അകനാളുകള്‍, പുറനാളുകള്‍

ലേഖനം: 151

എസ്. ശ്രീനിവാസ് അയ്യര്‍
അവനി പബ്ലിക്കേഷന്‍സ്
98460 23343

ഈ ലേഖനം മുഖ്യമായും ജ്യോതിഷപഠിതാക്കളെ ഉദ്ദേശിച്ചാണ്. ഒരു ലേഖനമായി വികസിപ്പിക്കാന്‍ കഴിയാത്തതാണെന്ന് തോന്നുന്ന ചില വാക്കുകളുണ്ടാവും. എന്നാല്‍ അവഗണിക്കാന്‍ പറ്റാത്ത ചില പദങ്ങളുമായിരിക്കും അവ. 'ചെറിയ വലിയ പദങ്ങള്‍' എന്നുവേണമെങ്കില്‍ ആലങ്കാരികമായി അവയെ വിശേഷിപ്പിക്കാം. വലുതിനു മാത്രമല്ല, ചെറുതിനും അതിന്റേതായ ഇടമുണ്ടല്ലോ?... അത്തരത്തിലുള്ള ചില പദങ്ങളും ആശയങ്ങളും കൂടി ഇടയ്ക്കിടെ വേണ്ടതാണ് എന്ന് തോന്നുന്നു. അവയില്‍ നിന്നും എടുത്ത രണ്ട് പരസ്പരപൂരക പദങ്ങളെക്കുറിച്ചാണ് ഇന്നെഴുതുന്നത്.

അകനാള്‍, പുറനാള്‍:- സൂര്യന്‍ നില്‍ക്കുന്ന നക്ഷത്രം മുതല്‍ നാലുനാളുകളാണ് അകനാളുകള്‍. അതുകഴിഞ്ഞുള്ള മൂന്നുനാളുകള്‍ പുറനാളുകള്‍. 4:3 എന്നിങ്ങനെ ആവര്‍ത്തിക്കും. അങ്ങനെ 16 അകനാളുകളും 12 പുറ നാളുകളും ഉണ്ടാകും, എപ്പോഴും. (4 x 4 = 16 അകനാളുകള്‍, 3 x 4 = 12 പുറനാളുകള്‍). ഉത്രാടം - തിരുവോണം നക്ഷത്രമധ്യേയുളള അഭിജിത്തിനെക്കൂടി ചേര്‍ക്കുമ്പോള്‍ 28 നക്ഷത്രങ്ങളാകുമല്ലോ?

ഇത് കര്‍ക്കടക മാസമാകയാല്‍ സൂര്യന്‍ കര്‍ക്കടകരാശിയില്‍, അതിലെ പുണര്‍തം, പൂയം, ആയില്യം എന്നീ നാളുകളിലൂടെ സഞ്ചരിക്കുകയായിരിക്കുമെന്ന് വ്യക്തം. ഇതിനെയാണ് 'ഞാറ്റുവേല' എന്ന് വിളിക്കുന്നതും. ജൂലൈ 20 ന് പുലര്‍ച്ചെ മുതല്‍ ആഗസ്റ്റ് 3 ന് പുലര്‍ച്ചെ വരെ പൂയം ഞാറ്റുവേലയാണ് എന്ന് പഞ്ചാംഗത്തില്‍ നിന്നുമറിയാം. ഞായറിന്റെ-- സൂര്യന്റെ-- നക്ഷത്രസഞ്ചാരമാണ് ഞാറ്റുവേല. അതായത് ഇക്കാലയളവില്‍, (ശരാശരി 13-14ദിവസം), സൂര്യന്‍ പൂയം നാളിലൂടെ, പൂയം നക്ഷത്രമണ്ഡലത്തിലൂടെയാവും സഞ്ചരിക്കുക. അപ്പോള്‍ പൂയം അകനാളായി. അതു മുതല്‍ നാലുനാളുകള്‍ അകനാളുകള്‍ എന്ന് നിര്‍വചനം- പൂയം, ആയില്യം, മകം, പൂരം ഇവ നാലും. തൊട്ടടുത്ത മൂന്നുനാളുകള്‍ പുറനാളുകള്‍. അത് ഉത്രം, അത്തം, ചിത്തിര എന്നിവ. തുടര്‍ന്ന് നാലു നാളുകള്‍ അകനാളുകള്‍, തൊട്ടടുത്ത മൂന്നു നാളുകള്‍ പുറനാളുകള്‍. ഇങ്ങനെ ആവര്‍ത്തിക്കുന്നു. സൂര്യന്‍ ആഗസ്റ്റ് 3 ന് പുലര്‍ച്ചെ ആയില്യം നക്ഷത്രമണ്ഡലത്തിലേക്ക് കടക്കുമ്പോള്‍, ആയില്യം ഞാറ്റുവേലയായി. അപ്പോള്‍ ആയില്യം തൊട്ട് നാലുനാളുകള്‍ അകനാളുകളാവുന്നു. (ആയില്യം, മകം, പൂരം, ഉത്രം എന്നിവ). തുടര്‍ മൂന്ന് നാളുകള്‍ (അത്തം, ചിത്തിര, ചോതി) പുറനാളുകളുമാവുന്നു. ഞാറ്റുവേലകളുടെ ഗതിക്രമമാണ് അക-പുറ നാളുകളെ സൃഷ്ടിക്കുന്നത് എന്നു ചുരുക്കം. 

'കരിനാള്‍' എന്ന വിഭാഗത്തില്‍ അകനാളുകളെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. മരണം സംഭവിക്കുന്നത് അകനാളിലായാല്‍ തുടര്‍ന്ന് ചില മരണ/ദുരിതങ്ങള്‍ കുടുംബത്തില്‍ ഉണ്ടാകുമെന്ന് വിശ്വാസമുണ്ട്. ദൈവജ്ഞന്മാര്‍ ഇതിന് നാട്ടുനടപ്പും ആചാരവും നോക്കി ചില പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കാറുമുണ്ട്.  

വസുപഞ്ചകം, അകനാളുകള്‍ മുതലായവയില്‍ മരണം നടന്നാല്‍ സംസ്‌ക്കാരത്തിനും പുലയ്ക്കും ശേഷം പുണ്യാഹം നടത്തി ഭവനം ശുദ്ധമാക്കണം. അവിടെ മൃത്യുഞ്ജയഹോമം, യമരാജ ഹോമം തുടങ്ങിയവ നടത്തണം. പിണ്ഡകര്‍ത്താവിന്റെ അതായത് പിതൃകര്‍മ്മം അനുഷ്ഠിച്ച വ്യക്തിയുടെ ജന്മനാള്‍ തോറും ശിവക്ഷേത്രത്തില്‍ മൃത്യുഞ്ജയ മന്ത്രാര്‍ച്ചന, രുദ്രാഭിഷേകം എന്നിവ നടത്തണം. ആട്ട ശ്രാദ്ധം അഥവാ ആണ്ടുബലി വരെ ഇതു തുടരണം. ഇപ്രകാരം ആചാര്യന്മാര്‍ എഴുതിയിട്ടുള്ളതോര്‍മ്മിക്കുന്നു.

ഇതു പോലുള്ള പദങ്ങളും അവയുടെ വിശകലനങ്ങളും തുടര്‍ന്നും എഴുതാന്‍ ശ്രമിക്കുന്നതാണ്.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

നിത്യയോഗങ്ങളുടെ പേരുകളും ഫലങ്ങളും

'പുഷ്ടി നല്‍കുന്ന പൂഷാവ് ....'

കരണം എന്നാല്‍