നിത്യ നക്ഷത്ര മുഹൂര്‍ത്തങ്ങള്‍.. (അഭിജിത്ത് മുഹൂര്‍ത്തവും മറ്റും)

ലേഖനം: 150

എസ്. ശ്രീനിവാസ് അയ്യര്‍
അവനി പബ്ലിക്കേഷന്‍സ്
98460 23343

ഒരു ദിവസത്തെ സൂര്യോദയം മുതല്‍ അടുത്ത ദിവസത്തെ സൂര്യോദയം വരെയാണ് ജ്യോതിഷത്തിലെ ഒരു ദിവസം. ഇത് ഏകദേശം 60 നാഴികയാണ്. ഇന്നത്തെ സമയവ്യവസ്ഥ പ്രകാരം ഇത് 24 മണിക്കൂര്‍  (1നാഴിക = 24 മിനിറ്റ്). ആണല്ലോ? ഇങ്ങനെയുളള ഒരു ദിവസത്തില്‍ മുപ്പത് മുഹൂര്‍ത്തങ്ങള്‍ ഉണ്ടെന്നാണ് അചാര്യന്മാരുടെ കണ്ടെത്തല്‍. അതായത് 2 നാഴിക ദൈര്‍ഘ്യമുള്ള 30 മുഹൂര്‍ത്തങ്ങള്‍ (2 നാഴിക x 30 = 60 നാഴിക). ഘടികാര സമയത്തില്‍ പറഞ്ഞാല്‍ 48 മിനിറ്റ് വീതമുള്ള 30 മുഹൂര്‍ത്തങ്ങള്‍ (48 മിനിറ്റ് x 30 = 1440 മിനിറ്റ്. അതിനെ 60 കൊണ്ട് ഭാഗിക്കുമ്പോള്‍ 24 മണിക്കൂറായി).   

ഇവയില്‍ പതിനഞ്ച് മുഹൂര്‍ത്തങ്ങള്‍ പകലും പതിനഞ്ച് മുഹൂര്‍ത്തങ്ങള്‍ രാത്രിയും വരുന്നു. നക്ഷത്രങ്ങളുടെ പേരുകളിലാകയാല്‍ ഇവ 'നിത്യ നക്ഷത്ര മുഹൂര്‍ത്തങ്ങള്‍' അഥവാ 'താരകാ മുഹൂര്‍ത്തങ്ങള്‍' എന്ന് വിളിക്കപ്പെടുന്നു.

ആകെയുളള 27 നക്ഷത്രങ്ങളുടെ, അവയ്‌ക്കൊപ്പം അഭിജിത്ത് കൂടി കൂട്ടിയാല്‍ വരുന്ന 28 നക്ഷത്രങ്ങളുടെ പേരുകളാണ് ഇവയ്ക്ക്. ചിലത് ആവര്‍ത്തിക്കുന്നതിനാല്‍ മുപ്പതായി എന്നുമാത്രം. പൊതുവേ ശുഭകാര്യങ്ങള്‍ക്ക് 16 നക്ഷത്രങ്ങള്‍ സ്വീകരിക്കപ്പെടുന്നു. അവയെ 'ഊണ്‍ നാളുകള്‍/അന്ന നക്ഷത്രങ്ങള്‍' എന്നെല്ലാം പറയാറുണ്ട്. ആ പേരില്‍ വരുന്ന മുഹൂര്‍ത്തങ്ങള്‍ ഇവിടെയും സ്വീകാര്യമായിത്തീരുകയാണ്. 11 നക്ഷത്രങ്ങള്‍ ശുഭകാര്യങ്ങള്‍ക്ക് വര്‍ജ്യമാണ്. അവയെ 'ത്യാജ്യഗണം' എന്നു പറയും. ആ നക്ഷതമുഹൂര്‍ത്തങ്ങള്‍ ഇവിടെയും അസ്വീകാര്യം തന്നെ!

ആദ്യം പകലുള്ള പതിനഞ്ച് മുഹൂര്‍ത്തങ്ങളുടെ പേരുകള്‍ (ക്രമത്തില്‍) നോക്കാം. 

1. തിരുവാതിര  
2. ആയില്യം 
3. അനിഴം 
4. മകം 
5. അവിട്ടം 
6. പൂരാടം. 
7. ഉത്രാടം  
8. അഭിജിത്ത്.
9. രോഹിണി 
10. കേട്ട 
11. വിശാഖം 
12. മൂലം  
13. ചതയം 
14. പൂരം 
15. ഉത്രം  

ഇവയില്‍ എട്ടാമതായി വരുന്ന അഭിജിത്ത് മുഹൂര്‍ത്തം ഏറ്റവും ഉത്തമമായി കരുതപ്പെടുന്നു. പകലിന്റെ ഒത്തമധ്യത്തില്‍ വരുന്ന രണ്ടുനാഴികയാവും ഇത്. തിഥിവാരാദി ദോഷങ്ങളെയും ഗ്രഹദോഷങ്ങളെയും ഇല്ലാതാക്കി ശുഭമരുളുന്നതാണ് അഭിജിന്മുഹൂര്‍ത്തം. ബുധനാഴ്ച മാത്രം അഭിജിത്ത് സ്വീകരിക്കപ്പെടുന്നില്ല. അതോടൊപ്പം തെക്കേദിക്കിലേക്കുള്ള യാത്രയ്ക്കും അഭിജിത്ത് വര്‍ജ്യമാണ്.

ഇനി രാത്രിയില്‍ ഉള്ള പതിനഞ്ച് മുഹൂര്‍ത്തങ്ങള്‍ ക്രമത്തില്‍ നോക്കാം. 

1. തിരുവാതിര 
2. പൂരൂരുട്ടാതി 
3. ഉത്രട്ടാതി 
4. രേവതി 
5. അശ്വതി 
6. ഭരണി 
7. കാര്‍ത്തിക 
8. രോഹിണി 
9. മകയിരം 
10. പുണര്‍തം 
11. പൂയം 
12. തിരുവോണം 
13. അത്തം 
14. ചിത്തിര 
15. ചോതി  

'ഊണ്‍നാളുകള്‍' ആയി വരുന്ന നക്ഷത്രങ്ങളുടെ പേരുള്ള മുഹൂര്‍ത്തങ്ങള്‍ പ്രായേണ ശുഭങ്ങള്‍. 'ത്യാജ്യഗണ' നക്ഷത്രങ്ങളുടെ പേരുള്ള മുഹൂര്‍ത്തങ്ങള്‍ പ്രായേണ അശുഭങ്ങള്‍. വിദ്യാര്‍ത്ഥികള്‍ക്കായി ത്യാജ്യഗണനക്ഷത്രങ്ങളുടെ പേരുകള്‍ നല്‍കുകയാണ്. ഭരണി, കാര്‍ത്തിക, തിരുവാതിര, ആയില്യം, മകം, പൂരം, വിശാഖം,തൃക്കേട്ട, മൂലം, പൂരാടം, പൂരൂരുട്ടാതി എന്നിവ പതിനൊന്നുമാണവ. ഇതില്‍ ഉള്‍പ്പെടാത്തവ പതിനാറും ഊണ്‍നാളുകള്‍ എന്ന് ഊഹിക്കാമല്ലോ? 

ഒരു ദിവസത്തെയും അടുത്ത ദിവസത്തെയും സൂര്യോദയങ്ങള്‍ തമ്മില്‍ 60 നാഴികയില്‍ കൂടുകയോ കുറയുകയോ ചെയ്താല്‍ അതനുസരിച്ചുള്ള നേരിയ വ്യത്യാസം മുഹൂര്‍ത്തങ്ങളിലുമുണ്ടാവും.  

ശുഭ മുഹൂര്‍ത്തങ്ങളില്‍ ചെയ്യപ്പെടുന്നവ ശുഭഫലത്തിനും അശുഭ മുഹൂര്‍ത്തങ്ങളില്‍ ചെയ്യപ്പെടുന്ന അശുഭഫലത്തിനും കാരണമാകും. 'സര്‍വ്വേ സ്മൃതാ മുഹൂര്‍ത്താ: / ശുഭകര്‍മ്മസു തത്തദൃക്ഷ സദൃശഗുണാ:' എന്നാണ് മാധവീയവാക്യം. ഓരോ നക്ഷത്രത്തിനും ആരാണോ ദേവത, അവര്‍ തന്നെയാവും പ്രസ്തുത മുഹൂര്‍ത്തത്തിന്റെയും ദേവത. തിരുവാതിരക്ക് രുദ്രന്‍, ആയില്യത്തിന് സര്‍പ്പങ്ങള്‍, അനിഴത്തിന് മിത്രന്‍ എന്നിങ്ങനെ. അഭിജിത്തിന്റെ ദേവത ബ്രഹ്മാവുമാകുന്നു.

ഇക്കാലത്ത് നമ്മുടെ നാട്ടില്‍ അഭിജിത്ത് മുഹൂര്‍ത്തം മാത്രമാണ് പരിഗണിക്കുന്നത്. താരകാ മുഹൂര്‍ത്തങ്ങളെക്കാള്‍ രാശികളെയും ഗ്രഹങ്ങളെയും കേന്ദ്രീകരിച്ചുള്ള മുഹൂര്‍ത്തങ്ങളാണ് ഇന്ന് പ്രചാരത്തിലുള്ളത്.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

നിത്യയോഗങ്ങളുടെ പേരുകളും ഫലങ്ങളും

'പുഷ്ടി നല്‍കുന്ന പൂഷാവ് ....'

ഏഴരശനി അഥവാ ഏഴരയാണ്ട് ശനി