നക്ഷത്ര കൃത്യങ്ങള്‍

ലേഖനം:121

എസ്. ശ്രീനിവാസ് അയ്യര്‍
അവനി പബ്ലിക്കേഷന്‍സ്
9846023343

ഓരോ നക്ഷത്രത്തിലും (ഓരോ നക്ഷത്രം വരുന്ന ദിവസങ്ങളിലും) എന്തൊക്കെ കാര്യങ്ങള്‍ ചെയ്യാം എന്നതാണ് 'നക്ഷത്ര കൃത്യങ്ങള്‍' എന്നതുകൊണ്ട് ലക്ഷ്യമാക്കുന്നത്. 'നക്ഷത്ര കരണീയ കര്‍മ്മങ്ങള്‍' എന്നും ഇതിനെ വിളിക്കാറുണ്ട്.

അശ്വതി:- യാത്ര, ഔഷധസേവ, വിവാഹം, ചോറൂണ്, വിദ്യാരംഭം, ആഭരണാദികള്‍ ആദ്യം അണിയുന്നതിന് ശുഭം.  
ഭരണി:- സാഹസകര്‍മ്മങ്ങള്‍, ശത്രുനാശകര്‍മ്മങ്ങള്‍, കൃഷികാര്യം, വിഷകാര്യങ്ങള്‍, അഗ്‌നികര്‍മ്മങ്ങള്‍, കിണര്‍ കുഴിക്കല്‍, ദാരുണകര്‍മ്മങ്ങള്‍..   
കാര്‍ത്തിക:- സാഹസകര്‍മ്മങ്ങള്‍, ശത്രുവിനെ പ്രതിരോധിക്കാനുള്ള കര്‍മ്മങ്ങള്‍, അഗ്‌നികാര്യങ്ങള്‍, ലോഹകാര്യങ്ങള്‍...  
രോഹിണി:- വിവാഹം, മറ്റു മംഗളകര്‍മ്മങ്ങള്‍, ഈശ്വര കര്‍മ്മങ്ങള്‍, ധനം വാങ്ങല്‍, ദേവാലയം, കൊട്ടാരം ഇവയുടെ നിര്‍മ്മാണാരംഭം എന്നിവയ്ക്ക് ഉത്തമം.  
മകയിരം:- വിവാഹം, ഉപനയനം, യാത്ര, ദേവപ്രതിഷ്ഠ, ക്ഷേത്രനിര്‍മ്മാണം. പൊതുവേ ശുഭകാര്യങ്ങള്‍ക്ക് ഉത്തമം.  
തിരുവാതിര:- യുദ്ധം, ശത്രുബന്ധനം, ഉച്ചാടനാദി മാന്ത്രിക കര്‍മ്മങ്ങള്‍, കര്‍ണവേധം, വിദ്യാരംഭം .  
പുണര്‍തം:- പൂജ, വിവാഹം, യാത്ര, കൃഷിപ്പണി, വിദ്യാരംഭം, വ്രതകര്‍മ്മങ്ങള്‍ എന്നിവയ്ക്ക്.   
പൂയം:- വിവാഹമൊഴികെ എല്ലാ മംഗളകര്‍മ്മങ്ങള്‍ക്കും പുഷ്ടിപ്രദങ്ങളായ കാര്യങ്ങള്‍ക്കും ഉത്സവാദികള്‍ക്കും ഉത്തമം.  
ആയില്യം:- സര്‍പ്പപൂജ, വിഷകാര്യങ്ങള്‍, സാഹസം, ശത്രുപ്രതിരോധ കാര്യങ്ങള്‍, കച്ചവടാരംഭം ഇവയ്ക്ക് സ്വീകാര്യം.  
മകം:- വിവാഹം, പിതൃകര്‍മ്മം, സാഹസകര്‍മ്മങ്ങള്‍, യുദ്ധകാര്യങ്ങള്‍ ഇത്യാദികള്‍ക്ക് ശുഭം. ഗണപതി പ്രതിഷ്ഠയ്ക്ക് സ്വീകരിച്ചു കാണുന്നു.
പൂരം:- ശില്പകാര്യങ്ങള്‍, ക്രൂരകര്‍മ്മങ്ങള്‍, ബന്ധനം, കപടകൃത്യം എന്നിവയ്ക്ക്.   
ഉത്രം:- വിവാഹം, ഉപനയനം, ഗൃഹാരംഭ പ്രവേശങ്ങള്‍, ആഭരണധാരണം ഇത്യാദികള്‍ക്ക് ഉത്തമം.  
അത്തം:- വിവാഹം, വിദ്യാരംഭം, ജ്യോതിഷപഠനം, ദേവപ്രതിഷ്ഠ, യാത്ര, ആഭരണധാരണം, ഔഷധസേവ.  
ചിത്തിര:- ശില്പകര്‍മ്മം, വസ്ത്രാഭരണധാരണം, ശുഭകര്‍മ്മങ്ങള്‍, വാസ്തുകാര്യങ്ങള്‍, വ്രതാനുഷ്ഠാനങ്ങള്‍.   
ചോതി:- വിവാഹാദി മംഗളകാര്യങ്ങള്‍, ചോറൂണ്, ക്ഷേത്രനിര്‍മ്മാണം, വിത്തുവിതയ്ക്കാന്‍, ആയുധ നിര്‍മ്മാണം എന്നിവയ്ക്ക്  
വിശാഖം:- ഔഷധസേവയ്ക്ക്, രഥം പണിയാന്‍, വസ്തു സംഗ്രഹിക്കാന്‍, ശില്പാഭരണാദികള്‍ നിര്‍മ്മിക്കാന്‍സ്വീകാര്യം.   
അനിഴം:- വിവാഹം, ദേവപ്രതിഷ്ഠ തുടങ്ങിയ എല്ലാ ശുഭകര്‍മ്മങ്ങള്‍ക്കും ഉത്തമം. യാത്ര, ഗജാശ്വാദികളില്‍ കയറാന്‍, നൂതന കാര്യങ്ങള്‍ക്ക്, വസ്ത്രാഭരണാദികള്‍ അണിയാന്‍ സ്വീകാര്യം.  
തൃക്കേട്ട:- ലോഹകര്‍മ്മങ്ങള്‍ക്ക്, ശത്രുക്കളെ നേരിടാന്‍, ഔഷധ എണ്ണകാച്ചാന്‍, ശില്പ കാര്യങ്ങള്‍ക്ക് ഉത്തമം.  
മൂലം:- കുളം /കിണര്‍ കുഴിക്കാനും വനം, പൂന്തോട്ടം, കൃഷി ഇവ സംബന്ധിച്ച കാര്യങ്ങള്‍ക്കും, സന്ധി നടത്താനും ഉത്തമം. വിവാഹത്തിനും സ്വീകരിച്ചു കാണുന്നു.  
പൂരാടം:- കുളം, കിണര്‍, തടാകം ഇവ നിര്‍മ്മിച്ചു തുടങ്ങാനും കൃഷിപ്പണിക്കും ഉത്തമം.  
ഉത്രാടം:- ഗൃഹാരംഭപ്രവേശത്തിനും വിവാഹത്തിനും വിത്തുവിതയ്ക്കാനും നൂതന ആഭരണധാരണത്തിനും നന്ന്.   
തിരുവോണം:- ദേവപ്രതിഷ്ഠ, വിവാഹാദി മംഗളകര്‍മ്മങ്ങള്‍, ഗൃഹാരംഭം എന്നിവയ്ക്ക് ശ്രേഷ്ഠം.  
അവിട്ടം:- ചൗളം, ഉപനയനം എന്നിവയ്ക്ക്, ഗൃഹം, ഉദ്യാനം ഇവയുടെ നിര്‍മ്മാണത്തിന്, ആദ്യമായി ആന, കുതിര, ഒട്ടകം ഇവയില്‍ കയറുന്നതിന് ഉത്തമം.  
ചതയം:- ആന, കുതിര ഇവയുടെ ക്രയവിക്രയത്തിന്, ആയുധ നിര്‍മ്മാണത്തിന്, വാസ്തു കാര്യങ്ങള്‍ക്ക്, വെള്ളി, മുത്ത് ഇവകൊണ്ട് ആഭരണം പണിയാന്‍, രഥം, നൗക ഇവ നിര്‍മ്മിക്കാന്‍, ഊണ്‍നാളുകളില്‍ ഉള്‍പ്പെട്ടതാകയാല്‍ ശുഭകാര്യങ്ങള്‍ക്ക് ഒക്കെ സ്വീകാര്യം.  
പൂരൂരുട്ടാതി:- സാഹസകാര്യങ്ങള്‍ക്ക്, ശില്പകര്‍മ്മത്തിന്, എരുമ, പോത്ത്, ഒട്ടകം ഇവയെ വാങ്ങാന്‍, ജലയന്ത്രാദികളുടെ നിര്‍മ്മാണം ഇവയ്ക്ക്.  
ഉത്രട്ടാതി:- ദേവപ്രതിഷ്ഠ, ഉപനയനം, വിവാഹം, ഗൃഹാരംഭം, വാസ്തുകര്‍മ്മം, രാജാഭിഷേകം, വ്രതാനുഷ്ഠാനം ഇവയ്ക്ക് ശ്ലാഘ്യം.  
രേവതി:- വിവാഹം, ഗൃഹാരംഭം, ക്ഷേത്രനിര്‍മ്മാണം, ജലകാര്യങ്ങള്‍, ആഭരണ നിര്‍മ്മാണം , വ്രതകാര്യങ്ങള്‍ എന്നിവയ്ക്ക് ഉത്തമം.  
ഇവയെല്ലാം തന്നെ സാമാന്യനിയമങ്ങള്‍. അവരവരുടെ കര്‍ത്തൃദോഷം (3,5,7 നാളുകള്‍, ചന്ദ്രലഗ്നാഷ്ടമങ്ങള്‍ മുതലായവ) കൂടി പരിഗണിച്ചു വേണം നാളുകള്‍ തെരഞ്ഞെടുക്കുവാന്‍. സുപ്രധാന കാര്യങ്ങള്‍ക്ക് ദൈവജ്ഞനെക്കൊണ്ട് ജാതകപരിശോധന നടത്തി മുഹൂര്‍ത്തം കണ്ടെത്തുന്നതാവും കരണീയം.


അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

നിത്യയോഗങ്ങളുടെ പേരുകളും ഫലങ്ങളും

'പുഷ്ടി നല്‍കുന്ന പൂഷാവ് ....'

ഏഴരശനി അഥവാ ഏഴരയാണ്ട് ശനി