യാത്രാമുഖേ ശോഭനം

ശകുനചിന്തകള്‍

ലേഖനം: 161
എസ്. ശ്രീനിവാസ് അയ്യര്‍
അവനി പബ്ലിക്കേഷന്‍സ്
98460 23343

യാത്രകള്‍ക്ക് ശകുനം നോക്കുന്നരീതി നമ്മുടെ പണ്ടത്തെ ജീവിതക്രമത്തിന്റെ ഭാഗമായിരുന്നു. അതൊരു ജീവിതസംസ്‌ക്കാരം തന്നെ ആയിരുന്നുവെന്നും പറയാം. നല്ലതുംചീത്തയും ആയ ശകുനങ്ങള്‍ യാത്രയുടെ ഭാഗധേയം നിര്‍ണയിച്ചിരുന്നു. ആ യാത്രകൊണ്ട് നേട്ടമോ കോട്ടമോ എന്ന് യാത്രാമുഖത്തില്‍ നിന്നുതന്നെ വ്യക്തമായിരുന്നുവെന്ന് ചുരുക്കം. 

പ്രശ്‌നചിന്തയ്ക്ക് പുറപ്പെടുന്ന ദൈവജ്ഞന്‍ കാണുന്ന ശകുനങ്ങള്‍ പ്രശ്‌നഫലത്തിലേക്ക് വെളിച്ചം വീശുന്നതായി പറയാറുണ്ട്. യാത്രപുറപ്പെടുമ്പോഴും പ്രശ്‌നസ്ഥലത്ത് ചെന്നുകയറുമ്പോഴും കാണുകയും കേള്‍ക്കുകയും ചെയ്യുന്നവ ദൈവജ്ഞന്‍ ശ്രദ്ധിച്ചിട്ട് അവയുടെ ഫലം പറയും. അവയ്ക്ക് വ്യക്തമായ പ്രമാണങ്ങളുടെ പിന്‍ബലവുമുണ്ടാവും.

സൂര്യഗതിയും ശകുനം പറയാന്‍ സഹായിക്കും. ഉദയം മുതല്‍ ഉദയം വരെ സൂര്യന്‍ എട്ടുദിക്കുകളിലൂടെ സഞ്ചരിക്കുന്നതായി കരുതുന്നു. ഓരോ ദിക്കിലും മൂന്നു മണിക്കൂര്‍ (ഏഴര നാഴിക) എന്ന മട്ടിലാണ് പ്രയാണം. ഉദയവേളയില്‍ ആദ്യം കിഴക്കുദിക്കില്‍ മൂന്നുമണിക്കൂര്‍. തുടര്‍ന്ന് മൂന്നുമണിക്കൂര്‍ തെക്കുകിഴക്കേ ദിക്കില്‍. അടുത്ത മൂന്നുമണിക്കൂര്‍ തെക്കു ദിക്കില്‍. പിന്നെ തെക്കുപടിഞ്ഞാറ്, പടിഞ്ഞാറ് എന്നിങ്ങനെ മുന്നേറും. ഇതില്‍ സൂര്യന്‍ നില്‍ക്കുന്ന ദിക്കിന് ദീപ്തിയെന്നും സൂര്യന്‍ കടന്നുവന്ന ദിക്കിന് അംഗാരമെന്നും പ്രവേശിക്കാന്‍ പോകുന്ന ദിക്കിന് ധൂമിനിയെന്നും നാമം. ശേഷിക്കുന്ന അഞ്ചു ദിക്കുകള്‍ക്ക് ശാന്ത എന്നു പേര്‍. ഇതില്‍ സൂര്യന്‍ അപ്പോള്‍ നില്‍ക്കുന്ന ദിക്കായ ദീപ്തത്തിലെ ശകുനം വര്‍ത്തമാന കാലത്തെ ഫലങ്ങളെ കുറിക്കും. സൂര്യന്‍ കടന്നുപോന്ന ദിക്കായ അംഗാരത്തിലെ ശകുനം ഭൂതകാലത്തെയും സൂര്യന്‍ പ്രവേശിക്കാന്‍ പോകുന്ന ദിക്കായ ധൂമിനിയിലെ ശകുനം ഭാവികാലത്തെയും ഫലങ്ങളെ സൂചിപ്പിക്കുന്നു. അംഗാര, ദീപ്ത, ധൂമിനികളുടെ അഞ്ചാം ദിക്കുകളില്‍ കാണുന്ന ശകുനങ്ങള്‍ക്കും അവയുടെ തന്നെ ഫലമായിരിക്കും. ശേഷിക്കുന്ന രണ്ടു ദിക്കുകളിലെ ഫലം അവയ്ക്ക് മുന്‍പും പിന്‍പും ഉള്ള ദിക്കുകളിലേതായിരിക്കും. പ്രശ്‌നചിന്തക്കായി പുറപ്പെടുമ്പോള്‍ പാതയില്‍ വെച്ചുണ്ടാകുന്ന ഫലം ദൈവജ്ഞനെയല്ല, പ്രഷ്ടാവിനെയാണ് ബാധിക്കുക. പലരും ചേര്‍ന്നു പോകുമ്പോഴും പലതും ഒരുമിച്ച് കാണുമ്പോഴും ശകുനഫലങ്ങള്‍ അവ്യക്തമാവും.

കണ്ണിനും കാതിനും മനസ്സിനും ഇമ്പം തരുന്നവയെ നല്ല ശകുനങ്ങളില്‍ ചേര്‍ക്കാം. അല്ലാത്തവ ദുശ്ശകുനങ്ങളും. നല്ലതും ചീത്തയുമായ ശകുനങ്ങളെക്കുറിക്കുന്ന രമ്യമായ ശ്ലോകങ്ങളും പദ്യങ്ങളും പ്രചാരത്തിലുണ്ട്. അവ സാധാരണക്കാര്‍ക്കുപോലും സുപരിചിതമായിരുന്നു,  ഒരുകാലത്ത്. യാത്ര പുറപ്പെട്ട് നൂറ് വില്‍പ്പാടിനകം കാണുന്നതും കേള്‍ക്കുന്നതും മാത്രമേ ശകുനത്തിന്റെ പരിധിയില്‍ ചേര്‍ക്കാവൂ! യാത്രയില്‍ ദുശ്ശകുനം കണ്ടാല്‍ മടങ്ങിവന്ന് പതിനൊന്ന് പ്രാണായാമം ചെയ്തശേഷം വീണ്ടും പുറപ്പെടാം. അപ്പോഴും ദുശ്ശകുനമാണ് എങ്കില്‍ മടങ്ങിവന്ന് പതിനാറ് പ്രാണായാമം ചെയ്ത ശേഷം വീണ്ടും യാത്ര തുടങ്ങാം. മൂന്നാമതും ദുശ്ശകുനം തന്നെയാണ് കാണുന്നതെങ്കില്‍ യാത്ര പോകരുത്.

നല്ല /ചീത്ത ശകുനങ്ങളെക്കുറിച്ചുള്ള നീണ്ട ലിസ്റ്റ് മറ്റൊരു ലേഖനത്തില്‍ പ്രതിപാദിക്കാമെന്ന് കരുതുന്നു. ഈ ലേഖനം രചിക്കാന്‍ ജ്യോതിഷഗുരു ഓണക്കൂര്‍ ശങ്കരഗണകന്റെ  ജ്യോതിഷനിഘണ്ടുവിനെ  പിന്‍പറ്റിയിട്ടുണ്ട്.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

നിത്യയോഗങ്ങളുടെ പേരുകളും ഫലങ്ങളും

'പുഷ്ടി നല്‍കുന്ന പൂഷാവ് ....'

ഏഴരശനി അഥവാ ഏഴരയാണ്ട് ശനി