ത്രിംശാംശകം

ലേഖനം: 168

എസ്. ശ്രീനിവാസ് അയ്യര്‍
അവനി പബ്ലിക്കേഷന്‍സ്
98460 23343

ത്രിംശാംശകം എന്നാല്‍ മുപ്പതില്‍ ഒരുഭാഗം എന്നര്‍ത്ഥം. ഒരുരാശി മുപ്പതുഭാഗകള്‍ അഥവാ മുപ്പതുഡിഗ്രികള്‍ ചേര്‍ന്നതാണ്. അതിനെ മുപ്പതായി പിരിച്ചുകാണുകയാണ് ത്രിംശാംശകത്തില്‍. രാശിയില്‍ വരുന്ന ജാതകന്റെ ലഗ്‌നവും അതിലെ മറ്റു ഗ്രഹങ്ങളും ഏതു ഭാഗയില്‍/ ഏതു ഡിഗ്രിയില്‍ എന്ന് കണ്ടെത്തുന്നു. അത് ഗ്രഹസ്ഫുടത്തിലൂടെ ദൈവജ്ഞര്‍ ഉറപ്പിക്കുന്നു. പഞ്ചതാരാഗ്രഹങ്ങള്‍ക്കാണ് ത്രിംശാംശകത്തിന്റെ ആധിപത്യം. അതുതന്നെയും ഓജരാശിയിലും യുഗ്മരാശിയിലും വ്യത്യസ്തക്രമത്തിലാണു താനും. അതോടെ ത്രിംശാംശകഫലമായി. ഷഡ്വര്‍ഗത്തിലെ (ക്ഷേത്രം, ഹോര, ദ്രേക്കാണം, നവാംശം, ദ്വാദശാംശം, ത്രിംശാംശം) ഒരു വര്‍ഗമാണിതും.

സൂക്ഷ്മവും കൃത്യവുമായ ഫലചിന്തയ്ക്ക് രാശിയെ ഉദ്ഗ്രഥിച്ചും അപഗ്രഥിച്ചും ആചാര്യന്മാര്‍ പരിശോധിക്കുന്നു. ഒരു ചെറുവിത്തില്‍ നിന്നും മഹാവൃക്ഷത്തിലേക്ക് പടരാനും, മഹാസാഗരത്തില്‍ നിന്നും ഒരു കൈക്കുടന്ന വെള്ളത്തിലേക്ക് ചുരുങ്ങാനും ജ്യോതിഷത്തില്‍ ഉറച്ച വഴികളുണ്ട്. വികാസവും സങ്കോചവും നടത്തി, പലവിധം പരിശോധനകള്‍ നടത്തി, എന്തിനെക്കുറിച്ചും ശരിധാരണയിലെത്താനുള്ള ഒരു സാധ്യതയും ജ്യോതിഷം ഒഴിവാക്കിയിട്ടില്ല. മുപ്പത് ഭാഗ/ മുപ്പത് ഡിഗ്രി അടങ്ങിയ രാശിയെ ഒരു ക്ഷേത്രമായി ഒന്നിച്ചുകണ്ട് ഉദ്ഗ്രഥിക്കാനും അതിനെ മുപ്പതു ഭാഗമായി എണ്ണിയെണ്ണി പിരിച്ചറിയാനും ജ്യോതിഷം സജ്ജവും സന്നദ്ധവുമാണ്. ഫലപ്രവചനത്തിന് ഒരുങ്ങുന്നവരും പഠിതാക്കളും ഈ പൊരുളുകളിലേക്ക് ഉണരണം.

ഓജരാശിയില്‍ (മേടം മുതല്‍ ഒന്നിടവിട്ട രാശികള്‍) ആദ്യ അഞ്ച് ഭാഗയുടെ നാഥന്‍ ചൊവ്വ. പിന്നെ അഞ്ച് ഭാഗയുടെ ശനി. പിന്നെ എട്ടു ഭാഗയുടെ വ്യാഴം. പിന്നെ ഏഴിന്റെ ബുധന്‍. ഒടുവിലത്തെ അഞ്ചിന്റെ ശുക്രന്‍. (5+5+8+7+5= 30). ഇത് യുഗ്മരാശികളില്‍ (ഇടവം മുതല്‍ ഒന്നിടവിട്ട രാശികളില്‍) വ്യുത്ക്രമമായിട്ടാണ് കണക്കാക്കുക. ആദ്യ അഞ്ചുഭാഗയുടെ നാഥന്‍ ശുക്രന്‍. പിന്നെ ഏഴിന്റെ ബുധന്‍. തുടര്‍ന്ന് എട്ടിന്റെ വ്യാഴം. പിന്നെ അഞ്ചിന്റെ ശനി, ഒടുവിലത്തെ അഞ്ചിന്റെ ചൊവ്വ എന്നിങ്ങനെ വരും. (5+7+8+5+5 = 30).

ഇതില്‍ ജാതകന്റെ/ ജാതകയുടെ ലഗ്‌നം ഭവിച്ചിരിക്കുന്ന ഭാഗയുടെ/ ഡിഗ്രിയുടെ അധിപന്‍ ഏതു ഗ്രഹമാണോ അതനുസരിച്ച് ഫലങ്ങളുമുണ്ട്. അതിനെയാണ് 'ത്രിംശാംശകഫലം' എന്നുപറയുന്നത്.

കുജന്റെ/ ചൊവ്വയുടെ ത്രിംശാംശകത്തില്‍ ജനിച്ചാല്‍ ദേഹബലമുളളവരും കാര്യപ്രാപ്തിയുള്ള വരുമാവും. പാപകര്‍മ്മങ്ങളോട് ചായും, അറിഞ്ഞോ അറിയാതെയോ! മുന്‍കോപം കൊണ്ട് വേഗം ശത്രുക്കളെ സമ്പാദിക്കും. വ്യക്തിത്വം അധൃഷ്യമായിരിക്കും. ചൊവ്വയ്ക്ക് സ്വക്ഷേത്രസ്ഥിതിയും മറ്റുമുണ്ടായാല്‍ രാജതുല്യമായ അധികാരങ്ങളും പദവികളും ഐശ്വര്യവും വന്നുചേരും.

ശനിയുടെ ത്രിംശാംശകത്തില്‍ ജനിച്ചാല്‍ ഗുണങ്ങള്‍ മന്ദീഭവിച്ചേക്കും. നീചപ്രവൃത്തികളോട് താത്പര്യം കാട്ടും. ശുചിത്വബോധം കഷ്ടിയാവും. രോഗം, ക്ഷതം ഇത്യാദികള്‍ ചെറുപ്പം മുതല്‍ ശല്യകാരികളായേക്കും. ശനിക്ക് ഗ്രഹനിലയില്‍ ബലമുണ്ടെങ്കിലും മേല്‍പ്പറഞ്ഞ ഫലങ്ങള്‍ക്ക് വലിയ വ്യത്യാസം വരുന്നില്ല എന്നതാണ് പൊതുപക്ഷം.

ഗുരുവിന്റെ/ വ്യാഴത്തിന്റെ ത്രിംശാംശകത്തില്‍ ജനിക്കുന്നവര്‍ സാത്വികരും സൗമ്യരുമായിരിക്കും. വിദ്യ, ധനം എന്നിവയില്‍ ഉയര്‍ച്ച നേടും. കലാഭിരുചിയും സഹൃദയത്വവും വേദജ്ഞാനവും ഇവര്‍ക്കുണ്ടാവും. വ്യാഴം സ്വക്ഷേത്രത്തിലും മറ്റുമാണെങ്കില്‍ ഗുണം പിന്നെയും വര്‍ദ്ധിക്കും. ലോകാരാധ്യതയും ആയുരാരോഗ്യ സൗഖ്യവും വന്നുചേരും.

ബുധന്റെ ത്രിംശാംശകത്തിലാണ് ജനനമെങ്കില്‍ വിദ്വത്വം ഉണ്ടാവും. ആശയ വിനിമയശേഷിയേറും. സജ്ജനങ്ങളുടെ സൗഹൃദം ലഭിക്കും. വിനയസമ്പന്നരും ഗുരുഭക്തരുമാവും. ബുധന് ഉയര്‍ന്ന ബലമുണ്ട് ഗ്രഹനിലയിലെങ്കില്‍, മഹാവിദ്വാനും അതിപ്രശസ്തനും ഉയര്‍ന്ന ധാരണാശക്തിയുള്ളയാളും ആവും.

ശുക്രന്റെ ത്രിംശാംശകത്തില്‍ ജനിച്ചാല്‍ കാമികളും ലൗകിക ജീവിതാസക്തരും സുഖികളും വിനോദശീലരും ധനവാന്മാരും ആകും. ശുക്രന് സ്വക്ഷേത്രസ്ഥിതിയും മറ്റുമുള്ളപക്ഷം മാതൃകാദാമ്പത്യം, ധാരാളം സന്താനങ്ങള്‍, ദേഹസുഭഗത്വം, വലുതായ അഭിലാഷങ്ങളും അവയുടെ സിദ്ധിയും തുടങ്ങിയവ ഫലങ്ങളില്‍ ഉള്‍പ്പെടും.

സ്ത്രീജാതക നിരൂപണത്തില്‍ ജാതക ഏതു ഗ്രഹത്തിന്റെ ത്രിംശാംശകത്തില്‍ ജനിച്ചുവെന്നതിന് വലിയപ്രാധാന്യം നല്‍കാറുണ്ട്, ആചാര്യന്മാര്‍. ഗുരു, ശുക്രന്‍, ബുധന്‍ എന്നീ ഗ്രഹങ്ങളുടെ ത്രിംശാംശകത്തില്‍ ജനിക്കുന്ന സ്ത്രീക്ക് ഐശ്വര്യം, ദാമ്പത്യസൗഖ്യം, മനോഗുണം, ജീവിതവിജയം എന്നിവയുണ്ടാകുമെന്നും മറ്റു ഗ്രഹങ്ങളുടെ ത്രിംശാംശകബന്ധം വിപരീതഫലങ്ങള്‍ സൃഷ്ടിക്കുമെന്നും ഗ്രന്ഥങ്ങളിലുണ്ട്. ഏതെങ്കിലും ഒരു വിഷയത്തെ/ ഫലത്തെ  മുന്‍നിര്‍ത്തി വ്യക്തിത്വത്തിന്റെ പൂര്‍ണതയും ജീവിതത്തിന്റെ സമഗ്രതയും നിര്‍ണയിക്കാനാവില്ല. ഒറ്റനോട്ടത്തിലും ഒറ്റയടിക്കും ഒരാശയത്തെ മാത്രം മുന്‍നിര്‍ത്തിയും പ്രവചനങ്ങള്‍ക്ക് മുതിരാതിരിക്കുന്നതാണ് അഭിലഷണീയവും ആശാസ്യവും. ജ്യോതിഷത്തിന്റെ ആഴം അക്കാര്യമാണ് സ്പഷ്ടമാക്കുന്നതും. കുറുക്കുവഴി, ജ്യോതിഷ വിദ്യയുടേതല്ല എന്നത് ജ്യോതിഷവിദ്യാര്‍ത്ഥി ഹൃദയഫലകങ്ങളില്‍ ആദ്യം തന്നെ ഉറപ്പിക്കേണ്ട പാഠമാണ്.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

നിത്യയോഗങ്ങളുടെ പേരുകളും ഫലങ്ങളും

'പുഷ്ടി നല്‍കുന്ന പൂഷാവ് ....'

കരണം എന്നാല്‍