കേതു എന്ന നിഗൂഢശക്തി
ഒരു ഗ്രഹത്തിന് മൂന്ന് നക്ഷത്രങ്ങളുടെ ആധിപത്യം എന്നതാണല്ലോ ജ്യോതിഷനിയമം. അതുപ്രകാരം കേതു അധിപനാകുന്ന, കേതു ഭരിക്കുന്ന മൂന്നു നക്ഷത്രങ്ങളാണ് അശ്വതി, മകം, മൂലം എന്നിവ. ഈ മൂന്നു നാളുകാരുടെയും ജനനം കേതുദശയിലായിരിക്കും. മറ്റുവാക്കുകളില്‍ പറഞ്ഞാല്‍ ഈ നാളുകാരുടെ ജന്മദശാധിപനാണ് കേതു.
കേതുവിന്റെ ദശാകാലം ഏഴുവര്‍ഷമാണ്. മുകളില്‍ പറഞ്ഞ നക്ഷത്രങ്ങളുടെ ഒന്നാം പാദത്തില്‍ ജനിച്ചാല്‍ ഏറെക്കുറെ ഏഴുവയസ്സുവരെയുണ്ടാവും കേതുദശ. കൃത്യമായിപ്പറയുകയാണെങ്കില്‍ അശ്വതി/ മകം/മൂലം എന്നീ നക്ഷത്രങ്ങള്‍ തുടങ്ങുന്ന ആ സൂക്ഷ്മസമയബിന്ദുവില്‍ ജനിക്കുകയാണെങ്കില്‍ മാത്രമാവും കേതുദശ മുഴുവനായും (ഏഴു വര്‍ഷവും) ലഭിക്കുക. പക്ഷേ അത് 'അപൂര്‍വ ത്തില്‍ അപൂര്‍വമായിരിക്കും' എന്നതാണ് അനുഭവം. ഓരോ പാദം പിന്നിടുമ്പോഴും ഒന്നേമുക്കാല്‍ വര്‍ഷം വീതം കുറയും. നാലാം പാദത്തില്‍ ജനിച്ചാല്‍ പരമാവധി ഒന്നേമുക്കാല്‍ വര്‍ഷം/ ഒന്നേമുക്കാല്‍ വയസ്സ് വരെ മാത്രമാവും കേതുദശയുടെ അനുഭവകാലം.
വലിയ ദശകളും ചെറിയ ദശകളുമുണ്ട്. വലിപ്പം മുന്‍നിര്‍ത്തി നോക്കുകയാണെങ്കില്‍ കേതുദശ രണ്ടാം വിഭാഗത്തില്‍ വരുന്നു. ചന്ദ്രദശ, കേതുദശ, ചൊവ്വാദശ, സൂര്യദശ എന്നിവ നാലുമാണ് താരതമ്യേന ചെറുദശകള്‍. ഇവ നാലുംകൂട്ടിയാല്‍ ആകെ മുപ്പതുവര്‍ഷംമാത്രം. എന്നാല്‍ ശേഷിക്കുന്ന അഞ്ചുദശകള്‍ക്കും കൂടി തൊണ്ണൂറ് വര്‍ഷം വരും ദശാകാലം! (ആകെ നൂറ്റിയിരുപതു വര്‍ഷമാണ് ഒമ്പത് ഗ്രഹങ്ങളുടെയും കൂടിയുള്ള ദശാകാലം. അതിനെ ജ്യോതിഷഭാഷയില്‍ 'പൂര്‍ണായുസ്സ് ' എന്നു പറയും.)
കേതു 'ശിഖി' എന്ന പേരില്‍ അറിയപ്പെടുന്നു. ഗ്രഹനിലയില്‍ 'ശി' എന്ന അക്ഷരമാണ് കേതുവിനെ കുറിക്കാന്‍ ഉപയോഗിക്കുന്നത്. രാഹുവും (സ) കേതുവും (ശി) പരസ്പരം ഏഴാം രാശിയിലായിരിക്കും എപ്പോഴും എല്ലാവരുടെയും ഗ്രഹനിലയില്‍. രാഹുവില്‍ നിന്ന് കണക്കാക്കിയാലും കേതുവില്‍ നിന്ന് കണക്കാക്കിയാലും കൃത്യം 180 ഡിഗ്രി അകലത്തിലാണ് ഇരു ഗ്രഹങ്ങളുടെയും സ്ഥിതി. ആദിമ ജ്യോതിഷത്തില്‍ സൂര്യാദി സപ്തഗ്രഹങ്ങളെ മാത്രമാണ് പരിഗണിച്ചിരുന്നതെന്നും പില്‍ക്കാലത്താണ് രാഹുകേതുക്കള്‍ ഗ്രഹശ്രേണിയിലേക്ക് കൂട്ടിച്ചേര്‍ക്കപ്പെട്ടതെന്നും അങ്ങനെയാണ് 'നവഗ്രഹങ്ങള്‍' എന്ന ആശയം നിലവില്‍ വന്നതെന്നും വിദ്വജ്ജനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.
അശ്വതി, മകം, മൂലം എന്നീ നാളുകാരുടെ ജനനം കേതുദശയിലാണെന്ന് സൂചിപ്പിച്ചു. കേതു ഒരു ആസുരഗ്രഹമാണ്; പാപനും ക്രൂരനുമാണ്. വ്യാസവിരചിതമെന്ന് കരുതപ്പെടുന്ന നവഗ്രഹ സ്‌തോത്രത്തില്‍ കേതുവിനെ 'രൗദ്രം രൗദ്രാത്മകം ഘോരം' എന്നിങ്ങനെ കടുപ്പമേറിയ വാക്കുകളാല്‍ വര്‍ണിക്കുന്നു. കേതുവിന്റെ പ്രകൃതത്തില്‍ അതെല്ലാം തന്നെയുമുണ്ട്. ചെറുദശയാണ് കേതുദശയെങ്കിലും കാര്യംകൊണ്ടുനോക്കുമ്പോള്‍ ഊക്കേറിയതായിരിക്കും. 'നഞ്ഞ് / നഞ്ച് എന്തിന് നാനാഴി ' എന്ന ചൊല്ല് ഇവിടെ ഒരു സത്യകഥനമായേക്കാം, കേതുദശയുടെ കാര്യത്തില്‍. അശ്വതി, മകം, മൂലം നാളുകാരുടെ ശൈശവബാല്യങ്ങള്‍ രോഗാര്‍ത്തമോ മറ്റു തരത്തിലുള്ള വിഷമങ്ങളാല്‍ ക്ലേശഭൂയിഷ്ഠമോ ആയേക്കും. ബാലാരിഷ്ട പിടിമുറുക്കും. ജന്മദശയുടെ ഫലം അവരുടെ മാതാപിതാക്കളെയും ബാധിക്കും എന്നാണ് നിയമം. ഗാര്‍ഹിക അന്തരീക്ഷവും കലുഷമാവാം. സദ്ഭാവങ്ങളില്‍, ശുഭഗ്രഹങ്ങളുടെ യോഗദൃഷ്ട്യാദികളോടെ നില്‍ക്കുന്ന കേതുവിന്റെ ദശാകാലത്ത് സന്തപ്തതയുടെ നിഴലുകള്‍ പോയൊടുങ്ങാനും സന്തോഷത്തിന്റെ നിലാവുപരക്കാനും ഇടയുണ്ടെന്നതും പ്രസ്താവ്യമാണ്.
കേതുവിനെ സംബന്ധിച്ച പലതും അയുക്തികമായിരിക്കും. കാര്യകാരണ ബന്ധം ഇല്ലാതെ പലതും സംഭവിക്കാം. 'മഴ നനഞ്ഞു, അതിനാല്‍ ജലദോഷമുണ്ടായി' എന്ന ഋജുത്വം കേതുവിന്റെ കാര്യത്തില്‍ വിലപ്പോവുകയില്ല. അതാവാം 'കേതുവിന് ഹേതുവേണ്ട ' എന്ന ചൊല്ലില്‍ ഒളിച്ചിരിക്കുന്ന ഉണ്‍മ. ആകെ നിഗൂഢതയുടെ തേര്‍വാഴ്ചയാണ്. കേതു എന്ന ഗ്രഹത്തെക്കുറിച്ച് പറയുമ്പോള്‍ പ്രാമാണിക ജ്യോതിഷഗ്രന്ഥങ്ങള്‍ പോലും കൈക്കൊണ്ടിരിക്കുന്ന സമീപനവും ഇതുതന്നെയാണ്. കേതുവിന്റെ ആകൃതിപ്രകൃതികള്‍, സ്വക്ഷേത്രാദികള്‍, ബന്ധുശത്രു ഗ്രഹങ്ങള്‍ എന്നിവയുടെ കാര്യത്തില്‍ അന്നു മിന്നും പണ്ഡിതകേസരികള്‍ തര്‍ക്കയുദ്ധത്തിലാണ്...
ഇതൊക്കെയാണ് കേതു എന്ന ഗ്രഹത്തെ സംബന്ധിക്കുന്ന ജ്ഞാനശകലങ്ങള്‍.
അശ്വതി, മകം, മൂലം നക്ഷത്രങ്ങളെക്കുറിച്ച് കൂടുതലറിയാനും ജ്യോതിഷം പകരുന്ന ജീവിതസത്യങ്ങളുടെ വൈപുല്യം കണ്ടെത്താനും ഈ ലേഖകന്റെ നക്ഷത്ര പുസ്തകങ്ങള്‍ നടത്തിയിരിക്കുന്ന വിനീതശ്രമത്തിലേക്ക് നക്ഷത്രവിശ്വാസികളുടെ ശ്രദ്ധ, ക്ഷണിച്ചുകൊള്ളുന്നു.
പുസ്തകങ്ങള്‍ വാങ്ങാനായി വിളിക്കുകയോ വാട്ട്‌സാപ്പ് അയക്കുകയോ ചെയ്യുക...
ഫോണ്‍:98460 23343
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ