ജീവിത ഭാവങ്ങള്‍
ലേഖനം: 143
ലഗ്‌നം മുതല്‍ പന്ത്രണ്ടു ഭാവങ്ങളില്‍ മനുഷ്യ ജീവിതം സമഗ്രമായി സമാഹരിക്കപ്പെട്ടിരിക്കുന്നു. ലഗ്‌നം ഏതു രാശിയാണോ ആ രാശ്യധിപനാവും ലഗ്നാധിപന്‍. ഉദാഹരണമായി മേടം ലഗ്‌നത്തില്‍ ജനിച്ചാല്‍ മേടം രാശിയുടെ നാഥനായ ചൊവ്വയാവും ലഗ്‌നാധിപന്‍. ഇടവം രാശി ലഗ്‌നമായാല്‍ ഇടവം രാശിയുടെ നാഥനായ ശുക്രനാവും ലഗ്‌നാധിപന്‍. പന്ത്രണ്ടു രാശികള്‍ക്ക് രാഹുവും കേതുവും ഒഴികെ സപ്തഗ്രഹങ്ങളാണ് അധിപന്മാര്‍.
ലഗ്‌നം മുതല്‍ പ്രദക്ഷിണമായി വരുന്ന പന്ത്രണ്ടു രാശികള്‍ പന്ത്രണ്ടു ഭാവങ്ങളാകും. അവയെ യഥാക്രമം ഒന്നാം ഭാവം/ ഒന്നാമെടം, രണ്ടാം ഭാവം/രണ്ടാമെടം, മൂന്നാം ഭാവം/ മൂന്നാമെടം എന്നിങ്ങനെ നിര്‍ണയിക്കുന്നു. ഉദാഹരണം ഇങ്ങനെ: ചിങ്ങലഗ്‌നത്തില്‍ ജനിച്ചാല്‍ ചിങ്ങം രാശി ഒന്നാം ഭാവം അഥവാ ഒന്നാമെടം. കന്നിരാശി രണ്ടാം ഭാവം അഥവാ രണ്ടാമെടം. തുലാം രാശി മൂന്നാം ഭാവം അഥവാ മൂന്നാമെടം. അപ്പോള്‍ പന്ത്രണ്ടാംഭാവം അഥവാ പന്ത്രണ്ടാമെടം കര്‍ക്കടകം രാശിയാകുന്നു.
ലഗ്‌നാദി ദ്വാദശ ഭാവങ്ങളില്‍ അടങ്ങാത്ത ഒരു ജീവിതസമസ്യയുമില്ല. ജനനം മുതല്‍ മരണം വരെ സമസ്തവും അതിലുണ്ട്. സാമാന്യമായി ഓരോ ഭാവത്തിലും എന്തൊക്കെ വിഷയങ്ങളും വസ്തുക്കളും വ്യക്തികളും ആണ് ഉള്‍പ്പെടുന്നതെന്ന് ചുവടെ വിവരിക്കുന്നു. ഇത് ജ്യോതിഷ വിദ്യാര്‍ത്ഥികള്‍ക്കുള്ള കുറിപ്പാണെന്ന് ഓര്‍മ്മിപ്പിക്കുന്നു...
ഒന്നാംഭാവം (ലഗ്‌നം):- ശരീരത്തിന്റെ ആകൃതി, നിറം, മറ്റു ലക്ഷണങ്ങള്‍, കീര്‍ത്തി, ബലാബലം, ആരോഗ്യപുഷ്ടി, ഓജസ്സ്, ജയം എന്നിവ ചിന്തിക്കണം.
രണ്ടാം ഭാവം:- ധനം, വിദ്യ, വാക്ക്, കുടുംബം, വലത്തേക്കണ്ണ്, നിധി നിക്ഷേപങ്ങള്‍, തന്നാല്‍ ഭരിക്കപ്പെടുന്നവ, ഭക്ഷണം ഇവയെല്ലാം.
മൂന്നാം ഭാവം:- സഹോദരര്‍, വീരം, ശൂരത, ധൈര്യം, സാഹസം, സഹായികള്‍, പരാക്രമം, ദുര്‍ബുദ്ധി, വലത്തേച്ചെവി മുതലായവ.
നാലാം ഭാവം:- അമ്മ, അമ്മാവന്‍, ബന്ധുക്കള്‍, ഭാഗിനേയര്‍, സുഹൃത്തുക്കള്‍, മനസ്സ്, വാഹനം, സുഖം, ഭൂമി, കൃഷി, വെള്ളം, വീട്, ഹൃദയം, പരദേവത ഇത്യാദികള്‍.
അഞ്ചാം ഭാവം:- സന്താനങ്ങള്‍, ഭാവന, സര്‍ഗശേഷി, ബുദ്ധി, വിവേകം, പൂര്‍വ്വജന്മഫലങ്ങള്‍, മന്ത്രങ്ങള്‍, അമാത്യന്‍, കാര്യോപദേശം, പിതാമഹര്‍ മുതലായവ.
ആറാം ഭാവം:- രോഗം, ശത്രു, കടബാധ്യത, ആയുധം, കാര്യവിഘ്‌നം, കള്ളന്മാര്‍, വ്രണം, ശാപാഭിചാരാദികള്‍ എന്നിവയെല്ലാം.
ഏഴാം ഭാവം:- വിവാഹം, ഭാര്യ/ഭര്‍ത്താവ്, ദാമ്പത്യത്തിലെ സുഖദു:ഖങ്ങള്‍, യാത്ര, കൂട്ടുകച്ചവടം, ശയ്യ എന്നിവ.
എട്ടാം ഭാവം:- ആപത്ത്, സര്‍വ്വനാശം, ആയുസ്സ്, മൃത്യു, മരണകാരണം, മാനഹാനി മുതലായവ.
ഒമ്പതാം ഭാവം:- പിതാവ്, ഗുരു, ഭാഗ്യം, പുണ്യം, ധര്‍മ്മ പ്രവൃത്തി, സൗമനസ്യം, പേരക്കുട്ടികള്‍ ഇവയെല്ലാം.
പത്താം ഭാവം:- കര്‍മ്മരംഗം, ഉപജീവനം, നഗരം, വ്യാപാരം, ആജ്ഞ, ബഹുമാന്യത, രാഷ്ട്രീയം, അധികാരം തുടങ്ങിയവ.
പതിനൊന്നാം ഭാവം:- ലാഭം, ഇഷ്ടകാര്യസിദ്ധി, ജ്യേഷ്ഠന്‍, ഇടത്തേച്ചെവി, നിക്ഷേപ ലാഭം എന്നിവ.
പന്ത്രണ്ടാം ഭാവം:- പാപം, ചെലവ്, നാശം, നരകം, വീഴ്ച, പ്രവാസം, നഷ്ടം, ഇടത്തേക്കണ്ണ് മുതലായവ.
സാമാന്യ വിവരണം മാത്രമാണ്. ഭാവത്തിന് കാരകന്മാരുമുണ്ട്. ഭാവം, ഭാവനാഥന്‍, ഭാവകാരകന്‍ ഇവര്‍ക്ക് ബലമുണ്ടെങ്കിലാണ് ഭാവസമ്പത്ത് പറയാന്‍ കഴിയുക.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ