ത്രാസ്സിന്റെ മനസ്സുള്ള മനുഷ്യര്‍

തുലാക്കൂറുകാരെക്കുറിച്ച്

എസ്. ശ്രീനിവാസ് അയ്യര്‍
അവനി പബ്ലിക്കേഷന്‍സ്
98460 23343

ചിത്തിരയുടെ രണ്ടാം പകുതിയും ചോതി നാലുപാദങ്ങളും വിശാഖം മുക്കാലും അടങ്ങുന്നതാണ് തുലാംരാശി അഥവാ തുലാക്കൂറ്. രാശിചക്രത്തിലെ ഏഴാം രാശിയാണ്. ഇതിനെ ഓജരാശി, ചരരാശി, പുരുഷരാശി, വിഷമരാശി തുടങ്ങിയ പലപേരുകളില്‍ അതിന്റെ പ്രകൃതം മുന്നിട്ട് വിളിക്കുന്നു.

രാശിചക്രത്തിലെ എല്ലാരാശികള്‍ക്കും വ്യക്തമായ രൂപം നല്‍കപ്പെട്ടിരിക്കുന്നു. അങ്ങാടിയില്‍ ത്രാസ്സുമായിരുന്ന് വ്യാപാരത്തിലേര്‍പ്പെടുന്ന മനുഷ്യന്റെ സ്വരൂപമാണ് തുലാം രാശിക്ക്. കന്നി, മിഥുനം, തുലാം, കുംഭം, ധനു ആദ്യ പകുതി എന്നിവയ്ക്ക് മനുഷ്യ രൂപമുള്ളതിനാല്‍ 'നരരാശി' എന്നു വിളിക്കപ്പെടുന്നു.അതിനാല്‍ എത്ര ചേറ്റിക്കൊഴിച്ചാലും തുലാംരാശിയില്‍ ജനിച്ചവര്‍ക്ക് മനുഷ്യത്വം നഷ്ടപ്പെടുകയില്ല. മനുഷ്യസഹജമായ വികാരവിചാരങ്ങള്‍ അവരില്‍ സന്തുലിതമായിരിക്കുകയും ചെയ്യും. ചിലപ്പോള്‍ കോപശീലമാകുന്ന വന്യമൃഗം ഉള്ളില്‍ നിന്നും മുരളാം. ചിലപ്പോള്‍ കരച്ചില്‍ അണപൊട്ടാം. പലപ്പോഴും സന്തോഷം കൊണ്ട് മതിമറക്കാം.. അവയൊക്കെ മനുഷ്യ ജീവിതത്തിന്റെ ഭാഗം തന്നെയാണല്ലോ. എന്നാല്‍  കെട്ടഴിഞ്ഞുപോയാലും ആ വികാരങ്ങളെ സ്വയംമുന്നോട്ടിറങ്ങി തിരിച്ചുപിടിച്ചുകൊണ്ടുവന്ന് അതിന്റെ കുറ്റിയില്‍ത്തന്നെ കെട്ടും. ആ നിയന്ത്രണശക്തി തുലാം രാശിക്കാര്‍ നഷ്ടപ്പെടുത്തുകയില്ല. ക്ഷോഭവാസനകളെ സന്തുലനം ചെയ്യാനുള്ള കഴിവാണ് സത്യത്തില്‍ തുലാംരാശിയിലെ ചിത്തിര, ചോതി, വിശാഖം എന്നീ നക്ഷത്രങ്ങളില്‍ ജനിച്ചവരുടെ ഏറ്റവും വലിയ സിദ്ധിയെന്ന് പറയേണ്ടിയിരിക്കുന്നു.

തുലാം രാശിയുമായി മൂന്നുഗ്രഹങ്ങള്‍ക്ക് ബന്ധമുണ്ട്. മുഖ്യമായും  അത് ശുക്രന്റെ സ്വക്ഷേത്രവും മൂലത്രികോണവുമാണ്. അതിനാല്‍ തുലാക്കൂറുകാരെ 'ശുക്രമനുഷ്യര്‍' എന്നു വിളിക്കാം. ഭോഗപാരായണത്വവും ഇന്ദ്രിയങ്ങള്‍ക്കുള്ള മേല്‍ക്കൈയും ലൗകികാസക്തിയും അവരില്‍ പൂത്തുലയുന്നു. എത്ര കയ്പുരസം കുടിച്ചാലും ജീവിതത്തെ പിന്നെയും പിന്നെയും സ്‌നേഹിക്കുന്നു. സൗന്ദര്യതൃഷ്ണയും കലാഭിരുചിയും അവരുടെ കൂടപ്പിറപ്പുകളാണ്. നവോന്മേഷത്തോടെ ജീവിതത്തിന്റെ ശാദ്വലങ്ങളില്‍ മേഞ്ഞു നടക്കുവാനുള്ള ആവേശം ഒരിക്കലും കൈമോശം വരുന്നില്ല. 

ശനിയുടെ ഉച്ചരാശിയാണ് തുലാം. അതിനാല്‍ ശനിയുടെ ചില പ്രത്യേകതകളും ഇവരില്‍ തെളിയും. ഭോഗത്തിന്റെയും സ്വാര്‍ത്ഥത്തിന്റെയും മുന്‍ഭാരംമൂലം തുലാക്കൂറുകാരുടെ ജീവിതത്തിന് തുലാതാരള്യം അഥവാ അസന്തുലിതത്വം വരാതെ സൂക്ഷിക്കുന്നത് ശനിയാണ്. ശനി ഇവരുടെ ഉള്ളില്‍ ത്യാഗശീലത്തെയും നിസ്വാര്‍ത്ഥതയേയും ആദ്ധ്യാത്മികമായ ഉണര്‍വിനേയും സൃഷ്ടിക്കുന്നു. ജീവിതത്തിന്റെ കാന്തവലയത്തിനുള്ളിലിരിക്കുമ്പോഴും അതിനുനേരെ ഉത്ക്കടമായ വികര്‍ഷണം പുലര്‍ത്തി ജീവിതത്തെ സമീകരിക്കാന്‍ തുലാം രാശിക്കാര്‍ക്ക് കഴിയുന്നത് ശനിയുടെ ഈ ശക്തമായ പ്രഭാവം കൊണ്ടാണ്.  

മൂന്നാമതായി പറയാനുള്ളത് സൂര്യന്റെ സ്വാധീനമാണ്. ശുക്രന്റെയും ശനിയുടെയും പ്രഭാവം ശുഭകരമാണ് എങ്കില്‍  പ്രതിലോമകരമാണ് സൂര്യപ്രഭാവം. കാരണം സൂര്യന്‍ തുലാം രാശിയിലാണ് നീചത്തിലെത്തുന്നത് എന്നതത്രെ! അതിനാല്‍ സൂര്യനുമായി ബന്ധപ്പെട്ട പലതും തുലാക്കൂറുകാരെ പിറകോട്ടുവലിയ്ക്കും. അധികാരം/ അധികാരികള്‍, പിതാവ്, രാഷ്ട്രീയം, പൊതുപ്രവര്‍ത്തനം എന്നിവയൊക്കെ സൂര്യനുമായി പ്രത്യക്ഷ / പരോക്ഷ ബന്ധമുള്ള കാര്യങ്ങളാണ്. അവയില്‍ / അവരില്‍ നിന്നും ഏതെങ്കിലും തരത്തില്‍ തിരിച്ചടികള്‍ ഉണ്ടാവാന്‍ സാധ്യതയുണ്ട്. തുലാക്കൂറിലെ മൂന്നുനാളുകാര്‍ക്കും. സൂര്യന്റെ ദശാപഹാര ഛിദ്രാദികള്‍ ക്ലിഷ്ടഫലങ്ങള്‍ സൃഷ്ടിച്ചേക്കാനുമിട യുണ്ട്.

തുലാക്കൂറുകാര്‍ക്ക് വെള്ളിയാഴ്ചയും ശനിയാഴ്ചയും ബുധനാഴ്ചയും  അനുകൂലദിനങ്ങള്‍. ചൊവ്വ ,വ്യാഴം , ഞായര്‍ എന്നിവ പ്രതികൂല ദിവസങ്ങള്‍. തിങ്കള്‍ സമ്മിശ്രദിവസവും. ആഴ്ചകളുടെ അധിപന്മാര്‍ അതാത് ഗ്രഹങ്ങള്‍ തന്നെയാണല്ലോ. അതാണ് ഈ അനുകൂലപ്രതികൂലത കളില്‍ പ്രതിഫലിക്കുന്നതും. ഓര്‍ക്കുക രാഹുകേതുക്കള്‍ക്ക് ദിവസാധിപത്യം ഇല്ല.

ചിത്തിര, ചോതി, വിശാഖം നാളുകാര്‍ക്കും അവരെ മനസ്സിലാക്കാന്‍ ശ്രമിക്കുന്നവര്‍ക്കും ആ പേരുകളിലുള്ള ഈ ലേഖകന്റെ നക്ഷത്ര പുസ്തകങ്ങള്‍ പ്രയോജനപ്പെടും.

പുസ്തകങ്ങള്‍ വാങ്ങാനായി വിളിക്കുകയോ വാട്ട്‌സാപ്പ് അയക്കുകയോ ചെയ്യുക...
ഫോണ്‍:98460 23343

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

നിത്യയോഗങ്ങളുടെ പേരുകളും ഫലങ്ങളും

'പുഷ്ടി നല്‍കുന്ന പൂഷാവ് ....'

ഏഴരശനി അഥവാ ഏഴരയാണ്ട് ശനി