രാഹുവിന്റെ രാജ്യഭാരം


തിരുവാതിര,ചോതി ചതയം

എസ്. ശ്രീനിവാസ് അയ്യര്‍
അവനി പബ്ലിക്കേഷന്‍സ്
98460 23343

        രാജാവും പ്രജകളും / ഭരണാധികാരിയും ഭരിക്കപ്പെടുന്നവരും എന്നത്  മനുഷ്യ ചരിത്രത്തിലെ ഏറ്റവും പഴയ പാരസ്പര്യങ്ങളിലൊന്നാണ്. മനുഷ്യന്റെ ജീവിതപരിസരമാണ് എക്കാലത്തും ജ്യോതിഷത്തിന്റെ അസ്തിത്വവും ആരൂഢവും. ജീവിതത്തിന്റെ അണിമയേയും മഹിമയേയും ജ്യോതിഷം രണ്ടുകൈയ്യും നീട്ടി സ്വീകരിക്കുന്നു. അവിടെക്കാണുന്ന കാഴ്ചകളെ ചിലപ്പോള്‍ പ്രതീകാത്മകമാക്കിയും  മറ്റു ചിലപ്പോള്‍ ഗൂഢമായ സങ്കേതങ്ങളിലൂടെയും അവതരിപ്പിക്കുന്നു എന്നതാണ് സത്യത്തില്‍ ജ്യോതിഷത്തിന്റെ സവിശേഷമായ ശൈലി.

        മൂന്നു നക്ഷത്രങ്ങള്‍ക്ക് ഒരു നാഥന്‍ അഥവാ അധിപന്‍ ഉണ്ടാകുന്നു. അത് ഒരു ഗ്രഹമായിരിക്കും. നിങ്ങള്‍ക്ക് ഭാവന ചെയ്യാമെങ്കില്‍ ചെയ്‌തോളു , മൂന്നു നക്ഷത്രങ്ങളാണ് പ്രജകള്‍. അവയുടെ നാഥന്‍ ആയ ഗ്രഹം അവരെ ഭരിക്കുന്ന, അവരെ നിയന്ത്രിക്കുന്ന രാജാവ് തന്നെയാണ്. അങ്ങനെ 27 നക്ഷത്രങ്ങളെ മൂന്നുവീതം ഒമ്പത് ഗ്രൂപ്പ് അഥവാ കൂട്ടം ആക്കിയിരിക്കുന്നു. അപ്രകാരം  ചിന്തിക്കുമ്പോള്‍ ഒമ്പത് രാജ്യങ്ങള്‍! അവയെ ഭരിക്കുന്നത് നവഗ്രഹങ്ങള്‍ എന്ന ഒമ്പത് രാജാക്കന്മാരും! രസമുള്ള കല്പനയല്ലേ ?  

തിരുവാതിര, ചോതി, ചതയം എന്നീ മൂന്നു പ്രജകളുടെ രാജാവ് രാഹുവാണ്.  'രാഹുവിന്റെ നക്ഷത്രങ്ങള്‍ 'എന്നാണ്  ഈ മൂന്നു നാളുകളെ പറയുന്നത്. ഈ മൂന്നു നക്ഷത്രങ്ങളില്‍ ജനിക്കുന്നവരുടെയും ജന്മദശ രാഹുവായിരിക്കും. ഇവരുടെ ജനനം തന്നെ രാഹുദശയിലായിരിക്കുമെന്ന് സാരം. നക്ഷത്രനാഥത്വവും ആദ്യദശാനാഥത്വവും ഒന്നുതന്നെയായിരിക്കും അതായത് ജന്മനക്ഷത്രത്തിന്റെ അധിപനായ ഗ്രഹം ആരാണോ, ആ ഗ്രഹം തന്നെയാവും ആദ്യദശയുടെ അധിപനും. അങ്ങനെയൊരു  പൂരകത്വം കാണാന്‍ കഴിയും. ഈ മൂന്നു നക്ഷത്രങ്ങളില്‍ ജനിക്കുന്നവരെ 'രാഹു മനുഷ്യര്‍' എന്നും വിളിക്കുന്നു. അവരില്‍ രാഹുവിന്റെ സ്വാധീനം ശക്തമെന്നപോലെ വ്യക്തവുമായിരിക്കും എന്നതു തന്നെയാവാം കാരണം.

രാഹുവിന്റെ രാജ്യഭരണം മിക്കവാറും ദുര്‍ദ്ദമമായിരിക്കും. പ്രകൃത്യാ അസുരനാണ് രാഹു. പാപഗ്രഹമെന്നും ക്രൂരഗ്രഹമെന്നും തമോഗുണഗ്രഹമെന്നും രാഹു വിശേഷിപ്പിക്കപ്പെടുന്നു. പതിനെട്ട് വര്‍ഷമാണ് രാഹുവിന്റെ ദശാകാലം. തിരുവാതിര/ ചോതി/ ചതയം നാളുകാരെ സംബന്ധിച്ചിടത്തോളം അവരുടെ ശൈശവ ബാല്യ കൗമാരങ്ങള്‍ക്ക് തീരെ നിറപ്പകിട്ടുണ്ടാവില്ല. പഠനത്തില്‍ മിടുക്ക് കാട്ടാനോ പരീക്ഷകളില്‍ ഉന്നത വിജയം നേടാനോ കഴിഞ്ഞില്ലെന്നു വരാം. പലതരം ഭയാശങ്കകള്‍ അടുത്ത കൂട്ടുകാരെപ്പോലെ ഒപ്പം കൂടാം. വല്ല രോഗങ്ങളും മുറതെറ്റാതെ കടന്നുവന്ന് സൈ്വരം കെടുത്താനുമിടയുണ്ട്. വീട്ടിലെ സ്ഥിതിയും അക്കാലത്ത് ഒട്ടും ആശാസ്യമോ ആഹ്‌ളാദകരമോ ആയിരിക്കില്ല. മുതിര്‍ന്നവരുടെ ജീവിതവും പ്രശ്‌നനിബിഡമായിരി ക്കും. കാലം കുറേ കടന്നശേഷം അതൊക്കെ ഓര്‍ക്കുമ്പോള്‍ തന്നെ വല്ലാത്തൊരു ഉള്‍ക്കിടിലം വന്നുനിറയാതിരിക്കില്ല.. ഗ്രഹനിലയില്‍ രാഹുവിന് സദ്ഭാവസ്ഥിതി, ശുഭഗ്രഹബന്ധം എന്നിവയുണ്ടായാല്‍ രാഹുദശ അനുകൂലമാവാം.

തിരുവാതിര, ചോതി, ചതയം എന്നീ മൂന്നു നക്ഷത്രങ്ങളുടെയും ഒന്നാം പാദത്തില്‍ ജനിച്ചാലാണ് രാഹുദശ  അതിന്റെ പരമാവധിയായ പതിനെട്ടുവര്‍ഷവും ലഭിക്കുക. ഓരോ പാദവും പിന്നിടുമ്പോള്‍ നാലരവര്‍ഷം വീതം കുറയും. നാലാം പാദത്തില്‍ ജനിച്ചാല്‍ അങ്ങേയറ്റം നാലര വയസ്സുവരെയാവും രാഹുദശ. സ്വന്തം ജാതകത്തില്‍ ജന്മദശ എത്ര ബാക്കി (ജന്മ ദശാശിഷ്ടം) യുണ്ടെന്ന് രേഖപ്പെടുത്തിയിട്ടുണ്ടാവും. അതില്‍ നിന്നുമറിയാം രാഹുവിന്റെ രാജ്യഭാരം എപ്പോള്‍ അവസാനിച്ചുവെന്ന്! ഇവരുടെ രണ്ടാംദശ വ്യാഴദശ. സാധാരണ ഗതിയില്‍ അവിടം മുതല്‍ ജീവിതം ഇരുട്ടില്‍ നിന്നും വെളിച്ചത്തിലേക്ക് നീങ്ങിത്തുടങ്ങും. വയലാറിന്റെ ഒരു കവിതാശകലം ഇവിടെ സംഗതമാണ്: ' വ്യാഴം തുടങ്ങിയിരിക്കുന്നു, രാഹുവി / ന്നൂഴം കഴിഞ്ഞുതെളിഞ്ഞുപോയ് ജാതകം'.

ഓരോ നാളിനെയും കുറിച്ചുള്ള എന്റെ പുസ്തകത്തില്‍ ദശാക്രമം, ദശാഫലം എന്നിവ വിശദമാക്കിയിട്ടുണ്ട്.

പുസ്തകങ്ങള്‍ വാങ്ങാനായി വിളിക്കുകയോ വാട്ട്‌സാപ്പ് അയക്കുകയോ ചെയ്യുക...
ഫോണ്‍:98460 23343

അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

നിത്യയോഗങ്ങളുടെ പേരുകളും ഫലങ്ങളും

'പുഷ്ടി നല്‍കുന്ന പൂഷാവ് ....'

ഏഴരശനി അഥവാ ഏഴരയാണ്ട് ശനി