സൂര്യ വിംശതി
ലേഖനം: 162
എസ്. ശ്രീനിവാസ് അയ്യര്അവനി പബ്ലിക്കേഷന്‍സ്
98460 23343
ഇന്ന് ഞായറാഴ്ചയാണല്ലോ. ഞായറിന്റെ ദിനം. ഞായര്‍ എന്നാല്‍ സൂര്യന്‍. അതിനാല്‍ കുറച്ച് സൂര്യവിശേഷങ്ങള്‍ ജ്യോതിഷവിദ്യാര്‍ത്ഥികള്‍ക്കായി പങ്കുവെക്കാമെന്ന് കരുതുകയാണ്. വിംശതി എന്നാല്‍ ഇരുപത് എന്നര്‍ത്ഥം. സൂര്യനെക്കുറിച്ച് ഇരുപത് കാര്യങ്ങളാണ് സൂര്യവിംശതിയിലെ പ്രതിപാദ്യം.
- കാലപുരുഷന്റെ ആത്മാവാണ് സൂര്യന്‍.
- ഗ്രഹസദസ്സില്‍ / ഗ്രഹങ്ങളുടെ അധികാരശ്രേണിയില്‍ രാജാവാണ് സൂര്യന്‍.
- കുടുംബ ബന്ധങ്ങളില്‍ സൂര്യന്‍ പിതാവാകുന്നു. പിതൃകാരകന്‍, രാജകാരകന്‍, ആത്മകാരകന്‍ തുടങ്ങിയ വാക്കുകള്‍ സൂര്യനെക്കുറിക്കുന്നതാണ്!
- ജ്യോതിഷം, ഗ്രഹങ്ങളെ ആണും പെണ്ണും നപുംസകവുമായി തിരിക്കുന്നു. സൂര്യനും ചൊവ്വയും വ്യാഴവും പുരുഷഗ്രഹങ്ങളാണ്.
- സത്വരജസ്തമോ ഗുണങ്ങളുമായി ഗ്രഹങ്ങളെ ബന്ധിപ്പിക്കുന്ന രീതിയുമുണ്ട്. സൂര്യനും ചന്ദ്രനും വ്യാഴവും സത്വഗുണഗ്രഹങ്ങള്‍ അഥവാ സാത്വികഗ്രഹങ്ങള്‍.
- പാപഗ്രഹങ്ങളുടെ പട്ടികയില്‍ അഞ്ച്ഗ്രഹങ്ങള്‍ വരുന്നു. അതില്‍ സൂര്യനുമുണ്ട്. ശനി, ചൊവ്വ, രാഹു, കേതു, രവി എന്നിവരാണ് പാപഗ്രഹങ്ങള്‍.
- ഗ്രഹങ്ങള്‍ എവിടെ താമസിക്കുന്നു എന്നത് അചാര്യന്മാരുടെ ചിന്താവിഷയമാണ്. സൂര്യന്‍ വസിക്കുന്നത് ദേവാലയം, വിശേഷിച്ചും ശിവക്ഷേത്രം, മരുപ്രദേശം, ഗായത്രി മന്ത്രം ഉച്ചരിക്കും സ്ഥലം, രാജസദസ്സ്, അഗ്‌നിശാല എന്നിവിടങ്ങളിലാണ് .
- അസ്ഥി, തല, തലച്ചോറ്, കണ്ണ്, ഹൃദയം, ആമാശയം തുടങ്ങിയ അവയവങ്ങളുടെ കാരകന്‍ സൂര്യനാണ്.
- ലോഹങ്ങളില്‍ ചെമ്പ്, രത്‌നങ്ങളില്‍ മാണിക്യം, ഋതുക്കളില്‍ ഗ്രീഷ്മം, ത്രിദോഷങ്ങളില്‍ പിത്തം, കാലങ്ങളില്‍ അയനം, ഭോജ്യരസങ്ങളില്‍ എരിവ്, പുഷ്പങ്ങളില്‍ ചെന്താമര, ധാന്യങ്ങളില്‍ ഗോതമ്പ്, നിറങ്ങളില്‍ കാവി, ദിക്കുകളില്‍ കിഴക്ക്, വസ്ത്രങ്ങളില്‍ തടിച്ച നൂലുകൊണ്ടുണ്ടാക്കിയിട്ടുള്ളവ, സംഖ്യകളില്‍ 1/ ഒന്ന് എന്നിവ സൂര്യനുമായി ബന്ധപ്പെട്ടതാണ്.
- ചിങ്ങം സൂര്യന്റെ സ്വക്ഷേത്രം. ചിങ്ങം രാശിയിലെ ആദ്യ 20 ഡിഗ്രി മൂലത്രികോണമാണ്. മേടമാണ് ഉച്ചരാശി. മേടപ്പത്ത് പരമോച്ചവും. തുലാം നീചരാശി. തുലാപ്പത്ത് പരമനീചവും.
- ഗ്രഹങ്ങള്‍ക്ക് വക്രവും മൗഢ്യവും മറ്റും ഭവിക്കുന്നത് സൂര്യഗതി കൊണ്ടാണ്.
- ഗ്രഹങ്ങളുടെ ഇടയില്‍ മൂന്നുതരം ബന്ധങ്ങളുണ്ട്. മിത്രം, ശത്രു, സമന്‍ എന്നിങ്ങനെ. ചന്ദ്രനും ചൊവ്വയും വ്യാഴവും സൂര്യന്റെ മിത്രങ്ങള്‍ അഥവാ ബന്ധുക്കള്‍, ശനിയും ശുക്രനും ശത്രുക്കള്‍. ബുധന്‍ സമനും. ചന്ദ്രന്‍, ചൊവ്വ, വ്യാഴം, ബുധന്‍ എന്നിവര്‍ക്ക് സൂര്യന്‍ മിത്രമാണ്. ശുക്രനും ശനിക്കും ശത്രുവും. ആര്‍ക്കും സൂര്യനോട് സമത്വമില്ല.
- ദ്വാദശഭാവങ്ങളില്‍ ലഗ്‌നം, ഒമ്പതാമെടം, പത്താമെടം എന്നിവയില്‍ സൂര്യന് കാരകത്വമുണ്ട്.
- വിംശോത്തരി അഥവാ നക്ഷത്രദശാപദ്ധതി പ്രകാരം ഏറ്റവും ചെറിയദശയാണ് സൂര്യദശ. ആറ് വര്‍ഷമാണ് ദശാകാലം. പരമായുസ്സായ 120 വര്‍ഷത്തിന്റെ ഇരുപതിലൊന്നാണ് 6 വര്‍ഷം എന്നതിനാല്‍ മറ്റു ഗ്രഹങ്ങളുടെ ദശയില്‍ സൂര്യാപഹാരം അവയുടെ ഇരുപതിലൊന്ന് ഭാഗമായിരിക്കും. രണ്ടുമൂന്നുദാഹരണങ്ങള്‍ നോക്കാം. 20 വര്‍ഷം ഉള്ള ശുക്രദശയില്‍ സൂര്യന്റെ അപഹാരം 1 വര്‍ഷമാണ്. 10 വര്‍ഷമുള്ള ചന്ദ്രദശയില്‍ സൂര്യന്റെ അപഹാരം 6 മാസവും. 7 വര്‍ഷമുള്ള ചൊവ്വാദശയില്‍ 4 മാസവും 6 ദിവസവും. കാര്‍ത്തിക, ഉത്രം, ഉത്രാടം എന്നീ നാളുകാരുടെ ജനനം സൂര്യദശയില്‍.
- വാസി, വേസി, ഉഭയചരീ എന്നീ യോഗങ്ങളുടെ കര്‍ത്താവ് സൂര്യനാണ്. സൂര്യ ചന്ദ്രന്മാര്‍ പരസ്പരം ഏതേതു ഭാവങ്ങളില്‍ എന്നതിനെ മുന്‍നിര്‍ത്തിയാണ് അധമ, സമ, വരിഷ്ഠയോഗങ്ങള്‍ ഉണ്ടാവുന്നത്.
- സൂര്യന് ഗ്രഹണമുണ്ടാക്കുന്നവ രാഹുകേതുക്കളാണ്. മിക്കവാറും കറുത്തവാവിന്‍ നാളിലാവും സൂര്യഗ്രഹണം വരിക. രാഹുഗ്രസ്തം, കേതുഗ്രസ്തം എന്നിങ്ങനെ ഇവ അറിയപ്പെടുന്നു.
- വിപരീത/പ്രതിലോമ സ്ഥിതിക്ക് കാരണമാകുന്ന ഗ്രഹത്തെ ബാധ എന്ന് ജ്യോതിഷം വിധിക്കുന്നു. തുലാം ലഗ്‌നത്തിന് ചിങ്ങവും അതിന്റെ അധിപനായ സൂര്യനുമാണ് ബാധാരാശിയും ബാധാഗ്രഹവും.
- സൂര്യനെക്കൊണ്ട് ശിവനെ ചിന്തിക്കുന്നു. ചിങ്ങം, മേടം, വൃശ്ചികം രാശികളിലായാല്‍ ശിവന്‍ തന്നെ - മാറ്റമില്ല. ചിലപ്പോള്‍ രാശിഭേദമനുസരിച്ച് യക്ഷി, ഭദ്രകാളി എന്നിവരെയും മറ്റു ചില മൂര്‍ത്തികളെയും ആദിത്യനെക്കൊണ്ട് ചിന്തിക്കാറുണ്ട്.
- ആദിത്യദോഷ ശാന്തിക്ക് ആദിത്യന്‍/ശിവന്‍ എന്നിവരെ ഭജിക്കണം. ദശമഹാവിദ്യകളില്‍ മാതംഗിയെ ഭജിക്കുന്ന രീതിയുമുണ്ട്.
- ആദിത്യഹൃദയം, സൂര്യഗായത്രി, ആദിത്യ അഷ്ടോത്തര, സഹസ്രനാമങ്ങള്‍, മൂലമന്ത്രം എന്നിവ ഞായറാഴ്ച ദിവസം നിഷ്ഠയോടെ ജപിക്കുന്നത് ശ്രേയസ്സുണ്ടാക്കും.
ഓം ആദിത്യായ വിദ്മഹേ ദിവാകരായ ധീമഹി : തന്നോ സൂര്യ പ്രചോദയാത് എന്നത് സൂര്യഗായത്രി മന്ത്രം.
ഓം രം രവയേ നമ: എന്നോ ഓം ആദിത്യായ നമ: എന്നോ ഉള്ള മൂലമന്ത്രവും സമുചിതം.
ജപാകുസുമസങ്കാശം
കാശ്യപേയം മഹാദ്യുതിം
തമോരിം സര്‍വ്വപാപഘ്‌നം
പ്രണതോസ്മി ദിവാകരം എന്ന ധ്യാനവും നിത്യ പ്രാര്‍ത്ഥനയില്‍ ചേര്‍ക്കാം.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ