അന്തര്‍മുഖത്വമോ ബഹിര്‍മുഖത്വമോ
അത്തം നാളിനെക്കുറിച്ച്
എസ്. ശ്രീനിവാസ് അയ്യര്അവനി പബ്ലിക്കേഷന്‍സ്
98460 23343
കലാകാരന്മാര്‍ രണ്ടുവിധമാണെന്ന് ഒരു പ്രശസ്തചിന്തകന്‍ (ജര്‍മ്മന്‍ മനീഷിയായ ഫ്രെഡറിക് നീഷേ) അഭിപ്രായപ്പെടുന്നു. കലാകാരന്മാര്‍ക്ക് മാത്രമല്ല എല്ലാ മനുഷ്യര്‍ക്കും ഇണങ്ങുന്ന ഒരു വേര്‍തിരിവാണത്. യവനപുരാണത്തിലെ അപ്പോളോ, ഡയണീഷ്യസ് എന്നിവരെ മുന്‍നിര്‍ത്തിയാണ് ആ തരംതിരിവ്. ഇരുവരും ദേവരാജനായ സീയൂസിന്റെ മക്കളാണ്. അവര്‍ എല്ലാക്കാര്യത്തിലും തുല്യപ്രഭാവന്മാരാണ്. എന്നാല്‍ അവരുടെ വ്യക്തിത്വത്തില്‍ വിഭിന്നതകള്‍ കാണാം. ബുദ്ധിപരമാണ് അപ്പോളോയുടെ ചലനങ്ങളും കര്‍മ്മങ്ങളും. വൈകാരികതയാണ് ഡയണീഷ്യസ്സിന്റെ മുഖമുദ്ര. സത്യത്തില്‍ ഇതില്‍ ആരുടെ കക്ഷിയിലാവും അത്തംനാളുകാര്‍ ഉള്‍പ്പെടുക? ആരാവും ഇവരെ കൂടുതല്‍ സ്വാധീനിക്കുക?
യവന പുരാണത്തോളമെന്നും പോകണമെന്നില്ല. ഭാരതീയ സ്‌തോത്ര സാഹിത്യത്തിലെ ദിവ്യ രത്‌നങ്ങളിലൊന്നായ ലളിതാ സഹസ്രനാമത്തില്‍ രണ്ടുതരം ഭക്തന്മാരെ സൂചിപ്പിക്കുന്നുണ്ടല്ലോ? 'അന്തര്‍മുഖസമാരാദ്ധ്യാ ബഹിര്‍മുഖസുദുര്‍ലഭാ' എന്ന വരികളില്‍. ഭക്തന്മാര്‍ക്കു മാത്രമല്ല സര്‍വ്വമനുഷ്യര്‍ക്കും പ്രസക്തമാണ് ഈ വിഭജനം. അത്തം നാളുകാരെ സത്യത്തില്‍ ആരാണ് നിയന്ത്രിക്കുന്നത്? അപ്പോളോയോ ഡയണീഷ്യസോ? അത്തം നാളുകാര്‍ എങ്ങനെയുള്ള മനുഷ്യരാണ്? അവര്‍ അന്തര്‍മുഖരാണോ ബഹിര്‍മുഖരാണോ?
ഓരോ നക്ഷത്രത്തെയും പ്രത്യക്ഷത്തില്‍ തന്നെ നിയന്ത്രിക്കുന്നത് രണ്ട് ഗ്രഹങ്ങളായിരിക്കും. ഒന്ന് അവരുടെ ജന്മനക്ഷത്രനാഥന്‍. ഇവിടെ, അത്തം നാളുകാരുടെ കാര്യത്തില്‍ അത് ചന്ദ്രനാണ്. മറ്റൊന്ന് അവരുടെ ജന്മനക്ഷത്രം വരുന്ന രാശിയുടെ / കൂറിന്റെ അധിപനായ ഗ്രഹവും. അത്തം കന്നിരാശിയില്‍ / കന്നിക്കൂറില്‍ വരുന്ന നക്ഷത്രമാകയാല്‍ ബുധനാണ് രാശിയുടെ അധിപന്‍. ഇപ്പോള്‍ ചിത്രം തെളിയുകയായി : ചന്ദ്രന്റെയും ബുധന്റെയും പ്രഭാവം അത്തം നാളുകാരുടെ മേലുണ്ട്. ആരുടെ സ്വാധീനമാവും അധികം?
നക്ഷത്രനാഥനായ ചന്ദ്രന്റെ വൈകാരികസത്ത ഇവരില്‍ വളരെ പ്രകടമാണ്. ഒരുതരം ഡയണീഷ്യന്‍ മനുഷ്യമാതൃക. ചെറിയ കാര്യങ്ങള്‍ക്കുപോലും ഇളകിമറിയും. വേലിയേറ്റത്തിലെ കടല്‍പോലെ കരയിലേക്കടിച്ചു കയറും. മുന്‍പിന്‍ നോക്കാതെ വര്‍ത്തമാനം പറയും. സ്‌നേഹവും കണ്ണീരും ക്ഷോഭവും പൊട്ടിച്ചിരിയും ആത്മനിന്ദയും എല്ലാം വേഗത്തില്‍ പൂത്തുലയും. വികാരവിവശമായ ആ വ്യക്തിത്വം മാത്രമാണോ അത്തംനാളുകാര്‍ക്ക് എന്ന് ആരും സന്ദേഹിക്കും. എന്നാല്‍ തീര്‍ച്ചയായും മറു വശവുമുണ്ട്, അതിന്.
രാശിയുടെ അധിപനായ ബുധന്‍ വികാരത്തള്ളിച്ചകളെ ബുദ്ധിയുടെ കവചം കൊണ്ട് പ്രതിരോധിക്കുന്ന ഗ്രഹമാണ്. ബുധന്റെ ബുദ്ധിയും അപ്പോളോയുടെ കലാ വ്യക്തിത്വവും കൂടിച്ചേര്‍ന്ന് അത്തം നാളുകാരില്‍ വൈകാരികതയ്ക്ക് സമശീര്‍ഷമായ വൈചാരികതലം പടുത്തുയര്‍ത്തുന്നു. അങ്ങനെ വികാരനൗകകള്‍ ചന്ദ്രപ്രഭാവത്താല്‍ തീരമണയാതെ ആടിയുലയുമ്പോഴും ഏതു പ്രതികൂലസമ്മര്‍ദ്ദങ്ങളെയും ബുദ്ധിയുടെ നങ്കൂരമിട്ട് ജീവിതത്തിന്റെ തുറുമുഖത്തില്‍ തന്നെ പിടിച്ചുകെട്ടാനും ഇവര്‍ക്ക് കഴിയുന്നു. എന്നാല്‍ ചെറുതോ വലുതോ ആകട്ടെ ഏതു കാര്യത്തിന്റെയും അന്തിമനിമിഷം വരെയും വികാരവിചാരങ്ങളുടെതായ ഈ ദ്വന്ദ്വയുദ്ധം അരങ്ങേറിക്കൊണ്ടിരിക്കും. മനസ്സും ബുദ്ധിയും തമ്മില്‍, ഡയണീഷ്യസും അപ്പോളോയും തമ്മില്‍, ബഹിര്‍മുഖത്വവും അന്തര്‍മുഖത്വവും തമ്മില്‍ ഒടുവില്‍ പാരസ്പര്യത്തിലും പൂരകത്വത്തിലും സമന്വയിക്കുകയായി. അത്തംനാളുകാരുടെ ജീവിതം അങ്ങനെ വൈരുദ്ധ്യങ്ങളുടെ ഗോദയും, സംഘര്‍ഷങ്ങളുടെ സമുജ്ജ്വല നാടകവുമായി മാറുന്നു... ബുധന് നേരിയ മുന്‍തൂക്കം ലഭിച്ചേക്കാം. ഏത് മത്സരത്തിനും ഒരുഫലം ഉണ്ടെന്ന് വിശ്വസിക്കുകയാണെങ്കില്‍ മാത്രം.... ഒരര്‍ത്ഥത്തില്‍ ഇത് ഏറിയും കുറഞ്ഞും, വ്യത്യസ്തമായ അനുപാതത്തില്‍, എല്ലാമനുഷ്യരുടെയും ജീവിതത്തില്‍ സംഭവിക്കുന്നതു തന്നെയാവാം!
'അത്തം: അറിയേണ്ടതെല്ലാം' എന്ന പുസ്തകത്തില്‍ കൂടുതല്‍ വിശകലനങ്ങള്‍ വായിക്കാം.
പുസ്തകങ്ങള്‍ വാങ്ങാനായി വിളിക്കുകയോ വാട്ട്‌സാപ്പ് അയക്കുകയോ ചെയ്യുക...ഫോണ്‍:98460 23343
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ