ദേവശില്പിയുടെ മനുഷ്യഭാവം


ചിത്തിര നാളിനെക്കുറിച്ച്

എസ്. ശ്രീനിവാസ് അയ്യര്‍,
അവനി പബ്‌ളിക്കേഷന്‍സ്.
98460 23343

മനുഷ്യരാശികള്‍  മിഥുനം, കന്നി, തുലാം, കുംഭം എന്നിവ നാലും ഭാഗികമായി ധനുരാശിയുമാണ്. അതായത് മനുഷ്യന്റെ രൂപമുള്ളവ.

മറ്റു രാശികള്‍ മൃഗസ്വരൂപങ്ങളും ഞണ്ട്, തേള്‍, മുതല, മത്സ്യങ്ങള്‍ എന്നിങ്ങനെയുള്ള  ആകൃതികളോട്  കൂടിയവയുമാകുന്നു.    

മനുഷ്യരാശിയില്‍ മുഴുവനായി അതായത്, നാലുപാദങ്ങളും വരുന്നത്  27 നക്ഷത്രങ്ങളില്‍ ആകെ അഞ്ചെണ്ണം മാത്രമാണ്. തിരുവാതിര, ചോതി, ചതയം, അത്തം, ചിത്തിര എന്നിവ മാത്രം. ചിത്തിര ഒഴികെ മറ്റു നാലു നക്ഷത്രങ്ങളും ഒരു രാശിയില്‍ വരുന്ന മുഴു നക്ഷത്രങ്ങളാണ്.  ചിത്തിര 1,2 പാദങ്ങള്‍ കന്നിരാശിയിലും 3, 4 പാദങ്ങള്‍ തുലാം രാശിയിലും വരുന്നു. രണ്ടു രാശികളിലായി വരുന്ന ഒമ്പത് മുറി നക്ഷത്രങ്ങളില്‍ ചിത്തിര ഒന്നാണാകെ  മനുഷ്യരാശികളില്‍ ഉള്‍ച്ചേരുന്നതും.  'അസുരഗണം 'എന്ന വിഭാഗത്തില്‍ വരുന്നുണ്ടെങ്കിലും  മനുഷ്യരാശികളുമായുള്ള ചിത്തിരയുടെ ബന്ധം ദൃഢമാണെന്ന്  വ്യക്തമാക്കാനാണ് ഇതെഴുതിയത്.  ഇപ്രകാരം ഓരോ വിഷയത്തെയും പലതരത്തില്‍ നിരീക്ഷിക്കാനും പുതു നിഗമനങ്ങളിലും കൃത്യമായ  ക്രോഡീകരണങ്ങളിലും എത്താനും ആര്‍ഷവിദ്യകള്‍   വിശാലമായ  വാതില്‍ തുറന്നിടുന്നുണ്ട്. അതാണ് അവയുടെ കാലാതീതത്ത്വവും.

ചിത്തിരയുടെ ദേവത വിശ്വകര്‍മ്മാവാണ് എന്നും ത്വഷ്ടാവ് ആണ് എന്നും വാദമുണ്ട്. വിശ്വകര്‍മ്മാവാണ് ദേവത എന്ന വാദത്തിനാണ് പ്രാബല്യം കൂടുതല്‍. ദേവശില്പി എന്ന നിലയ്ക്ക് അദ്ദേഹത്തിന്റെ ഖ്യാതി പുരാണ ഗ്രന്ഥ  ങ്ങളില്‍ വിവരിക്കപ്പെടുന്നു. സ്വന്തം ദേവതയുടെ മികവുകളും മഹിമകളും ചെറിയ അളവിലെങ്കിലും ആ വ്യക്തികളില്‍ സന്നിവേശിക്കപ്പെടും. മനുഷ്യരെന്ന പരിമിതിയില്‍ നില്‍ക്കുമ്പോഴും ചില കുതിപ്പുകള്‍ നടത്താന്‍ കഴിയും. അത് കുതിപ്പായി രുന്നുവോ കിതപ്പായിരുന്നുവോ എന്ന് കാലം രേഖപ്പെടുത്തിക്കൊള്ളും എന്നത് മറ്റൊരു കാര്യം.  

ജീവിതത്തെ ഒരു ശില്പമായി കാണുന്നവരാണ് ചിത്തിര നാളുകാര്‍. മരമറിഞ്ഞുള്ള  തച്ചാണ്. ചെത്തി ചിന്തേരിടാനും  ചീകിക്കൂര്‍പ്പിക്കാനും പ്രാഗത്ഭ്യമുണ്ട്. ആരൂഢത്തെക്കുറിച്ച് തികഞ്ഞ അവഗാഹമുണ്ട്. അളന്നു കുറിക്കുമ്പോള്‍ തന്നെ വൈഭവം വ്യക്തമാകും. വാക്കുകള്‍ക്ക് ചിലപ്പോള്‍ വീതുളിയുടെ മൂര്‍ച്ചവരും എന്നത് വേറെ കാര്യം.  മോന്തായം കൂട്ടിപ്പിടിക്കുമ്പോള്‍ ഞാനെന്ന ഭാവം നെറുകയും കടക്കും. തപസ്സു പോലെ ഉരുകി സുന്ദരമായ ശില്പങ്ങള്‍ തീര്‍ത്തു കഴിയുമ്പോള്‍  ഇലയില്‍ പൊതിഞ്ഞ നെറികേടും നിന്ദയുമാവും ചിലപ്പോള്‍  ദക്ഷിണ കിട്ടുക. ഉപ്പും പുളിയും കയ്പും ചവര്‍പ്പും ജീവിതത്തിന്റെ സ്ഥായി ; മധുരം കിട്ടിയാല്‍ കിട്ടട്ടെ. ആ പാഠം ഭംഗിയായി പഠിച്ചവരാണ്. കൊള്ളാനും കൊടുക്കാനും മടിയില്ല. വെട്ടും തടയും വഴങ്ങും. നിഴലായി ഒപ്പം കൂടുന്ന തിരിച്ചടികളില്‍  തളര്‍ന്നുപോകാതെ പിന്നെയും  നവശില്പശാലകള്‍ തേടുക എന്നതാണ് ചിത്തിരയുടെ നിയോഗം.  

എളിയ നിരീക്ഷണങ്ങള്‍ മാത്രമാണ്  ഇവിടെ എന്റെ  അക്ഷര ദൗത്യം. കൂടുതല്‍ വായിക്കാനും അറിയാനും ചിത്തിരയെക്കുറിച്ച് എഴുതിയ പുസ്തകത്തിലേക്ക്  ശ്രദ്ധ ക്ഷണിക്കുന്നു.

പുസ്തകം വാങ്ങാനായി വിളിക്കുകയോ വാട്ട്സാപ്പ് അയക്കുകയോ ചെയ്യുക...
ഫോണ്‍:98460 23343

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

നിത്യയോഗങ്ങളുടെ പേരുകളും ഫലങ്ങളും

ശനിക്ക് ഒരു രഹസ്യമുണ്ട്. എന്താണ് ശനിയുടെ മർമ്മം? ആ രഹസ്യം തുറക്കും താക്കോൽ ഇതാ ഇവിടെ

ഒരു നക്ഷത്രം, പല അനുഭവം