പഞ്ചതാരാഗ്രഹങ്ങളും പഞ്ചമഹാപുരുഷ യോഗങ്ങളും

ലേഖനം: 159

എസ്. ശ്രീനിവാസ് അയ്യര്‍
അവനി പബ്ലിക്കേഷന്‍സ്
98460 23343

കുജന്‍ (ചൊവ്വ), ബുധന്‍, ഗുരു (വ്യാഴം), ശുക്രന്‍, മന്ദന്‍ (ശനി) എന്നീ അഞ്ചുഗ്രഹങ്ങളെ 'പഞ്ചതാരാഗ്രഹങ്ങള്‍' എന്നുപറയുന്നു. സൂര്യചന്ദ്രന്മാരെ പ്രകാശഗ്രഹങ്ങള്‍ എന്നും  രാഹുകേതുക്കളെ ഛായാഗ്രഹങ്ങള്‍ എന്നും വിശേഷിപ്പിക്കുന്നു. നവഗ്രഹങ്ങളെ മുന്‍നിര്‍ത്തിയുള്ള പ്രധാനപ്പെട്ടൊരു വിഭജനവും കൂടിയാണിത്.

പഞ്ചഭൂതങ്ങളുടെ ബിംബപ്രതിബിംബങ്ങളാണ് പഞ്ചതാരാഗ്രഹങ്ങള്‍. അഗ്‌നിയുടെ, അഗ്‌നിതത്ത്വത്തിന്റെ ഗ്രഹം ചൊവ്വ. ഭൂമിയുടെ, ഭൂമിതത്ത്വത്തിന്റെ ഗ്രഹം ബുധന്‍. ജലത്തിന്റെ, ജലതത്ത്വത്തിന്റെ ഗ്രഹം ശുക്രന്‍. വായുവിന്റെ, വായുതത്ത്വത്തിന്റെ ശനി; ആകാശത്തിന്റെ, ആകാശതത്ത്വത്തിന്റെ വ്യാഴം. പഞ്ചഭൂതങ്ങള്‍ ചേര്‍ന്നതാണല്ലോ പ്രപഞ്ചം. ആ വാക്കില്‍ തന്നെ അത് വെളിപ്പെടുന്നുമുണ്ട്. അതിനാല്‍ പ്രപഞ്ചത്തിന്റെ സമഗ്രത തന്നെയാണ് പഞ്ചതാരാഗ്രഹങ്ങളുടെ അസ്തിത്വത്തിന്റെ രഹസ്യവും പരസ്യവും എല്ലാം.  

ഈ ഗ്രഹങ്ങളെ കേന്ദ്രീകരിച്ചുകൊണ്ട് പ്രധാനപ്പെട്ട അഞ്ചുയോഗങ്ങളുണ്ട്. അവ 'പഞ്ചമഹാപുരുഷ യോഗങ്ങള്‍' എന്നറിയപ്പെടുന്നു. ഒരു വ്യക്തിയുടെ ജനനവേളയിലെ ഗ്രഹസ്ഥിതിയില്‍ നിന്നും അയാള്‍ക്ക് ഈ യോഗങ്ങള്‍ ഭവിച്ചിട്ടുണ്ടോ എന്നറിയാം. ലഗ്‌നകേന്ദ്രങ്ങളില്‍, അതായത് ലഗ്‌നത്തിലോ നാലാമെടത്തോ ഏഴാമെടത്തോ പത്താമെടത്തോ ആയി സ്വക്ഷേത്രം/മൂലക്ഷേത്രം/ ഉച്ചം എന്നിവയില്‍ താരാഗ്രഹങ്ങള്‍ നിന്നാല്‍ ഈ യോഗങ്ങള്‍ ഭവിക്കുന്നു. എപ്രകാരമാവണം അവയുടെ വിന്യാസം എന്ന് ചുവടെചേര്‍ക്കുന്ന വിവരണത്തില്‍ നിന്നുമറിയാം.

ചൊവ്വ മേടം, വൃശ്ചികം, മകരം എന്നിവയിലൊരു രാശിയില്‍ നില്‍ക്കണം. അത് ലഗ്‌നമോ 4,7,10 എന്നിവയിലൊരു ഭാവമോ ആവണം. എങ്കില്‍ 'രുചകം' എന്ന മഹായോഗമായി.

മിഥുനം, കന്നി എന്നിവയിലൊന്നില്‍ ബുധന്‍ സ്ഥിതി ചെയ്യുകയും അത് ലഗ്‌നകേന്ദ്രങ്ങളാവുകയും ചെയ്താല്‍ 'ഭദ്രം' എന്ന യോഗം ഉണ്ടാവുന്നു.         

ധനു, മീനം, കര്‍ക്കടകം എന്നിവയില്‍ വ്യാഴം നില്‍ക്കണം. അത് ലഗ്‌നമോ 4, 7, 10 എന്നിവയിലൊരു ഭാവമോ ആവണം. എങ്കിലത് 'ഹംസം' എന്ന യോഗമായി.

ശുക്രന്‍ തുലാം,ഇടവം, മീനം എന്നിവയില്‍ ഒന്നില്‍ നില്‍ക്കുകയും അത് ലഗ്‌നകേന്ദ്രമാവുകയും ചെയ്താല്‍ 'മാളവ്യം' എന്ന യോഗമായി.

മകരം, കുംഭം, തുലാം എന്നിവ ശനിയുടെ സ്വക്ഷേത്രവും മൂലക്ഷേത്രവും ഉച്ചവും ഒക്കെയാണ്. അവ ലഗ്‌നമോ 4, 7, 10 എന്നിവയോ ആയി അവിടെ ശനി നിന്നാല്‍ 'ശശം' എന്ന യോഗം ഭവിക്കുന്നു.  

ദീര്‍ഘായുസ്സും വലിയ ജീവിതസൗഭാഗ്യങ്ങളും സമ്മാനിക്കുന്ന യോഗങ്ങളാണിവ, പൊതുവേ. ഓരോന്നിനും വേറിട്ട ഫലങ്ങളും പറയുന്നുണ്ട്. ഗ്രഹനിലയില്‍ ഇവയില്‍ ഒരുയോഗമെങ്കിലുമുള്ള വ്യക്തി വലിയ നേട്ടങ്ങള്‍ക്കുടമയാകാറുണ്ട്. 'പഞ്ചമഹാപുരുഷ യോഗങ്ങള്‍' എന്ന് പേരുള്ളതിനാല്‍ ഇത് പുരുഷന്മാര്‍ക്ക് മാത്രമാണ് പൂര്‍ണഗുണപ്രദമെന്നും സ്ത്രീകള്‍ക്കാവുമ്പോള്‍ വിവാഹം വരെ പിതാവിനും വിവാഹശേഷം ഭര്‍ത്താവിനും അനുകൂലഫലങ്ങള്‍ സൃഷ്ടിക്കുമെന്നും ഒരു വാദമുണ്ട്. ഇതെത്രകണ്ട് ശരിയാണെന്നറിയില്ല. ലഗ്‌നത്തിനെക്കാള്‍ ചന്ദ്രന് ബലമുണ്ടെങ്കില്‍ ചന്ദ്രകേന്ദ്രങ്ങളെ അവലംബിച്ചും ഈ യോഗങ്ങള്‍ നിര്‍ണയിക്കാമെന്നും പറഞ്ഞുകേള്‍ക്കാറുണ്ട്.

ചൊവ്വയെ മുന്‍ നിര്‍ത്തിയുള്ള രുചക മഹായോഗത്തില്‍ ജനിക്കുന്നവരില്‍ അഗ്‌നിയുടെ ജ്വലനദീപ്തിയും പ്രവര്‍ത്തനോര്‍ജവും നിറഞ്ഞുനില്‍ക്കും. ഭദ്രത്തില്‍ ജനിക്കുന്നവരില്‍ ഭൂമിഗുണമായിരിക്കും അധികം. ഇതുപോലെ ഓരോ യോഗത്തിലും അവയുടെ പ്രകൃതിബന്ധം സ്പഷ്ടമാകും. അതിനനുസരിച്ചാവും അവരുടെ വ്യക്തിത്വവും കര്‍മ്മകാണ്ഡവും വികസിക്കുക. ഒപ്പമുള്ളവരെക്കാള്‍ മുന്നേ വിജയം വരിക്കാനും വിപരീതജീവിത സാഹചര്യങ്ങളെ മറികടക്കാനും ഈ യോഗങ്ങളില്‍ ജനിക്കുന്നവര്‍ക്ക് സാധിക്കുന്നതാണ്. അതാണ് ഇവയുടെ പ്രധാനപ്പെട്ട വശം.

ഓരോ യോഗത്തെയും പ്രത്യേകമായി വിശകലനം ചെയ്യാനുണ്ട്. അത് മറ്റൊരു സന്ദര്‍ഭത്തില്‍.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

നിത്യയോഗങ്ങളുടെ പേരുകളും ഫലങ്ങളും

'പുഷ്ടി നല്‍കുന്ന പൂഷാവ് ....'

കരണം എന്നാല്‍