രാഹുദശയിലൂടെ

ലേഖനം: 167

എസ്. ശ്രീനിവാസ് അയ്യര്‍
അവനി പബ്ലിക്കേഷന്‍സ്
98460 23343

ഗ്രഹനിലയിലെ 'സ' എന്ന അക്ഷരം സര്‍പ്പന്‍/ സര്‍പ്പി/ സര്‍പ്പം എന്നതിന്റെ ചുരുക്കമാണ്. അതായത് രാഹുവിനെ കുറിക്കുന്ന അക്ഷരം. നവഗ്രഹങ്ങളുടെ കൂട്ടത്തിലെ ഉദ്ദാമശക്തിയാണ് രാഹു എന്ന ഗ്രഹവും.

നവഗ്രഹങ്ങളുടെ ദശാകാലമായി മനുഷ്യജീവിതത്തെ നിര്‍ണയിക്കുമ്പോള്‍ (നക്ഷത്രദശാപദ്ധതി) രാഹുദശയ്ക്കും അതില്‍ സ്ഥാനം ലഭിക്കുന്നു. ചൊവ്വാദശയ്ക്കും വ്യാഴദശയ്ക്കും മധ്യേയാണ് രാഹുദശയുടെ (18 വര്‍ഷം) സ്ഥാനം നിര്‍ണയിച്ചിട്ടുള്ളത്. നിഴല്‍ഗ്രഹം, തമോഗ്രഹം, പാപഗ്രഹം എന്നിവ രാഹുവിന്റെ വിശേഷണങ്ങള്‍. രാഹുവിനെ വിധുന്തുദന്‍, സ്വര്‍ഭാനു, അഗു, അഹി, സൈംഹികേയന്‍, അസുരന്‍, വൈപ്രചിത്തി, പൈഠീനസന്‍, ഇനേന്ദുശത്രു തുടങ്ങിയ പേരുകളില്‍ ജ്യോതിഷഗ്രന്ഥങ്ങളില്‍ വിവരിച്ചുവരുന്നു.

പ്രായേണ വലിയദശകളിലൊന്നാണ് രാഹുദശ. ശുക്രദശ 20 വര്‍ഷവും ശനിദശ 19 വര്‍ഷവും ആണ്. വലിപ്പത്തില്‍ തൊട്ടുപിറകെ രാഹുദശയാണ് -- 18 വര്‍ഷം. തിരുവാതിര, ചോതി, ചതയം എന്നീ മൂന്നു നക്ഷത്രക്കാരുടെ ജനനം (ജന്മദശ) രാഹുദശയിലാകുന്നു. മകയിരം, ചിത്തിര, അവിട്ടം നാളുകാര്‍ക്ക് രണ്ടാമതായും, രോഹിണി, അത്തം, തിരുവോണം നാളുകാര്‍ക്ക് മൂന്നാമതായും രാഹുദശ കടന്നുവരുന്നു.  

കാര്‍ത്തിക, ഉത്രം, ഉത്രാടം നാളുകാരുടെ നാലാംദശയാണ് രാഹുദശ. ഭരണി, പൂരം, പൂരാടം നാളുകാര്‍ക്ക് അഞ്ചാം ദശയും, അശ്വതി, മകം, മൂലം നാളുകാര്‍ക്ക് ആറാം ദശയും, രേവതി, തൃക്കേട്ട, ആയില്യം നാളുകാര്‍ക്ക് ഏഴാംദശയും, ഉത്രട്ടാതി, അനിഴം, പൂയം നാളുകാര്‍ക്ക് എട്ടാംദശയും രാഹുദശയാണ്. പൂരൂരുട്ടാതി, വിശാഖം, പുണര്‍തം എന്നീ മൂന്നുനാളുകാര്‍ക്ക് ഒമ്പതാം ദശയാണ് രാഹുദശ. താരതമ്യേന ഇരുപത്തിയേഴു നാളുകാരില്‍ രാഹുദശയെ അഭിമുഖീകരിക്കാനും പൂര്‍ത്തീകരിക്കാനും ഏറ്റവും സാധ്യത കുറവ് ഈ മൂന്നു നാളുകാരുമാണ്. ശരാശരി കണക്കാക്കിയാല്‍ ഇവരുടെ അതിവാര്‍ദ്ധക്യത്തിലാവും രാഹുദശ ആരംഭിക്കുക. എന്നാലും മറ്റു ദശകളില്‍ വരുന്ന അന്തര്‍ദശയായും ചിദ്രമായും ഒക്കെ രാഹു എന്ന അനുഭവം വരാതിരിക്കുന്നില്ല.

മൂന്നാമതും അഞ്ചാമതും ഏഴാമതും ആയി വരുന്ന ദശകള്‍, ഏതു ഗ്രഹത്തിന്റേതായാലും, വെല്ലുവിളിയുയര്‍ത്തുമെന്നാണ് ആചാര്യന്മാരുടെപക്ഷം. രാഹുവിന്റെ കാര്യത്തിലും ഇത് വ്യത്യസ്തമല്ല. മറ്റുപാപന്മാരോട് ചേര്‍ന്നാല്‍ രാഹുവിന്റെ നശീകരണപ്രവണത ദ്വിഗുണീഭവിക്കും. 8,12, പാപലഗ്‌നം എന്നീ ഭാവങ്ങളിലെ രാഹു അപകടകാരിയാണ്. 'ശനിവത് രാഹു ' എന്നചൊല്ല് വ്യക്തമാക്കുന്നത് ശനിയുടെ പ്രവര്‍ത്തന രീതിയാണ് രാഹുവിനുള്ളതെന്നാണ് ദുര്‍ബലനായ രാഹു അലസതയുടെ കൂടാരത്തില്‍ വ്യക്തിയെ പ്രതിഷ്ഠിക്കും. കര്‍മ്മജാഡ്യമുണ്ടാക്കും മാനസികമായി പുലര്‍ത്തിപ്പോന്ന സന്തുലനം നഷ്ടപ്പെടുത്തും. ജീവിതത്തിന്റെ ധാവള്യത്തില്‍ നിന്നകന്ന് താമസഭാവങ്ങളോട്, പാപകാളിമകളോട്, കൂട്ടുകൂടാന്‍ രാഹു ഊക്കേറിയ പ്രേരണചെലുത്തും. ചൊവ്വ, കേതു, സൂര്യന്‍, ശനി എന്നീ പാപഗ്രഹങ്ങളുടെ രാഹുദശയിലെ അപഹാരങ്ങളില്‍ ഒഴുക്കിനെതിരെ നീന്താനുള്ള ആത്മബലം, സര്‍വ്വവിധത്തിലും പുറത്തെടുക്കേണ്ടതായി വരും.

ഏതു രാശിയില്‍, ഏതു ഭാവത്തില്‍, ഏതേതു ഗ്രഹങ്ങളുടെ യോഗദൃഷ്ട്യാദികളോടെ നില്‍ക്കുന്നുവെന്നത് രാഹുവിന്റെ ശക്തി- ദൗര്‍ബല്യങ്ങള്‍ക്ക് കാരണമാകുന്നു. 3, 6,10,11 എന്നീ ഉപചയ ഭാവങ്ങളില്‍ ശുഭകര്‍ത്താവും ഗുണദാതാവുമാണ് രാഹുവെന്ന് പറയപ്പെടുന്നു. ശുഭഗ്രഹങ്ങളുടെ യോഗമോ നോട്ടമോ ലഭിച്ചാല്‍ രാഹു വലിയനേട്ടങ്ങള്‍ സമ്മാനിക്കും. ഭൗതികപ്രതീക്ഷകള്‍ പൂവണിയിക്കാന്‍ രാഹുവിനാകും. പദവികളും ധനോന്നതിയും പ്രതാപവും അധികാരവും ഭോഗവും രാഹു നല്‍കും. ലൗകികമായ ഇച്ഛകള്‍ വേഗം ലക്ഷ്യത്തിലെത്തും. ചില ആത്മീയ അനുഭവങ്ങളും ഉണ്ടായിക്കൂടെന്നില്ല. തീര്‍ത്ഥയാത്രകള്‍ക്ക് രാഹു പ്രേരണയാകും. ഭാരതീയരെ സംബന്ധിച്ച് ഗംഗാസ്‌നാനം പരമപവിത്രമാണ്. 'മാനേ ഗംഗാസ്‌നാന ദാത്രേ നമ:' എന്നൊരു നാമം രാഹുവിന്റെ അഷ്ടോത്തരശതനാമത്തില്‍ വായിക്കാം. പത്താം ഭാവത്തിനാണ് 'മാനം' എന്നുപറയുന്നത്. ഗ്രഹനിലയില്‍ പത്തില്‍ നില്‍ക്കുന്ന രാഹു ഗംഗാസ്‌നാനമടക്കം പുണ്യകാര്യങ്ങള്‍ ചെയ്യും/ചെയ്യിക്കും എന്ന് ഊഹിക്കാം. മന്ത്രസാധന, വിശിഷ്യാ ദുര്‍ഗാമന്ത്രോപാസന, നാഗമന്ത്രസിദ്ധി, ശാക്തേയ പൂജാവിധികള്‍ ഇവയും ബലവാനായ രാഹു നല്‍കുന്ന ചില ആത്മീയ പ്രത്യക്ഷതകളാണ്.

ഈ ശ്ലോകം ചിലരെങ്കിലും കേട്ടിട്ടുണ്ടാവും.: 
'ദശാദൗ ദു:ഖമാപ്‌നോതി / 
ദശമധ്യേ മഹാസുഖം / 
ദശാന്തൗ ഫണിനാഥസ്യ / 
പിതുര്‍നാശംപദച്യുതി.' 
രാഹുദശയുടെ ആദ്യവര്‍ഷങ്ങളില്‍ വിശിഷ്യാ സ്വാപഹാരത്തില്‍ കഷ്ടവും ദുഃഖാനുഭവങ്ങളും വരാം. മധ്യകാലത്ത്, പ്രത്യേകിച്ചും ബുധന്‍, ശുക്രന്‍ എന്നിവയുടെ അപഹാരങ്ങളില്‍ സ്വാസ്ഥ്യവും സുഖവും ഏറും. അന്ത്യത്തിലോ? അവസാനത്തെ ഏതാണ്ട് മൂന്നരക്കൊല്ലം തുടര്‍ച്ചയായി സൂര്യന്‍, ചന്ദ്രന്‍, ചൊവ്വ എന്നീ ഗ്രഹങ്ങളുടെ അപഹാരങ്ങളാണ്. എല്ലാം രാഹുവിന്റെ എതിര്‍ചേരിയിലെ ഗ്രഹങ്ങള്‍. അക്കാലം പിതാവിനും ഗുരു കാരണവന്മാര്‍ക്കും ക്ലേശപ്രദമായേക്കും. പദവികളില്‍ നിന്നും ഭ്രംശവും ഫലത്തിലെ വിവക്ഷയാണ്. 

ഉത്തമ ദൈവജ്ഞനെക്കൊണ്ട് ജാതകപരിശോധന നടത്തിക്കുകയും വിധിപ്രകാരമുളള ദോഷശാന്തികളും പൗഷ്ടിക കര്‍മ്മങ്ങളും അനുഷ്ഠിക്കുകയും വേണം. നാഗാരാധനയും ദുര്‍ഗാഭജനവും ശ്രേയസ്സുണ്ടാക്കും.

'അര്‍ദ്ധകായം മഹാവീര്യം / 
ചന്ദ്രാദിത്യ വിമര്‍ദ്ദനം / 
സിംഹികാഗര്‍ഭ സംഭൂതം / 
തം രാഹും പ്രണമാമ്യഹം  
എന്ന വ്യാസ മുഖോദ്ഗളിതമായ പ്രാര്‍ത്ഥന ആപത്തുകളെ നീക്കുമാറാകട്ടെ!

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

നിത്യയോഗങ്ങളുടെ പേരുകളും ഫലങ്ങളും

'പുഷ്ടി നല്‍കുന്ന പൂഷാവ് ....'

കരണം എന്നാല്‍