' ദേവവൈദ്യന്മാരും പിന്നെ ചൊവ്വയും ....'

 അശ്വതി നാളുകാരെക്കുറിച്ച്

എസ്. ശ്രീനിവാസ് അയ്യര്‍
അവനി പബ്‌ളിക്കേഷന്‍സ്
98460 23343

കല്പാന്തത്തിലെ പ്രളയത്തിനുശേഷം വിശ്വശില്പി വീണ്ടും പ്രപഞ്ച സൃഷ്ടിക്കൊരുങ്ങി. ആ യുഗാരംഭത്തിന്റെ  സുമുഹൂര്‍ത്തം അശ്വതി നക്ഷത്രത്തിലായിരുന്നു. അങ്ങനെ അശ്വതി ഒരു  'സൃഷ്ടിനക്ഷത്രം ' എന്ന് പ്രശസ്തമായി. അശ്വതിക്കാരുടെ മനസ്സില്‍ സൃഷ്ടിവൈഭവം അന്നുമുതല്‍ ഒളിമങ്ങാതെ നില്‍ക്കുകയാണ്. യാഥാര്‍ത്ഥ്യങ്ങളില്‍ നിന്നും ഒളിച്ചോടുകയില്ല. അതിനെ നശിപ്പിക്കാനും തുനിയില്ല. പുതിയതെന്ത്  സൃഷ്ടിക്കാനാവും  എന്നാണ് നിനയ്ക്കുക.

മേടക്കൂറില്‍ വരുന്ന നക്ഷത്രമാണ് അശ്വതി. മേടക്കൂറുകാര്‍  'സഹോത്ഥാഗ്രജര്‍ '  ആയിരിക്കുമെന്ന് വരാഹഹോരയിലുണ്ട്. സഹോദരരില്‍ അശ്വതി നാളുകാരുണ്ടെങ്കില്‍ അവരാവും മൂത്തത്..  അഥവാ ജന്മംകൊണ്ടല്ലെങ്കില്‍  കര്‍മ്മംകൊണ്ടോ  ഗുണംകൊണ്ടോ പ്രഥമ ഗണനീയര്‍ ആവും. അശ്വതിക്ക്  'ആദ്യാ ' എന്നും പേരുണ്ട്. അതും ഈ ആശയത്തെയാണ് വ്യക്തമാക്കുന്നത്. 

സൂര്യപുത്രന്മാരും ഇരട്ടകളുമായ അശ്വികള്‍ അഥവാ അശ്വിനി / അശ്വനി കുമാരന്മാരാണ്  അശ്വതിനാളിന്റെ ദേവതകള്‍. ഇവര്‍ സൂര്യ ചന്ദ്രന്മാര്‍ തന്നെയല്ലേ എന്ന് ഋഷികള്‍ പോലും സന്ദേഹിക്കുന്നുണ്ട്. അത്രയ്ക്കാണ് അവരുടെ തേജസ്സും ഐക്യപ്പെടലും. ഋഗ്വേദത്തില്‍ ഏറെ സ്തുതിക്കപ്പെടുന്നവരാണ്.ദേവവൈദ്യന്മാരാണ് തൊഴില്‍ കൊണ്ട് ,  അശ്വികള്‍.  നാസത്യന്‍ എന്നും ദസ്രന്‍ എന്നും ഇവരുടെ പേരുകള്‍. അസത്യം പറയാത്തവരാണെന്ന് പേരുതന്നെ വ്യക്തമാക്കുന്നു.

എവിടെയും ഓടിയെത്തുന്നവരാണ് അശ്വനിദേവകള്‍. ആ ചലനവേഗം അശ്വതി നാളുകാര്‍ക്കെല്ലാമുണ്ട്. തീരുമാനം വേഗത്തില്‍, അത് പ്രാവര്‍ത്തികമാക്കുന്നതും വേഗത്തില്‍. കര്‍മ്മ വൈക്ലബ്യം ഇവരെ ബാധിക്കാറില്ല.  ഷേക്‌സ്പിയറുടെ കഥാപാത്രമായ ഹാംലറ്റിനെപ്പോലെ ചിന്താപാരവശ്യവുമില്ല. ഇതിലേക്ക് വെളിച്ചം തൂകുന്ന ഋഗ്വേദത്തിലെ ചില നുറുങ്ങുകഥകള്‍ നോക്കാം.

വിമദനെന്ന രാജാവ് സ്വയംവരം കഴിഞ്ഞ് വധുവുമായി മടങ്ങവേ  സ്വയംവരത്തില്‍ തോറ്റവര്‍ അയാളെ വളഞ്ഞു. വിമദന്‍ അശ്വികളെ പ്രാര്‍ത്ഥിച്ചു. അശ്വികള്‍ പൊടുന്നനെ പ്രത്യക്ഷപ്പെടുകയും അയാളെയും വധുവിനെയും ശത്രുക്കളില്‍ നിന്നും രക്ഷിക്കുകയും ചെയ്തു.  തുഗ്രന്‍ എന്ന രാജാവിന്റെ പുത്രനായ ഭുജ്യു നടുക്കടലില്‍ കാറ്റില്‍പ്പെട്ട് തോണി തകര്‍ന്നപ്പോള്‍ അശ്വികളെ വിളിച്ചു പ്രാര്‍ത്ഥിക്കുന്നു. നൂറുതുഴകളുള്ള തോണിയില്‍ വന്ന് അശ്വികള്‍ അയാളെ രക്ഷിക്കുകയാണ്. ഒരിക്കല്‍  അത്രിമഹര്‍ഷിയെ ശത്രുക്കള്‍ ഒരു ഇരുണ്ട അറയില്‍ ഉമിത്തീയിലിട്ട് ദഹിപ്പിച്ചപ്പോള്‍ അശ്വികള്‍ ഓടിവന്ന് വെള്ളമൊഴിക്കുകയും മഹര്‍ഷിയെ രക്ഷിക്കുകയും ചെയ്തു. മാത്രവുമല്ല ക്ഷീണം പോക്കാന്‍ പോഷകാഹാരവും നല്‍കി.  ഇങ്ങനെ വേഗത്തിലാണ് നടപടികള്‍. ജരാ നരകള്‍ ബാധിച്ച് അവശനായ ച്യവനമഹര്‍ഷിയ്ക്ക് നിത്യതാരുണ്യം നല്‍കിയതും അശ്വികളായിരുന്നു. മരുഭൂമിയില്‍ ദാഹിച്ചു വലഞ്ഞ ഗോതമന് ഒരു കിണര്‍ തന്നെ  കുത്തിക്കൊടുത്തു.  ചെന്നായയുടെ വായിലകപ്പെട്ട കുഞ്ഞു പക്ഷിയെ രക്ഷിച്ച  കഥയും ഓര്‍ക്കാം. (കഥകള്‍ക്ക് ഡോ. സി.എന്‍. പരമേശ്വരന്‍ രചിച്ച  'ഋഗ്വേദ പര്യടനം ' അവലംബം)  ആപത്തില്‍പെട്ടവരെ അശ്വതിനാളുകാര്‍ കൈയ്യൊഴിയുന്നില്ല. അറിയുന്നവര്‍ക്ക് മാത്രമല്ല അറിയാത്തവര്‍ക്കും ഇവരുടെ ഭൗതികസഹായവും മാനസികപിന്തുണയും ലഭിക്കും. അങ്ങനെ ചെയ്തത് പിന്നീട് എണ്ണിയെണ്ണിപ്പറയാനും അതിന്റെ പേരില്‍ ഏതെങ്കിലും തരത്തിലുള്ള മുതലെടുപ്പു നടത്തുവാനും അശ്വതി നാളുകാര്‍ തയ്യാറാവില്ല. അതവരുടെ വലിയൊരു ഗുണമായിത്തന്നെ കരുതണം.

അതേസമയം ,  സമാന്തരമായിട്ട് ഇവരില്‍ ,   ചൊവ്വ നായകനായ മേടം രാശിയില്‍ ജനിച്ചതുകൊണ്ടുള്ള നേതൃഗുണം , സ്ഥാനമാനങ്ങളില്‍ കൊതി , ഭൗതിക തൃഷ്ണകള്‍, പരുക്കത്തം എന്നിവയുമുണ്ടാവും. അശ്വനിദേവന്മാരുടെ കരുണാര്‍ദ്രമായ വശവും ചൊവ്വയുടെ തീക്ഷ്ണതയും എത്രകണ്ട് സമരസപ്പെടുത്താനാവും എന്നത് അറിഞ്ഞോ അറിയാതെയോ  അശ്വതിനാളുകാര്‍ നേരിടുന്ന ശക്തമായ  വെല്ലുവിളിയാണ്....  

'അശ്വതി: അറിയേണ്ടതെല്ലാം ' എന്ന പുസ്തകത്തില്‍ കൂടുതല്‍ കാര്യങ്ങള്‍ വായിക്കാം.   

ഇന്ന് ജന്മനാളും പക്കനാളും ആഘോഷിക്കുന്ന എല്ലാ അശ്വതി നാളുകാര്‍ക്കും ഹൃദയംഗമമായ ആശംസകള്‍!

പുസ്തകം വാങ്ങാനായി വിളിക്കുകയോ വാട്ട്സാപ്പ് അയക്കുകയോ ചെയ്യുക...
ഫോണ്‍:98460 23343

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

നിത്യയോഗങ്ങളുടെ പേരുകളും ഫലങ്ങളും

ശനിക്ക് ഒരു രഹസ്യമുണ്ട്. എന്താണ് ശനിയുടെ മർമ്മം? ആ രഹസ്യം തുറക്കും താക്കോൽ ഇതാ ഇവിടെ

ഒരു നക്ഷത്രം, പല അനുഭവം