ശ്രാവണം
ലേഖനം: 170
എസ്. ശ്രീനിവാസ് അയ്യര്അവനി പബ്ലിക്കേഷന്‍സ്
98460 23343
കാര്‍മേഘത്തിന്റെ കാളിമയുള്ള കര്‍ക്കടകത്തിലെ കറുത്തവാവ് പടിയിറങ്ങി. ചന്ദ്രന്റെ വൃദ്ധിക്ഷയങ്ങളെ ആധാരമാക്കിയുള്ള ചാന്ദ്രമാസങ്ങളില്‍ ഒരുപുതുമാസം ഇന്ന് പിറന്നുകഴിഞ്ഞു. ഒരുപക്ഷേ മലയാളിക്ക് ഏറ്റവും പ്രിയപ്പെട്ട ചാന്ദ്രമാസം -- ശ്രാവണം, ആ മാസത്തിലെ ഒന്നാംദിനം ഇന്നാണ്. കറുത്തവാവിന്റെ പിറ്റേന്ന് മുതല്‍ അടുത്ത കറുത്തവാവ് വരെയാണ് ഓരോ ചാന്ദ്രമാസവും ഭവിക്കുന്നത്. മധ്യേവരുന്ന പൗര്‍ണമിയുടെ അന്നത്തെ നക്ഷത്രത്തിന്റെ പേര് ആ മാസത്തിന് നല്‍കുന്നു. ശ്രവണത്തില്‍, അതായത് തിരുവോണത്തില്‍ വെളുത്തവാവ് വരികയാല്‍ 'ശ്രാവണം' എന്നായി മാസത്തിന്റെ നാമം. ( ഈവര്‍ഷം ആഗസ്റ്റ് 21-ന് തിരുവോണം. അന്ന് സന്ധ്യയ്ക്ക് പൗര്‍ണമി തുടങ്ങുന്നു). ചൈത്രം, വൈശാഖം, ജ്യേഷ്ഠം, ആഷാഡം എന്നിവ കടന്ന് ചാന്ദ്രവര്‍ഷത്തിലെ അഞ്ചാമത്തെ മാസമായ ശ്രാവണത്തിന്റെ പുലരികള്‍ തിരുമുല്‍ക്കാഴ്ചകളുമായി ഇനി നമ്മെ എതിരേല്‍ക്കുകയാണ്.
മലയാളിക്ക് വസന്തകാലവും കൂടിയാണ്, ശ്രാവണം. ഋതുക്കളില്‍ ശ്രാവണം വര്‍ഷര്‍ത്തുവില്‍ ഉള്‍പ്പെട്ടതാണെങ്കിലും, മലനാട്ടില്‍ പുഷ്പ സുരഭിലകാലമാണ് ചിങ്ങമെന്ന് മഹാകവി പി. കുഞ്ഞിരാമന്‍ നായരെപ്പോലുള്ള കവികള്‍ പാടിയിട്ടുണ്ട്. 'ശ്രാവണചന്ദ്രിക' രാത്രിയില്‍, എങ്ങും, പൂക്കളമൊരുക്കുന്നു. സ്‌നേഹസ്പര്‍ശം പോലുള്ള 'വെയിലിതള്‍പ്പൂക്കള്‍' പകല്‍വേളകളില്‍ ആദിത്യനും നിറയ്ക്കുന്നു. 'അത്തംപത്തോണ'മായി, ഇനിയും അവശേഷിക്കുന്ന നല്ലകാലത്തിന്റെ പൊലിമയായി, തിരുമുറ്റങ്ങളില്‍ പൂക്കളം ഹൃദ്യതയുടെ വൃത്തം തീര്‍ക്കുകയായി.
ആഘോഷങ്ങള്‍ ശ്രാവണത്തില്‍ അനവധിയാണ്. നാഗചതുര്‍ത്ഥിയും ഗരുഡപഞ്ചമിയും ആദ്യം. മംഗളഗൗരീവ്രതം, വരലക്ഷ്മീവ്രതം, ഋഗ്വേദികളുടെയും യജുര്‍വേദികളുടെയും ഉപാകര്‍മ്മം, രക്ഷാബന്ധനം, തൃക്കാക്കര, ഹരിപ്പാട് തുടങ്ങിയ ക്ഷേത്രങ്ങളില്‍ ഉത്സവം, തിരുവോണം, ഉത്രട്ടാതി ജലമേള, ശ്രീകൃഷ്ണാഷ്ടമി എന്നിങ്ങനെ ആഘോഷങ്ങള്‍ ഒന്നിനുപിറകെ ഒന്നായി വന്നെത്തുകയാണ്. മഹാന്മാരായ അയ്യങ്കാളി, ശ്രീനാരായണ ഗുരുദേവന്‍, ചട്ടമ്പിസ്വാമികള്‍ എന്നിങ്ങനെയുള്ളവരുടെ ജയന്തികള്‍ -- അങ്ങനെ ശ്രാവണം പല നിലയ്ക്കും കേരളീയ ജീവിതത്തില്‍ സവിശേഷ പ്രാധാന്യമുള്ള മാസമാണ്. വിനായകചതുര്‍ത്ഥിയും ചിങ്ങമാസത്തില്‍ തന്നെയാണ് വരുന്നതെങ്കിലും ശ്രാവണം കഴിഞ്ഞ്, (ചിങ്ങത്തിലെ അമാവാസി കഴിഞ്ഞുളള) ചാന്ദ്രമാസമായ ഭാദ്രപാദത്തിലാണ്, അതിലെ നാലാംനാളായ 'ചതുര്‍ത്ഥി' തിഥിയിലാണ് ഉള്‍പ്പെടുക. ഇവിടെ എഴുതാന്‍ വിട്ടുപോയ ക്ഷേത്രോത്സവങ്ങളും ആഘോഷങ്ങളും വേറെയും ഉണ്ടാവും. ഓര്‍മ്മയില്‍ വന്നവ സൂചിപ്പിക്കുക മാത്രമാണ് ചെയ്തത്!
മഹാമാരിയുടെ കാലത്ത് എങ്ങനെ ആഘോഷങ്ങളില്‍ ഭാഗഭാക്കാകണമെന്ന് നാം പോയവര്‍ഷം തന്നെ പഠിച്ചുകഴിഞ്ഞു. ആ ജാഗ്രത നഷ്ടപ്പെടുത്തരുത്. ഏത് വിപരീത സാഹചര്യമായാലും മനസ്സിലുണ്ടാവട്ടെ, കേരളീയതയുടെ വരപ്രസാദങ്ങള്‍. ഏത് യാന്ത്രികവും രുഗ്ണവുമായ പരിതസ്ഥിതികളില്‍ പുലര്‍ന്നാലും മനസ്സിലെ പൂക്കളം ഒളിമങ്ങാതിരിക്കട്ടെ! ( ഈ വരികള്‍ക്ക് മഹാകവി വൈലോപ്പിള്ളിയോട് കടപ്പാട്)
കേരളീയരുടെ പഴയ കാര്‍ഷിക സംസ്‌കൃതിയിലെ ഉജ്ജ്വലമായ ഒരേടായിരുന്നുവല്ലോ, ഓണവും ഓണക്കാലവും മാവേലിമന്നന്റെ പ്രജാസന്ദര്‍ശനവും തൃക്കാക്കരത്തേവരും മറ്റും. ഓണപ്പാച്ചിലും ഓണസ്സദ്യയും ഓണക്കളികളും ഓണവെയിലും ഓണത്തുമ്പിയും ഓണക്കോടിയും ഓണക്കവിതയും എന്തിന് ഓണത്തല്ലും വരെ നമ്മുടെ ഗൃഹാതുരതകളാണ്. 'ഓണം കേറാ മൂലകള്‍' പോലുള്ള ചില പദങ്ങളും നിത്യജീവിതത്തില്‍ ഇടംപിടിച്ചു. ഓണത്തിന്റെ സംഭാവന ഈവിധമുള്ള ഒരു ചെറുകുറിപ്പിലൊന്നും ഒരുങ്ങുന്നതല്ലെന്ന് സാരം. അവയുടെ പ്രസക്തി കോവിഡിന്റെ കാലത്തായാലും മനസ്സില്‍, നിനവുകളില്‍ നഷ്ടപ്പെടുന്നുമില്ല.
'ഓണം' എന്നു മാത്രമാണ് തിരുവോണം നക്ഷത്രത്തെ പഴയ ജ്യോതിഷ പുസ്തകങ്ങളില്‍ വിവരിക്കുന്നത്. 'തിരു' എന്നത് ശ്രേഷ്ഠവാചിയാണ്. തൃക്കാര്‍ത്തിക (കാര്‍ത്തിക), തിരുവാതിര (ആതിര), തൃക്കേട്ട (കേട്ട), തിരുവോണം (ഓണം) എന്നീ നാലു നക്ഷത്രങ്ങള്‍ക്കു മാത്രമാണ് ഇങ്ങനെ ഒരു മഹിമ വന്നിട്ടുള്ളത്. ഇവയില്‍ കാര്‍ത്തിക, കേട്ട, ഓണം എന്നിവ മൂന്നും യഥാക്രമം വൃശ്ചികം (കാര്‍ത്തികം), മിഥുനം (ജ്യേഷ്ഠം), ചിങ്ങം (ശ്രാവണം) എന്നീ മാസങ്ങളില്‍ പൗര്‍ണമി വരുന്ന നക്ഷത്രങ്ങളാകയാല്‍ 'കുല നക്ഷത്രങ്ങള്‍' എന്ന വിഭാഗത്തില്‍ വരുന്നവയുമാണ്.
പ്രിയപ്പെട്ട വായനക്കാര്‍ക്കെല്ലാംഐശ്വര്യം നിറഞ്ഞ ശ്രാവണം ആശംസിക്കുന്നു.
I sent you a check and a letter in October. The check has been cashed, so I believe you got my letter to. When are you going to respond ?
മറുപടിഇല്ലാതാക്കൂ