നല്ലേഴാമെടം

ലേഖനം: 144

എസ്. ശ്രീനിവാസ് അയ്യര്‍
അവനി പബ്ലിക്കേഷന്‍സ്
9846023343

'ഏഴാമെടങ്ങള്‍' എന്നത് കോവിലന്റെ പ്രശസ്തമായ ഒരു നോവലാണ്. 'ഏഴാമെടം' എന്നവാക്ക് ജ്യോതിഷത്തിലുമുണ്ട്. ദാമ്പത്യത്തെ, ഭാര്യയെ, ഭര്‍ത്താവിനെ ഒക്കെ സൂചിപ്പിക്കുന്ന പദമാണത്. അതുകൊണ്ടാണ് 'നല്ലേഴാമെടമുണ്ടെങ്കില്‍ / ഇല്ലം താന്‍ ഇന്ദ്രലോകമാം' എന്ന് എഴുതപ്പെട്ടതും... 

സ്ത്രീയുടെ ഗ്രഹനിലയില്‍ ഏഴാം ഭാവത്തില്‍ നവഗ്രഹങ്ങള്‍ നിന്നാല്‍ അവളുടെ ഭര്‍ത്താവിന്റെ ആകൃതി പ്രകൃതികള്‍ / സ്വരൂപ സ്വഭാവാദികള്‍ എങ്ങനെയായിരിക്കും എന്ന് ആചാര്യന്മാര്‍ ചര്‍ച്ചചെയ്തിട്ടുണ്ട്. അതിലേക്ക് വിരല്‍ചൂണ്ടുന്ന ലേഖനമാണിത്. ഇവിടെ 'ജാതക പാരിജാതം' എന്ന ഗ്രന്ഥത്തെ അവലംബിച്ചിരിക്കുകയാണ്...   

സ്ത്രീയുടെ ജാതകത്തില്‍ ഏഴാം ഭാവത്തില്‍ (ലഗ്‌നം തൊട്ടെണ്ണിയാല്‍ വരുന്ന ഏഴാം രാശിയാണ് ഏഴാം ഭാവം) രവി (ആദിത്യന്‍, സൂര്യന്‍) നിന്നാല്‍ ' ഗൗരാംഗ പതിരസ്തഗേ ദിനകരേ കാമീ  സരോഷേക്ഷണേ' എന്നാണ് വാക്യം. അതായത് അവളുടെ ഭര്‍ത്താവ് വെളുത്ത നിറമുളളവനും കാമിയും കോപത്തോടെ നോക്കുന്നവനും (കോപം ഉള്ളയാള്‍) ആയിരിക്കും. 

സ്ത്രീ ജാതകത്തില്‍ ഏഴാം ഭാവത്തില്‍ ചന്ദ്രന്‍ (ച) നിന്നാല്‍ സൗന്ദര്യവും സൗശീല്യവും ഉള്ളയാളാവും ഭര്‍ത്താവ്. അയാള്‍ മെലിഞ്ഞിട്ടാവും. ഭോഗിയും ചിലപ്പോള്‍ രോഗിയുമാവും. ('ചന്ദ്രേ രൂപഗുണാന്വിത: കൃശതനുര്‍ ഭോഗീ രുഗാര്‍ത്തോ ഭവേത്' എന്ന് പ്രമാണം).  

ചൊവ്വയാണ് (കു) ഏഴിലെങ്കില്‍ ഭര്‍ത്താവിന് കൂനോ പൊക്കക്കുറവോ കണ്ടേക്കാം. ക്രൂരനും അലസനും സംഭാഷണപ്രിയനും ദേഹം രക്തപ്രഭയാര്‍ന്നവനുമാവും. ('നമ്ര: ക്രൂരതരോലസ: പടുവചസ്സംരക്തകാന്തി: കുജേ' എന്നാണ് വാക്യം).  

ഏഴില്‍ ബുധന്‍ നിന്നാല്‍ ഭര്‍ത്താവ് വിദ്വാനും ധനമുളളവനും വിശിഷ്ടങ്ങളായ ഗുണങ്ങളുള്ളവനും ലൗകിക കാര്യങ്ങള്‍ ആവോളം ആസ്വദിക്കുന്നവനുമായിരിക്കും. ('വിദ്യാവിത്തഗുണ പ്രപഞ്ചരസികേ സൗമ്യേ മദസ്ഥാനഗേ' എന്ന് പ്രമാണവാക്യം). 

ഏഴാമെടത്തില്‍ വ്യാഴം (ഗുരു) നിന്നാല്‍ അവളുടെ ഭര്‍ത്താവ് ദീര്‍ഘായുഷ്മാനായിരിക്കും. രാജതുല്യമായ ധനവും വിഭവങ്ങളും ഉള്ളയാളാവും. അയാള്‍ ചെറുപ്പത്തില്‍ തന്നെ വിവാഹിതനുമാകും. ('ദീര്‍ഘായുര്‍ നൃപതുല്യ വിത്തവിഭവ: കാമീ ച ബാല്യേ ഗുരു' എന്ന് വാക്യം).  

ഏഴാമെടത്തില്‍ ശുക്രനാണ് എങ്കില്‍ രൂപഭംഗിയുള്ളവനും വിനോദചതുരനും കവിയും കലാകാരനും രാജതുല്യനുമാകും ഭര്‍ത്താവ്. ('കാന്തോ നിത്യ വിനോദ കേളിചതുര: കാവ്യേ കവി: ക്ഷ്മാപതി:' എന്നാണ് വാക്യം).  

സ്ത്രീ ജാതകത്തില്‍ ഏഴാം ഭാവത്തില്‍ ശനി നിന്നാല്‍ 'മന്ദേ വൃദ്ധകളേബരോfസ്ഥിരതനു: പാപീ പതി: കാമഗേ' എന്നാണ് 'ജാതക പാരിജാത' വാക്യം. അതായത് വൃദ്ധനും ശരീരബലം ഇല്ലാത്തവനും പാപകര്‍മ്മങ്ങള്‍ ചെയ്യുന്നവനുമാകും അവളുടെ ഭര്‍ത്താവ് എന്ന് സാരം.  

ഏഴില്‍ രാഹുവോ കേതുവോ നിന്നാല്‍ ഫലം ഇപ്രകാരമാണ്: 'രാഹൗ വാ ശിഖിനി സ്ഥിതേ മലിനധീര്‍ നീചോfഥവാ തത്സമ:' -- അതായത് അയാള്‍ മലിനമായ ബുദ്ധിയുടെ ഉടമയായിരിക്കും. നീച സ്വഭാവത്തോടു കൂടിയവനുമാവും!

ഏഴില്‍ നില്‍ക്കുന്ന ഗ്രഹത്തെ മുന്‍നിര്‍ത്തിയുളള ചിന്തയാണിത്. അവിടേക്ക് നോക്കുന്ന ഗ്രഹം, നില്‍ക്കുന്ന ഗ്രഹത്തിന്റെ ഉച്ചനീചസ്വക്ഷേത്രാദി ബലം, മറ്റു ഗ്രഹങ്ങളുടെ യോഗം, ഭാവനാഥന്റെ സ്ഥിതി മുതലായവയും ഫലനിര്‍ണ്ണയത്തില്‍ പ്രധാനമാണ്. ഇത് പാര്‍ശ്വവീക്ഷണം മാത്രമാണ്. അഥവാ ഇനിയുമേറേ കാര്യങ്ങള്‍ പരിഗണിക്കേണ്ടതുണ്ടെന്ന് സാരം. ഇങ്ങനെയും വിശകലനം ചെയ്യാറുണ്ട് എന്നുമാത്രം കരുതിയാല്‍ മതി.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

നിത്യയോഗങ്ങളുടെ പേരുകളും ഫലങ്ങളും

'പുഷ്ടി നല്‍കുന്ന പൂഷാവ് ....'

കരണം എന്നാല്‍