തിഥികളില്‍ ചെയ്യാവുന്നവ

ലേഖനം: 124

എസ്. ശ്രീനിവാസ് അയ്യര്‍
അവനി പബ്ലിക്കേഷന്‍സ്
98460 23343

ഒരു ചാന്ദ്രദിനത്തെയാണ് തിഥി എന്നുപറയുന്നത്. കറുത്തവാവിന്റെ പിറ്റേന്നുമുതല്‍ വെളുത്തവാവ് വരെയും (വെളുത്ത അഥവാ ശുക്ല പക്ഷം) വെളുത്തവാവിന്റെ പിറ്റേന്ന് മുതല്‍ കറുത്തവാവ് വരെയും (കറുത്ത അഥവാ കൃഷ്ണപക്ഷം) മുപ്പത് ദിവസങ്ങള്‍. പക്ഷേ ഇവയെ പക്ഷങ്ങളനുസരിച്ച് രണ്ടാക്കി ആകെ പതിനഞ്ചുതിഥികള്‍. പക്ഷമറിയാന്‍ അവയ്ക്ക് മുന്നില്‍ കറുത്ത/ വെളുത്ത എന്ന് ചേര്‍ക്കുന്നു. 

തിഥികളില്‍ ജനിച്ചാല്‍ ഉള്ള ഫലം മുന്‍പ് എഴുതിയിട്ടുണ്ട്. തിഥികളില്‍ കരണീയ കര്‍മ്മങ്ങള്‍ എന്താണ് എന്നതാണ് ഇവിടെ വിവരിക്കുന്നത്. പകല്‍ നക്ഷത്രമാണ് കൂടുതല്‍ (തിഥിയെ അപേക്ഷിച്ച്) എങ്കില്‍ അന്ന് നക്ഷത്രങ്ങളില്‍ വിഹിതമായ കാര്യങ്ങളും പകല്‍ തിഥിയാണ് കൂടുതല്‍ എങ്കില്‍ തിഥിപ്രധാന കര്‍മ്മങ്ങളും ചെയ്യാം എന്നുണ്ട്. ഇതിനെ യഥാക്രമം നക്ഷത്രവൃദ്ധി, തിഥിവൃദ്ധി എന്നെല്ലാം പറയും. ഇതെഴുതുന്ന മിഥുനം 10 ന്, (ജൂണ്‍24ന്) തൃക്കേട്ട 7 നാഴിക 36 വിനാഴികയും പൗര്‍ണമി 45 നാഴിക 4 വിനാഴികയുമാണ് എന്ന് പഞ്ചാംഗത്തില്‍ നിന്നുമറിയാം. അപ്പോള്‍ അത് തിഥിപ്രധാന ദിവസമാണ് എന്ന് വ്യക്തമാവുന്നു. 

ഓരോ തിഥികളിലും ചെയ്യാവുന്ന കാര്യങ്ങള്‍ നേക്കാം

  • പ്രഥമ:-  യാത്ര, വാസ്തുക്രിയകള്‍ എന്നിവ കൃഷ്ണപക്ഷ പ്രഥമയില്‍ ചെയ്യാം.  
  • ദ്വിതീയ:- വിവാഹം മുതലായ മംഗളകാര്യങ്ങള്‍, രാജകാര്യങ്ങള്‍, ദേവപ്രതിഷ്ഠ ഇത്യാദികള്‍.  
  • തൃതീയ:- ദ്വിതീയപോലെ ശുഭകര്‍മ്മങ്ങള്‍ക്ക് ഉത്തമം. സംഗീതപഠനം, ശില്പാരംഭം എന്നിവയ്ക്കും ഉചിതം.  
  • ചതുര്‍ത്ഥി:- ശുഭകാര്യങ്ങള്‍ക്ക് വര്‍ജ്യമാണ്. വിഷം, ആയുധം, അഗ്നികര്‍മ്മങ്ങള്‍, ശത്രുകാര്യങ്ങള്‍ എന്നിവയ്ക്ക് വിഹിതമെന്നുമുണ്ട്.  
  • പഞ്ചമി:- സകലശുഭകര്‍മ്മങ്ങള്‍ക്കും ഉത്തമം. കടംവാങ്ങാനും നല്‍കാനും പഞ്ചമി നന്നല്ല എന്നുണ്ട്.  
  • ഷഷ്ഠി:- വാസ്തു കര്‍മ്മങ്ങള്‍, അലങ്കാരശില്പങ്ങള്‍, അഭ്യംഗ സ്‌നാനം എന്നിവയ്ക്ക് വിഹിതം. 
  • സപ്തമി:- വിവാഹാദി മംഗള കാര്യങ്ങള്‍ക്ക്, യാത്രക്ക്, ആനയെ വാങ്ങാന്‍, കലാപഠനാരംഭത്തിന് അതിന്റെ അരങ്ങേറ്റത്തിന് ഉത്തമം.  
  • അഷ്ടമി:- നൃത്തപഠനം, അരങ്ങേറ്റം, യുദ്ധകാര്യങ്ങള്‍, വാസ്തുകാര്യങ്ങള്‍ എന്നിവയ്ക്ക് നന്ന്. വിവാഹത്തിന് കൃഷ്ണാഷ്ടമി സ്വീകരിക്കാറുണ്ട്.  
  • നവമി:- കലഹനിവൃത്തി, നായാട്ട്, വിഷം, അഗ്‌നി, ആയുധം ഇവ പ്രയോഗിക്കാന്‍ ഒക്കെ നവമി കൊള്ളാമെന്ന് ഗ്രന്ഥങ്ങളിലുണ്ട്. ശുഭകാര്യങ്ങള്‍ക്ക് വര്‍ജ്യമാണെങ്കിലും വിദ്യാരംഭത്തിന് വിഹിതമായി പറയാറുണ്ട്.   
  • ദശമി:- ശുഭകാര്യങ്ങള്‍ക്ക് ഉത്തമം. രാജകാര്യങ്ങള്‍ക്കും ഗജാശ്വാദികള്‍ വാങ്ങാനും നല്ലത്.  
  • ഏകാദശി:- വിവാഹം, വ്രതാനുഷ്ഠാനങ്ങള്‍, യാത്ര, അലങ്കാരങ്ങള്‍ അണിയാന്‍, ഉത്സവാദികള്‍ എന്നിവയ്ക്ക് ഉത്തമം.  
  • ദ്വാദശി:- വിവാഹം, വ്രതാനുഷ്ഠാനങ്ങള്‍ എന്നിവയ്ക്ക് ഉത്തമം.  
  • ത്രയോദശി:- യാത്ര, വ്രതാനുഷ്ഠാനങ്ങള്‍, വസ്ത്രാഭരണം അണിയുന്നതിന് ഉത്തമം. കൃഷ്ണ ത്രയോദശി വര്‍ജ്യമാണ്.  
  • ചതുര്‍ദ്ദശി:- ശുഭകാര്യങ്ങള്‍ക്ക് വര്‍ജ്യമാണ്. അഗ്‌നി കര്‍മ്മങ്ങള്‍, ആയുധ കാര്യങ്ങള്‍ ഇവക്ക് സ്വീകാര്യം.  
  • പൗര്‍ണമി:- വിവാഹം, ആഭരണധാരണം, ദേവപ്രതിഷ്ഠ, യാഗം, ഗൃഹകൃത്യം, ശില്പവിദ്യ എന്നിവയ്ക്ക് ഉത്തമം.  
  • അമാവാസി:- വിവാഹാദി ശുഭകര്‍മ്മങ്ങള്‍ക്ക് വര്‍ജ്യമാണ്. പിതൃക്കളെ സംബന്ധിച്ച കാര്യങ്ങള്‍ക്ക് ഉത്തമം. അഗ്‌നി കടയാനും, ദാനധര്‍മ്മാദികള്‍ക്കും നന്ന്.   
പൊതുനിയമങ്ങള്‍ മാത്രമാണിവ. അതാത് കര്‍മ്മത്തിന് പ്രത്യേക മുഹൂര്‍ത്തങ്ങളുണ്ട്. അവ പരിഗണിക്കണം. നക്ഷത്രം, വാരം, തിഥി, നിത്യയോഗം, കരണം എന്നീ പഞ്ച അംഗങ്ങളുടെ സമുചിത ഘടനയാണ് മുഹൂര്‍ത്തങ്ങളുടെ ശോഭനത്വത്തിന് കാരണമാകുക.


അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

നിത്യയോഗങ്ങളുടെ പേരുകളും ഫലങ്ങളും

'പുഷ്ടി നല്‍കുന്ന പൂഷാവ് ....'

ഏഴരശനി അഥവാ ഏഴരയാണ്ട് ശനി