' നേര്‍വരയുടെ നീതി ശാസ്ത്രം..'

 പൂരുട്ടാതി നാളുകാരെക്കുറിച്ച്

എസ്. ശ്രീനിവാസ് അയ്യര്‍
അവനി പബ്ളിക്കേഷന്‍സ്
98460 23343

        ദേവവാണിയില്‍   'പ്രോഷ്ഠപദം ' എന്നും   'ഭാദ്രപദം ' എന്നും പേരുകളുള്ള ഒരു  നക്ഷത്രത്തിന്റെ രണ്ട് തുല്യ പകുതികളാണ് അഥവാ അതിന്റെ മുന്‍, പിന്‍ ഭാഗങ്ങളാണ്  പൂരുട്ടാതിയും ഉത്രട്ടാതിയും . പൂരുട്ടാതിക്ക് പൂര്‍വ്വ പ്രോഷ്ഠപദം എന്നും പൂര്‍വ്വഭാദ്രപദമെന്നും പേരുകള്‍. ഉത്രട്ടാതിക്ക്  ഉത്തര പ്രോഷ്ഠപദം എന്നും ഉത്തര ഭാദ്രപദമെന്നും പേരുകള്‍.  ഒരു കട്ടിലിന്റെ രണ്ടു  മുന്‍കാലുകളുടെ ആകൃതിയാണ്  പൂരുട്ടാതിക്കെന്നും ആ  കട്ടിലിന്റെ രണ്ട് പിന്‍കാലുകളുടെ സ്വരൂപമാണ്  ഉത്രട്ടാതിക്കെന്നും പണ്ഡിതന്മാര്‍ വ്യക്തമാക്കുന്നു. എന്നാല്‍ ഇക്കാര്യത്തില്‍  വിഭിന്ന പക്ഷങ്ങളുമുണ്ട്.   

ഭദ്രമെന്ന പദത്തിന് സൗഭാഗ്യം, ഐശ്വര്യം, മംഗളം തുടങ്ങിയ അര്‍ത്ഥങ്ങളുണ്ടല്ലോ. പൊതുവേ ഈ നക്ഷത്രത്തില്‍ ജനിക്കുന്നവര്‍ വിജയശ്രീലാളിതന്മാരാകും ; ഭൗതികനേട്ടങ്ങള്‍ സ്വന്തമാക്കും.  ജീവിതത്തിന്റെ ആദ്യ പകുതിയില്‍ തന്നെ വിജയിക്കുന്നവരും നേട്ടങ്ങള്‍ കൊയ്യുന്നവരുമാണ് പൂരുട്ടാതിക്കാരെന്ന് പൂര്‍വ ഭാദ്രപദമെന്ന പേര് സൂചിപ്പിക്കുന്നതായി ഒരു നിരീക്ഷണമുണ്ട്.    എന്നാല്‍ ജീവിതത്തിന്റെ രണ്ടാം പകുതിയിലായിരിക്കും  ഉത്രട്ടാതിക്കാര്‍ നേട്ടങ്ങളുണ്ടാക്കുക എന്ന് ഉത്തര ഭാദ്രപദമെന്ന പേര് സൂചിപ്പിക്കുന്നതായും നിരീക്ഷിക്കപ്പെടുന്നു.  

'മുപ്പത്തി മുക്കോടി ' എന്നാണല്ലോ ഭാരതീയ രുടെ ദേവതാ സങ്കല്പത്തെ പറയാറ്. ഇതില്‍ തീരെ കുറഞ്ഞ ഒരു ന്യൂനപക്ഷം മാത്രമാണ് നമുക്ക് പരിചിതര്‍. അഥവാ നമ്മുടെ ആരാധനാപാത്രങ്ങള്‍. വേദഗ്രന്ഥങ്ങളില്‍ വളരെക്കുറച്ച് മാത്രം പ്രകീര്‍ത്തിക്കപ്പെട്ടിട്ടുള്ള ഈശ്വരനാണ് പൂരുട്ടാതിയുടെ ദേവതയായ   'അജൈകപാത് '. ഏകാദശരുദ്രന്മാരില്‍ ഒരാളാണെന്നും വിശ്വകര്‍മ്മാവിന്റെ പുത്രന്മാരില്‍ ഒരാളാണെന്നും രണ്ടു വിശ്വാസങ്ങളുണ്ട്. ആ ദേവനെ സംബന്ധിക്കുന്ന പല കാര്യങ്ങളും അന്നും ഇന്നും ഒരു ദേവരഹസ്യമായിത്തന്നെ തുടരുകയാണ്. എന്തായാലും ശിവാംശമുള്ള ദേവനാണ് എന്നതില്‍ ദൈവജ്ഞന്മാര്‍ യോജിക്കുന്നുണ്ട്. അതിനാല്‍ ആയുഷ്‌ക്കാലം മുഴുവന്‍ ശിവഭജനമാണ് പൂരുട്ടാതിക്കാര്‍ക്ക് ശ്രേയസ്സിന് നിദാനമായിത്തീരുന്നത് എന്ന് ചിന്തിക്കുന്നത് യുക്തിസഹമായിരിക്കും. 

'അജൈകപാത് ' എന്ന പദത്തിന്  'ഒറ്റക്കാലുള്ള/ ഒറ്റക്കാലില്‍  നിലയുറപ്പിച്ചിട്ടുള്ള ആട്' എന്നാണ് അര്‍ത്ഥം. ഒറ്റക്കാലില്‍ ഉള്ള നില്‍പ്പിന് ഒരു തപസ്സിന്റെ ഗൂഢാത്മകതയും ഏകാഗ്രതയുമുണ്ട്. അതിനെ അപൂര്‍ണതയായി കണക്കാക്കരുത്. പൂരുട്ടാതിനാളുകാരും ചിലപ്പോള്‍ ജീവിതത്തെ ഒരു ഉഗ്രതപസ്യയാക്കി മാറ്റാറുണ്ട്. ഉന്നതമായ ലക്ഷ്യബോധമുള്ളവരാണ്. കാര്യം നേടുന്നതു വരെ പിന്തിരിയലില്ല. വലിയ ലക്ഷ്യങ്ങള്‍ നിശ്ചയിക്കാനും കഠിന പ്രയത്നത്തിലൂടെ അതു നേടാനും തീവ്രശ്രമം നടത്തുന്നവരാണ്. ചിലപ്പോള്‍ സ്വഭാവത്തില്‍ പരുക്കന്‍മട്ടോ വിട്ടുവീഴ്ചയില്ലായ്മയോ  കണ്ടേക്കും. അതിനാല്‍  ഇവരെക്കുറിച്ച് ധാരാളം തെറ്റിദ്ധാരണകളും സഹജമായി ഉയര്‍ന്നു വരും.    

കണക്കില്‍ കണിശതയുള്ളവരാണ് പൂരുട്ടാതി നാളുകാര്‍. അതുകൊണ്ടുതന്നെ റൊക്കപ്പുള്ളികളും.  'ഇന്ന് റൊക്കം നാളെ കടം '  എന്നത് ഇവരുടെ ജീവിതദര്‍ശനമാണ്.   'ആറ്റില്‍ കളഞ്ഞാലും അളന്ന് കളയണം' എന്ന  ആദര്‍ശത്തില്‍ നിന്നും വ്യതിചലിക്കില്ല.  അതൊക്കെ ആരെങ്കിലും ശാസിച്ചിട്ടോ ഉപദേശിച്ചിട്ടോ ചെയ്യുന്നതല്ല. സ്വയം ശിക്ഷണത്തിന്റെയും അച്ചടക്കത്തിന്റെയും ഭാഗമാണ്. അതുകൊണ്ടാവാം ജീവിതയാത്രയില്‍ പിന്തിരിഞ്ഞു നോക്കുമ്പോള്‍ ഇവര്‍ക്ക് സംതൃപ്തി കിട്ടുന്നത്. 'കണക്കപ്പിള്ളയുടെ വീട്ടില്‍ വറക്കലും  പൊരിക്കലും ; കണക്കുനോക്കുമ്പോള്‍ കരച്ചിലും പിഴിച്ചിലും' എന്ന പഴഞ്ചൊല്ല് പൂരുട്ടാതിക്കാരുടെ കാര്യത്തില്‍ പതിരായിത്തീരുകയാണ് ! ഇങ്ങനെയൊക്കെയാവുന്നത് ജീവിതത്തെ കര്‍ക്കശമായ ഒരു തപസ്സുപോലെ മുന്നോട്ട്  കൊണ്ടുപോകുന്നതിനാലാവാം. (എന്നാല്‍ ഇതെല്ലാം പൂരുട്ടാതിക്കാര്‍  അറിഞ്ഞുകൊണ്ടുള്ള ഒരു മഹനീയ കൃത്യമാണെന്നൊന്നും ഇവിടെ വിവക്ഷയില്ല)  

പരാതികളും പരിഭവങ്ങളും അവരെക്കുറിച്ച് കുടുംബത്തില്‍ നിന്നുതന്നെ ഉയരാം. കര്‍ക്കശമായ നിലപാടുകളെടുക്കുന്ന വരാകയാല്‍ മനുഷ്യത്വം കുറവാണെന്നും വെറും യാന്ത്രികമാണ് സമീപനങ്ങളെന്നും എമ്പാടും പഴി കേള്‍ക്കാം. ഹൃദയത്തിന് കടുകുമണിയുടെ പോലും വലിപ്പമില്ലല്ലോ എന്ന് ആക്ഷേപിക്കപ്പെടാം. എത്ര എളിയ സാഹചര്യത്തിലുള്ള ജീവിതമാണെങ്കിലും താന്‍ ചെയ്യുന്നതിനെക്കുറിച്ച്, സ്വന്തം ലക്ഷ്യത്തെ ക്കുറിച്ച് യാതൊരു വിധത്തിലുള്ള ഉല്‍ക്കണ്ഠയും അവര്‍ക്കില്ല. തന്റെ കാല്‍വെയ്പുകള്‍ നേര്‍വരയില്‍ നിന്നും മാറുന്നുണ്ടോ എന്നും നേരെ ചൊവ്വേ തന്നെയാണോ താന്‍ പോകുന്നതെന്നും മാത്രമാണ് പൂരുട്ടാതിക്കാര്‍ നോക്കുക. നിങ്ങള്‍ പുകഴ്ത്തിയാലും ഇകഴ്ത്തിയാലും അതാണ് അവരുടെ ജന്മനിയോഗം.

കൂടുതല്‍ നിരീക്ഷണങ്ങള്‍   'പൂരുട്ടാതി : അറിയേണ്ടതെല്ലാം '  എന്ന പുസ്തകത്തില്‍ വായിക്കാം.   

ഇന്ന് പിറന്നാളും പക്കപ്പിറന്നാളും ആഘോഷിക്കുന്ന എല്ലാ പൂരുട്ടാതി നാളുകാര്‍ക്കും ആശംസകള്‍...

പുസ്തകം വാങ്ങാനായി വിളിക്കുകയോ വാട്ട്സാപ്പ് അയക്കുകയോ ചെയ്യുക...
ഫോണ്‍:98460 23343

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

നിത്യയോഗങ്ങളുടെ പേരുകളും ഫലങ്ങളും

ശനിക്ക് ഒരു രഹസ്യമുണ്ട്. എന്താണ് ശനിയുടെ മർമ്മം? ആ രഹസ്യം തുറക്കും താക്കോൽ ഇതാ ഇവിടെ

ഒരു നക്ഷത്രം, പല അനുഭവം