ഗുരുപൂര്‍ണിമ

ലേഖനം: 152

എസ്. ശ്രീനിവാസ് അയ്യര്‍
അവനി പബ്ലിക്കേഷന്‍സ്
98460 23343

'ഗുരുകടാക്ഷം പരിപൂര്‍ണം'!  
'ശ്രീ ഗുരുഭ്യോ നമ:'!

ആഷാഢത്തില്‍ വരുന്ന പൗര്‍ണമിയാണ് 'ഗുരു പൂര്‍ണിമ'. മഹാഭാരതകര്‍ത്താവും വേദങ്ങളെ വ്യസിച്ചവനുമായ വേദവ്യാസമഹര്‍ഷിയുടെ ജയന്തി ദിനം ആണ് ഗുരുപൂര്‍ണിമയായി കൊണ്ടാടുന്നത്. അജ്ഞാനത്തിന്റെ അന്ധകാരത്തില്‍ നിന്നും ജ്ഞാനത്തിന്റെ വെളിച്ചത്തിലേക്ക് നയിക്കുന്ന ഗുരുവിനും ഗുരുപരമ്പരയ്ക്കുമുളള കടപ്പാട് രേഖപ്പെടുത്തപ്പെടുന്ന ദിനവുമാണിത്. 

ജ്യോതിഷത്തില്‍ 'ഗുരു' എന്ന പദം വ്യാഴത്തെക്കുറിക്കുന്നു. വ്യാഴം 'സര്‍വ്വേശ്വരകാരകനാണ്' എന്ന് ഗ്രന്ഥങ്ങള്‍ വ്യക്തമാക്കുന്നു. എല്ലാ ദൈവങ്ങളുടെയും പ്രതിനിധിയാണ് വ്യാഴം എന്ന് സാരം. നില്‍ക്കുന്ന ഭാവവും രാശിയുമനുസരിച്ച് ശിവനും വിഷ്ണുവും സുബ്രഹ്മണ്യനും കുടുംബദേവതയും ഒക്കെയായി മാറാന്‍ വ്യാഴത്തിനാവും. പ്രശ്‌നം നോക്കുമ്പോള്‍ വ്യാഴം തടുക്കാത്ത, വ്യാഴം മറയാത്ത പ്രശ്‌നമാണെങ്കില്‍ മാത്രം അത് തുടരുക എന്നതില്‍ ആചാര്യന്മാര്‍ ശ്രദ്ധിച്ചിരുന്നു. പ്രശ്‌നപരിഹാരമായി 'ഒഴിവ്' കാണുമ്പോഴും വ്യാഴത്തെയാണ് പരിഗണിക്കുക. ഗ്രഹനിലയില്‍ 'ഗുരുബലം' ഉള്ളയാള്‍ ഭൗതികമായും ആത്മീയമായും വളര്‍ച്ച നേടുന്നു. ആപത്തില്‍ നിന്നും ഗുരുകടാക്ഷം അയാളെ രക്ഷിക്കുന്നു. ഗ്രഹനിലയില്‍ വ്യാഴം ദുര്‍ബലനായ വ്യക്തിയാകട്ടെ ജീവിതത്തില്‍ പരാജയപ്പെടുന്നു. അയാളുടെ കഴിവുകള്‍ സഫലമാവുന്നില്ല. 'ഗുരുകടാക്ഷം പൂര്‍ണം' എന്ന ചൊല്ല് അതുകൊണ്ട് പ്രധാനവുമാണ്. ദൈവാധീനം, ഭാഗ്യോദയം മുതലായ പദങ്ങള്‍ വ്യാഴത്തെ ബന്ധപ്പെടുത്തിയാണ് പറയുക. 

ഗ്രഹനിലയില്‍ ഒമ്പതാമെടം/ ഒമ്പതാം ഭാവം ഗുരുവിനെ കുറിക്കുന്നു. ഗുരുവിന്/ വ്യാഴത്തിന് മൗഢ്യം ഉള്ള കാലത്ത് ശുഭകര്‍മ്മങ്ങള്‍ ചെയ്യരുത് എന്നുമുണ്ട്. ഈശ്വരന്റെ പിന്തുണ കിട്ടാത്ത കാലമാണത് എന്ന് വ്യാഖ്യാനിക്കാം. (വര്‍ഷത്തില്‍ ഒരിക്കല്‍, സൂര്യനുമായി 11 ഡിഗ്രി അടുക്കുമ്പോള്‍ വ്യാഴം മൗഢ്യത്തിലാകും. ഇത് ഏതാണ്ട് ഒരു മാസക്കാലം വരും. ഇക്കാര്യം അതാതുവര്‍ഷത്തെ പഞ്ചാംഗത്തില്‍ നിന്നുമറിയാം).

ശിഷ്യനെ വളര്‍ച്ചയിലേക്ക് നയിക്കുന്നവന്‍ എന്ന സങ്കല്പമാണ് ഭാരതീയര്‍ 'ഗുരു' എന്ന പദത്തിലൂടെ സാര്‍ത്ഥകമാക്കുന്നത്. ശിഷ്യന്റെ നല്ലതും ചീത്തയുമായ വശങ്ങളെക്കുറിച്ച് ഗുരുവിന് ആഴത്തിലുള്ള അറിവുണ്ടായിരിക്കും. ഗുരുവിന്റെ കഠിനമായ ശിക്ഷാരീതിയുടെ പിന്നില്‍ എപ്പോഴും നന്മയാണുള്ളത് എന്ന് അറിയാതെ പോയ ഒരു ശിഷ്യനെക്കുറിച്ച് കഥകളുണ്ട്. സുകുമാരന്‍ എന്നായിരുന്നു ശിഷ്യന്റെ പേര്. ഗുരുവിന്റെ തലയിലിടാന്‍ വലിയ കല്ലുമായി മച്ചകത്ത് ഒളിഞ്ഞിരുന്ന ശിഷ്യന്‍ ഗുരു തന്നെക്കുറിച്ച് നല്ല വാക്കുകളും തന്റെ നന്മയിലുളള വിശ്വാസവും ഗുരുപത്‌നിയോട് വെളുപ്പെടുത്തിയത് കേട്ടതോടെ ശിഷ്യന്‍ പശ്ചാത്താപ വിവശനായി. ഉമിത്തീയില്‍ വെന്തുനീറി പ്രായശ്ചിത്തം ചെയ്യാന്‍ ഒരുങ്ങി. നീറിനീറി മരിക്കുമ്പോള്‍ എഴുതിയതാണ് അപൂര്‍ണമായ 'ശ്രീകൃഷ്ണവിലാസം കാവ്യം' എന്ന് വിശ്വസിക്കപ്പെടുന്നു. ഉമിത്തീ തൊണ്ടയില്‍ എത്തുന്നതുവരെ അദ്ദേഹം ശ്ലോകങ്ങള്‍ പറഞ്ഞു കൊടുത്തു കൊണ്ടിരുന്നുവത്രെ! സംസ്‌കൃത പഠന പദ്ധതിയില്‍ 'ശ്രീകൃഷ്ണവിലാസം' കാവ്യം സ്ഥാനം പിടിച്ചിട്ടുണ്ട്. ചിലപ്പോള്‍ ഇക്കഥ ഓര്‍മ്മിപ്പിക്കാന്‍ വേണ്ടിക്കൂടിയാവും. ഗ്രഹനിലയില്‍ 6, 9 ഭാവാധിപന്മാര്‍ പരസ്പരം പരിവര്‍ത്തനം ചെയ്യുന്നത് ഗുരുശാപ ലക്ഷണമായി പറയാറുണ്ട്.

മനുഷ്യരൂപം കൈക്കൊണ്ട ഈശ്വരനാണ് ഗുരുവെന്ന സങ്കല്പം ഭാരതീയ വിചാരധാരകളില്‍ ശക്തമാണ്. ഗുരുവിന്റെ വാക്കുകള്‍ അലംഘനീയമാണെന്ന വിശ്വാസവും പ്രബലമായിരിക്കുന്നു. വിശിഷ്യാ പാരമ്പര്യകലകളും ഗുരുമുഖത്തില്‍ നിന്നും ശാസ്ത്രങ്ങളും അഭ്യസിക്കുന്നവരില്‍. ഗുരുവിനെ മാത്രമല്ല, അദ്ദേഹത്തിന്റെ ഗുരുവിനെ, മൂന്നു തലമുറയ്ക്കു മുന്നിലുള്ള ഗുരുവിനെ ഒക്കെ വിദ്യാര്‍ത്ഥി അനുസ്മരിക്കണം എപ്പോഴും എന്ന ചിന്തയും  നിലനില്‍ക്കുന്നുണ്ട്. പരമഗുരു, പരാപര ഗുരു, പരമേഷ്ഠി ഗുരു എന്നിങ്ങനെയുളള പദങ്ങളുടെ ഗുരുത്വം അക്കാര്യമാണ് വ്യക്തമാക്കുന്നത്.

'ശിവന്‍ കോപിച്ചാല്‍ ഗുരു രക്ഷിക്കും. എന്നാല്‍ ഗുരു കോപിച്ചാലോ?' എന്ന ചോദ്യമുണ്ട്. ഗുരുവിനുള്ള സ്ഥാനം അതില്‍ നിന്നുമൂഹിക്കാം. സകല കലകളുടെയും സര്‍വ്വവിജ്ഞാനങ്ങളുടെയും നിധിയാണ് ഗുരു. ഭവരോഗത്തിന്റെ ഭിഷക്കു(വൈദ്യന്‍)മാണ് ഗുരു എന്ന് ദക്ഷിണാമൂര്‍ത്തി സ്തുതിയില്‍ കാണാം. പൊതുവേ ഗുരുവെന്ന സങ്കല്പം വരുമ്പോള്‍ ദക്ഷിണാമൂര്‍ത്തിയെയാണ് ഭാരതീയര്‍ മനസ്സില്‍ പ്രതിഷ്ഠിക്കുക. വൈഷ്ണവരുടെ ഇടയില്‍ വ്യത്യാസമുണ്ടാവാം. ചതുര്‍മുഖനിലൂടെ സമാരംഭിച്ച് വാഗ്ഭടനിലെത്തി, സ്വന്തം ഗുരുവില്‍ സാഫല്യമടയുന്ന ജ്ഞാനധാരയെക്കുറിച്ച് വൈദ്യവൃത്തിയിലും പറയാറുണ്ടല്ലോ?  ത്രിമൂര്‍ത്തികള്‍ക്കും മേലെയാണ് ഗുരുവെന്ന ഭാവനയുമുണ്ട്. 'ഗുരു: സാക്ഷാല്‍ പരബ്രഹ്മം' എന്നാണല്ലോ പ്രാര്‍ത്ഥന.

ഗുരുവിനും ഗുരുപരമ്പരകള്‍ക്കും സാഷ്ടാംഗ നമസ്‌ക്കാരം.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

നിത്യയോഗങ്ങളുടെ പേരുകളും ഫലങ്ങളും

'പുഷ്ടി നല്‍കുന്ന പൂഷാവ് ....'

കരണം എന്നാല്‍