ഭാവങ്ങളും ദശാഫലങ്ങളും

ലേഖനം: 141

എസ്. ശ്രീനിവാസ് അയ്യര്‍
അവനി പബ്ലിക്കേഷന്‍സ്
98460 23343

ഗ്രഹനിലയില്‍ 'ല' എന്ന അക്ഷരം രേഖപ്പെടുത്തിയിരിക്കുന്ന രാശി ഏതാണോ അതുമുതല്‍ പ്രദക്ഷിണമായി പന്ത്രണ്ടു രാശികളാണ് പന്ത്രണ്ടു ഭാവങ്ങള്‍. (ജ്യോതിഷ വിദ്യാര്‍ത്ഥികളെ ഉദ്ദേശിച്ചാണ് ഈ പ്രസ്താവന) 'ല' എന്നത് ജന്മലഗ്‌നത്തെ കുറിക്കുന്നു. വ്യക്തിയുടെ പ്രപഞ്ച ബന്ധമാണ് ലഗ്‌നത്തിലൂടെ സൂചിപ്പിക്കപ്പെടുന്നത്. ലഗ്‌നം തന്നെയാണ് ഒരു ജാതകത്തിലേക്കുളള താക്കോല്‍ സ്ഥാനവും ചവിട്ടുപടിയും മറ്റും.

'പരമാണു മുതല്‍ പരബ്രഹ്മം വരെ' സമ്പൂര്‍ണകാര്യങ്ങള്‍ പന്ത്രണ്ടു ഭാവങ്ങളിലുണ്ട്. ഭാവങ്ങളെ ഒന്നാം ഭാവം അഥവാ ഒന്നാമെടം, രണ്ടാംഭാവം അഥവാ രണ്ടാമെടം എന്നിങ്ങനെ കണക്കാക്കുന്നു. പന്ത്രണ്ടാംഭാവം അഥവാ പന്ത്രണ്ടാമെടം കഴിയുമ്പോള്‍ ജനിമൃതികള്‍ പൂര്‍ണമാകുകയായി. മുഴുജീവിത ചിത്രം തന്നെയാണ് ഭാവങ്ങളിലൂടെ ഇതള്‍ വിരിഞ്ഞു വരുന്നത്. 

ഭാവത്തിന്റെയും ഭാവനാഥന്റെയും കാരകന്റെയും ബലാബലമനുസരിച്ച് അനുഭവങ്ങളും ശക്തമായി / ദുര്‍ബലമായി വരും. രാശീശന്മാര്‍ അഥവാ രാശിയുടെ നാഥന്മാര്‍ ഗ്രഹങ്ങളാണല്ലോ? അവര്‍ തന്നെയാണ് ഭാവനാഥന്മാരും. ഓരോ ഭാവത്തിനും ഓരോ കാരകന്മാരുമുണ്ട്. ഭാവത്തില്‍ നില്‍ക്കുന്ന ഗ്രഹം, ഭാവത്തിലേക്ക് നോക്കുന്ന ഗ്രഹം, ഭാവനാഥനൊപ്പം നില്‍ക്കുന്ന ഗ്രഹം, ഭാവനാഥനെ നോക്കുന്ന ഗ്രഹം എന്നിങ്ങനെ ഭാവത്തെ സ്വാധീനിക്കുന്ന ഘടകങ്ങള്‍ ഒരുപാടുണ്ട്.  അതിനാല്‍ ഭാവനാഥന്മാരുടെ ദശാകാലം എങ്ങനെയാവും എന്നത് വലിയ വിഷയമാണ്. ആചാര്യന്മാര്‍ അതെല്ലാം സൂക്ഷ്മമായി ചിന്തിച്ചെഴുതിയിട്ടുണ്ട്. സത്യത്തില്‍ ദശകളിലൂടെയാണ് ജീവിതം വിടരുന്നതും  പൂക്കുന്നതും കായ്ക്കുന്നതും എല്ലാം.  

ജന്മനക്ഷത്രത്തെ കേന്ദ്രീകരിച്ചുള്ള ദശാ സമ്പ്രദായമായ വിംശോത്തരീ ദശയാണ് നമ്മുടെ നാട്ടില്‍ പ്രചാരത്തിലുള്ളത്. ജന്മനക്ഷത്രം മുതല്‍ ഒമ്പത് നക്ഷത്രങ്ങളുടെ അധിപന്മാരുടെ (അധിപന്മാര്‍ ഗ്രഹങ്ങള്‍ തന്നെയാണ്) ദശയാണ് ക്രമത്തില്‍ വരിക. ഉദാഹരണത്തിന് അശ്വതിയില്‍ ജനിച്ച വ്യക്തിയുടെ ആദ്യദശ അശ്വതിയുടെ അധിപനായ കേതുവിന്റെ ദശയാകുന്നു. രണ്ടാം നക്ഷത്രമായ ഭരണിയുടെ നാഥന്‍ ശുക്രനാകയാല്‍ ശുക്രദശയാണ് രണ്ടാമത്. മൂന്നാംനക്ഷത്രം കാര്‍ത്തിക. അതിന്റെ അധിപന്‍ സൂര്യന്‍. അതിനാല്‍ അശ്വതി നാളുകാരുടെ മൂന്നാം ദശ സൂര്യദശ. അങ്ങനെവരുമ്പോള്‍ ഭാവനാഥന്മാരുടെ ദശ ക്രമത്തിലാവില്ല വരുന്നത്. ഉദാഹരണത്തിന് അശ്വതി ജന്മനക്ഷത്രവും ലഗ്‌നം മേടവുമായി വരുന്ന വ്യക്തിക്ക് അശ്വതിയുടെ അധിപനായ കേതുവിന്റെ ദശയാണ് ആദ്യം. ലഗ്‌നാധിപനായ ചൊവ്വയുടെ ദശ വരുന്നത് അഞ്ചാമതായിട്ടാണ്. കാരണം അശ്വതിയുടെ അഞ്ചാം നക്ഷത്രമാണല്ലോ മകയിരം. അതിന്റെ അധിപനാണ് ചൊവ്വ.  

ലഗ്‌നാധിപന്റെയും അഞ്ച്, ഒമ്പത് എന്നീ ത്രികോണഭാവങ്ങളുടെ അധിപന്മാരുടെയും ദശകള്‍ പ്രായേണ ശോഭനങ്ങളാവും. കേന്ദ്ര സ്ഥാനത്തിന്റെ (4,10 ഭാവങ്ങള്‍) അധിപന്മാര്‍ പാപഗ്രഹങ്ങളായാല്‍ (ശനി, ചൊവ്വ, സൂര്യന്‍) അവയുടെ ദശകള്‍ താരതമ്യേന മെച്ചപ്പെട്ടതാവും. 3, 6, 8, 12 എന്നിവ അനിഷ്ടപ്രദങ്ങളായ ഭാവങ്ങളാകയാല്‍ അവയുടെ നാഥന്മാരുടെ  ദശാകാലം ക്ലേശത്തെ സൃഷ്ടിക്കാം. 2,7 എന്നീ ഭാവങ്ങള്‍ മാരകഭാവങ്ങളെന്ന് വിളിക്കപ്പെടുന്നു. കാരണം ഏഴാംഭാവം മൃത്യുസ്ഥാനമായ എട്ടാംഭാവത്തിന്റെ വ്യയസ്ഥാനമാണ്. രണ്ടാം ഭാവമാകട്ടെ എട്ടാമെടത്തിന്റെ എട്ടാമെടമായ മൂന്നാമെടത്തിന്റെ പന്ത്രണ്ടാം ഭാവം അഥവാ വ്യയസ്ഥാനവുമാകുന്നു. ഭാവചിന്ത മാത്രമല്ല, ഭാവാല്‍ ഭാവചിന്തയുമുണ്ട് എന്നതാണ് മുഖ്യം. പതിനൊന്നില്‍ നില്‍ക്കുന്ന ഗ്രഹം ശുഭനോ പാപനോ ആകട്ടെ പ്രസ്തുത ഗ്രഹത്തിന്റെ ദശ മികച്ചതാവും. എന്നാല്‍ പതിനൊന്നാം ഭാവനാഥന്റെ ദശ അശുഭമാവും. കാരണം വ്യയസ്ഥാനത്തിന്റെ (പന്ത്രണ്ടാമെടം) വ്യയസ്ഥാനമാണല്ലോ പതിനൊന്നാമെടം. വ്യയസ്ഥാനം എപ്പോഴും ഭാവഹാനിയെ ചെയ്യും എന്ന് വ്യക്തമാവുന്നു. അപ്പോള്‍ 2, 7, 11 എന്നീ ഭാവങ്ങളുടെ അധിപഗ്രഹങ്ങളുടെ ദശകള്‍ക്കും ക്ലേശ പ്രദായകത്വം ഉണ്ട് എന്ന് വ്യക്തമാവുന്നു.

ഇപ്പറഞ്ഞവ എല്ലാം തന്നെ കനത്ത സാങ്കേതിക വിഷയങ്ങളാണ്. ഓരോ ദശയും നക്ഷത്രപരമായി എത്രാമത്തെ ദശ എന്നതും ഏതു ഭാവനാഥന്റെ ദശ എന്നതും പരിഗണിക്കണം. കൂടാതെ ഗ്രഹനിലയില്‍ ഗ്രഹങ്ങളുടെ സ്ഥിതി, ബലം എന്നതും പ്രധാനമാണ്. ഇവിടെ പറയാത്ത കാര്യങ്ങളുമുണ്ട്, കൂടുതല്‍ സാങ്കേതികമാണ് അവ. 

ചുരുക്കത്തില്‍ നല്ലദശ / ചീത്തദശ ഏതാണെന്ന് അറിയാന്‍ ജാതക പരിശോധനയും ദൈവജ്ഞന്റെ ഉപദേശവും തന്നെ വേണം. ശനിദശ എന്നു കേള്‍ക്കുമ്പോള്‍ തന്നെ ഭയക്കാനും ശുക്രദശ എന്ന് കേള്‍ക്കുമ്പോള്‍ തന്നെ സന്തോഷിക്കാനും വകയില്ലെന്ന് ചുരുക്കം.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

നിത്യയോഗങ്ങളുടെ പേരുകളും ഫലങ്ങളും

'പുഷ്ടി നല്‍കുന്ന പൂഷാവ് ....'

ഏഴരശനി അഥവാ ഏഴരയാണ്ട് ശനി