ശ്രാദ്ധം

ലേഖനം: 169  

എസ്. ശ്രീനിവാസ് അയ്യര്‍,
അവനി പബ്ലിക്കേഷന്‍സ്.
98460 23343

ശ്രദ്ധാപൂര്‍വം നിര്‍വഹിക്കേണ്ടതെന്തോ അതാണ് ശ്രാദ്ധം എന്നാണ് സങ്കല്പം. ദൈവസമര്‍പ്പണത്തിന് തുല്യം  നിഷ്‌ക്കര്‍ഷ പുലര്‍ത്തണം ശ്രാദ്ധകാര്യങ്ങളില്‍ എന്ന് നമ്മുടെ കാരണവന്മാര്‍ ഉറപ്പിച്ചു പറഞ്ഞിരുന്നു. അതില്‍ തെല്ലുമരുത്, അശ്രദ്ധയും അലംഭാവവും എന്നാണ് കരുതല്‍. അതാണ് 'ശ്രാദ്ധം' എന്ന വാക്കിന്റെ ഉണ്‍മ. 

പരേതരോടുള്ള ജീവിച്ചിരിക്കുന്നവരുടെ നന്ദിയും കടപ്പാടും ശ്രാദ്ധാചരണത്തിന്റെ പിന്നിലുണ്ട്. മൂന്ന് കടങ്ങളാണത്രെ, മനുഷ്യന് നിര്‍ബന്ധമായും തീര്‍ക്കാനുള്ളത്! ദേവന്മാരോടും ഋഷിമാരോടും പിതൃക്കളോടും ഉള്ള ആ കടങ്ങള്‍ പുരുഷാര്‍ത്ഥത്തിലൂടെ മനുഷ്യന്‍ മടക്കുന്നു; തിരികെ നല്‍കുന്നു. യജ്ഞം ചെയ്ത് ദേവഋണവും, വേദാദ്ധ്യയനത്തിലൂടെ ഋഷിഋണവും ബലികര്‍മ്മാനുഷ്ഠാനങ്ങളിലൂടെ പിതൃഋണവും വീട്ടണം.

മരിച്ചയാളിന്റെ കുടുംബക്കാര്‍ മരണം നടന്ന നക്ഷത്രം/തിഥി ഇവയെ മുന്‍നിര്‍ത്തി വര്‍ഷംതോറും സ്വഗൃഹത്തില്‍/ തീര്‍ത്ഥ- ദേവ സന്നിധികളില്‍ ബലികര്‍മ്മം അനുഷ്ഠിക്കണം. അതിനോടെപ്പം വര്‍ഷംതോറുമുള്ള ബലികര്‍മ്മങ്ങളുമുണ്ട്. തറവാട്ടിലെ പരേതരായ മുഴുവന്‍ പിതൃജനങ്ങളെയും ഉദ്ദേശിച്ചാണത്. ശിവരാത്രിയില്‍, കര്‍ക്കടകത്തിലെ കറുത്തവാവില്‍, തുലാവാവില്‍, മകരവാവില്‍ ഒക്കെയാണ് ഇതനുഷ്ഠിച്ചു പോരുന്നത്. എല്ലാമാസവും ഉള്ള അമാവാസിക്ക് പിതൃതര്‍പ്പണവും ബലിയും വിശേഷമാണ്. കന്നിമാസത്തില്‍, കറുത്തപക്ഷത്തില്‍ നടത്തുന്ന 'മഹാലയശ്രാദ്ധം' അഥവാ 'മാളവശ്രാദ്ധം' തമിഴ്‌നാട്, കര്‍ണാടക തുടങ്ങിയ പ്രദേശങ്ങളില്‍ മുഖ്യത്വം നല്‍കി ആചരിച്ചു പോരുന്നു..  

ശ്രാദ്ധം പലരൂപത്തില്‍ അനുഷ്ഠിക്കാറുണ്ട്. അവയില്‍ 'പാര്‍വ്വണശ്രാദ്ധം' മുഖ്യമാണ്. മരണപ്പെട്ട മൂന്നുതലമുറകളെ -- പിതാവ്, പിതാമഹന്‍, പ്രപിതാമഹന്‍ എന്നിവരെ -- (പിതാമഹി, പ്രപിതാമഹി തുടങ്ങിയവരേയും) -- അതിലൂടെ അനുസ്മരിക്കുന്നു. ആഹാരം ദാനം ചെയ്തുനടത്തുന്നത് 'അന്നശ്രാദ്ധം'. ധനവും സ്വര്‍ണവും ദാനം ചെയ്തു കൊണ്ടുള്ളത് 'ഹിരണ്യശ്രാദ്ധം'. ഉണക്കലരി, എള്ള് എന്നിവ നനച്ച് നടത്തുന്ന ശ്രാദ്ധവുമുണ്ട്. മരണപ്പെട്ടതിന്റെ പതിനൊന്നാം നാള്‍ പരേതനെ ഉദ്ദേശിച്ചുള്ള ബലികര്‍മ്മം 'ഏകോദ്ദിഷ്ട ശ്രാദ്ധം' എന്നറിയപ്പെടുന്നു. പന്ത്രണ്ടാം നാള്‍ മുന്‍തലമുറകള്‍ക്കൊപ്പം - പിതാമഹ പ്രപിതാ മഹാദികള്‍ക്കൊപ്പം - പരേതനെ ബന്ധിപ്പിച്ചു കൊണ്ടുള്ളത് 'സപിണ്ഡീകരണ ശ്രാദ്ധം' ആണ്. ഇങ്ങനെ ശ്രാദ്ധം പലതരത്തില്‍ ദേശ്യ, സാമുദായിക, ആചാര ഭേദങ്ങളോടെ നിലവിലുണ്ട്. ശ്രാദ്ധം ചെയ്യാതിരിക്കുന്നത് സന്തതി പ്രതിബന്ധാദികള്‍ക്കും ഭാഗ്യക്കേടിനും ഇടവരുത്തുമെന്ന വിശ്വാസവും പ്രബലമാണ്.   

കര്‍ക്കടക വാവിന്റെ തലേന്ന് 'ഒരിക്കല്‍' മുഖ്യമാണ്. കേരളത്തിലങ്ങോളമിങ്ങോളം ഒരുപാട് പുണ്യനദീതീരങ്ങളിലും ക്ഷേത്രസവിധത്തിലും ഒക്കെയായി 'വാവുബലി' നടന്നുപോന്നിരുന്നത് കോവിഡിന്റെ പ്രത്യേക പശ്ചാത്തലത്തില്‍ ഗൃഹോപാന്തത്തിലോ മുറ്റത്തിലോ ആക്കേണ്ട സാഹചര്യമാണ്. എത്ര വിപരീത പരിതസ്ഥിതികളായാലും, കഴിയുന്നതും, ബലികര്‍മ്മാദികള്‍ മുടക്കരുത്. ഇന്ന് സാമൂഹിക മാദ്ധ്യമങ്ങളുടെ സഹായത്തോടെയും മറ്റും ബലി നടത്താനും അതിനുവേണ്ട മന്ത്രങ്ങള്‍ ചൊല്ലിത്തരാനും ധാരാളം ആചാര്യന്മാര്‍ മുന്നോട്ടുവന്നിട്ടുണ്ട്. ആവശ്യമുള്ളവര്‍ അത് പ്രയോജനപ്പെടുത്തണം.  

'പിതൃ ദേവോ ഭവ' 

അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

നിത്യയോഗങ്ങളുടെ പേരുകളും ഫലങ്ങളും

'പുഷ്ടി നല്‍കുന്ന പൂഷാവ് ....'

കരണം എന്നാല്‍