മുത്തുപോലെ... ചിരവപോലെ
ചിത്തിര നാളുകാരെക്കുറിച്ച്
എസ്. ശ്രീനിവാസ് അയ്യര്‍
അവനി പബ്ലിക്കേഷന്‍സ്
98460 23343
ഇരു രാശികളിലായി വരുന്ന ഒരു നക്ഷത്രമാണ് ചിത്തിര. കന്നിരാശിയില്‍ ആദ്യരണ്ടു പാദങ്ങളും തുലാംരാശിയില്‍ ഒടുവിലത്തെ രണ്ടുപാദങ്ങളും അടങ്ങുന്നു. കൃത്യം രണ്ടുഭാഗങ്ങളായി മുറിഞ്ഞ് ഇരുരാശികളില്‍ വരുന്ന മൂന്നുനക്ഷത്രങ്ങളാണുള്ളത്. ചിത്തിരയും അവിട്ടവും മകയിരവും. ഇവമൂന്നും ചൊവ്വയുടെ നക്ഷത്രങ്ങളാണ്. ഇവ മൂന്നും സ്ത്രീ നക്ഷത്രങ്ങളുമാണ് എന്നതും പ്രസ്താവ്യമാണ്. കന്നിരാശിയുടെ അധിപന്‍ ബുധനും തുലാം രാശിയുടെ അധിപന്‍ ശുക്രനുമാകുന്നു. ഈ ഗ്രഹങ്ങളുടെ സ്വാധീനം ചിത്തിര നാളുകാരില്‍ പ്രകടമായിരിക്കും. എങ്കിലും ചൊവ്വയുടെ സ്വാധീനമായിരിക്കും അധികാല്‍ അധികതരം. അത് ഏതെല്ലാം വിധത്തിലായിരിക്കുമെന്ന് നോക്കാം.
ചൊവ്വയെക്കുറിച്ച് വരാഹമിഹിരന്റെ ഹോരാശാസ്ത്രത്തില്‍ ഇപ്രകാരം വിവരണമുണ്ട്: 'ക്രൂരമായ നോട്ടത്തിന്റെ ഉടമയാണ് ചൊവ്വ. അതിന്റെ ആശയം എന്തിനെയും ആദ്യം സംശയിക്കുകയും പരീക്ഷിച്ചറിഞ്ഞശേഷം മാത്രം ഉള്‍ക്കൊള്ളുകയും ചെയ്യുക എന്നതാണ്. തരുണമൂര്‍ത്തിയാണ് എന്ന വിശേഷണം തൊട്ടുപിറകേ വരുന്നു. അതായത് എത്രപ്രായംചെന്നാലും യൗവ്വനം നിലനിര്‍ത്തുന്നവരായിരിക്കും എന്നാണ്. ഇവരുടെ മനസ്സിനും നിത്യ താരുണ്യമായിരിക്കും എന്നതാണ് കൂടുതല്‍ ശരി. ഉണ്ണായിവാര്യര്‍ എഴുതിയതുപോലെ 'ചെറുതായില്ല ചെറുപ്പം' എന്ന് നമുക്ക് വേണമെങ്കിലതിനെ കൂട്ടിച്ചേര്‍ക്കാം. അപ്പോള്‍ കാര്യങ്ങളുടെ എല്ലാ വശവുമായി. ഉദാരശീലനായിരിക്കും എന്ന് അടുത്ത പ്രയോഗം. ആശ്രിതന്മാര്‍ക്ക് വാരിക്കോരിക്കൊടുക്കുന്ന പഴയ മാടമ്പിമാരുടെ മട്ട് ചൊവ്വയില്‍ കാണാം. ഗ്രഹങ്ങളെ പണ്ടത്തെ വര്‍ണവ്യവസ്ഥയനുസരിച്ച് വിഭജിച്ചിട്ടുണ്ട്. അതുപ്രകാരം ഒരു ക്ഷത്രിയ ഗ്രഹമാണ് ചൊവ്വ.
ത്രിദോഷങ്ങളില്‍ പിത്തപ്രകൃതിയായിരിക്കും ചൊവ്വയ്ക്കുള്ളത്. അതിനാല്‍ ശരീരത്തിന് അധികം പുഷ്ടിയുണ്ടാവില്ല. വിശപ്പും ദാഹവുമേറും. വര്‍ദ്ധിച്ച കോപശീലവും കുറച്ചൊക്കെ പിത്തഗുണമാണ് എന്ന് പറയാം. ചപലത്വമുണ്ടാവും. മനസ്സില്‍ പലകാര്യങ്ങള്‍ ഒരേസമയത്ത് ഓടിക്കൊണ്ടിരിക്കും. ഒന്നിലും ഉറച്ചുനില്‍ക്കില്ല എന്ന ആശയത്തിനും പ്രസക്തിയുണ്ട്.
ചൊവ്വയുടെ പ്രവര്‍ത്തന രീതികളെക്കുറിച്ചും ആചാര്യന്മാര്‍ സൂചന നല്‍കുന്നുണ്ട്. 'ദിനകര രുധിരേ പ്രവേശകാലേ' എന്നാണ് നിയമം. ഒരു രാശിയില്‍ പ്രവേശിച്ചാല്‍ ഉടന്‍ തന്നെ ചൊവ്വ, ഫലം നല്‍കുകയായി. അത് നല്ലതാവാം, ചീത്തയാവാം. ഹാംലറ്റിന്റെ പുനരാലോചനകളോ സന്ദിഗ്ദ്ധതകളോ ഇല്ല. ഇംഗ്ലീഷില്‍ പറയുന്ന 'Delay in action' എന്നത് ചൊവ്വയ്ക്ക് സങ്കല്പിക്കാന്‍ കൂടി കഴിയാത്ത കാര്യമാണ്. ശരിതെറ്റുകളെക്കുറിച്ച് അധികം ആലോചിക്കുകയില്ല. തീരുമാനങ്ങളെ ചുവപ്പുനാടയില്‍ കുരുക്കിയിടുകയുമില്ല. കാര്യങ്ങളെ അറിഞ്ഞോ അറിയാതെയോ നീട്ടിക്കൊണ്ടുപോകുന്ന ഗ്രഹമാണ് ശനി. ആ ശനിശീലം ചൊവ്വയെ തൊട്ടുതീണ്ടിയിട്ടില്ല. ചൊവ്വ മനുഷ്യകുലത്തില്‍ അവതരിച്ചാല്‍ എങ്ങനെയിരിക്കും എന്ന് ചിന്തിച്ചാല്‍ അത് ഏറെക്കുറെ ചിത്തിര നാളുകാരെപ്പോലെയിരിക്കും എന്നു പറയാം. ചിത്തിര നാളുകാര്‍ക്ക് ഇങ്ങനെയൊക്കെ പറഞ്ഞാല്‍ ഇഷ്ടപ്പെടുമോ ആവോ? ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും സത്യം ഇവ്വിധമൊക്കെയാണ്.
ചിത്തിരയുടെ ആകൃതിയെക്കുറിച്ച് ഭിന്നപക്ഷങ്ങളുണ്ട്. മുത്തുപോലെ എന്ന് ഒരു വാദമുണ്ട്. മുത്തിന്റെ ഉല്പത്തി ചിപ്പിയുടെ ഒരുപാട് കാലത്തെ പൊരുന്നയിരിക്കലിനു ശേഷമാണല്ലോ? ചിത്തിരനാളുകാരും അങ്ങനെ ആറ്റുനോറ്റുണ്ടായതാവാം. മുത്ത് വിലകൂടിയ രത്‌നമാണല്ലോ! അതുപോലെ സ്വഭാവം കൊണ്ട്, സംസ്‌ക്കാരം കൊണ്ട്, കഴിവുകള്‍ കൊണ്ട് ചിത്തിര നാളുകാരും വിലയേറിയ മുത്തുകളാവാം. ആഭരണങ്ങളടങ്ങിയ ഒരു ആമാടപ്പെട്ടിയായും ചിലര്‍ ചിത്തിരയെ സങ്കല്പിക്കുന്നു. അതും അവരുടെ ഗുണവിശേഷങ്ങളുമായി ബന്ധപ്പെട്ട കാര്യം തന്നെയാണ്.
കേരളീയ ജ്യോതിഷം ചിരവയുടെ ആകൃതിയാണ് ചിത്തിരയ്ക്ക് നല്‍കിയിരിക്കുന്നത്. കുശിനിയുടെ അവിഭാജ്യഘടകമാണല്ലോ ആ ഗൃഹോപകരണം. നാളികേരത്തിന്റെ കാഠിന്യമെല്ലാം ചിരവയുടെ നാക്കിലെത്തുന്നതുവരെ മാത്രം! അതുപോലെ എന്തിന്റേയും ഉള്ളറിയാനുള്ള കഴിവ് ചിത്തിര നാളുകാര്‍ക്കുണ്ടാവാം. പാചകപ്രിയരുമാണ് എന്നതിന്റെ പ്രതീകം കൂടിയാണ് ചിരവ. 'ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍'ന്റെ വലിയ വിമര്‍ശകരുമാണ്. ഭക്ഷണത്തിന്റെ പോരായ്മകള്‍ എളുപ്പം കണ്ടുപിടിക്കും. നിഷ്‌ക്കരുണം ചൂണ്ടിക്കാട്ടും. കുറ്റംകേട്ട് ആരാനും ഇനി മേലില്‍ ഞാന്‍ ഒന്നും പാചകം ചെയ്യില്ലെന്നോ അടുക്കളയില്‍ കയറില്ലെന്നോ ശപഥം ചെയ്താല്‍ ചിത്തിരക്കാര്‍ പേടിക്കുകയില്ല. 'അരയും തലയും മുറുക്കി ' ഇവര്‍ കുശിനിയിലേക്ക് കയറുകയായി. മികവ് ഉടനേ കണ്ടുതുടങ്ങും. ആരും കുറ്റം പറയാത്തവിധം മികച്ച ആഹാരപദാര്‍ത്ഥങ്ങള്‍ വെച്ചുണ്ടാക്കാനുള്ള വൈഭവമിവര്‍ക്കുണ്ട്. പെണ്‍ചിത്തിരയുമതേ, ആണ്‍ചിത്തിരയുമതേ. ബഹുകേമമാണ് ഇവരുടെ അടുക്കള വിചാരിപ്പ് എന്നുസാരം.
'ചിത്തിര : അറിയേണ്ടതെല്ലാം' എന്ന പുസ്തകത്തില്‍ കൂടുതല്‍ വിശകലനങ്ങള്‍ വായിക്കാം.
പുസ്തകങ്ങള്‍ വാങ്ങാനായി വിളിക്കുകയോ വാട്ട്‌സാപ്പ് അയക്കുകയോ ചെയ്യുക...
ഫോണ്‍:98460 23343
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ