യാത്രാകാണ്ഡം

ലേഖനം: 152

എസ്. ശ്രീനിവാസ് അയ്യര്‍
അവനി പബ്ലിക്കേഷന്‍സ്
98460 23343

രാശികള്‍ പന്ത്രണ്ടാണല്ലോ - അവയെ ചരം, സ്ഥിരം, ഉഭയം എന്നിങ്ങനെ മൂന്നായി വര്‍ഗീകരിച്ചിട്ടുണ്ട്. ഓരോ വിഭാഗത്തിലും നാലുരാശികള്‍ വരും. ഇവയില്‍ ചരരാശികള്‍ - മേടം, കര്‍ക്കിടകം, തുലാം, മകരം - എന്നിവയാകുന്നു. അവ  നാലും കൂറോ ലഗ്‌നമോ ആയാല്‍ പൊതുവേ ആ വ്യക്തികള്‍ സഞ്ചാരപ്രിയരാവും. നാടന്‍ ശൈലി കടമെടുത്തു പറഞ്ഞാല്‍ ചരരാശിക്കാര്‍ 'ഒരിടത്ത് അടങ്ങിയിരിക്കാത്തവരാണ്'! വീടിന് ചുറ്റുവട്ടം കരതലാമലകം പോലെ ചെറുപ്പത്തില്‍ തന്നെ പരിചയപ്പെട്ടിരിക്കും. ക്രമേണ അത് വിപുലമാവുന്നു. ദേശാന്തരവും രാജ്യാന്തരവും ആയിട്ടുള്ള യാത്രകള്‍ സ്വപ്നങ്ങളില്‍ നിറയുന്നു. വീടിനുപുറത്തുപോകാന്‍ കിട്ടുന്ന ഒരു സന്ദര്‍ഭവും കുട്ടിക്കാലം തൊട്ട് ഇവര്‍ പാഴാക്കാറുമില്ല എന്നു ചുരുക്കം.

'ചരം' അഥവാ 'ചലം' എന്നറിയപ്പെടുന്ന നക്ഷത്രങ്ങളില്‍ (പുണര്‍തം, ചോതി, തിരുവോണം, അവിട്ടം, ചതയം എന്നിവ) ജനിക്കുന്നവരും പൊതുവേ യാത്രോദ്യുക്തരാണ്. നക്ഷത്രങ്ങളുടെ ഇടയില്‍ പ്രാചീനകാലം തൊട്ടു നിലവിലുളള വിഭാഗങ്ങളിലൊന്നാണ് അത്. മറ്റു നാളുകാരെ അപേക്ഷിച്ച് യാത്രകള്‍ കൂടുതല്‍ ചെയ്യുന്നത് ചര അഥവാ ചല നക്ഷത്രങ്ങളില്‍ ജനിച്ചവരാവും.

ഗ്രഹനിലയില്‍ ലഗ്‌നത്തില്‍, നാലാമെടത്ത്, ഏഴാമെടത്ത് ആയി ചന്ദ്രന്‍ സ്ഥിതി ചെയ്യുന്നവരും യാത്രാപ്രിയരായി കണ്ടിട്ടുണ്ട്. 'നിന്നനിലയ്ക്ക്' യാത്രപോകാന്‍ ഇക്കൂട്ടര്‍ക്ക് ഒരു മടിയുമില്ല. പ്രായേണ ഇവിടെ വ്യക്തമാക്കിയ നാളുകാരും കൂറുകാരുമെല്ലാം വാഹനം ഓടിക്കാന്‍ താത്പര്യം ഏറിയവരുമാവും. അവര്‍ മറ്റു നാളുകളില്‍ ജനിച്ചവരെ അപേക്ഷിച്ച് ചെറുപ്രായത്തില്‍ തന്നെ വാഹനമോടിക്കുവാന്‍ പഠിക്കുന്നു. വാഹനം സ്വന്തമാക്കാന്‍ തീവ്രമായി അഭിലഷിക്കുന്നു.   

'കാലപുരുഷന്‍' എന്ന സങ്കല്പം ജ്യോതിഷത്തില്‍ ശക്തമാണ്. മേടം മുതല്‍ മീനം വരെയുള്ള പന്ത്രണ്ടു രാശികള്‍ കാലപുരുഷന്റെ ശരീരാവയവങ്ങളാണ്. കാലടികളെ സൂചിപ്പിക്കുന്ന രാശിയാണ് മീനം രാശി. അതില്‍ ജനിക്കുന്നവര്‍, മീനം ലഗ്‌നമോ അതിലെ നക്ഷത്രങ്ങളായ പൂരൂരുട്ടാതി നാലാംപാദം, ഉത്രട്ടാതി, രേവതി എന്നിവ ജന്മനക്ഷത്രങ്ങളോ ആയവരും വലിയ യാത്രകള്‍ ചെയ്യേണ്ടി വരുന്നവരാണ്. അതും കടല്‍ കടന്നുള്ള യാത്രകള്‍.

ഗ്രഹനിലയിലെ പന്ത്രണ്ടാമെടം പ്രവാസവുമായി ബന്ധപ്പെട്ട് ചിന്തിക്കാറുണ്ട്. പന്ത്രണ്ടാം ഭാവാധിപന്റെയോ, പന്ത്രണ്ടില്‍ നില്‍ക്കുന്ന ഗ്രഹങ്ങളുടെയോ ദശാപഹാരങ്ങള്‍ യാത്രകള്‍ക്കും മറുനാടന്‍ ജീവിതത്തിനും കാരണമാകുന്നു.  

യാത്രകള്‍ മുഹൂര്‍ത്തം നോക്കി നടത്തേണ്ട കാര്യമായി ജ്യോതിഷം പരിഗണിക്കുന്നു. അത് വളരെ വിപുലവിഷയവുമാണ്. ചില കാര്യങ്ങള്‍ മാത്രം ഇവിടെ എഴുതുകയാണ്.

യാത്ര പോകാന്‍ നല്ല നക്ഷത്രങ്ങള്‍ പതിനാറ് എണ്ണമാണ്. അതായത് ഊണ്‍ നക്ഷത്രങ്ങളില്‍ (അന്ന താരങ്ങള്‍) ചിത്തിര ഒഴികെ പതിനഞ്ചും പിന്നെ മൂലവും സ്വീകാര്യം. സ്ഥിരരാശികള്‍ നാലും- ഇടവം, ചിങ്ങം, വൃശ്ചികം , കുംഭം- പിന്നെ മിഥുനവും കൊള്ളരുത്. മുഹൂര്‍ത്ത രാശിയുടെ നാലാംരാശിയില്‍ ചന്ദ്രന്‍ വരരുത്. ജന്മനക്ഷത്രത്തിന്റെ അന്ന് യാത്രകള്‍ പാടില്ല എന്നുമുണ്ട്.   

അഷ്ടദിക്കുകള്‍ നാം സങ്കല്പിച്ചിട്ടുണ്ട്. അവയും യാത്രാമുഹൂര്‍ത്തത്തില്‍ പരിഗണിക്കുന്നു. കിഴക്കോട്ടു പോകുവാന്‍ ഞായര്‍, തെക്ക്-കിഴക്കിലേക്ക് ചൊവ്വ, തെക്കോട്ടേയ്ക്ക് വ്യാഴം, കന്നിക്കോണിലേക്ക് ബുധന്‍, പടിഞ്ഞാട്ടേക്ക് വെള്ളി, വായുകോണിലേക്ക് ശനി, വടക്കോട്ടേക്ക് തിങ്കള്‍, ഈശാനത്തിലേക്ക് ചൊവ്വ എന്നിവ വര്‍ജ്യങ്ങള്‍. കിഴക്കോട്ടുള്ള യാത്രയ്ക്ക് ഉത്രാടവും തിരുവോണവും, തെക്കോട്ടുള്ള യാത്രയ്ക്ക് ഉത്രട്ടാതിയും അശ്വതിയും, പടിഞ്ഞാറോട്ടുള്ള യാത്രയ്ക്ക് പൂയവും രോഹിണിയും, വടക്കോട്ടുള്ള യാത്രയ്ക്ക് ഉത്രവും അത്തവും സ്വീകരിക്കരുത്. തോണി കയറിയിട്ടുള്ള യാത്രയ്ക്ക്, പൊതുവേ ജലയാത്രകള്‍ക്ക് മകരം രാശി മുഹൂര്‍ത്തമായി കൊള്ളരുത് എന്നുമുണ്ട്.  

പെട്ടെന്ന് യാത്ര ചെയ്യേണ്ടി വന്നാല്‍, യാത്രാശകുനം, യാത്രാ ഭോജ്യം, പല്ലി ചിലച്ചാല്‍, കാല്‍ വിരല്‍ തട്ടിയാല്‍, ഉപ്പന്‍ ശബ്ദിച്ചാല്‍ എന്നിങ്ങനെ യാത്രാകാണ്ഡവുമായി ബന്ധപ്പെട്ട വിവിധ ഘടകങ്ങളുണ്ടിനിയും വിശദീകരിക്കുവാന്‍. അവ മറ്റൊരു സന്ദര്‍ഭത്തിലാകട്ടെ. ഈ ലഘുലേഖനം ഇത്ര മതിയാകും.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

നിത്യയോഗങ്ങളുടെ പേരുകളും ഫലങ്ങളും

'പുഷ്ടി നല്‍കുന്ന പൂഷാവ് ....'

കരണം എന്നാല്‍