ഋതുക്കളില്‍ ജനിക്കുമ്പോള്‍

ലേഖനം: 158

എസ്. ശ്രീനിവാസ്, അയ്യര്‍
അവനി പബ്ലിക്കേഷന്‍സ്
98460 23343

പ്രഭവത്തില്‍ തുടങ്ങി ക്ഷയത്തില്‍ അവസാനിക്കുന്ന അറുപത് വര്‍ഷങ്ങള്‍, (പ്രഭവാദി ഷഷ്ടി സംവത്സരങ്ങള്‍), ഓരോ വര്‍ഷത്തിലും ഉത്തരദക്ഷിണങ്ങളായ രണ്ട് അയനങ്ങള്‍, സൂര്യന്‍ സഞ്ചരിക്കുന്ന രാശിയനുസരിച്ചുള്ള പന്ത്രണ്ട് മാസങ്ങള്‍, ചന്ദ്രന്റെ വൃദ്ധിക്ഷയങ്ങളെ കേന്ദ്രീകരിച്ചുള്ള ചൈത്രാദി ഫാല്‍ഗുനി പര്യന്തങ്ങളായ മാസങ്ങള്‍, കറുത്ത- വെളുത്ത പക്ഷങ്ങള്‍, ആഴ്ചകള്‍, വാരങ്ങള്‍, നക്ഷത്രം, തിഥി, കരണം, നിത്യയോഗം, പകല്‍, രാത്രി, ലഗ്‌നം... അങ്ങനെ കാലം ഒരു മഹാനദി പോലെ പ്രവഹിക്കുകയാണ്!' 'നിത്യസ്രവന്തിയായ കാലം' എന്ന പ്രയോഗം ഓര്‍മിക്കാം. അനാദ്യന്തമായ ഈ മഹാഗതിയില്‍, കാലത്തിന്റെ ഏത് സൂക്ഷ്മബിന്ദുവില്‍ നിങ്ങള്‍ ജനിച്ചാലും ഫലമെഴുതാന്‍ പ്രമാണഗ്രന്ഥങ്ങള്‍, നിയമങ്ങള്‍ കാത്തുസൂക്ഷിച്ചു വെച്ചിട്ടുണ്ട്. അങ്ങനെ ജ്യോതിഷം മറ്റൊരു മഹാകാലമായി മാറുകയാണ്..  

ഋതുക്കള്‍ ആറെണ്ണം എന്നാണ് ഭാരതീയ സങ്കല്പം. ശിശിരം, വസന്തം, ഗ്രീഷ്മം, വര്‍ഷം, ശരത്, ഹേമന്തം എന്നിങ്ങനെ ഋതുക്കളുടെ പേരുകള്‍. ഈരണ്ടുമാസം ആണ് ഒരു ഋതുവിന്റെ ദൈര്‍ഘ്യം. ഏതൊക്കെ മാസങ്ങള്‍ ഒരു ഋതുവില്‍ വരുന്നുവെന്നതിനെച്ചൊല്ലി പണ്ഡിതന്മാര്‍ക്കിടയില്‍ തര്‍ക്കമുണ്ട്. ഇവിടെ 'മാനസാഗരി' എന്ന പുസ്തകത്തിലെ ആശയം കടം കൊള്ളുകയാണ്. 'മൃഗാദിരാശിദ്ദ്വയഭാനു ഭോഗ / ഷട്കം ത്വൃതൂനാം ശിശിരോവസന്ത: (ഒന്നാമദ്ധ്യായം). മകരം-കുംഭം എന്നിവ ശിശിരം, മീനം- മേടം എന്നിവ വസന്തം, ഇടവം- മിഥുനം എന്നിവ ഗ്രീഷ്മം, കര്‍ക്കടകം-ചിങ്ങം എന്നിവ വര്‍ഷം, കന്നി-തുലാം എന്നിവ ശരത്, വൃശ്ചികം-ധനു എന്നിവ ഹേമന്തം -- ഈ വിധത്തിലാണ് ക്രമവും പേരുമെല്ലാം.   

ഓരോ ഋതുവിലും ജനിച്ചാല്‍ ഉള്ള ഫലം ദൈവജ്ഞര്‍ ജാതകത്തില്‍ എഴുതിച്ചേര്‍ക്കാറുണ്ട്. അവ നോക്കാം. ഇവിടെയും അവലംബം 'മാനസാഗരി' തന്നെ!  

  1. ശിശിര ഋതുവില്‍ ജനിച്ചാല്‍:- സൗന്ദര്യം, യുവത്വം എന്നിവ നിലനിര്‍ത്തും, ഏതുപ്രായത്തിലും. കാര്യാലോചന ഇഷ്ടപ്പെടും. ശരിപക്ഷത്ത് നില്‍ക്കും. വികാരജീവികളാവും. മദോല്‍ക്കട:, എന്നും കാമുക: എന്നും ഉള്ള വിശേഷണങ്ങള്‍ വൈകാരികദീപ്തിയെ കുറിക്കുന്നതാവാം.
  2. വസന്ത ഋതുവില്‍ ജനിച്ചാല്‍:- വലിയ കാര്യങ്ങള്‍ക്കായി ശ്രമിക്കും. മനസ്സും മനസ്സാക്ഷിയും കൈമോശം വരാത്തവരാവും. ബഹുമുഖപ്രതിഭകള്‍, വ്യക്തിത്വമുള്ളവര്‍, ലോകപരിചയമുള്ളവര്‍ എന്നിങ്ങനെയുള്ള വിശേഷണങ്ങളുമുണ്ട്. 'രസാഭിജ്ഞന്‍' എന്ന പ്രയോഗം ഭക്ഷണതാത്പര്യം, കലാഭിരുചി എന്നിവയെ സൂചിപ്പിക്കുകയാണെന്നുവരാം.
  3. ഗ്രീഷ്മഋതുവില്‍ ജനിച്ചാല്‍:- നന്നായി തുടങ്ങുന്നവരാവും, എന്തും. ക്രോധത്തെ ജയിക്കും. ദീര്‍ഘശരീരികളാവും. നിര്‍ബന്ധശീലം, വൃത്തിബോധം, കാമുകത്വം, എപ്പോഴും വിശപ്പുണ്ടാവുക തുടങ്ങിയവയും മറ്റു സ്വഭാവരേഖകള്‍! 'ബുദ്ധിമാന്‍' എന്നുമുണ്ട് വിശേഷണം.
  4. വര്‍ഷഋതുവില്‍ ജനിച്ചാല്‍:- ഗുണമുള്ളവരും ഭോഗികളും അധികാരികളുടെ നല്ലപുസ്തകത്തില്‍ സ്ഥാനം പിടിക്കുന്നവരുമാവും. കാര്യപ്രാപ്തി, ജിതേന്ദ്രിയത്വം എന്നിവയും പറയാം. 'അര്‍ത്ഥാനുവാദി:' എന്ന പ്രയോഗം സ്വന്തം കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ പുലര്‍ത്തുന്നു എന്നതിനെ കുറിക്കുന്നതാവുമോ? സ്വാര്‍ത്ഥതയെ ഊന്നുകയാണെന്നു വരുമോ?
  5. ശരത് ഋതുവില്‍ ജനിച്ചാല്‍:- കൃഷി, കച്ചവടം എന്നിവയില്‍ ശ്രദ്ധയൂന്നും. 'ഉണ്ണാനും ഉടുക്കാനും' മുട്ടുണ്ടാവില്ല. സാമ്പത്തികഭദ്രതയും പറയാം. ഉയര്‍ന്നവ്യക്തിത്വം ഉണ്ടായിരിക്കും. 'ബഹുമാന്യന്‍' എന്ന പ്രയോഗമുണ്ട്. ആ വാക്കിന്റെ അര്‍ത്ഥം പ്രത്യേകിച്ച് പറയേണ്ടതില്ല.
  6. ഹേമന്ത ഋതുവില്‍ ജനിച്ചാല്‍:- ഇതുവരെ പറഞ്ഞ അഞ്ച് ഋതുക്കളോടും അതിലെ മനുഷ്യരോടും ഉദാരമായി പെരുമാറിയ 'മാനസാഗരി' യുടെ കര്‍ത്താവ്   അല്പം കടുത്തവാക്കുകളാണ് ഹേമന്തത്തെക്കുറിച്ച് പറയുമ്പോള്‍ ഉപയോഗിക്കുന്നത്. ഈ ഋതുവില്‍ ജനിക്കുന്നവര്‍ ഹ്രസ്വരും കൊഴുത്തുരുണ്ട കഴുത്തുള്ളവരുമാവും. ഭയമുള്ളവരും മറ്റുള്ളവരോട് അതിനിഷ്ഠുരമായി പെരുമാറുന്നവരുമാവും. പറയത്തക്ക വ്യക്തിത്വമൊന്നുമുണ്ടാവില്ല-- 'ഹീനതേജാ:' എന്നാണ് പ്രയോഗം. രോഗങ്ങളാല്‍ വലയുന്നവരുമാവും.  

ഋതുഫലം പല ഫലങ്ങളില്‍ ഒന്നുമാത്രം. ജീവിതം എന്ന പെരുവെള്ളപ്പാച്ചിലിലെ ഒരുതുള്ളി മാത്രം. അതിനാല്‍ അമിത പ്രാധാന്യമില്ല, ഫലവിചിന്തനത്തിന്.  

കൂട്ടത്തില്‍ മറ്റൊരു കാര്യം കൂടി. ഗ്രഹങ്ങള്‍ക്ക് ഋതുക്കളുടെ കാരകത്വമുണ്ട്. ശിശിരത്തിന് ശനി, വസന്തത്തിന് ശുക്രന്‍, ഗ്രീഷ്മത്തിന് ചൊവ്വയും സൂര്യനും. വര്‍ഷത്തിന് ചന്ദ്രന്‍. ശരത്തിന് ബുധന്‍. ഹേമന്തത്തിന് വ്യാഴന്‍ എന്നിങ്ങനെ. ഒരു ഗ്രഹത്തിന്റെ ഇഷ്ടവും അനിഷ്ടവും പ്രതിഫലിക്കുന്ന അനുഭവങ്ങള്‍ അതാത് ഋതുക്കളില്‍ വന്നെത്തുകയും ചെയ്യും. ഉദാഹരണത്തിന് മേടക്കൂറുകാരന്/ മേടലഗ്‌നക്കാരന് രോഗസ്ഥാനാധിപന്‍ (ആറാം ഭാവാധിപന്‍) ബുധന്‍. ശരത്കാലമാണ് ബുധന്റെ ഋതു. അക്കാലത്താവും (കന്നി-തുലാം) നിയമേന രോഗങ്ങള്‍ അയാളെ വലയ്ക്കുക. അയാളുടെ ഭാഗ്യാധിപന്‍ (ഒമ്പതാംഭാവാധിപന്‍) വ്യാഴമാകയാല്‍ വ്യാഴത്തിന്റെ ഋതുകാലമായ ഹേമന്തത്തില്‍ (വൃശ്ചികം-ധനു) ആവും പ്രായേണ അയാള്‍ക്ക് ഭാഗ്യപുഷ്ടി വരിക.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

നിത്യയോഗങ്ങളുടെ പേരുകളും ഫലങ്ങളും

'പുഷ്ടി നല്‍കുന്ന പൂഷാവ് ....'

കരണം എന്നാല്‍