സാംഖ്യയോഗങ്ങള്‍

ലേഖനം: 140

എസ്. ശ്രീനിവാസ് അയ്യര്‍
അവനി പബ്ലിക്കേഷന്‍സ്
98460 23343

ജ്യോതിഷത്തില്‍ ഒട്ടനവധി യോഗങ്ങള്‍ പറയപ്പെടുന്നുണ്ട്. അവ ഇത്രയെന്ന് ആരും തിട്ടപ്പെടുത്തിയിട്ടില്ല. യോഗങ്ങള്‍ നന്മക്കും തിന്മക്കും കാരണമാകാറുണ്ട്. അവയില്‍ ഏതാനും ചിലതാണ് ഇന്നത്തെ ചര്‍ച്ചാവിഷയം.   

'ബൃഹജ്ജാതകം' എന്ന കൃതിയില്‍ വരാഹമിഹിരാചാര്യന്‍ നിരവധി യോഗങ്ങളെ പരിചയപ്പെടുത്തുന്നുണ്ട് പന്ത്രണ്ടാം അധ്യായമായ 'നാഭസ യോഗപ്രകരണ'ത്തില്‍ ഉള്‍പ്പെടുന്ന വിഭാഗമാണ് സാംഖ്യയോഗങ്ങള്‍. അവ ഏഴെണ്ണമാണ്. സൂര്യാദി സപ്തഗ്രഹങ്ങള്‍ (രാഹുകേതുക്കളൊഴികെ മറ്റു ഗ്രഹങ്ങള്‍) എത്രരാശികളിലായി നില്‍ക്കുന്നുവെന്നതിനെ മുന്‍നിര്‍ത്തിയുളള ഫലങ്ങളാണിതില്‍.   

സ്വന്തം ഗ്രഹനിലയിലെ (പന്ത്രണ്ടു രാശികള്‍) പരിശോധിച്ചാല്‍ ഏത് സാംഖ്യയോഗമാണ് ഭവിച്ചിരിക്കുന്നതെന്ന് കണ്ടെത്താം. രാഹു (സ), കേതു (ശി), മാന്ദി (മാ) എന്നിവരേയും ലഗ്‌നത്തെയും ഒഴിവാക്കി എണ്ണണം. സൂര്യന്‍ (ര), ചന്ദ്രന്‍ (ച), ചൊവ്വ (കു), ബുധന്‍ (ബു), വ്യാഴം /  ഗുരു (ഗു), ശുക്രന്‍ (ശു), മന്ദന്‍/ശനി (മ) എന്നിവയാണ് സപ്തഗ്രഹങ്ങള്‍.

  1. വല്ലകി യോഗം:- സൂര്യാദി സപ്തഗ്രഹങ്ങള്‍ വേറേ വേറെ ഏഴു രാശികളിലായി നിന്നാല്‍ വല്ലകീ യോഗമായി. 'വീണോത്ഭവ: സുനിപുണ: പ്രിയഗീതനൃത്ത:' എന്നാണ് ഫലം. (വല്ലകി എന്നാല്‍ വീണ) വീണ യോഗത്തില്‍ ജനിക്കുന്നവര്‍ സകലകര്‍മ്മങ്ങളിലും അതിസമര്‍ത്ഥരും ഗീതനൃത്താദികളില്‍ ഏറെ പ്രിയം പുലര്‍ത്തുന്നവരുമാവും.
     
  2. ദാമയോഗം:- സൂര്യാദി സപ്തഗ്രഹങ്ങള്‍ പ്രത്യേക ക്രമമൊന്നുമില്ലാതെ ഏതെങ്കിലും ആറു രാശികളിലായി നിന്നാല്‍ അത് ദാമയോഗം. 'ദാതാന്യകാര്യ നിരത: പശുപശ്ച ദാമ്‌നി' എന്ന് ഫലം. ദാനശീലരാവും. പരകാര്യങ്ങളില്‍ മുഴുകും. കന്നുകാലികളെ നോക്കി വളര്‍ത്തും. മൃഗസംരക്ഷണം, പ്രകൃതിസ്‌നേഹം എന്നിവയും കൃഷിതാത്പര്യവും ഉള്ളവരാവും. ആ വിധത്തിലും അര്‍ത്ഥമെടുക്കാം. 
     
  3. പാശയോഗം:- സപ്തഗ്രഹങ്ങള്‍ ഏതെങ്കിലും അഞ്ചുരാശികളിലായി നിന്നാല്‍ പാശയോഗമായി. 'പാശേ ധനാര്‍ജ്ജന സുശീല സുഭൃത്യബന്ധു:' എന്നാണ് ഫലം. പാശയോഗത്തില്‍ ജനിക്കുന്നവര്‍ വലിയ തോതില്‍ ധനം സമ്പാദിക്കും. സല്‍സ്വഭാവമുള്ളവരും നല്ല ഭൃത്യരും നല്ല ബന്ധുക്കളും ഉള്ളവരുമാവും. 
     
  4. കേദാരയോഗം:- സപ്തഗ്രഹങ്ങള്‍ പ്രത്യേക ക്രമമൊന്നുമില്ലാതെ നാലുരാശികളിലായി നിന്നാല്‍ കേദാരയോഗം ഭവിക്കുന്നു. 'കേദാരജ: കൃഷികര: സുബഹൂപഭോജ്യ:' എന്ന് നിര്‍വചനം. കേദാരയോഗത്തില്‍ ജനിക്കുന്നവര്‍ വലിയ കൃഷിക്കാരാവും. കൃഷി ചെയ്തുണ്ടാക്കുന്നവ നന്നായി ഭക്ഷിക്കും. അവയെ നന്നായി വിറ്റഴിക്കും. ഭക്ഷ്യധാന്യ വിതരണക്കാരന്‍, ഭക്ഷണശാലയുടെ നടത്തിപ്പുകാരന്‍ എന്നീ നിലകളിലും പേരെടുക്കാം. 'ബഹൂപഭോജി' എന്ന പദത്തെ അവ്വിധവും വ്യാഖ്യാനിക്കാമെന്ന് തോന്നുന്നു.
  5. ശൂല യോഗം:- ഏഴ് ഗ്രഹങ്ങള്‍ മൂന്ന് രാശികളിലായി നിന്നാല്‍ ശൂലയോഗം വരും. 'ശൂര: ക്ഷതോ വധരുചിര്‍വിധനശ്ച ശൂലേ' എന്ന് നിര്‍വചനം. സാരം:' പരാക്രമിയും ശൂരനുമായിരിക്കും. ശരീരത്തില്‍ മുറിവോ വ്രണമോ ഉണ്ടാവും. ഹിംസാശീലമേറും. വിധനന്‍ എന്നാല്‍ ധനമില്ലാത്തവന്‍ അഥവാ ദരിദ്രന്‍ ആവും.'
  6. യുഗ യോഗം:- ഏഴു ഗ്രഹങ്ങളും രണ്ടു രാശികളിലൊതുങ്ങിയാല്‍ യുഗ യോഗമായി. 'ധനവിരഹിത: പാഷണ്ഡീ വാ യുഗേ' എന്നാണ് പ്രമാണം. ധനമില്ലാത്തവരാവും. ആചാരാനുഷ്ഠാന കര്‍മ്മങ്ങളില്‍ നിന്നും പിന്‍തിരിയും. ഏതാണ്ട് ഭ്രഷ്ടര്‍ എന്ന നിലയിലെത്തും. പാരമ്പര്യ വിരുദ്ധതയാവും മുഖമുദ്ര.
  7. ഗോള യോഗം:- ഏഴ് ഗ്രഹങ്ങളും കൂട്ടിലടക്കയ്ക്കപ്പെട്ട കിളികളെപ്പോലെ ഒരു രാശിയില്‍ നിന്നാല്‍ ഗോള യോഗം ഭവിക്കും. (ക്രമനമ്പര്‍ 6, 7 ആയി വരുന്ന യോഗങ്ങള്‍ അത്യപൂര്‍വമാണെന്ന് ഓര്‍ക്കണം.) 'ഗോളകേ വിധന മലിനോ ജ്ഞാനാപേത: കുശില്പ്യലസോടന:' എന്നാണ് നിര്‍വചനം. ഗോളയോഗജാതര്‍ ദരിദ്രരാവും. ഇവരുടെ ശരീരം, വേഷഭൂഷകള്‍ എന്നിവ മലിനതയുള്ളതാവും. ഒന്നിനെക്കുറിച്ചും അറിവുണ്ടാവില്ല. ചെയ്യുന്നത് കുത്സിത കര്‍മ്മങ്ങളാവുകയും ചെയ്യും. അലസത നിഴലായി പിന്‍തുടരും. വെറുതേ ചുറ്റിത്തിരിയുന്നവരുമാവും. നിത്യസഞ്ചാരികള്‍ എന്നും പറയാം.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

നിത്യയോഗങ്ങളുടെ പേരുകളും ഫലങ്ങളും

'പുഷ്ടി നല്‍കുന്ന പൂഷാവ് ....'

ഏഴരശനി അഥവാ ഏഴരയാണ്ട് ശനി