കുലമഹിമയുടെ ഉന്മേഷങ്ങള്‍

ഉത്രം നാളുകാരെക്കുറിച്ച്

എസ്. ശ്രീനിവാസ് അയ്യര്‍
അവനി പബ്ലിക്കേഷന്‍സ്
98460 23343

ഒരു നക്ഷത്രത്തെ മുന്‍നിര്‍ത്തി പല വീക്ഷണങ്ങള്‍ ഉണ്ടാകാം. വ്യത്യസ്തമായ കോണുകളിലൂടെ അതിനെ നോക്കിക്കാണാം. ഓരോ നക്ഷത്രത്തിനുമുണ്ടാവും പലതരം മികവുകള്‍ എന്നതാണ് യാഥാര്‍ത്ഥ്യം. അത്തരം അന്വേഷണങ്ങളാണ് എന്റെ ഓരോ നക്ഷത്രപുസ്തകവും.  എന്നാല്‍ എല്ലാ അറിവുകളും അനാവരണം ചെയ്യാന്‍  ഇതുപോലൊരു കുറിപ്പ് തീരെ അപര്യാപ്തമാണ്. ഇവിടെ ഉത്രം നാളിനെ കേന്ദ്രീകരിച്ചുകൊണ്ട് 'കുല നക്ഷത്രങ്ങള്‍' എന്താണെന്ന് വിശദീകരിക്കുവാന്‍ ശ്രമിക്കുകയാണ്.

പ്രാചീനമായ  ഒരു വിഭജനമാണ് കുല നക്ഷത്രങ്ങള്‍, അകുല നക്ഷത്രങ്ങള്‍, കുലാ കുല നക്ഷത്രങ്ങള്‍ എന്നിവ. നക്ഷത്ര വിജ്ഞാനികള്‍  ഏറെ പ്രാധാന്യം നല്‍കിയിരിക്കുന്ന വര്‍ഗീകരണമാണിത്. കുല നക്ഷത്രങ്ങള്‍ പന്ത്രണ്ടെണ്ണം ; അകുല നക്ഷത്രങ്ങളും പന്ത്രണ്ടെണ്ണം. കുലാകുല നക്ഷത്രങ്ങള്‍ നാലെണ്ണം മാത്രം. (അഭിജിത്തിനെക്കൂടി ഇവിടെ പരിഗണിക്കുന്നു. അങ്ങനെ  ആകെ ഇരുപത്തിയെട്ട് നക്ഷത്രങ്ങള്‍.)  

കുല നക്ഷത്രങ്ങളാണ് നമ്മുടെ ചര്‍ച്ചാവിഷയം. അവ അശ്വതി, കാര്‍ത്തിക, മകയിരം, പൂയം, മകം, ഉത്രം, ചിത്തിര, വിശാഖം, തൃക്കേട്ട, ഉത്രാടം, തിരുവോണം, പൂരുട്ടാതി എന്നിവ പന്ത്രണ്ടുമാണ്. ചാന്ദ്രമാസങ്ങളില്‍ പൗര്‍ണമി വരുന്ന നക്ഷത്രങ്ങളാണിവ. ഓരോ മാസത്തിലും വെളുത്തവാവ് വരുന്നത് ഈ പന്ത്രണ്ടു നക്ഷത്രങ്ങളില്‍ ഓരോ ന്നിലായിരിക്കും എന്ന് സാരം.  

മീനമാസത്തിലെ കറുത്തവാവിന്റെ പിറ്റേന്നാണ് (സാങ്കേതികമായിപ്പറഞ്ഞാല്‍ വെളുത്ത പ്രഥമ) മുതലാണ് ചാന്ദ്രവര്‍ഷം തുടങ്ങുന്നത്. പതിനഞ്ച് ദിവസം കഴിയുമ്പോള്‍ വെളുത്തവാവ് / പൗര്‍ണമി വരുന്നു. അന്ന് ചിത്തിര നക്ഷത്രമാവും. സംസ്‌കൃതത്തില്‍ ചിത്തിരയെ ചിത്രാ എന്നാണല്ലോ വിളിക്കുക. ചിത്രയുടെ അന്ന് പൗര്‍ണമി വരുന്ന മാസം ചൈത്രം എന്ന് വിളിക്കപ്പെടുന്നു. മീനമാസത്തിലെ കറുത്തവാവില്‍ തുടങ്ങി മേടമാസത്തിലെ കറുത്തവാവ് വരെ ചൈത്രം എന്ന മാസം. അതാണ് ഒരു ചാന്ദ്രവര്‍ഷത്തിലെ പ്രഥമ മാസം. അടുത്തതായി മേടമാസത്തിലെ കറുത്തവാവിന്റെ പിറ്റേന്ന്, അതായത് വെളുത്ത പ്രഥമ മുതല്‍ ഇടവമാസത്തിലെ കറുത്തവാവ് വരെ വൈശാഖം എന്ന മാസം. അങ്ങനെ പേരുവരാന്‍ കാരണം ആ മാസത്തില്‍ വിശാഖം നക്ഷത്രത്തിന്റെ അന്നാവും വെളുത്തവാവ് / പൗര്‍ണമി വരുന്നത്. ഇങ്ങനെ ഓരോ ചാന്ദ്രമാസത്തിലും വെളത്തവാവ് വരുന്ന നക്ഷത്രങ്ങളെയാണ് 'കുല നക്ഷത്രങ്ങള്‍ ' എന്നു വിളിക്കുന്നത്.  

ഒരു ചാന്ദ്രവര്‍ഷത്തിലെ അവസാനമാസമാണ് ഫാല്‍ഗുനി. കുംഭ മാസത്തിലെ കറുത്തവാവിന്റെ പിറ്റേന്ന് / വെളുത്ത പ്രഥമയില്‍ തുടങ്ങി മീന മാസത്തിലെ കറുത്തവാവ് വരെയാണ് ഫാല്‍ഗുനി മാസം. സംസ്‌കൃതത്തില്‍ ഫല്‍ഗുനി എന്ന് വിളിക്കപ്പെടുന്ന നക്ഷത്രത്തിന്റെ രണ്ടാം പകുതിയിലാവും / ഉത്തര ഫല്‍ഗുനി എന്ന ഉത്രം നക്ഷത്രത്തിലാവും ആ മാസത്തില്‍ വെളുത്തവാവ് വരിക. അത്യപൂര്‍വമായി ഈ ദിവസങ്ങളില്‍ ചില വ്യത്യാസങ്ങള്‍ കണ്ടേക്കാം. എങ്കിലും ഇതുതന്നെയാവും മിക്കവാറും സംഭവിക്കുക. അങ്ങനെ ഈ വര്‍ഷം, ഫാല്‍ഗുനിയിലെ ഉത്തര ഫാല്‍ഗുനി എന്ന ഉത്രവും പൗര്‍ണമിയും ഒത്തുവന്നിരിക്കുകയാണ്. ഫാല്‍ഗുനി മാസത്തിന്റെ ഒത്ത മധ്യമാണിത്. 

കുല നക്ഷത്രമാകയാല്‍ ഉത്രം നാളുകാര്‍ക്ക് പെരുമ പറയാനും പ്രതാപം കൊണ്ടാടാനും കുലം അഥവാ തറവാടുണ്ടാവും. പ്രശസ്തരായ മുന്‍ഗാമികളുടെ പ്രവര്‍ത്തനങ്ങളുടെ പ്രകീര്‍ത്തനങ്ങള്‍ അന്തരീക്ഷത്തില്‍ നിറഞ്ഞുനില്‍ക്കും.  അവരുടെ പ്രശസ്തിയിലേക്ക് ഇവരും കാലാന്തരത്തില്‍ ഉയര്‍ത്തപ്പെടും. സ്വന്തം ജീവിതകാലത്തുതന്നെ കുടുംബത്തില്‍ നിന്നും നാട്ടില്‍ നിന്നും ആദരവും സല്‍പ്പേരും ഇവര്‍ക്ക് ലഭിക്കും. തേഞ്ഞുപോയ പാതകള്‍ വിട്ട് പുതുവഴികള്‍ വെട്ടിയുണ്ടാക്കാനാവും കുലനക്ഷത്രക്കാര്‍ എപ്പോഴും ശ്രമിക്കുക. അതില്‍ തന്റെ ഉറച്ച പാദമുദ്രകള്‍ പതിപ്പിച്ച് നടക്കും. പിന്‍ തലമുറകള്‍ക്ക് വഴികാട്ടിയാവാന്‍ കഴിയുംവിധം  മാതൃകാപരമായിരിക്കും ഉത്രം നാളുകാരുടെ ജീവിതം. സ്വയം നിലമൊരുക്കാനും അതില്‍ മണ്ണറിഞ്ഞ്, മഴയറിഞ്ഞ്  വിത്തുവിതയ്ക്കാനും ഉത്രം നാളുകാര്‍ക്കാവും. മാത്രമല്ല നൂറുമേനി കൊയ്യാനും തന്റെ അദ്ധ്വാനഫലം മറ്റുളളവര്‍ക്കു കൂടി പങ്കിട്ടുകൊടുക്കാനും ദൈവാനുഗ്രഹം സിദ്ധിച്ചവരാണ് ഉത്രം നാളുകാര്‍. സ്വന്തം ഭാഗധേയം ഒരു പരിധി വരെ സ്വയം കരുപ്പിടിപ്പിക്കുന്നവരാണ് എന്ന് വ്യക്തം. അവരുടെ ജീവിതം ഒപ്പമുള്ളവര്‍ക്കും പിന്‍ഗാമികള്‍ക്കും ഒരു ഉണര്‍ത്തുപാട്ടായിരിക്കും. ഒരു വീട്ടില്‍ ഒരു കുലനക്ഷത്രക്കാരന്‍ / കുലനക്ഷത്രക്കാരി ഉണ്ടെങ്കില്‍ പൊതുവേ അവര്‍ക്കായിരിക്കും ജീവിതപ്പോരാട്ടത്തില്‍ സുനിശ്ചിതമായ വിജയം.  അതിനൊപ്പം തന്നെ അവര്‍ അലംഭാവം കൂടാതെ മറ്റംഗങ്ങളെയും ഉയര്‍ച്ചയിലേക്ക് അഭ്യാനയിക്കും. ചുരുക്കത്തില്‍ ഭാഗ്യവും ശ്രേയസ്സുമുള്ള ഒരു ജീവിതമാവും കുലനക്ഷത്രക്കാര്‍ക്ക് സ്വന്തമാവുക.     

'ഉത്രം : അറിയേണ്ടതെല്ലാം' എന്ന പുസ്തകത്തില്‍ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാണ്.

പുസ്തകങ്ങള്‍ വാങ്ങാനായി വിളിക്കുകയോ വാട്ട്‌സാപ്പ് അയക്കുകയോ ചെയ്യുക...
ഫോണ്‍:98460 23343

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

നിത്യയോഗങ്ങളുടെ പേരുകളും ഫലങ്ങളും

'പുഷ്ടി നല്‍കുന്ന പൂഷാവ് ....'

കരണം എന്നാല്‍