വ്യാഴത്തിന്റെ വിശേഷപ്രഭാവം

പൂയം നാളിനെക്കുറിച്ച്

എസ്. ശ്രീനിവാസ് അയ്യര്‍
അവനി പബ്ലിക്കേഷന്‍സ്
98460 23343

ദേവഗുരുവായ, ഋഷിഗുരുവായ വ്യാഴമാണ് പൂയംനാളിന്റെ ദേവത. വ്യാസന്‍ രചിച്ചതായി കരുതപ്പെടുന്ന നവഗ്രഹ സ്‌തോത്രത്തില്‍ 'കാഞ്ചനസന്നിഭനായും ബുദ്ധിഭൂതമായും ത്രിലോകേശനായും ബൃഹസ്പതിയായും' വ്യാഴത്തെ വിശേഷിപ്പിക്കുന്നു. വലിപ്പമേറിയ ഗ്രഹമാണത്രെ വ്യാഴം! ആ വലിപ്പം നന്മ ചെയ്യുന്ന കാര്യത്തിലുമുണ്ട്. ഈശ്വരതുല്യനായിട്ടാണ് ജ്യോതിഷം വ്യാഴത്തെ പരിഗണിക്കുന്നത്. പ്രശ്‌നചിന്തയില്‍ വ്യാഴത്തെ മുന്‍നിര്‍ത്തി 'ദൈവാധീനം' സങ്കല്പിക്കുന്നു. വ്യാഴം മറഞ്ഞിട്ടുണ്ടെങ്കില്‍ (അനിഷ്ടഭാവങ്ങളില്‍ സ്ഥിതി ചെയ്താല്‍) കുറഞ്ഞത്, അന്നേരത്തേക്കെങ്കിലും പ്രശ്‌നകര്‍ത്താവിനെ ദൈവം കൈയ്യാഴിച്ചിരിക്കുകയാണ് എന്ന് ദൈവജ്ഞന് വിധിക്കേണ്ടിവരുന്നു. രണ്ടാമതും കവടിവാരി വെക്കാന്‍ അദ്ദേഹം നിര്‍ബന്ധിതനാവുകയാണ്. ജന്മദുരിതങ്ങള്‍ കളം നിറയുമ്പോള്‍ ദൈവവും നിസ്സഹായനാണ് എന്ന യാഥാര്‍ത്ഥ്യത്തെ  ദൈവജ്ഞന്‍  അഭിമുഖീകരിക്കുന്നു.  

'സര്‍വ്വേശ്വരകാരകന്‍' എന്ന സമുന്നത സ്ഥാനവും വ്യാഴത്തിനുണ്ട്.  നില്‍ക്കുന്ന രാശിയും, ദ്രേക്കാണവും ആധാരമാക്കി വ്യാഴത്തെക്കൊണ്ടുള്ള ഈശ്വരചിന്ത വിപുലമാവുന്നു.  ശിവനാകാനും വിഷ്ണു വാകാനും സുബ്രഹ്മണ്യനാകാനും മാത്രമല്ല,  ദൈവമഹത്വത്തെ വിളംബരം ചെയ്യുന്ന  വിഭിന്നമായ വേറെയും  മൂര്‍ത്തീസ്വരൂപങ്ങള്‍ കൈക്കൊള്ളാനും വ്യാഴത്തിനാവും. ദിവസവുമുള്ള വ്യാഴ കാലം/വ്യാഴഹോര ഈശ്വരത്വം കളിയാടും കാലമാണ്. പൂയം നാളുള്‍പ്പെടുന്ന കര്‍ക്കിടകമാണ് വ്യാഴത്തിന്റെ ഉച്ചരാശി. അതില്‍ തന്നെ പൂയം ഒന്നാം പാദമാണ് വ്യാഴത്തിന്റെ അത്യുച്ച / പരമോച്ചസ്ഥാനവും.  

വ്യാഴത്തിന്റെ ഈ അതുല്യതയും മഹനീയതയും പൂയം നാളിനുമുണ്ടെന്നു പറയാം. നക്ഷത്രങ്ങളില്‍ ഉത്തമം പൂയമാണെന്ന് പണ്ഡിതന്മാര്‍ പറഞ്ഞു വെക്കുന്നുണ്ട്. ദേവഗണനക്ഷത്രം, കുലനക്ഷത്രം തുടങ്ങിയ വിഭാഗങ്ങളില്‍ പൂയം ഉള്‍പ്പെടുന്നു. ലഘു അഥവാ ക്ഷിപ്രം എന്നു പേരുള്ള പ്രാചീനമായ ഒരു വിഭാഗത്തിലും പൂയമുണ്ട്. മിക്ക ശുഭകര്‍മ്മങ്ങള്‍ക്കും പൂയം സ്വീകാര്യമാണ്. എന്നാല്‍ വിവാഹത്തിന് ഈ നക്ഷത്രം കൊള്ളരുത് എന്നുമുണ്ട്. അതിന്റെ ന്യായം പണ്ഡിതന്മാര്‍ വ്യക്തമാക്കട്ടെ! ലഘു / ക്ഷിപ്ര നക്ഷത്രങ്ങളുടെ അധിപന്‍ വ്യാഴമാകുന്നു. ആ നിലയ്ക്കും പൂയം നാളിന്റെമേല്‍  വ്യാഴത്തിനുള്ള സ്വാധീനം വ്യക്തമാണ്. കര്‍ക്കിടകക്കൂറില്‍ /  കര്‍ക്കിടകലഗ്‌നത്തില്‍ ജനിച്ചവര്‍ക്ക്  'ഭൂസു താംഗിരസൗ ശുഭൗ' എന്ന പരാശരവാക്യവും പ്രസക്തമാണ്. ഇങ്ങനെ വ്യാഴത്തിന്റെ സ്വാധീനം പൂയം നാളിന്റെ മേല്‍ പ്രകടാല്‍ പ്രകടമാണ്.  

പക്ഷേ മണ്ണിലെ മനുഷ്യര്‍ക്ക് ഈശ്വരനാവാന്‍ കഴിയില്ലല്ലോ? നരജീവിതത്തിന്റെ പാരുഷ്യങ്ങളും പരാധീനതകളും പരിമിതികളും അനുഭവിച്ചല്ലേ കഴിയൂ! ഈ തത്ത്വമാവണം പൂയം നാളുകാരുടെ നക്ഷത്രനാഥന്‍ ശനിയായതിന്റെ പിന്നിലെ പൊരുള്‍. ഏറ്റവും നല്ല ശുഭഗ്രഹമായ വ്യാഴം നക്ഷത്രദൈവം! ഏറ്റവും കടുത്ത പാപഗ്രഹമായ ശനി നക്ഷത്രനാഥനും! ശരിക്കും ഒരു ദേവാസുരത്തിന്റെ അരങ്ങാവുകയാണ് പൂയം നാളുകാരുടെ ജീവിതം. മഹാകവി ഇടശ്ശേരിയുടെ വരികള്‍ പ്രസക്തമാണ് ഇവിടെ: 'ഇടയ്ക്കു കണ്ണീരുപ്പു പുരട്ടാ / തെന്തിനു ജീവിതപലഹാരം! ' ...  

'പൂയം: അറിയേണ്ടതെല്ലാം' എന്ന പുസ്തകത്തില്‍ കൂടുതല്‍ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്.

പുസ്തകങ്ങള്‍ വാങ്ങാനായി വിളിക്കുകയോ വാട്ട്‌സാപ്പ് അയക്കുകയോ ചെയ്യുക...
ഫോണ്‍:98460 23343

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

നിത്യയോഗങ്ങളുടെ പേരുകളും ഫലങ്ങളും

'പുഷ്ടി നല്‍കുന്ന പൂഷാവ് ....'

കരണം എന്നാല്‍