മിഥുനം രാശി: ചില നിരീക്ഷണങ്ങള്‍

മകയിരം, തിരുവാതിര, പുണര്‍തം

എസ്. ശ്രീനിവാസ് അയ്യര്‍
അവനി പബ്ലിക്കേഷന്‍സ്
98460 23343

ഓരോ രാശിയിലും രണ്ടേകാല്‍ നക്ഷത്രങ്ങള്‍ അഥവാ ഒമ്പത് നക്ഷത്രപാദങ്ങള്‍ വരുന്നു. അങ്ങനെയാണ് രാശി-നക്ഷത്ര ഘടന. മകയിരത്തിന്റെ അവസാന രണ്ടു പാദങ്ങളും (അര) തിരുവാതിരയുടെ നാലു പാദങ്ങളും (മുഴുവന്‍) പുണര്‍തം ആദ്യ മൂന്നു പാദങ്ങളും (മുക്കാല്‍) മിഥുനം രാശിയില്‍ ഉള്‍ച്ചേരുന്നു. ജന്മനക്ഷത്രത്തിന്റെ സവിശേഷതകള്‍ എന്ന പോലെ ജന്മരാശിയുടെ/ അഥവാ കൂറിന്റെ പ്രത്യേകതകളും വ്യക്തികളില്‍  പ്രതിഫലിക്കും. ആ നിലയ്ക്കുള്ള ഏതാനും ചില നിരീക്ഷണങ്ങളാണ് ഇവിടെ നടത്തുന്നത്.  

മിഥുനം ഒരു ഉഭയരാശിയാണ്. അതിനാല്‍ ഈ കൂറില്‍ ജനിക്കുന്നവരില്‍ ചരത്വവുമുണ്ട്, സ്ഥിരത്വവുമുണ്ട്. ചിലപ്പോള്‍ കാറ്റുപോലെ ഇളകിക്കൊണ്ടിരിക്കും, ഇവരുടെ മനസ്സ്. എന്നു മാത്രമല്ല വാക്കിനും കര്‍മ്മത്തിനും കൂടിയുണ്ടാവും ഇളക്കം. ചിലപ്പോള്‍ കാറ്റ്, എത്ര ശ്രമിച്ചിട്ടും ചിറ്റോളങ്ങള്‍ പോലുമുണരാത്ത നിശ്ചലതടാകം പോലെയായിരിക്കും ഇവര്‍ കാണപ്പെടുക. എന്നാലും ഉഭയരാശിക്കാര്‍ക്ക് വൈകാരികമായ മരവിപ്പോ നിസ്സംഗതയോ ഉണ്ടാവുക അപൂര്‍വമാണ്. സാഹചര്യങ്ങളെ പാറപോലെ ഉറച്ചുനിന്ന് നേരിടുന്നവര്‍ കുറവായിരിക്കും.  'മാറ്റമില്ലാത്തത് മാറ്റത്തിന് മാത്രമാണ് ' എന്നു പറയില്ലേ? ആ ചൊല്ല് ഇവര്‍ക്ക് നന്നേ ഇണങ്ങും.  ആര്‍ജ്ജവവും അനുരഞ്ജനവും മിഥുനക്കൂറുകാരില്‍ കൂടുതലായിരിക്കും. അഭിപ്രായം ഇരുമ്പുലക്കയാണെന്ന് കരുതില്ല. 'ഹിരണ്യന്റെ നാട്ടില്‍ ചെന്നാല്‍ ഹിരണ്യായ നമ:' എന്ന  ഇവരുടെ മനോഭാവം ചിലപ്പോള്‍ ആക്ഷേപിക്കപ്പെടാനും ഇടയുണ്ട്.  

വീണയേന്തിയ ഒരു സ്ത്രീയും ഗദയേന്തിയ ഒരു പുരുഷനും ഇണക്കത്തില്‍ നില്‍ക്കുന്നതാണ് മിഥുനം രാശിസ്വരൂപം. സൗമ്യമായ, രാഗാര്‍ദ്രമായ ഒരു വീണാഗാനമാകാനും കഠിനമായ ഒരു ഗദാഘാതമാകാനും മിഥുനക്കൂറിലെ മനുഷ്യര്‍ക്കാവും. ഇവരുടെ മനോഭാവത്തിലെ ദ്വന്ദ്വവശങ്ങള്‍ എളുപ്പം ഇവരുടെ വാക്കുകളില്‍ പ്രകടമാവും. വാക്കും വാക്കിന് ഊര്‍ജ്ജം പകരുന്ന ചിന്തയുമാണ് ഇവരുടെ ഈടിരിപ്പുകള്‍  അതിനുകാരണം  വാക്കിന്റെ കാരകനായ ബുധനാണ് മിഥുനം രാശിയുടെ അധിപന്‍ എന്നതാണ്. പരിദേവനമാവാനും പരിഹാസമാവാനും കഴിയുന്ന വിധത്തില്‍ വാക്കുകള്‍ ഇവരുടെ നിഘണ്ടുവില്‍ അണിയണിയായങ്ങനെ നില്‍ക്കുന്നുണ്ടാവും, എല്ലാക്കാലത്തും.

ഓജം, യുഗ്മം എന്നൊരു തരംതിരിവ് രാശികളെക്കുറിച്ചുണ്ട്. മിഥുനം ഓജരാശിയാണ്. ചൊടിയെന്നും ചുണയെന്നും ഉശിരെന്നും പുരുഷ ഗുണത്തോട് കൂടിയത് എന്നും ഒക്കെ 'ഓജം' എന്ന പദത്തെ വ്യാഖ്യാനിക്കാം. ഉന്മേഷത്തോടെയിരിക്കാനും ഉണര്‍ന്ന് പ്രവര്‍ത്തിക്കാനും കാര്യബോധം കളഞ്ഞുകുളിക്കാതെ നോക്കാനും മിഥുനക്കൂറുകാര്‍ക്കാവും. മിശ്രരസവും മിശ്ര ശീലങ്ങളുമുള്ള ഗ്രഹമാണ് ബുധന്‍. അതിനാല്‍ പലപ്പോഴും ഇവരെ ഏതെങ്കിലും ഒരു കള്ളിയിലൊതുക്കാന്‍ കഴിയില്ല. കളികളുടെ, വിശിഷ്യാ ബൗദ്ധിക വിനോദങ്ങളുടെ ഗ്രഹമാണ് ബുധന്‍ എന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു. പണ്ടത്തെ പ്രധാന വിനോദമായ ചൂതുകളി ബുധനെക്കൊണ്ടാണ് നിരൂപിക്കുന്നത്. വിദഗ്ദ്ധമായി കരുനീക്കം നടത്താനും  നിഷ്‌ക്കരുണം  വെട്ടിമാറ്റാനും വമ്പന്മാരെ അടിയറവ് പറയിക്കാനും കഴിയുന്ന ബുദ്ധിപരമായ ചുവടുവെയ്പുകളും നയോപായചാതുര്യങ്ങളും മിഥുനക്കൂറുകാരില്‍ നിന്നും പ്രതീക്ഷിക്കാം. രക്തരൂഷിതമായ വിപ്ലവങ്ങള്‍ നടത്താതെ തന്നെ അധികാര സോപാനങ്ങളില്‍ എത്താന്‍ ഇവര്‍ക്ക് കഴിയും. ആ ചാണക്യതന്ത്രങ്ങള്‍ എതിരാളിയെ നിലംപരിശാക്കും.   

ഇത്തരം നിഗമനങ്ങളും വിശദീകരണങ്ങളും ഓരോ നക്ഷത്ര പുസ്തകത്തിലും ഉണ്ടാവും.


പുസ്തകങ്ങള്‍ വാങ്ങാനായി വിളിക്കുകയോ വാട്ട്‌സാപ്പ് അയക്കുകയോ ചെയ്യുക...
ഫോണ്‍:98460 23343

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

നിത്യയോഗങ്ങളുടെ പേരുകളും ഫലങ്ങളും

'പുഷ്ടി നല്‍കുന്ന പൂഷാവ് ....'

കരണം എന്നാല്‍