ദേവലോക രഥവുമായി
ദേവഗണ നക്ഷത്രങ്ങളെക്കുറിച്ച്
എസ്. ശ്രീനിവാസ് അയ്യര്അവനി പബ്ലിക്കേഷന്‍സ്
98460 23343
നക്ഷത്രങ്ങളെ അസുരഗണനക്ഷത്രം , മനുഷ്യഗണനക്ഷത്രം , ദേവഗണനക്ഷത്രം എന്നിങ്ങനെ വിഭജിച്ചിരിക്കുന്നു. ഓരോ വിഭാഗത്തിലും ഒമ്പത് നക്ഷത്രങ്ങള്‍ വീതമുണ്ട്. അസുര/ മനുഷ്യ ഗണങ്ങളില്‍ വരുന്ന നക്ഷത്രങ്ങള്‍ ഏതൊക്കെയാണെന്ന് മുന്‍ ലക്കങ്ങളില്‍ നിന്നും നാം മനസ്സിലാക്കിയിട്ടുണ്ട്. ഇവിടെ ദേവഗണനക്ഷത്രങ്ങളാണ് ചിന്താവിഷയം.
അശ്വതി , മകയിരം, പുണര്‍തം , പൂയം , അത്തം, ചോതി, അനിഴം, തിരുവോണം, രേവതി എന്നിവയാണ് ദേവഗണനക്ഷത്രങ്ങള്‍. അവയുടെ സവിശേഷത വ്യക്തമാക്കുന്ന ശ്ലോകം ഇതാണ്:
സാരം: ദേവഗണത്തില്‍ ജനിച്ചവര്‍ സൗന്ദര്യം, ഉദാരത, ബുദ്ധിചാതുര്യം എന്നിവയുള്ളവരാവും. ലാളിത്യം പുലര്‍ത്തുന്നവരും മിതഭക്ഷകരും ത്രികാലജ്ഞാനമുള്ളവരും ആയിരിക്കും.
കൂടാതെ ദേവഗണനക്ഷത്രജാതരെക്കുറിച്ച് വേറെ എന്തെല്ലാം പക്ഷ വിപക്ഷങ്ങളാണുള്ളത് എന്ന് നോക്കാം. സത്വരജസ്തമോഗുണങ്ങളില്‍ സാത്വികതയുടെ അംശമാവും ദേവഗണക്കാരില്‍ ഏറി നില്‍ക്കുക എന്ന വാദഗതി പ്രബലമാണ്. വലിയ സ്വപ്നജീവികളായിരിക്കുമത്രെ പൊതുവേ അവര്‍. വള്ളത്തോളിന്റെ ഭാഷയില്‍ പറഞ്ഞാല്‍ സങ്കല്പ വായു വിമാനത്തില്‍ കയറി സഞ്ചരിക്കുന്നവര്‍. ആദര്‍ശവാദികള്‍ എന്ന് വേണമെങ്കില്‍ അല്പം മഹത്വവല്‍ക്കരിച്ചു പറയാം. ദന്തഗോപുരത്തില്‍ ഇരിക്കുന്നവരെന്ന് കുറച്ച് പരിഹാസം പുരട്ടിയും പറയാം. മണ്ണിലെ യാഥാര്‍ത്ഥ്യം , ആംഗലേയത്തില്‍ മൊഴിഞ്ഞാല്‍ Ground Reality എന്നത് ഇവരെ എപ്പോഴും കുഴപ്പിക്കുന്ന കാര്യമാണ്. സന്ദേഹം തീര്‍ന്ന് നേരുത്തരത്തില്‍ എത്താനും വിളംബം കാട്ടും. എന്നാലും നന്മയുടെ പക്ഷം ചേരാന്‍ ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്നവരാണ്. ഇങ്ങനെ വിശദീകരിച്ചാലും മുഴുവനുമായി എന്ന് ഉറപ്പിച്ച് പറഞ്ഞുകൂടാ.
അതെന്തുകൊണ്ടാണ് എന്ന ചോദ്യം സംഗതമാണ്. ജ്യോതിഷം എപ്പോഴും സ്ഥൂലത്തില്‍ നിന്നും സൂക്ഷ്മത്തിലേക്ക് പോകുന്ന ശാസ്ത്രമാണ്. പരപ്പ് എന്നതിനെക്കാള്‍ ആഴമാണ് പ്രധാനം. ഓരോ കാര്യവും ഇതളിതളായും നാരു നാരായും പരിശോധിക്കപ്പെടുന്നു. അതിനാല്‍ പല്ലവഗ്രാഹികള്‍ക്ക് അവിടെ സ്ഥാനമില്ല. ഓരോ നക്ഷത്രത്തെയും പല കോണുകളിലൂടെ, വിഭിന്നമായ പരിപ്രേക്ഷ്യത്തിലൂടെ നോക്കിക്കാണുന്നതാണ് പണ്ഡിതലോകം അനുവര്‍ത്തിച്ചു പോരുന്ന ശൈലി. അതിനാല്‍ ഗണം അറിഞ്ഞതുകൊണ്ടുമാത്രം എല്ലാമായി എന്ന ധാരണ ശരിയല്ല. ഒരു വ്യക്തിയുടെ സ്വഭാവവും വ്യക്തിത്വവും ഉള്ളം കൈയ്യിലെ നെല്ലിക്ക പോലെ കരഗതമായി എന്ന് കരുതാന്‍ പാടില്ല. അതുപോലെയുള്ള ധാരാളം തരംതിരിവുകള്‍ വേറെയും ഉണ്ട്. ദേവഗണനക്ഷത്രമായിരിക്കവേ തന്നെ ഓരോ നക്ഷത്രവും മറ്റു പലതുമാണ്. വേറെയും പല അസ്മിതകളും അവയ്ക്കുണ്ട്. ഇക്കാര്യം മകയിരത്തെ മുന്‍നിര്‍ത്തി പരിശോധിക്കാം.
മകയിരം ഒരു സ്ത്രീ നക്ഷത്രമാണ്. മറ്റൊന്ന് രണ്ടു രാശികളിലായി വരുന്നതിനാല്‍ ഒരു ഖണ്ഡ അഥവാ മുറി നാളാണ്. കുലം എന്ന താരതമ്യേന പ്രാധാന്യമര്‍ഹിക്കുന്ന ഒരു വിഭാഗത്തില്‍ ഉള്‍പ്പെടുന്ന നക്ഷത്രവുമാണ്. മൈത്രം അഥവാ മൃദു എന്ന് പേരുള്ള പ്രാചീനമായ ഒരു നക്ഷത്ര വിഭാഗത്തിലും മകയിരത്തിന് സ്ഥാനമുണ്ട്. മദ്ധ്യമരജ്ജു എന്ന് വിളിക്കപ്പെടുന്ന വിഭാഗത്തിലും ഈ നാളുണ്ട്. ശുഭകാര്യങ്ങള്‍ക്ക് നല്ല മുഹൂര്‍ത്തം തേടുമ്പോള്‍ ഊണ്‍നാളുകള്‍ അഥവാ ബാലാന്ന താരങ്ങള്‍ എന്നറിയപ്പെടുന്ന നക്ഷത്രങ്ങളാണ് പരിഗണിക്കുന്നത്. അവ പതിനാറെണ്ണമാണ് ആകെ. അക്കൂട്ടത്തിലുമുണ്ട് മകയിരം. ഇനിയും കുറച്ചധികം വിഭജനങ്ങള്‍ ചൂണ്ടിക്കാട്ടാനുണ്ട്. ഇവയെല്ലാം ക്രോഡീകരിച്ചും അവയുടെ ഫലങ്ങള്‍ വാച്യമായും വ്യംഗ്യമായും ഉള്‍ക്കൊണ്ടും വേണം നക്ഷത്ര പഠനത്തിനിറങ്ങാന്‍. അല്ലെങ്കില്‍ ആ വിലയിരുത്തല്‍ ഭാഗികമെന്നോ അപൂര്‍ണമെന്നോ വിലയിരുത്തപ്പെടാം. ജ്യോതിഷത്തിലെ ഒരു മണല്‍ത്തരിക്കുപോലുമുണ്ട് ഒരു മഹാകാശത്തിന്റെ വ്യാപ്തി , ഒരു മഹാ സമുദ്രത്തിന്റെ അഗാധത.
മകയിരം അറിയേണ്ടതെല്ലാം എന്ന പുസ്തകത്തില്‍ ഇത്തരം ബഹുസ്വരത അപഗ്രഥിക്കപ്പെടുന്നു.
പുസ്തകം വാങ്ങാനായി വിളിക്കുകയോ വാട്ട്‌സാപ്പ് അയക്കുകയോ ചെയ്യുക...
ഫോണ്‍:98460 23343
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ