അഗ്‌നിമീളേ പുരോഹിതം

കാര്‍ത്തിക നാളുകാരെക്കുറിച്ച്

എസ്. ശ്രീനിവാസ് അയ്യര്‍
അവനി പബ്ലിക്കേഷന്‍സ്
98460 23343

'അഗ്‌നിമീളേ പുരോഹിതം / യജ്ഞസ്യ ദേവ മൃത്വിജം /  ഹോതാരം  രത്‌നധാതമം..' എന്ന സൂക്തത്തോടെയാണ് ഋഗ്വേദത്തിന്റെ സമാരംഭം. യജ്ഞം ആര്യന്മാര്‍ക്ക് സര്‍വ്വ പ്രധാനമായ കര്‍മ്മമാണ്. യജ്ഞത്തിലേക്ക് ദേവന്മാരെ ആനയിക്കുന്നതും ദേവന്മാരുടെ യജ്ഞഭാഗം അവര്‍ക്ക് കൊണ്ട് എത്തിക്കുന്നതും അഗ്‌നിയാണ്. അഗ്‌നിയെ ജ്വലിപ്പിക്കാതെ, അഗ്‌നിയെ സാക്ഷിയാക്കാതെ, ഭാരതീയര്‍ക്ക് ഒരു കര്‍മ്മവുമില്ല. പഞ്ചഭൂതങ്ങളില്‍ ഒന്നായി അഗ്‌നി ആദരിക്കപ്പെടുന്നു.

സൂര്യവെളിച്ചവും മിന്നല്‍പ്രഭയും ഹോമാഗ്‌നിയും അരണിയിലെ തീനാളവും എല്ലാം അഗ്‌നിയുടെ ചൈതന്യമാണ്. അഗ്‌നിയുടെ കണ്ടുപിടുത്തത്തിന് മുന്‍പ് എന്നും അതിനുശേഷവും എന്ന് മാനവചരിത്രത്തെ മനീഷികള്‍ രണ്ടായി  അടയാളപ്പെടുത്തുന്നു.ദേവലോകത്തിന് മാത്രം ലഭ്യമായിരുന്ന അഗ്‌നി മനുഷ്യകുലത്തിന് അനുഭവയോഗ്യമാക്കിയത് പ്രൊമെത്യൂസ് എന്നൊരു അതിമാനുഷനായിരുന്നു. ഇത് യവനപുരാണത്തിലെ കഥയാണ്. അതോടെ മനുഷ്യന്റെ  ജീവിതത്തില്‍ വലിയ മാറ്റങ്ങള്‍ സംഭവിക്കുകയായി. ഏതു നാട്ടിലും ഇതു തന്നെയാണ് യാഥാര്‍ത്ഥ്യം.

അഗ്‌നിയുടെ വിവേക / വിവേചന ശക്തി സൂക്ഷ്മമാണ്. പണ്ട് അങ്ങനെയായിരുന്നില്ലത്രെ! എല്ലാം വാരിവലിച്ചു വിഴുങ്ങിയത് മൂലം അഗ്‌നിക്ക് അജീര്‍ണം സംഭവിച്ചു. അഗ്‌നിയുടെ ദഹനക്കേട് മാറ്റാനാണ് മൂലികകളും ഔഷധങ്ങളും നിറഞ്ഞ ഖാണ്ഡവവനം അര്‍ജുനനന്‍ ദഹിപ്പിച്ചത്.  അതോടെ അജീര്‍ണം മാറിയ അഗ്‌നി സന്തുഷ്ടനായി സമ്മാനിച്ചതാണ് അര്‍ജുനന്റെ വിശ്രുതമായ ഗാണ്ഡീവം വില്ല്. പില്‍ക്കാലത്ത് അഗ്‌നിക്ക് സൂക്ഷ്മമായ വേര്‍തിരിവുണ്ടായി. എത്ര വിശന്നിരുന്നാലും അഗ്‌നി, നനഞ്ഞിട്ടുണ്ടെങ്കില്‍,  സഹജമായിത്തന്നെ ദാഹകശക്തിയുള്ള കര്‍പ്പൂരത്തെപ്പോലും തൊടില്ല. എന്നാല്‍ ഉണങ്ങിയിരുന്നാലോ, സ്വതേ നനവുള്ള വാഴപ്പിണ്ടിയെപ്പോലും ഭക്ഷിക്കും. (കുമാരനാശാന്റെ  'കരുണ' യിലെ ആശയമാണിത്) ഇങ്ങനെ അഗ്‌നിയുടെ കഥകള്‍ ഒരുപാടുണ്ട്.  

കാര്‍ത്തികയുടെ ദേവത അഗ്‌നിയാണ്. അവരുടെ സ്വഭാവത്തില്‍ ഈ ജ്വലനം കാണുവാനാവും. ചടുലതയും പ്രവര്‍ത്തന മികവും അവരുടെ അഗ്‌നി സിദ്ധികളാണ്. പൊതുവേ വൈകാരിക ദീപ്തിയുണ്ട് ,  വാക്കുകളില്‍. മേടക്കൂറുകാരില്‍ ഇത് കൂടുതലായിരിക്കും. (കാര്‍ത്തിക ഒന്നാം പാദം മേടക്കൂറില്‍; 2,3,4 പാദങ്ങള്‍ ഇടവക്കൂറില്‍). മേടം രാശി ആഗ്‌നേയ രാശിയാണ്. രാശിനാഥനായ ചൊവ്വയ്ക്കുമുണ്ട് അഗ്‌നിതത്ത്വവും അഗ്‌നി ശീലവും. അതിനാല്‍ മേടക്കൂറുകാരായ കാര്‍ത്തികക്കാര്‍ കത്തിക്കാളുന്നു. എന്നാല്‍ ഇടവക്കൂറുകാരായ കാര്‍ത്തിക നാളുകാരുടെ പ്രകൃതം മുനിഞ്ഞു കത്തുന്ന ദീപം പോലെയാണ്. അവിടെ വൈകാരികതയുടെ അതിജ്വലനമില്ല.

അഗ്‌നി നക്ഷത്രദേവതയായതു കൊണ്ടും സൂര്യന്‍ നക്ഷത്രനാഥനായതു കൊണ്ടും ആദിയില്‍ കാര്‍ത്തികയെ ആദ്യ നക്ഷത്രമായി പരിഗണിച്ചു പോന്നു. ഋഷിപ്രോക്തമായ നക്ഷത്രസൂക്തം ആരംഭിക്കുന്നത് കാര്‍ത്തികയെ, അഗ്‌നിയെ സ്തുതിച്ചു കൊണ്ടാണ്. പില്‍ക്കാലത്ത് ഈ പ്രാധാന്യം നഷ്ടമായി. അശ്വതി മുതലാണ് ദശാക്രമം ഇപ്പോള്‍ നിലവിലുള്ളത്.

കാര്‍ത്തിക ഒരു സ്ത്രീ നക്ഷത്രമാണ്. അസുരഗണത്തില്‍ വരുന്നു.  തലനാള്‍, ഇട നാള്‍ , കടനാള്‍ എന്നീ വിഭജന പ്രകാരം കടനാള്‍ ആണ്. കുലനക്ഷത്രം എന്ന പദവിയുമുണ്ട്. മിശ്രം എന്ന വിഭാഗത്തിലും വരുന്നു. ഇവയുടെ സവിശേഷതകള്‍ എങ്ങനെ വ്യക്തിത്വത്തെ സ്വാധീനിക്കുന്നുവെന്നറിയാന്‍ ഈ ലേഖകന്റെ 'കാര്‍ത്തിക : അറിയേണ്ടതെല്ലാം' എന്ന പുസ്തകം വായിക്കുക.

പുസ്തകം വാങ്ങാനായി വിളിക്കുകയോ വാട്ട്സാപ്പ് അയക്കുകയോ ചെയ്യുക...
ഫോണ്‍:98460 23343

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

നിത്യയോഗങ്ങളുടെ പേരുകളും ഫലങ്ങളും

'പുഷ്ടി നല്‍കുന്ന പൂഷാവ് ....'

ഏഴരശനി അഥവാ ഏഴരയാണ്ട് ശനി