വരികയായി ബുധന് നീചവും മൗഢ്യവും
കൊല്ലവര്‍ഷം 1196 മീനം 17 ന് 47 നാഴിക 39 വിനാഴികയ്ക്ക് (31/3/2021 ന് അര്‍ദ്ധരാത്രിക്ക്) ബുധന്‍ മീനം രാശിയിലേയ്ക്ക് സംക്രമിക്കുന്നു. അതു മുതല്‍ മേടം രാശിയിലേയ്ക്ക് പകരുന്ന മേടം 3 ന് 35 നാഴിക 48 വിനാഴിക (16/4/2021 ന് സന്ധ്യ) വരെ (ഏകദേശം 16/ 17 ദിവസങ്ങള്‍) ബുധന്‍ നീചത്തിലാകുന്നു.
ഏറെക്കുറെ ഇതിന് സമാന്തരമായി മീനം 22 (ഏപ്രില്‍ 5) മുതല്‍ മേടം 16 (ഏപ്രില്‍ 29) വരെ (ഏതാണ്ട് 24/25 ദിവസം) ബുധന്‍ മൗഢ്യത്തിലുമാണ്. (അവലംബം: മാതൃഭൂമി പഞ്ചാംഗം) ഇത് നാം ഓരോരുത്തരെയും എങ്ങനെ ബാധിക്കും/ ഏതുവിധത്തില്‍ സ്വാധീനിക്കും എന്ന അന്വേഷണമാണിവിടെ.
ബുധന് മീനം രാശി നീചസ്ഥാനമാണ്. നീചം എന്നാല്‍ ഒരു ഗ്രഹത്തിന്റെ ബലം പൂര്‍ണമായും നഷ്ടപ്പെട്ടുപോകുന്ന അവസ്ഥയെന്നര്‍ത്ഥം. വര്‍ഷത്തിലൊരിക്കല്‍ ബുധന് നീചാവസ്ഥ സംഭവിക്കുന്നു. ഈ വര്‍ഷം ബുധന് സൂര്യസാമീപ്യം മൂലം സ്വന്തംശക്തി ക്ഷയിച്ചു പോകുന്ന കാലവും കൂടിയാണിത്. അതിനെ മൗഢ്യം എന്നുപറയുന്നു. ഇങ്ങനെ ഒരേകാലയളവില്‍ രണ്ടു തരത്തിലുള്ള പതനം സംഭവിച്ചിരിക്കുകയാണ് ബുധന്. നീചത്തിലും മൗഢ്യത്തിലും നില്‍ക്കുന്ന ഗ്രഹത്തിന് ഒരു ചെറുകണത്തോളം പോലും നന്മചെയ്യാനാവില്ല. എന്നുമാത്രവുമല്ല ആ ഗ്രഹത്തിന് സ്വതസ്സിദ്ധമായ ഗുണങ്ങള്‍ പ്രകാശിപ്പിക്കാനും കെല്പില്ലാതെ വരും. ചത്തതിനൊക്കുമേ ജീവിച്ചിരിക്കിലും എന്ന കവിവാക്യം പോലെ തന്നെ. പക്ഷേ ഒന്നുണ്ട്. ആ ഗ്രഹത്തിന് ഒട്ടുവളരെ ദോഷങ്ങളും ക്ലേശങ്ങളും നല്‍കാന്‍ കഴിവുണ്ടാകും. അതാണ് പ്രധാനം. സ്വാഭാവികമായും ഇരുപത്തിയേഴ് നക്ഷത്രങ്ങളിലും / പന്ത്രണ്ട് രാശികളിലും ജനിച്ചവരെയും ബുധന്റെ നീച / മൗഢ്യ സ്ഥിതി ബാധിക്കുന്നു . ചിലരെ കൂടുതല്‍, ചിലരെ സാമാന്യമായി. എങ്ങനെയായാലും അമ്പുകൊള്ളാത്തവരില്ല കുരുക്കളില്‍ എന്ന് പറയുന്നതു പോലെയാണ് യാഥാര്‍ത്ഥ്യം.
വാക്കിന്റെയും വചനത്തിന്റെയും കാരകഗ്രഹമാണ് ബുധന്‍. കാരകന്‍ എന്നുപറഞ്ഞാല്‍ വകുപ്പ് മേധാവി എന്നര്‍ത്ഥം. കൂടാതെ എഴുത്ത്, ഗണിതം, ഹാസ്യം, ബുദ്ധിപരമായ പ്രവര്‍ത്തനങ്ങള്‍, ബന്ധുത്വം, പലതരം അറിവുകള്‍, ജ്ഞാനാന്വേഷണങ്ങള്‍, കളി, കൗശലം, ആശയ വിനിമയശേഷി എന്നിവയെല്ലാം മുഖ്യമായി ബുധനുമായി ബന്ധപ്പെടുന്നു.
വാള്‍മുനപോലെ തിളക്കമുളള ബുദ്ധിയുടെയും വിവേക ത്തിന്റെയും ഗ്രഹമാണ് ബുധന്‍. അത് തുരുമ്പിച്ചതാവും എന്നതാണ് ബുധന്റെ നീച / മൗഢ്യ കാലത്തിലെ ഏറ്റവും വലിയ ദുര്‍ഗതി. വാക്കും വ്യാകരണവുമറിയുന്ന പണ്ഡിതന്റെ ഭാഷപോലും അബദ്ധജടിലമാവാം. കേരളം ഏറെ പ്രധാനപ്പെട്ട ഒരു തെരഞ്ഞെടുപ്പിലൂടെ കടന്നുപോകുന്ന കാലയളവാണിത്. ഏറ്റവും വിവേകമതിയായ വ്യക്തിയ്ക്കു പോലും ബുധന്റെ ദുസ്ഥിതി മൂലം വലുതായ ആശയക്കുഴപ്പമുണ്ടാവും. ശരിതെറ്റുകളുടെ നൂല്‍പ്പാലം കടക്കാന്‍ കഴിയാതെ, കാശിക്കു പോയ ബുദ്ധിയുമായി സര്‍വ്വമനുഷ്യരും മങ്ങുകയും മ്ലാനരാവുകയും ചെയ്യും. വോട്ടര്‍മാര്‍ക്ക് മാത്രമല്ല രാഷ്ട്രീയപാര്‍ട്ടികള്‍ക്കും അതിനെ നയിക്കുന്ന നേതാക്കന്മാര്‍ക്കുമെല്ലാം ചിന്താക്കുഴപ്പവും ആശയദാരിദ്ര്യവും ഉണ്ടാകുന്ന കാലമാണ്. അതിന്റെ ഫലമെന്നോണം കുത്സിതവും കുപിതവും ചിലപ്പോള്‍ ക്രൂരവുമായ വാക്കുകള്‍ വിഷം പുരട്ടിയ അമ്പുകള്‍ പോലെ അങ്ങോട്ടുമിങ്ങോട്ടും ചീറിനടക്കും. വികടവാക്കുകളും കടുംഭര്‍ത്സനങ്ങളും എമ്പാടും ഉയര്‍ന്നു കേള്‍ക്കപ്പെടും. പത്രവും ടെലിവിഷനും നവ സാമൂഹ്യ മാധ്യമങ്ങളുമെല്ലാം ബുധന്റെ വകുപ്പുകളാണ്. ബുധന്റെ ദുര്‍ഗതി അവയേയും പിടികൂടുകയായി. സത്യത്തില്‍ ആശയങ്ങളുടെ ആ നല്ലകാലം പൊലിഞ്ഞതായി ആരും ഖേദിച്ചു പോകും. നല്ലവാക്കുകള്‍ ഇനി എന്നാണ് പറയപ്പെടുക / കേള്‍ക്കപ്പെടുക എന്ന് ആരും ആശിച്ചുപോകുകയും ചെയ്യും. ഏപ്രില്‍ മാസം മുഴുവന്‍ ബുധന് ബലഹാനിയുള്ളതിനാല്‍ തെരഞ്ഞെടുപ്പ് കഴിഞ്ഞാലും വാക്കുകളും ആശയങ്ങളും ചീഞ്ഞുനാറിക്കൊണ്ടു അന്തരീക്ഷത്തില്‍ തുടരും.
ബുധന്റെ നക്ഷത്രങ്ങള്‍ ആയില്യം, തൃക്കേട്ട , രേവതി എന്നിവയാണ്. ബുധന്റെ രാശികള്‍ അഥവാ സ്വക്ഷേത്രങ്ങള്‍ മിഥുനവും കന്നിയുമാണ്. മുകളില്‍ പറഞ്ഞ മൂന്ന് നക്ഷത്രക്കാരെയും മിഥുനം, കന്നി എന്നീ രാശികള്‍ കൂറോ ലഗ്‌നമോ ആയിട്ടുള്ളവരെയും ബുധന്റെ നീചവും മൗഢ്യവും കൂടുതലായി ബാധിക്കും.
മേടക്കൂറുകാര്‍ക്ക് അവരുടെ വ്യയസ്ഥാനത്ത് ബുധന് നീചം വന്നിരിക്കുകയില്‍ സഹോദരര്‍ക്ക് വേണ്ടി, സഹായിക്കുവേണ്ടി, ശത്രുവിനുവേണ്ടി ഏറെ പണവും ബുദ്ധിയും ഊര്‍ജ്ജവും ചെലവഴിക്കേണ്ടിവരും. ബന്ധങ്ങളില്‍ വിള്ളലുണ്ടാകുന്നത് വേദനിപ്പിക്കും. ഇടവക്കൂറുകാര്‍ക്ക് വാക്കുകള്‍ മോശമായി ഉപയോഗിക്കേണ്ടിവരും. പരീക്ഷയില്‍ അത്ര നന്നായി മിടുക്ക് കാണിക്കാന്‍ കഴിഞ്ഞില്ലെന്നും വരാം. സന്താനങ്ങളെച്ചൊല്ലി വല്ല വിഷമതകളും വന്നേക്കാം. മിഥുനക്കൂറുകാര്‍ക്ക് ഗൃഹസൗഖ്യം കുറയും. തൊഴിലിടത്ത് കാര്യങ്ങള്‍ നല്ലരീതിയിലല്ലല്ലോ എന്ന വിഷമം ഉണ്ടാകാം. വ്യക്തിത്വം പ്രതിസന്ധിയിലാണെന്ന് തോന്നാം. കര്‍ക്കിടകക്കൂറുകാര്‍ക്ക് പിതൃദുരിതം , സഹോദരരില്‍ നിന്നും മോശം അനുഭവങ്ങള്‍ എന്നിവയ്ക്ക് സാധ്യതയുണ്ട്. ദുര്‍വ്യയം മൂലം ധനസ്ഥിതി ശോച്യമാകാം.
ചിങ്ങക്കൂറില്‍ ജനിച്ചര്‍ക്ക് കുടുംബസൗഖ്യം കുറയും. അവിചാരിതമായി ആശുപത്രിവാസം വേണ്ടിവന്നേക്കാം. നല്ലസൗഹൃദങ്ങള്‍ നിലനിര്‍ത്താന്‍ ഏറെ പണിപ്പെടും. കന്നിരാശിക്കാര്‍ക്ക് ദാമ്പത്യപ്രശ്‌നങ്ങള്‍ അധികരിക്കും. അനുരഞ്ജന സാധ്യതകള്‍ മങ്ങും. കര്‍മ്മഗുണം അല്പമൊന്ന് മയക്കത്തിലാവുന്ന കാലവുമായിരിക്കും. തുലാം രാശിക്കാര്‍ക്ക് ഭാഗ്യം കപ്പിനും ചുണ്ടിനുമിടയില്‍ വഴുതുന്നത് വേദനയോടെ നോക്കിനില്‍ക്കേണ്ടതായി വരും. ഗുരു കാരണവന്മാരുടെ മനക്ലേശത്തിന് താന്‍ കാരണമായല്ലോ എന്ന ഖേദവിചാരത്തിനും നേരിയ സാധ്യതയുണ്ട്. വൃശ്ചികക്കൂറുകാര്‍ വാഹനയാത്ര കരുതലോടെ ചെയ്യണം. ഇരുവട്ടം ആലോചിച്ച ശേഷം മതി ചെറിയ കാര്യങ്ങളുടെ നിര്‍വഹണം പോലും. ധനക്ലേശമേറും. ബന്ധുമിത്രാദികള്‍ ശത്രുപക്ഷത്തിലാണെന്ന് ബോധ്യമാകും. ധനു രാശിക്കാര്‍ക്ക് വീട്, വാഹനം , വളര്‍ത്തുമൃഗങ്ങള്‍ എന്നിവ സൈ്വരക്കേടു വരുത്താം. അവധിക്കാലമാണ് , ജലവിനോദങ്ങളില്‍, വിശേഷിച്ച് അപരിചിതമായ കുളങ്ങളിലും പുഴകളിലും മറ്റുമുള്ള കുളി എന്നിവയില്‍ ശ്രദ്ധിക്കണം. പ്രത്യേകിച്ചും കുട്ടികള്‍.
മകരക്കൂറുകാര്‍ രോഗദുരിതാദികള്‍ക്ക് വിധേയരാവാനിടയുണ്ട്. പ്രതിരോധചികിത്സയും ആരോഗ്യപരിശോധനകളും മുറതെറ്റാതെ നടത്തണം. കുംഭം രാശിയില്‍ ജനിച്ചവര്‍ക്ക് ചെയ്യേണ്ടിയിരുന്നില്ലെന്നോ അല്ലെങ്കില്‍ പറയേണ്ടിയിരുന്നില്ലെന്നോ പിന്നീട് തോന്നുന്ന കാര്യങ്ങള്‍ പലതും ചെയ്യേണ്ടി വരും. ചിന്താശൂന്യമായി പെരുമാറാനും പറയാനും ഇടയുള്ള സാഹചര്യങ്ങള്‍ സംജാതമായേക്കും എന്ന് സാരം. മീനക്കൂറില്‍ ജനിച്ചവര്‍ക്ക് മനസ്സമാധാനത്തിന് ഭംഗം വരുന്ന കാര്യങ്ങള്‍ പലതും അരങ്ങേറും. ദാമ്പത്യം ഊഷ്മളമാവില്ല. കൊത്തും കോളുമുള്ള വാക്കുകള്‍ പറയാന്‍ നിര്‍ബന്ധിതരാകും. വാക്കുകളുടെ കയ്പുരസം പോയിക്കിട്ടാന്‍ പറഞ്ഞയാള്‍ക്കും കേട്ടയാള്‍ക്കും കാലമൊരു പാട് കാത്തിരിക്കേണ്ടതായി വരും.
പൊതുവേ നക്ഷത്രവും കൂറുമൊക്കെ ഏതായിരുന്നാലും ചിലതൊക്കെ ഇനി പറയും വിധത്തിലായിരിക്കും. നല്ലഅര്‍ത്ഥത്തില്‍ പറഞ്ഞാല്‍പോലും തെറ്റായ അര്‍ത്ഥമാവും ചെവിക്കൊള്ളുക. ബന്ധുക്കള്‍ ശത്രുക്കളായേക്കും. അമ്മാവനും മരുമകനും ധ്രുവങ്ങളില്‍ നിലയുറപ്പിക്കും. അരിയെത്ര എന്നു ചോദിച്ചാല്‍ പയറഞ്ഞാഴി എന്നാവും ഉത്തരം. പരീക്ഷക്കാലവും കൂടിയാകയാല്‍ ബുധന്റെ ബലഹീനത വിദ്യാര്‍ത്ഥികളെ വലയ്ക്കും. പഠിച്ചത് ഓര്‍മ്മയില്‍ എത്തുകയില്ല. നിസ്സാരീകരിച്ചതോ നിരാകരിച്ചതോ ആയ പാഠഭാഗങ്ങളില്‍ നിന്ന് ചോദ്യങ്ങള്‍ വരാം.
ഒരു കാര്യം സവിശേഷം ഓര്‍ക്കുക. ഒമ്പത് ഗ്രഹങ്ങളില്‍ ഒരു ഗ്രഹത്തിന്റെ ഫലം മാത്രമാണിത്. മറ്റ് എട്ടു ഗ്രഹങ്ങളും നമ്മളെ നല്ല തോ ചീത്തയോ ആയ സ്വാധീനത്തിന് വിധേയമാക്കിക്കൊണ്ടിരിക്കുകയാണ്. അതിനാല്‍ ഇവിടെ വ്യക്തമാക്കിയ ഫലങ്ങള്‍ ആപേക്ഷികമാണ്. സ്വന്തം ജാതകമനുസരിച്ചുള്ള ദശാപഹാരഛിദ്രാദികളുടെ ഫലങ്ങള്‍ വേറെയും. അതിനാല്‍ അമിതമായ ആശങ്കകളോ അനാവശ്യമായ ഭയപ്പാടുകളോ ആസ്ഥാനത്താണെന്ന് മറക്കേണ്ട.
ബുധദോഷശാന്തിക്ക് ബുധനാഴ്ച ചെയ്യുന്ന വ്രതാനുഷ്ഠാനങ്ങളും പ്രാര്‍ത്ഥനകളും ഗുണകരമാണ്. ബുധനെയും ശ്രീരാമ ശ്രീകൃഷ്ണാദി അവതാരവിഷ്ണുമൂര്‍ത്തികളെയും ഭജിക്കുക.
വാക്ക് ശ്രേയസ്സുണ്ടാക്കട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു. ആശംസകളോടെ,
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ