ബുധനെ അറിയാം

ലേഖനം: 120

എസ്. ശ്രീനിവാസ് അയ്യര്‍
അവനി പബ്ലിക്കേഷന്‍സ്
9846023343

  1. ചന്ദ്രന്റെയും ബൃഹസ്പതി (വ്യാഴം) യുടെ പത്‌നിയായ താരയുടെയും പുത്രനായിരുന്നു ബുധന്‍. 'ചന്ദ്രതാരാസുതം' എന്ന് സ്തുതികളിലുണ്ട്. പക്ഷേ കുട്ടിക്കാലത്ത് തന്നെ ബുധനെ ചന്ദ്രന്‍ തന്റെ കൊട്ടാരത്തില്‍ കൊണ്ടുവന്നു. ബുധനെ വളര്‍ത്താനുള്ള ചുമതല ചന്ദ്രന്‍ തന്റെ ഭാര്യമാരായ നക്ഷത്രങ്ങളെ ഏല്പിച്ചു. അവരില്‍ രോഹിണിയായിരുന്നു ബുധനെ കൂടുതല്‍ പരിപാലിച്ചത്. അതിനാല്‍ താരയുടെ പുത്രനെന്ന പേര് (താരേയന്‍) ബുധന് ഉള്ളതുപോലെ രോഹിണിയുടെ പുത്രന്‍ (രൗഹിണേയന്‍) എന്ന പേരുമുണ്ട്.   
  2. ബ്രഹ്മാവിന്റെ മാനസപുത്രനായ അത്രിയായിരുന്നു, ചന്ദ്രന്റെ പിതാവ്. ബ്രഹ്മാവ് ചന്ദ്രവംശം സ്ഥാപിച്ച് അതിലെ ആദ്യരാജാവാക്കിയത് ചന്ദ്രനെയായിരുന്നു. പിന്നീട് ബുധന്‍ ചന്ദ്രവംശത്തിലെ ചക്രവര്‍ത്തിയായി. ബുധന്‍ വിവാഹം കഴിച്ചത് ശിവപാര്‍വ്വതിമാരുടെ ശാപത്താല്‍ സ്ത്രീയാകേണ്ടി വന്ന സുദ്യുമ്‌നനെയായിരുന്നു. പെണ്ണായപ്പോള്‍ സുദ്യുമ്‌നന്റെ പേര് ഇള എന്നായി. ബുധന് ഇളയില്‍ ജനിച്ച പുത്രനാണ് പ്രശസ്തനായ പുരൂരവസ്സ്. അതോടെ ചന്ദ്രവംശം കൂടുതല്‍ പ്രശസ്തമായി. പിന്നീട് അത് കൗരവ വംശമായി പന്തലിച്ചു. മഹാഭാരതം എന്ന വ്യാസന്റെ ഇതിഹാസം സത്യത്തില്‍ ചന്ദ്രവംശത്തിന്റെ ചരിത്രമാണ്. അങ്ങനെ പാണ്ഡവന്മാരും ധാര്‍ത്തരാഷ്ട്രന്മാരും ചന്ദ്രന്റെ, ബുധന്റെ സന്തതിപരമ്പരകളില്‍ വരുന്നവരായി...   
  3. ബുധന് ഗ്രഹപദവി നല്‍കിയത് ബ്രഹ്മദേവനാണ്. അങ്ങനെ നവഗ്രഹങ്ങളുടെ കൂട്ടത്തില്‍ അച്ഛനും മകനും ആയി വരുന്ന രണ്ട് ദ്വന്ദ്വങ്ങളുണ്ടായി. ഒന്ന് സൂര്യനും തല്‍പുത്രനായ ശനിയും, മറ്റൊന്ന് ചന്ദ്രനും തല്‍പുത്രനായ ബുധനും.   
  4. ഇനി കഥകളല്ല, ചില ജ്യോതിഷകാര്യങ്ങളാണ് പറയുവാന്‍ ശ്രമിക്കുന്നത്. ഗ്രഹങ്ങള്‍ക്കിടയില്‍ മൂന്നുതരം ബന്ധം ഉണ്ട്. ബന്ധു അഥവാ മിത്രം, ശത്രു, സമന്‍ എന്നിവയാണവ. സൂര്യന് തന്റെ പുത്രനായ ശനിയോടും ശനിക്ക് പിതാവായ സൂര്യനോടും ശത്രുതയുണ്ട്. ചന്ദ്രന് പൊതുവേ മറ്റു ഗ്രഹങ്ങളോട് (രാഹു, കേതുവിന്റെ കാര്യം ഇവിടെ പരിഗണിക്കുന്നില്ല) ശത്രുതയില്ല. എന്നാല്‍ ബുധന് ഒരു ഗ്രഹത്തോട് മാത്രമേ ശത്രുതയുള്ളു, അത് ചന്ദ്രനോടാണ്.    
  5. ബുധന് മറ്റു ഗ്രഹങ്ങളോടുളള ബന്ധം നോക്കാം. സൂര്യനും ശുക്രനുമാണ് ബുധന്റെ ബന്ധുക്കള്‍ അഥവാ മിത്രങ്ങള്‍. ചന്ദ്രന്‍ ശത്രു. ചൊവ്വ, വ്യാഴം, ശനി എന്നിവര്‍ സമന്മാര്‍. അതായത് ഉദാസീനതയാണ്, പ്രത്യേകിച്ച് ഇഷ്ടമോ അനിഷ്ടമോ ഇല്ല അവരോട് എന്ന് സാരം. ഗ്രഹങ്ങള്‍ക്ക് ബുധനോടുളള നിലപാടുകള്‍ നോക്കാം. സൂര്യന് ബുധന്‍ സമന്‍ മാത്രം. ചന്ദ്രനും ശുക്രനും ശനിക്കും ബുധന്‍ മിത്രം അഥവാ ബന്ധുവാണ്. ചൊവ്വക്കും വ്യാഴത്തിനും ബുധന്‍ ശത്രുവാണ്. ജ്യോതിഷത്തില്‍ ഇത്തരം ഗ്രഹപാരസ്പര്യങ്ങള്‍ കൊണ്ട് ഒരുപാട് പ്രയോജനങ്ങള്‍ ഫലചിന്തയിലും മറ്റും പ്രയുക്തമാകുന്നു.  
  6. ബുധനെ ശുഭഗ്രഹങ്ങളുടെ കൂട്ടത്തിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നതെങ്കിലും അത് സോപാധികമാണ്. തനിയെ ഒരു രാശിയില്‍ നില്‍ക്കുമ്പോള്‍ മാത്രമാണ് ബുധന് കറകളഞ്ഞ ശുഭത്വം കൈവരുന്നത്. പാപന്മാരോട് ചേരുമ്പോള്‍ പാപത്വം വരുന്നു. നാം 'സംസര്‍ഗദോഷം' എന്ന് പറയില്ലേ? അതു തന്നെയാണിവിടെയും കാണുന്നത്. ഈ സ്വഭാവം മറ്റൊരു തരത്തില്‍ ബുധപിതാവായ ചന്ദ്രനുമുണ്ട്. കറുത്തപക്ഷം കഴിഞ്ഞു വരുന്ന സപ്തമി മുതലും വെളുത്തപക്ഷം കഴിഞ്ഞു വരുന്ന സപ്തമി വരെയും ആണ് സാമാന്യമായി ചന്ദ്രന് ബലം പറയപ്പെടുന്നത്.
  7. മിക്കവാറും സൂര്യന്റെ സമീപത്തായി സഞ്ചരിക്കുന്ന ഗ്രഹമാണ് ബുധന്‍. അതിനാല്‍ എല്ലാവരുടെയും ഗ്രഹനിലകളില്‍ ബുധന്‍ സൂര്യനൊപ്പം അതേ രാശിയിലോ, തൊട്ട് മുന്നിലോ പിന്നിലോ ഉള്ള രാശികളിലോ ആവും ഉണ്ടാവുക. ഈ നിരന്തരമായ സൂര്യസാമീപ്യം മൂലം വര്‍ഷത്തില്‍ അനേകം തവണ ബുധന് മൗഡ്യം സംഭവിക്കുന്നു. വക്രഗതിയുമുണ്ട്. ബുധന്റെ ബലം, ഫലം എന്നിവ ചിന്തിക്കുമ്പോള്‍ ഇക്കാര്യം പരിഗണിക്കണം.  
  8. മിഥുനം, കന്നി എന്നീ രാശികളുടെ ആധിപത്യമാണ് ബുധനുള്ളത്. കന്നിരാശി ബുധന്റെ സ്വക്ഷേത്രം മാത്രമല്ല, മൂലാത്രികോണവും ഉച്ചവും കൂടിയാണ്. ഈ രാശികളിലെ നക്ഷത്രങ്ങളില്‍ (മകയിരം 3, 4 പാദങ്ങളും തിരുവാതിര മുഴുവനും പുണര്‍തം 1,2,3 പാദങ്ങളും മിഥുനക്കൂറ്, ഉത്രം 2, 3, 4 പാദങ്ങളും അത്തം മുഴുവനും ചിത്തിര 1, 2 പാദങ്ങളും കന്നിക്കൂറ്) ജനിക്കുന്നവരില്‍ ബുധന്റെ സ്വാധീനം ഏറും. കന്നി, മിഥുനം ലഗ്‌നക്കാരിലും അപ്രകാരം തന്നെ. ആയില്യം, തൃക്കേട്ട, രേവതി എന്നീ നാളുകാര്‍ ജനിക്കുന്നത് ബുധദശയിലാണ്. അവരുടെമേലും നാഥനായ ബുധന് വലിയ പ്രഭാവം ഉണ്ടാവും.   
  9. ബുധന്റെ നീചരാശി മീനം രാശിയാകുന്നു. ഉച്ചരാശിയുടെ ഏഴാംരാശിയാവും നീചരാശി. ഉച്ചം കന്നിയാകയാല്‍ അതിന്റെ ഏഴാം രാശിയായ മീനം നീചരാശിയായി. ബുധന്‍ വിദ്യയുടെയും വിജ്ഞാനത്തിന്റെയും കാരകഗ്രഹമാണ്. അതിനാല്‍ വിദ്യാരംഭത്തിന് ബുധന്റെ ഉച്ചരാശിയായ കന്നി ഉചിതമാകുന്നു; സ്വാഭാവികമായും വിദ്യാരംഭത്തിന് ബുധന്റെ നീചരാശിയായ മീനംരാശി വര്‍ജ്യവുമാകുന്നു. ബുധന് ബലമുള്ള ദിവസമാണ് ബുധനാഴ്ച. ഒരുകാലത്ത് നമ്മുടെ സംസ്ഥാനത്തെ പ്രധാനപരീക്ഷയായ എസ്.എസ്.എല്‍.സി പരീക്ഷ ബുധനാഴ്ച തുടങ്ങും വിധത്തിലായിരുന്നു സംവിധാനം ചെയ്യപ്പെട്ടിരുന്നത്. അതിന്റെ പിന്നില്‍ ജ്യോതിഷം ഒരു പ്രേരണയായിരുന്നോ എന്ന് പക്ഷേ അറിയില്ല...  
  10. ബുധദശ ആകെ പതിനേഴ് വര്‍ഷമാണ്. ആയില്യം, തൃക്കേട്ട, രേവതി നാളുകാര്‍ക്ക് ബുധദശ ജന്മദശ അഥവാ ആദ്യദശ. പൂയം, അനിഴം, ഉത്രട്ടാതിക്കാര്‍ക്ക് ബുധദശ രണ്ടാംദശ. പുണര്‍തം, വിശാഖം, പൂരുരുട്ടാതിക്കാര്‍ക്ക് മൂന്നാംദശ. തിരുവാതിര, ചോതി, ചതയം നാളുകാര്‍ക്ക് നാലാംദശ. മകയിരം, ചിത്തിര, അവിട്ടം നാളുകാര്‍ക്ക് അഞ്ചാമതും രോഹിണി, അത്തം, തിരുവോണം നാളുകാര്‍ക്ക് ആറാമതും, കാര്‍ത്തിക, ഉത്രം, ഉത്രാടം നാളുകാര്‍ക്ക് ഏഴാമതും, ഭരണി, പൂരം, പൂരാടം നാളുകാര്‍ക്ക് എട്ടാമതും അശ്വതി, മകം, മൂലം നാളുകാര്‍ക്ക് ഒമ്പതാമതും ബുധദശ എത്തുന്നു. പൊതുവേ 3,5,7 ആയി വരുന്ന ദശകള്‍ ദോഷകാരണമാകാം. അവയുടെ മറ്റു ദശകളില്‍ വരുന്ന അപഹാരങ്ങളിലും കരുതല്‍ വേണം.   
  11. ബുധനെ ബുധനാഴ്ച ദജിക്കുന്നത് ഉത്തമം. ശ്രീരാമ ശ്രീകൃഷ്ണാദികളായ അവതാരവിഷ്ണുമൂര്‍ത്തികളെയും ഒപ്പം ഭജിക്കണം. നവഗ്രഹ പ്രതിഷ്ഠയുളള ഇടങ്ങളില്‍ ബുധന് പച്ചപ്പട്ടും തുളസീമാലയും ചാര്‍ത്തി , പയര്‍ കൊണ്ടുള്ള നിവേദ്യങ്ങളും പാല്പായസ വഴിപാടും നടത്തി പ്രാര്‍ത്ഥിക്കുന്നത് ദോഷശാന്തികരമാണ്. മരതകമാണ് ബുധന്റെ രത്‌നം. പക്ഷേ ഗുരൂപദേശത്തോടെ മാത്രമേ രത്‌നധാരണം നടത്താവൂ! 'ഓം ബും ബുധായ നമ: ' എന്ന ബുധമന്ത്രം പ്രാര്‍ത്ഥനയ്ക്ക് വിശിഷ്ടമാണ്.  
ഈ ഗ്രന്ഥകാരന്‍ രചിച്ച  'ബുധന്‍' എന്ന ഗ്രന്ഥം വിശ്വാസികള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും പ്രയോജനകരമാണ്.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

നിത്യയോഗങ്ങളുടെ പേരുകളും ഫലങ്ങളും

'പുഷ്ടി നല്‍കുന്ന പൂഷാവ് ....'

ഏഴരശനി അഥവാ ഏഴരയാണ്ട് ശനി