മനുഷ്യഗണം.... മനുഷ്യഗുണം

ഭരണി നാളുകാരെക്കുറിച്ച്

        നക്ഷത്രപഠനത്തിന് ഒരുപാട് കരുക്കള്‍ ആചാര്യന്മാര്‍ കരുതി വെച്ചിട്ടുണ്ട്. അവയില്‍ മുഖ്യമായ ഒന്നാണ്  ഗണങ്ങളായുള്ള വിഭജനം. ദേവഗണം, അസുരഗണം, മനുഷ്യഗണം എന്നിങ്ങനെ മൂന്നു ഗണങ്ങള്‍. ഇതില്‍ മനുഷ്യഗണത്തില്‍ വരുന്ന ഒമ്പത്  നക്ഷത്രങ്ങളില്‍ ഒന്നാണ് ഭരണി. (മുപ്പൂരം, മൂന്ന് ഉത്രം, ഭരണി, രോഹിണി, തിരുവാതിര എന്നിവ ഒമ്പതുമാണ് മനുഷ്യഗണത്തില്‍ വരുന്ന നക്ഷത്രങ്ങള്‍) മനുഷ്യഗണനക്ഷത്രങ്ങളില്‍ ജനിച്ചവരുടെ സ്വഭാവം വ്യക്തമാക്കുന്ന ശ്ലോകം ഇതാണ്: ' മാനീ ധനീ വിശാലാക്ഷോ/ ശീഘ്ര ഭോജീ ധനുര്‍ദ്ധര / ഗൗര പൗരജനഗ്രാഹീ / ജായതേ മാനവേഗണേ' (മാനസാഗരി). അഭിമാനികളും അധ്വാനം കൊണ്ട് ധനം സമ്പാദിച്ചവരുമായിരിക്കും. ചെറുതും വലുതുമായ കാര്യങ്ങള്‍ കാണാന്‍ കെല്പുണ്ടാവും.  'ധനുര്‍ദ്ധരന്‍ ' എന്ന  വാക്കിന് വില്ലാളി എന്ന് അര്‍ത്ഥം പറയാമെങ്കിലും ജീവിത സമരത്തിന് സജ്ജനായ വന്‍ എന്നാവും ധ്വനി. നേട്ടങ്ങള്‍ അനായാസമാവില്ല.   പലതും, പലരോടും മത്സരിച്ചു തന്നെ നേടേണ്ടിവരും.  'ശീഘ്രഭോജി ' എന്നതിന് വേഗത്തില്‍ ഭക്ഷണം കഴിക്കുന്നവന്‍ എന്നാണ് അര്‍ത്ഥമെങ്കിലും  ഉണ്ടും ഉറങ്ങിയും ദിവാസ്വപ്നം കണ്ടും ജീവിതത്തെ ഒരു പുഷ്പമെത്തയായി അനുഭവിക്കാന്‍ കഴിയാത്തവന്‍ എന്നാണ് ആശയം. സ്വന്തമായി തന്നെ വേണ്ടതെല്ലാം കെട്ടിപ്പടുക്കണമെന്നതാവാം ഇവിടെ വ്യംഗ്യം.   

ശുക്രനാണ് ഭരണി നാളിന്റെ അധിപന്‍. ബുധശുക്രന്മാരെ രജോഗുണ പ്രകൃതികളായ ഗ്രഹങ്ങളായാണ് പരിഗണിച്ചിരിക്കുന്നത്. അതിനാല്‍ ലൗകികജീവിതത്തെ നെഞ്ചേറ്റി ലാളിക്കും. ജീവിതത്തോട് മുഖം തിരിക്കാന്‍ ഒരിക്കലുമിവര്‍ക്കാവില്ല. തിരിച്ചടികള്‍ വന്നുവെന്നാലും, സ്വപ്ന ങ്ങള്‍ പൊട്ടിപ്പൊളിഞ്ഞുവെങ്കിലും ജീവിതത്തെ വെറുക്കാന്‍ ഭരണി നാളുകാര്‍ക്ക് കഴിയില്ല. കരഞ്ഞും ഖേദിച്ചും കാലം കഴിക്കാന്‍ ഒട്ടുമില്ല, താത്പര്യം.  'എന്തു വന്നാലുമെനിക്കാസ്വദിക്കണം / മുന്തിരിച്ചാറു പോലുള്ളൊരീ ജീവിതം'  എന്ന് ചങ്ങമ്പുഴ പാടിയത് പൊതുവേ ഭരണി നാളുകാരുടെ മാനസികാവസ്ഥയെ സൂചിപ്പിക്കുന്നതാണ്. (അദ്ദേഹവും ഭരണി നാളുകാരനാണ്. പഠനീയമായ ഒരു ജ്യോതിഷപുസ്തകം  ചങ്ങമ്പുഴ രചിച്ചിട്ടുമുണ്ട് അത് അധികം പേരുടെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ടാവില്ല.  'തുടിക്കുന്ന താളുകള്‍' എന്ന ആത്മകഥയില്‍ ചങ്ങമ്പുഴ സ്വന്തം  ഗ്രഹനില കൊടുത്തിട്ടുണ്ട്). നല്ലതു പ്രതീക്ഷിക്കാനും ഉല്ലാസപൂര്‍വം ഉല്‍സാഹക്കമ്മിറ്റികളില്‍ കൂടാനും കാര്യങ്ങള്‍ ഭംഗിയായി നടത്താനും, നടത്തിക്കാനും ഒക്കെ ഭരണിനാളുകാരുണ്ടാവും മുന്‍പന്തിയില്‍ തന്നെ. അമ്പലത്തിലെ ആനയെഴുന്നള്ളിപ്പിന് ചുക്കാന്‍ പിടിക്കും. നെറ്റിപ്പട്ടം കെട്ടിയ മറ്റൊരു കൊമ്പനാനയായി സ്വയം മാറി എല്ലാം രസിക്കും. ഭരണിനക്ഷത്രത്തിന്റെ മൃഗം കൊമ്പനാനയായത് വെറുതെയല്ല!    

യമധര്‍മ്മനാണ് ഭരണിയുടെ ദേവത.  'ഭയവും വിഷാദവും മരണവും സൃഷ്ടിക്കുന്ന ദേവന്‍ '  എന്നാണ് യമനെക്കുറിച്ചുള്ള സങ്കല്പം. എന്നാല്‍ ഈ ദേവന്‍ ധാര്‍മ്മികനുമാണ് എന്ന് കഥകളിലുണ്ട്. കരുണാമയനുമാണ്. സാവിത്രിയുടെയും നചികേതസ്സിന്റെയും മറ്റും കഥകള്‍ അതിന് തെളിവാണ്.  അഷ്ടദിക്ക് പാലകന്മാരില്‍ യമനുണ്ട്. തെക്കു ദിക്കിന്റെ നാഥന്‍ അദ്ദേഹമാണ്.  

ഭരണിയുടെ വൃക്ഷം നെല്ലിയാണ്. നെല്ലിമരച്ചുവട്ടില്‍ മഹാലക്ഷ്മി കുടികൊള്ളുന്നതായി സങ്കല്പമുണ്ട്. അതിനാല്‍ ഭരണിനാളുകാര്‍ ഒട്ടൊക്കെ ലക്ഷ്മീവാന്മാരായിരിക്കും. നെല്ലിക്കയുടെ ആദ്യ ചവര്‍പ്പ് പിന്നീട് മധുരത്തിന് വഴിമാറുന്നതുപോലെ ഭരണിനാളുകാരുടെ സ്വഭാവത്തിലെ ആദ്യ അസ്വാരസ്യങ്ങള്‍ ക്രമേണ  പാകത്തിലേക്കും അഭിഗമ്യതയിലേക്കും വഴിമാറുന്നു. ഇങ്ങനെ പലതുമുണ്ട്, ഭരണി നാളിനെക്കുറിച്ചെഴുതാന്‍. അവ മറ്റൊരവസരത്തിലാവാം...  

'ഭരണി: അറിയേണ്ടതെല്ലാം'  എന്ന പുസ്തകത്തില്‍ ചിലതൊക്കെ സമാഹരിച്ചിട്ടുണ്ട്.

പുസ്തകം വാങ്ങാനായി വിളിക്കുകയോ വാട്ട്സാപ്പ് അയക്കുകയോ ചെയ്യുക...
ഫോണ്‍:98460 23343

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

നിത്യയോഗങ്ങളുടെ പേരുകളും ഫലങ്ങളും

'പുഷ്ടി നല്‍കുന്ന പൂഷാവ് ....'

കരണം എന്നാല്‍