‍. അതില്‍ ' മിശ്രം' എന്ന വിഭാഗമുണ്ട്. രണ്ടു നക്ഷത്രങ്ങളെയാണ് അതില്‍ ചേര്‍ത്തിരിക്കുന്നത്; കാര്‍ത്തിക, വിശാഖം എന്നിവയെ. അതും ഒരു സൂചനയാണ്- വിശാഖത്തിന്റെ വൈവിധ്യത്തിനും വൈരുദ്ധ്യത്തിനും. ഇങ്ങനെ പലതരം ചേരുവകള്‍ കൊണ്ട് സങ്കീര്‍ണമാണ് വിശാഖം. ഉണ്‍മയില്‍ ഇവര്‍ ആരാണ് എന്ന് നാം ചോദിക്കുന്നു. അതേ ചോദ്യം വിശാഖം നാളുകാരും ചോദിക്കുന്നുണ്ടാവും.. 'സത്യത്തില്‍ ഞാന്‍ ആരാണ് ?' .
ഇനിയും പറയാനുണ്ട്. അത് പിന്നീടാകാം. (വിശാഖം: അറിയേണ്ടതെല്ലാം എന്ന പുസ്തകം വായിക്കുമല്ലോ)
പുസ്തകം വാങ്ങാനായി വിളിക്കുകയോ വാട്ട്സാപ്പ് അയക്കുകയോ ചെയ്യുക...ഫോണ്‍:98460 23343


അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ