ദ്വാദശ ഭാവങ്ങള്‍ ദേവപ്രശ്‌നത്തില്‍

ലേഖനം: 130

എസ്. ശ്രീനിവാസ് അയ്യര്‍
അവനി പബ്ലിക്കേഷന്‍സ്
98460 23343

ദേവപ്രശ്‌നം എന്നത് പ്രശ്‌നചിന്തയിലെ സങ്കീര്‍ണവും സമുന്നതവുമായ ഒരു ഏടാണ്. ക്ഷേത്രവും 'ക്ഷേത്ര ചൈതന്യ രഹസ്യവും' ഭഗവാനും ഭഗവതിയും ഉപദേവന്മാരും അതിനെ ചുറ്റിപ്പറ്റിയുളള മനുഷ്യരും അടങ്ങിയ ഒരു സമ്പൂര്‍ണ വിഷയമാണ് എന്നു പറഞ്ഞാല്‍ അനുചിതമാവില്ല. ദേവാലയത്തിന്റെ കോശസ്ഥിതിയും ഉത്സവവും പുണ്യപാപാദികളും ആഭിചാരാദി ദോഷങ്ങളും മഹാബാധാദികാര്യങ്ങളും എല്ലാം ദേവപ്രശ്‌നത്തിലെ ചുഴിഞ്ഞിറങ്ങുന്ന അന്വേഷണങ്ങളും ശക്തമായ കണ്ടെത്തലുകളുമൊക്കെയാണ്. ദൈവജ്ഞന്റെ പാണ്ഡിത്യവും ലോകപരിചയവും ക്ഷേത്രകാര്യങ്ങളിലുള്ള അനുഭവസമ്പത്തും സര്‍വ്വോപരി ഈശ്വരാധീനവും മാറ്റുരയ്ക്കപ്പെടുന്ന മഹനീയ സന്ദര്‍ഭം കൂടിയാണ് ദേവപ്രശ്‌ന സന്ദര്‍ഭം. ജ്യോതിഷവിദ്യാര്‍ത്ഥികള്‍ക്ക് അതൊരു വലിയപാഠശാല തന്നെയായിരിക്കും. 

ദേവപ്രശ്‌നത്തില്‍ പരിഗണിക്കപ്പെടുന്ന ദ്വാദശഭാവങ്ങള്‍ -- ലഗ്‌നം മുതല്‍ പന്ത്രണ്ട് ഭാവങ്ങള്‍ -- സാമാന്യമായി എന്തൊക്കെ വിഷയങ്ങളുമായി/ വസ്തുതകളുമായി/ വ്യക്തികളുമായി ബന്ധപ്പെടുന്നുവെന്നതാണ് ഇവിടെ വിവരിക്കുന്നത്. ജ്യോതിഷവിദ്യാര്‍ത്ഥികള്‍ക്കുള്ള ചെറുകുറിപ്പായി ഇതിനെ പരിഗണിച്ചാല്‍ മതിയാകും.

ലഗ്‌നം:- ദേവതാസാന്നിധ്യം, ക്ഷേത്രം, ബിംബം എന്നിവ.  

രണ്ടാംഭാവം:- നിധി, ഭണ്ഡാരം, ധനവരവ്, രക്ഷകന്മാര്‍.

മൂന്നാം ഭാവം:- നിവേദ്യം, ക്ഷേത്ര പരിചാരകന്മാര്‍.  

നാലാം ഭാവം:- പ്രാസാദം, മുഖമണ്ഡപം, തിടപ്പള്ളി, ദേവവാഹനം, ക്ഷേത്രപ്രദേശം.  

അഞ്ചാം ഭാവം:- 'സാന്നിധ്യമപി ബിംബം ച പഞ്ചമേനാഥ ചിന്ത്യതാം' എന്ന് നിയമം. ദേവസാന്നിധ്യവും വിഗ്രഹവും (ബിംബം) ചിന്തിക്കണം.  

ആറാം ഭാവം:- ക്ഷേത്രത്തിന് അശുദ്ധിയുണ്ടായിട്ടുണ്ടെങ്കില്‍ അക്കാര്യം, ശത്രുക്കള്‍, കള്ളന്മാര്‍ എന്നിവ. 'അശുദ്ധി ശത്രവശ്ചോരാ ചിന്തനീയ ഹി ശത്രുണാ' എന്ന് പ്രമാണം.  

ഏഴാം ഭാവം:- ജനപദം, (ക്ഷേത്രം നില്‍ക്കുന്ന ദേശം, ദേശക്കാര്‍) തിരുവാഭരണം എന്നിവ. 

എട്ടാം ഭാവം:- ഗുണദോഷ നിരൂപണമാണ് അഷ്ടമം കൊണ്ടു വേണ്ടത്. ദേവസാന്നിദ്ധ്യം, നിവേദ്യം, പരിചാരകന്മാര്‍ എന്നിവയുടെ നന്മതിന്മകളുടെ, ഏറ്റക്കുറച്ചിലുകളുടെ വിശദനിരൂപണം.  

ഒമ്പതാം ഭാവം:- പുണ്യം, ക്ഷേത്രേശന്‍ (ക്ഷേത്രത്തിന്റെ ഉടമസ്ഥര്‍/ ഊരാളന്മാര്‍ ഇത്യാദി) എന്നിവ.  

പത്താം ഭാവം:- നിത്യപൂജാദികള്‍, ദേവലകന്‍ (ശാന്തിക്കാരന്‍), ക്ഷേത്രത്തിലെ ഉത്സവാദികള്‍ എന്നിവ. ചിലരുടെ പക്ഷത്തില്‍ കഴക പ്രവൃത്തിയും പത്താമെടത്തിന്റെ പരിചിന്തനത്തില്‍ വരുന്നതാണ്. 

പതിനൊന്നാമെടം:- 'സുകൃതം ധനായാനമപ്യായേന വിചിന്തയേത്' എന്ന് വിധി. സുകൃതവും ധനാഗമവും എന്ന് സാരം. 

പന്ത്രണ്ടാമെടം:- 'ധനനാശ വ്യയാചാര്യാശ്ചിന്ത്യാ സ്യൂര്‍ വ്യയരാശിനാ'. വ്യയരാശി അഥവാ പന്ത്രണ്ടാമെടം കൊണ്ട് ധനനാശം, ചെലവുകള്‍, ആചാര്യന്‍ (ക്ഷേത്രതന്ത്രി) എന്നിവയെ ചിന്തിക്കണം.   

ഒരു വിപുല വിഷയത്തിന്റെ വെറുമൊരു രൂപരേഖ മാത്രമാണിത്. കനപ്പെട്ട വിഷയമാണ്. ഒരുപാട് ഉള്‍പ്പിരിവുകളിലേക്ക് നയിക്കുന്നതുമാണ്...

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

നിത്യയോഗങ്ങളുടെ പേരുകളും ഫലങ്ങളും

'പുഷ്ടി നല്‍കുന്ന പൂഷാവ് ....'

കരണം എന്നാല്‍